പന്ത്…

പന്ത് പ്രായഭേദമെന്യേ ഒരു ലഹരിയാണ്. ലോകം മുഴുവൻ പടർന്നു കിടക്കുന്ന ലഹരി. ബാല്യ കൗമാര ‘നൊസ്റ്റാൾജിയ’യിൽ പന്ത് തരുന്ന ഉന്മാദം ചെറുതല്ല. തെങ്ങിൻ തോപ്പുകളിലും കൊയ്ത്തൊഴിഞ്ഞ പാടത്തും ചെറു മൈതാനങ്ങളിലും ചെറുതും വലുതുമായ പന്തുകൾ തട്ടിയും അടിച്ചു പറത്തിയും എറിഞ്ഞുകളിച്ചും വളർന്ന ഒരു തലമുറയുടെ മുന്നിലാണ് ‘ആദി’യും ‘അബനി’യും പന്തുമായി എത്തുന്നത്. ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ അബനിയുടെ മറ്റൊരു മികച്ച പ്രകടനത്തിന് പന്ത് സാക്ഷിയാകുന്നു. അബനിയുടെ വലിയുമ്മയായി എത്തിയ മഞ്ജുവിന്റെ ആരാധികയായി വാർത്തകളിൽ നിറഞ്ഞ റാബിയ ബീവിയുടെ അഭിനയത്തെ പ്രശംസിയ്ക്കാതിരിയ്ക്കാൻ ആകില്ല. ചെമ്മീൻ സിനിമയിലേക്ക് രാമു കാര്യാട്ട് കണ്ടെത്തിയ റാബിയ ബീവി പക്ഷേ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തുന്നത് പന്തിലൂടെയാണ്.

മലബാർ എന്നും ഫുട്ബോളിന്റെ മണ്ണാണ്. ആ മണ്ണിലാണ് കുസൃതിക്കാരിയായ ആമിന തട്ടമിട്ട് പന്ത് തട്ടാൻ എത്തുന്നത്. പർദ്ദ ഊരി കൂട്ടുകാരന് നൽകി കൂട്ടുകാരന്റെ ജേഴ്‌സിയും ബൂട്ടും അണിഞ്ഞ് ചെറിയ മൈതാനത്ത് ആവേശത്തോടെ അവൾ പന്ത് തട്ടുന്നു. ആമിനയെന്ന ആമിയുടെ കാഴ്ചകളിലൂടെയും സ്വപ്നങ്ങളിലൂടെയും ചുറ്റുപാടിലൂടെയും വികസിയ്ക്കുന്ന കഥ മനോഹരമായ ദൃശ്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട്‌. സ്‌കൂളിലും മദ്രസ്സയിലും വീട്ടിലും കുരുത്തംകെട്ട പെണ്ണാണെങ്കിലും കാണികൾക്കും ഉമ്മയ്ക്കും വലിയുമ്മയ്ക്കും അവൾ ഒട്ടും ആലോസരമുണ്ടാക്കുന്നില്ല. വടക്കൻ കേരളത്തിന്റെ മിത്തുകളും കരിങ്കാളിയും സിനിമയിൽ ഉടനീളം ഒപ്പം സഞ്ചരിയ്ക്കുന്നുണ്ട്. ഫുട്ബാളിനെ സ്നേഹിയ്ക്കുന്ന പെൺകുട്ടി എന്നതിലേക്ക് മാത്രം ചുരുങ്ങാതെ സാമൂഹിക വിഷയങ്ങളിലേക്ക് കൂടി സിനിമ കണ്ണോടിയ്ക്കുന്നുണ്ട്. വിനീത് അവതരിപ്പിച്ച സുൽത്താൻ, കിരൺ അവതരിപ്പിച്ച സജീവൻ എന്നീ കഥാപാത്രങ്ങളെ സിനിമയിൽ വേണ്ട വിധത്തിൽ അടയാളപ്പെടുത്താൻ കഴിഞ്ഞില്ല എന്നത് സിനിമയുടെ കാഴ്ചകളിൽ ഒരു പോരായ്മ ആകുന്നില്ല. അപ്പോജി ഫിലിംസിന്റ് ബാനറില്‍ ഷാജി ചങ്ങരംകുളം നിര്‍മ്മിച്ച പന്തില്‍ അശ്വഘോഷാണ് ക്യാമറ ചാലിപ്പിച്ചത്. എഡിറ്റിംഗ് അതുല്‍ വിജയ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുധീഷ്, വിനീത്, ഇര്‍ഷാദ്, സുധീര്‍ കരമന, നിലമ്പൂര്‍ ആയിഷ, മുന്ന, രമാദേവി, തുഷാര, സ്‌നേഹ, ശ്രീകുമാര്‍, കിരണ്‍ എന്നിവരാണ് അഭിനേതാക്കള്‍.

അറബിക്കല്യാണത്തിന്റെ നോവുകൾ പേറുന്ന പെണ്ണുങ്ങളും അറബിക്കുട്ടിയെന്ന പരിഹാസം കേൾക്കേണ്ടി വരുന്ന കുഞ്ഞുങ്ങളും മലബാറിലെ ