കൃഷ്ണരാധ

തൻ്റെ മിനിബാറിലെ വർണശബളമായ ലൈറ്റുകൾ നോക്കി അയാളിരുന്നു.
ഷിവാസ് റീഗലിന്റെ പകുതിയായ കുപ്പി അയാളുടെ അടുത്ത പെഗ്ഗിനായി കാത്തിരുന്നു …..
അയാൾ ക്ലോക്കിലേക്ക് ഒന്ന് കണ്ണോടിച്ചു…. 8 മണി ആവുന്നു… തന്റെ കമ്പനിയിൽ പുതിയതായി ജോയിൻ ചെയ്ത മോഡൽ പുതിയ പരസ്യത്തിൽ ഒരു ചാൻസിനായി ഇന്ന് ഒരു രാത്രി കൂടെ….. അയാളുടെ മുഖത്ത് ഒരു പരിഹാസചിരി വിടർന്നു.

കൃഷ്ണ കിരൺ, ഫാബ്വേവ്സ് ഡിസൈനിങ് കമ്പനിയുടെ ഉടമ.
മുംബൈയിൽ സ്ഥിരതാമസം. ഫാഷൻ ഡിസൈനിങ്ങിലും മാർക്കറ്റിങ്ങിലും അയാളെ വെല്ലാൻ ആരുമില്ല. ആഡംബരങ്ങളുടെ നടുവിലെ ജീവിതം. മദ്യവും സ്ത്രീകളും സന്ധ്യകൾക്ക് ലഹരികൂട്ടുന്നു. മുന്നിൽ വരുന്ന ഓരോ പെണ്ണും ഡിസൈനർ വസ്ത്രങ്ങൾക്കുള്ള ഒരു അലങ്കാര വസ്തുമാത്രം. സ്ത്രീശരീരങ്ങളുടെ അഴകളവുകൾ മാത്രമാണ് പ്രാധാന്യം. ചാൻസിനും പണത്തിനും വേണ്ടി തന്നെ തേടിയെത്തുന്ന പെണ്ണുങ്ങളെ അനുഭവിക്കുക, വലിച്ചെറിയുക…..

അയാൾ ഗ്ലാസുമായി ബാൽക്കണിയിലേക്ക് നടന്നു. ബീച്ച് സൈഡിലെ ലക്ഷുറി വില്ല….മിറാഷ് …. ബീച്ചിന്റെ പടിഞ്ഞാറു ഭാഗത്തെ അഭിമുഖീകരിക്കുന്ന ബാൽക്കണി. വൈദ്യുതി വിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന ബീച്ച്. നിറയെ പാറക്കൂട്ടങ്ങൾ ഉള്ളതിനാൽ അവിടെക്കാരും വരാറില്ല. ബീച്ചിലെ മണൽ തരികളെ പുൽകാൻ സമ്മതിക്കാത്ത പാറക്കൂട്ടങ്ങളോട് കലഹിച്ചു തിരിച്ചു പോകുന്ന തിരമാലകളെ കാണാൻ അയാൾക്ക് വലിയ ഇഷ്ടമാണ്.
ബീച്ചിലെ തണുത്ത കാറ്റ് മുഖത്ത് തലോടലായി മാറി….
കയ്യിലിരുന്ന മദ്യം അയാളൊന്ന് സിപ് ചെയ്തു….
ലഹരി പിടിച്ചു തുടങ്ങി…
ചെറിയ ശബ്ദത്തിൽ ഇംഗ്ലീഷ് ഗാനം അവിടെ ഒഴുകി നടന്നു. കണ്ണടിച്ചിരുന്നു അയാൾ ആ സംഗീതം ആസ്വദിച്ചു…..

“Strange foreign beauty
I’ll never know what’s in your heart
Does anyone know how it feels to hold you
Does anyone know the secret of your mind”

“സാർ”
ചുണ്ടിൽ ചുവന്നചായവുമായി അവൾ, നീതി മിശ്ര.
റെഡ് കളർ ക്രോപ്പ്ഡ് ഡ്രെസ്സിൽ അവൾ ആകർഷിക്കുന്ന ഒരു ചിത്രമായി നിന്നു.
അയാൾ കയ്യിലിരുന്ന ഗ്ലാസ് അവൾക്കു നേരെ നീട്ടി. ഒരു മടിയും കൂടാതെ അവൾ അത് കുടിച്ചു തീർത്തു.
അവർ ഗ്ലാസുകൾ നിറച്ചു കൊണ്ടിരുന്നു. മദ്യലഹരിയിൽ അയാൾ ഇരയെ ആക്രമിക്കാൻ തയ്യാറെടുക്കുന്ന ഒരു മൃഗമായി. നീതി ബലിഷ്ഠമായ ആ കൈകളിൽ കിടന്നു പിടഞ്ഞു. നനുനന്നുത്ത വെള്ളവിരിയുള്ള ബെഡിലേക്കു വലിച്ചെറിയപ്പെട്ട അവളുടെ സൗന്ദര്യം അയാളുടെ ലഹരി കൂട്ടി. ശരീരങ്ങൾ മാത്രം സംസാരിച്ചു. രണ്ട് മനസ്സുകൾ അപ്പോൾ മറ്റേതോ ലോകത്ത് എന്തോ തേടി അലഞ്ഞു നടന്നു…..

ഗാഢനിദ്രയിലായിരുന്ന അയാളെ ബാൽക്കണിയിലെ തുറന്നു കിടക്കുന്ന ഫ്രഞ്ച് വിൻഡോയിലൂടെ വെളിച്ചം വിളിച്ചുണർത്തി. സമയം 9.30.
അന്ന് ഞായറാഴ്ചയാണ് . തിരക്കിൽ നിന്നൊക്കെ വിട്ട് അയാൾ തന്നിലേക്ക് ഒതുങ്ങുന്ന ദിവസം.പരസ്യചിത്രത്തിലെ സ്ഥാനമുറപ്പിച്ച് നീതി പോയിരുന്നു അപ്പോഴേക്കും. കിടക്കവിട്ട് എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു. ബീച്ച്റോഡിനെ അഭിമുഖീകരിക്കുന്നതാണ് ആ ബാൽക്കണി.

നല്ല തിരക്ക്. ജോഗിങ്ങിനും നടക്കാനും ആയി ഒരുപാട് പേർ. ചെറിയ തട്ടുകടകൾ. ആ തട്ടുകടകളിലെ വിവിധതരം ദോശകളെകുറിച്ച് പത്രങ്ങളിൽ വന്ന ലേഖനം അയാളും വായിച്ചിട്ടുണ്ട്. ദൂരെ നിന്നുള്ള ആൾക്കാർ പോലും അവിടെ ദോശ കഴിക്കാനായി എത്താറുണ്ടത്രേ…..സുഹൃത്തുക്കൾ പലരും ക്ഷണിച്ചിട്ടുമുണ്ട്. പക്ഷെ അയാൾക്കൊരിക്കലും അതൊന്നും ചിന്തിക്കാൻ പറ്റുമായിരുന്നില്ല. ഫൈവ് സ്റ്റാറിൽ കുറഞ്ഞതൊന്നും അയാൾക്ക് ശീലമില്ലായിരുന്നു.

കണ്ണുകൾ താഴെ റോഡരികിൽ വസ്ത്രങ്ങൾ തേക്കുന്ന ആളിന് നേരെ തിരിഞ്ഞു. കുന്നുകൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ ചുളിവ് നിവർത്തി വൃത്തിയായി തേച്ചടുക്കി വയ്ക്കുന്നു. തൊട്ടടുത്ത് നിൽക്കുന്ന സ്ത്രീ അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങൾ ബാഗിൽ പാക്ക് ചെയ്യുന്നു. കറുപ്പാണെങ്കിലും ആ സ്ത്രീ സുന്ദരിയാണെന്ന് അയാൾക്ക് തോന്നി. ഒതുങ്ങിയ വടിവൊത്ത ശരീരം. നീണ്ട മുടി പിന്നിയിട്ടിരിക്കുന്നു അവളുടെ മൂക്കുത്തി തിളങ്ങുന്നത് ദൂരെനിന്നും കാണാമായിരുന്നു. ആഡംമ്പരത്തിന്റെ ദുർമേദസ്സില്ലാത്തതാവാം അവളുടെ ശരീരത്തിന് ഇത്രയും ഭംഗി നൽകിയത്… അല്ലെങ്കിലും അരപട്ടിണിക്കാരനായ അധ്വാനിക്കുന്ന മനുഷ്യർക്ക് ജിമ്മും ഡയറ്റും ഒന്നും ആവശ്യമില്ലല്ലോ.

പൂ വിൽക്കാൻ വരുന്ന സ്ത്രീയെ അവൾ കൈകാട്ടിവിളിച്ചു.
അവൾ എന്തോ പറഞ്ഞു. പൂക്കാരി കനങ്കാബര പൂവിന്റെ ഒരു മാല അവൾക്കു കൊടുത്തു. ഭർത്താവിന്റെ പോക്കറ്റിൽ നിന്നും അധികാരത്തോടെ കാശെടുത്തു പൂക്കാരിക്ക് കൊടുത്ത് മാല ഭർത്താവിന് നേരെ നീട്ടി അവൾ നിന്നു. തേപ്പുപെട്ടി താഴെവച്ച് അയാൾ അത് മുടിയിൽ ചൂടികൊടുത്തു. അവൾ അയാളെ നോക്കി മനോഹരമായി ചിരിച്ചു വീണ്ടും വസ്ത്രങ്ങൾ ബാഗിൽ വയ്ക്കാൻ തുടങ്ങി.
കുറച്ചു ദൂരെയുള്ള തട്ടുകടയുടെ അടുത്ത് നിന്നും ഒരു കൊച്ചുപെൺകുട്ടി അവർക്കരികിലേക്ക് ഓടി വന്നു. അവളുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് സഞ്ചി ഉണ്ടായിരുന്നു. തട്ടുകടയിലെ ദോശ!

അവളോടി വന്ന് പൊതി ആ സ്ത്രീയുടെ കയ്യിൽ കൊടുത്തു. മൂന്നുപേരും കൈ കഴുകി തൊട്ടടുത്തുള്ള മരച്ചുവട്ടിലിരുന്നു. പൊതി തുറന്ന് ദോശ ഭാഗം വച്ച് ഒരു പ്ലേറ്റ് അവൾ ഭർത്താവിന് കൊടുത്തു. മറ്റൊരു പ്ലേറ്റ് അവളും എടുത്തു. നടുക്കിരിക്കുന്ന മകൾക്ക് അവർ മത്സരിച്ചു ഭക്ഷണം നൽകി. ഇടയ്ക്കു അവർ എന്തോ പറഞ്ഞു ഉറക്കെ ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു. ഇല്ലായ്മയിലും സന്തോഷിക്കുന്ന സ്നേഹിക്കുന്ന കുടുംബം. അയാളുടെ ഉള്ളിൽ വേദനയും ഒറ്റപ്പെടലും നിറഞ്ഞുകവിഞ്ഞു!

ഏതോ ഒരു രാത്രിയിൽ അമ്മതൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞ്. അനാഥത്വത്തിന്റെ കൈപ്പുനീർ കുടിച്ച് വളർന്ന ബാല്യം!

ഓർഫനേജിൽ സദർശനത്തിന് വന്ന ബിസിനസ്സുകാരൻ കിരൺ അഗർവാൾ ഒരു കുട്ടിയെ സ്പോൺസർ ചെയ്ത് പഠിപ്പിക്കാൻ തീരുമാനിച്ചിടത്ത് നിന്നാണ് അയാളുടെ ജാതകം മാറിയത്. ഒരേ പ്രായത്തിലുള്ള ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു അവിടെ. ഒരു നറുക്കെടുപ്പ്! അതിൽ പേര് വീണത് അവനായിരുന്നു. അനാഥനായിരുന്ന അവൻ അന്ന് മുതൽ കൃഷ്ണ കിരൺ ആയി.

ഓർഫനേജിൽ നിന്ന് ഊട്ടിയിലെ മുന്തിയ സ്കൂളിൽ പഠനത്തിനായി പോയി… ഓർഫനേജിനെക്കാളും ഒറ്റപ്പെടൽ ആയിരുന്നു ബോർഡിങ്ങിൽ അവന്. വീക്കെൻടുകളിൽ മക്കളെ കാണാൻ വരുന്ന അച്ഛനമ്മമ്മാരെ അവൻ കൊതിയോടെ നോക്കി നിന്നു.
മക്കളെ നെഞ്ചോടു ചേർത്ത് പിടിച്ച് ലാളിക്കുന്ന അമ്മമാരെ അവൻ ആദ്യമായി കാണുന്നതും അവിടെയാണ്.
തന്നെ അമ്മതൊട്ടിലിൽ വലിച്ചെറിഞ്ഞു പോയ അമ്മയെ അവൻ വെറുത്തതും അപ്പോൾ മുതലാണ്… അവൻ വളരുന്നതിനൊപ്പം ആ വെറുപ്പും വളർന്നു.

ബിസിനസ്സ് സാമ്രാജ്യം വിപുലീകരിക്കുന്നതിലായിരുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്ന കിരൺ അഗർവാൾ അവിവാഹിതനായിരുന്നു.
ഒരിക്കലും കാണാൻ ബോർഡിങ്ങിൽ എത്തിയിരുന്നില്ലെങ്കിലും അവന്റെ കാര്യങ്ങളിൽ ഒന്നും അയാൾ ഒരു മുടക്കവും വരുത്തിയില്ല. ഒറ്റപെടലിൽ നിന്നും രക്ഷപ്പെടാനെന്നവണം അവൻ വായനയിൽ സന്തോഷം കണ്ടെത്തി. പഠനത്തിലും സ്പോർട്സിലും ആർട്സിലും ഒരുപോലെ മിടുക്കനായിരുന്നു അവൻ. സ്കൂളിൽ ഏറ്റവും മികച്ച വിദ്യാർത്ഥി.
ക്ലാസ്സിലെ പെൺകുട്ടികളെ മാത്രം അവൻ വെറുപ്പോടെ ആണ് കണ്ടിരുന്നത്. അവനൊരിക്കലും ഒരു സ്ത്രീയെയും സ്നേഹിക്കാൻ കഴിയാത്ത വിധം പക മനസ്സിൽ നിറഞ്ഞിരുന്നു.
സ്നേഹിക്കപ്പെടാൻ കൊതിച്ച ഒരു കുഞ്ഞ് മനസ്സിന്റെ വേദനയായിരുന്നു ആ പക.

സ്കൂളിലെ അവന്റെ മികവ് കിരൺ അഗർവാളിന്റെ മനസ്സിൽ ഒരു മാറ്റം സൃഷ്ടിച്ചു. അയാൾ തന്റെ പിൻഗാമിയായി അവനെ മനസ്സിൽ ഉറപ്പിച്ചു. പിന്നെ അവന്റെ മുന്നിൽ തുറന്നത് ഒരച്ഛന്റെ സ്നേഹകൊട്ടാരത്തിന്റെ വാതിലായിരുന്നു. ബോർഡിങ്ങിൽ നിന്നും മിറാഷിലെത്തിയ അവൻ അവിടുത്തെ രാജകുമാരനായി. സ്നേഹിക്കാനും പരിചരിക്കാനും ഒരുപാട് പേർ. ചോട്ടാ സാബ് എന്ന് വിളിച്ചു വിശ്വസ്ഥൻ രാമേട്ടനും.
കിരൺ അഗർവാൾ ടെക്സ്റ്റൈൽ ബിസിനസ് രംഗത്തെ രാജാവായിരുന്നു. അതുകൊണ്ട് തന്നെ അയാൾ തന്റെ മകനും ആ രംഗത്തേക്ക് വരണം എന്നാഗ്രഹിച്ചു. കൃഷ്ണക്ക് അതിൽ എതിർപ്പുണ്ടായിരുന്നില്ല. അവൻ ഫാഷൻ ഡിസൈനിങ് തിരഞ്ഞെടുത്തു. അച്ഛന്റെ ബിസിനസ്സിനൊപ്പം സ്വന്തമായി ഒരു കമ്പനി കൂടെ തുടങ്ങി “ഫാബ്വേവ്സ് “

കാലം എത്ര മുന്നോട്ട് പോയിട്ടും അയാൾക്ക് സ്ത്രീകളോടുള്ള വെറുപ്പു മാത്രം മാറിയില്ല…
കിരൺ അഗർവാളിന്റെ ആകസ്മിക മരണം അയാളെ വീണ്ടും ഒറ്റപ്പെടുത്തി. അതിൽ നിന്നും രക്ഷപെടാൻ അയാൾ ആദ്യം മദ്യം സ്വീകരിച്ചു. മദ്യലഹരിയിൽ സ്ത്രീ ശരീരങ്ങളെയും.
മനസ്സിലൊളുപ്പിച്ച പക തീർക്കാൻ അയാൾ തനിക്ക് വഴങ്ങുന്ന സ്ത്രീശരീരങ്ങളെ ആക്രമിച്ചു. പക്ഷെ!
കാലം മുന്നോട്ട് പോകും തോറും അയാൾ ഒറ്റപെട്ടു കൊണ്ടേയിരുന്നു. ഉള്ളിലെ സ്നേഹം കൊതിക്കുന്ന കുട്ടിയെ ആരുമറിയാതെ തന്റെ അഹന്തയിൽ ഒളിച്ചുവയ്ക്കാൻ പാടുപെട്ടിരുന്നു അയാൾ.

“ചോട്ടാ സാബ് “

അയാൾ തിരിഞ്ഞു നോക്കി
രാമേട്ടൻ…
“ബ്രേക്ഫാസ്റ് എടുത്തു വയ്ക്കട്ടെ? ലേറ്റ് ആയി ഒരുപാട്”.

രാമേട്ടൻ മലയാളി ആണ്.
രാമേട്ടനിൽ നിന്നാണ് അയാൾ മലയാളം പഠിച്ചതും.
“ഒരു 10 മിനിറ്റ് രാമേട്ടാ”

അയാൾ മറുപടി പറഞ്ഞു.

ഷവറിന് താഴെ നിൽക്കുമ്പോഴും അയാളുടെ മനസ്സ് അയാൾ കണ്ട കുടുംബത്തോടൊപ്പം ആയിരുന്നു. അയാൾക്ക് അവർ കഴിച്ച ആ തട്ടുകടയിലെ ദോശ കഴിക്കാൻ കൊതി തോന്നി.
നല്ല വൃത്തത്തിൽ നേർമയായി പരത്തിയ ദോശമാവ്. അതിലേക്കു വെണ്ണതേച്ച്, കാരറ്റും ബീറ്റ്റൂട്ടും ഉരുളകിഴങ്ങും ചേർത്ത് ഉണ്ടാക്കിയ മസാല തേച്ചു പിടിപ്പിച്ച്… ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും തക്കാളിയും വിതറി.. അതിനു മുകളിൽ ഒരു കഷ്ണം പനീർ ഉരച്ചിട്ട്…. മല്ലിയില വിതറി റോൾ ചെയ്തെടുക്കുന്ന ദോശ.
അയാളുടെ വായ്യിൽ വെള്ളം ഊറി!
ഷവറിൽ നിന്ന് വീഴുന്ന ഇളം ചൂടുവെള്ളത്തിൽ അയാളുടെ മുഖംമൂടി അലിഞ്ഞൊഴുകി പോയി.. ഇഷ്ടഭക്ഷണത്തിനു വാശിപിടിക്കുന്ന ഒരു കൊച്ചു കുട്ടിയായി അയാളുടെ മനസ്സ്….

കുളികഴിഞ്ഞു ഡ്രസിങ് ടേബിളിന്റെ മുന്നിൽ നിന്ന അയാൾക്ക് കണ്ണാടിയിൽ വൃത്താകൃതിയിലുള്ള വെള്ള ക്ലോക്ക് കാണാമായിരുന്നു…. നോക്കി നിൽക്കേ അതൊരു ദോശയായി മാറുന്നതായി തോന്നി. അയാളുടെ കണ്ണിലും മനസ്സിലും ദോശ നിറഞ്ഞു നിന്നു.
വിശപ്പിന്റെ തീവ്രത കൂടി.
അയാൾ വേഗം ഡൈനിങ്ങ് ടേബിളിൽ എത്തി.
മാർബിളിൽ കൊത്തിയെടുത്ത മനോഹരമായ ടേബിൾ.
പതിവുപോലെ ഓംലറ്റും,ജ്യൂസും,സ്പ്രൗട്സും മുന്നിലെത്തി. അയാൾക്ക് ഒരു കുട്ടിയെ പോലെ കരച്ചിൽ വന്നു.

ദോശ അല്ലാത്ത ഒന്നും അയാൾക്ക് അപ്പോൾ ചിന്തിക്കാൻ കഴിയുമായിരുന്നില്ല.
കുറച്ചു നേരത്തെ ചിന്തക്ക് ശേഷം അയാൾ രാമേട്ടനോട് പറഞ്ഞു.
“എനിക്ക് ദോശ മതി!”
രാമേട്ടൻ അതിശയത്തോടെ നോക്കി….ഒരിക്കലും അയാൾ ട്രെഡിഷണൽ ഫുഡ് കഴിച്ച് രാമേട്ടൻ കണ്ടിട്ടേയില്ല.
“സാബ്ജി,ഹോട്ടലിൽ നിന്നും വരുത്തിക്കാം!”
“തട്ടുകടയിലെ ദോശ വേണം “
രാമേട്ടൻ ഒന്ന് പകച്ചു ഇത്തവണ.
“തട്ടുകടയിലെ ദോശ ഇവിടെ ഉണ്ടാക്കി തന്നാൽ മതിയോ?
“യെസ്….മതി”

രാമേട്ടൻ കിച്ചണിലേക്ക് നടന്നു…
ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കില്ലായിരുന്നു രാധാമ്പാൾ.
“രാധമ്മാ…. ചോട്ടാ സാബിനു പനീർ ദോശ വേണം. തട്ടുകടയിലെ പോലത്തെ പനീർ ദോശ”
രാധാമ്പാൾക്ക് സന്തോഷം തോന്നി. ആദ്യമായാണ് ഒരു ഭക്ഷണം ചോട്ടാ സാബ് ആവശ്യപ്പെടുന്നത്!

അവർ വേഗം ദോശ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
ഒരുച്ചക്ക് എയർപോർട്ടിൽ നിന്നും സാബിനെ പിക്ക് ചെയ്യാനായി പോകുമ്പോഴാണ്. റോഡ് ക്രോസ്സ് ചെയ്തു കൊണ്ടിരുന്ന ഒരുസ്ത്രീ റോഡിൽ തളർന്നു വീഴുന്നത് രാമേട്ടൻ കണ്ടത്. കാറിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിക്കാനാണ് അപ്പോൾ തോന്നിയത്. സാബിനെ വിളിക്കാൻ മറ്റൊരു കാർ ഏർപ്പാടാക്കി അവരെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. ഭക്ഷണവും വെള്ളവും ഇല്ലാതെ തളർന്നു പോയ ശരീരം. ഡ്രിപ് ഇട്ട് കുറേ കഴിഞ്ഞപ്പോൾ അവർ അവശത മാറി കണ്ണു തുറന്നു.
സ്നേഹിച്ചു വളർത്തിയ മക്കളാൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഒരമ്മ. രാധാമ്പാൾ…
കോയബത്തൂരിലെ ഒരു ബ്രാഹ്മണ കുടുംബം. രണ്ട് മക്കൾ….. ഹോട്ടൽ ബിസിനസ് ആയിരുന്ന ഭർത്താവിന്റെ ആകസ്മിക മരണം തളർത്തിയ യൗവനം….രുചിയായി വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്ന ആ കൈകൾ ഹോട്ടൽ ജോലിക്കായി പോകാൻ പ്രേരിപ്പിച്ച ദാരിദ്ര്യം…. രണ്ടും മക്കളെയും പഠിപ്പിച്ചു ഉന്നത ഉദ്യോഗസ്ഥരാക്കിയ അമ്മ. ഒടുവിൽ മക്കളുടെ സ്റ്റാറ്റസിന് ചേരാത്ത പഠിപ്പില്ലാത്ത ഒരു സ്ത്രീയായി തെരുവിൽ ഉപേക്ഷിക്കപ്പെട്ടു.
രാമേട്ടന് അവരെ ഹോസ്പിറ്റലിൽ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല. മിറാഷിലെ ജോലിക്കാരെ നിയമിക്കുന്നത് രാമേട്ടൻ ആയിരുന്നു. കൃഷ്ണ ഒരിക്കലും അതൊന്നും ശ്രദ്ധിചിരുന്നില്ല. കാരണം രാമേട്ടനെ അയാൾക്ക് അത്രയേറെ വിശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ രാധാമ്പാളിനെ മിറാഷിന്റെ അടുക്കളയിൽ എത്തിക്കാൻ രാമേട്ടന് കഴിഞ്ഞു. എല്ലാവർക്കും രാധാമ്പാൾ രുചിയോടെ ഭക്ഷണം വച്ചു വിളമ്പി. ഒരു സ്ത്രീയാണ് തനിക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നത് എന്ന് കൃഷ്ണ ഒരിക്കലും അറിഞ്ഞില്ല.

മൊരിയുന്ന ദോശയുടെ ഗന്ധം രാമേട്ടന്റെ രുചിമുകുളങ്ങളെ ഇക്കിളി ഇട്ടു. ചൂട് പനീർ ദോശ രാധബാൾ രാമേട്ടന് മുന്നിലേക്ക് നീട്ടി. രാമേട്ടൻ അത് വാങ്ങി ഡൈനിങ്ങ് റൂമിലേക്ക് ചെന്നു.

സ്വർണവർണ്ണത്തിലുള്ള പ്ലേറ്റിൽ ദോശ അയാളുടെ മുന്നിലെത്തി. വെള്ള മാർബിൾ ടേബിളിൽ സ്വർണ്ണ വർണത്തിലുള്ള പ്ലേറ്റിൽ മഞ്ഞയും ചുവപ്പും വർണ്ണങ്ങൾ അവിടവിടെ എത്തിനോക്കുന്ന ഇളം തവിട്ട് നിറത്തിലുള്ള ദോശ റോൾ ചെയ്തു വച്ചിരിക്കുന്നു. അയാളുടെ ഉള്ളിലെ കൊച്ചു കുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടി. ആ കണ്ണുകൾ തിളങ്ങി. സ്പൂണും ഫോർക്കും മാറ്റിവച്ച് അയാൾ ഒരു കഷ്ണം ദോശമുറിച്ച് വായിലേക്ക് വച്ചു.
“എന്തൊരു സ്വാദ്!”
അയാൾ ദോശ ആസ്വദിച്ചു കഴിച്ചു.
ഡയറ്റ് ഫുഡ് കഴിച്ചു മടുത്ത അന്നനാളവും ആമാശയവും ദോശയുടെ വരവിനെ രാജകീയമായി എതിരേറ്റു. അയാളുടെ ശരീരവും മനസ്സും ആഗ്രഹിച്ചത് നേടിയ കുട്ടിയായി സന്തോഷിച്ചു.

രാമേട്ടൻ ആ കാഴ്ച്ച ആനന്ദത്തോടെ നോക്കി നിന്നു. ദോശ കഴിച്ചു തീർന്ന അയാളുടെ മുന്നിലേക്ക് ഒരു ആവിപറക്കുന്ന ഫിൽറ്റർ കോഫി കൂടി എത്തി. ജ്യൂസ് മാറ്റിവച്ച് അയാൾ കോഫി കയ്യിലെടുത്തു.

അന്നുവരെ കഴിച്ചതിൽ ഏറ്റവും നല്ല ഭക്ഷണം അതായിരുന്നു എന്ന് അയാൾക്ക് തോന്നി.

“രാമേട്ടാ, കുക്ക് കോ ബുലാവോ”

രാമേട്ടൻ പരിഭ്രാന്തനായി കിച്ചണിലേക്ക് നടന്നു. രണ്ടും കല്പിച്ചു രാധബാളിനെ കൂട്ടി തിരിച്ചെത്തി.
കോഫി കുടിക്കുകയായിരുന്ന അയാൾ കണ്ണുയർത്തി നോക്കി. മുന്നിൽ നിൽക്കുന്ന സ്ത്രീയെ കണ്ടിട്ടാവണം കോഫി അയാളുടെ നിറുകയിൽ കയറി.
അയാൾ വല്ലാതെ ചുമ്മച്ചു.
അത് കണ്ട രാധബാൾ ഒരമ്മയെ പോലെ അയാളുടെ തലയിൽ തട്ടി. കോഫി ഒഴുകിയിറങ്ങിയ അയാളുടെ താടി തന്റെ ശീല തുമ്പ് കൊണ്ട് തുടച്ചു.
രാമേട്ടന് തന്റെ ശ്വാസം നിൽക്കുന്നത് പോലെ തോന്നി.
കൃഷ്ണ ആ സ്ത്രീയെ കണ്ണ് മിഴിച്ച് നോക്കി. അറുപതിനടുത്ത് പ്രായം വരുന്ന വെള്ളുത്തുമെലിഞ്ഞ ഐശ്വര്യമുള്ള സ്ത്രീ. വട്ടമുഖം. നീണ്ട കണ്ണുകൾ. രണ്ട് മൂക്കിലും കല്ലുകകൾ പതിച്ച മൂക്കുത്തി. നെറ്റിയിൽ ചന്ദനക്കുറി!
“ധ്യാൻ സെ ബേട്ടാ! “
ആ വാക്കുകൾ കൃഷ്ണയുടെ മനസ്സിലെ കുട്ടിയാണ് കേട്ടത്.
രാധബാൾ സ്നേഹത്തോടെ അയാളുടെ കവിളിൽ തലോടി.
അവരുടെ കണ്ണുകളിലെ വാത്സല്യം അയാൾക്ക് നിഷേധിക്കാനായില്ല. അവരിൽ ആ നിമിഷം അയാൾ കണ്ടത് ഒരമ്മയെയാണ്. ഓർഫനേജിലും ബോർഡിങ്ങിലും ജീവിതത്തിൽ ഉടനീളം അയാളിലെ കുട്ടി തിരഞ്ഞ അമ്മ.
രാധബാൾ കോഫി മഗ്ഗ് അയാൾക്ക് നേരെ നീട്ടി.
“ധ്യാൻ സെ പിവോ ബേട്ടാ!”
ആ വാത്സല്യത്തിന് മുന്നിൽ കൃഷ്ണകിരൺ അനുസരണയുള്ള കുട്ടിയായി.
എല്ലാം കണ്ടു നിന്ന രാമേട്ടൻ ആശ്വാസത്തോടെ പുഞ്ചിരിച്ചു.

രമ്യ ഗോവിന്ദ്

Leave a Reply

Your email address will not be published.

error: Content is protected !!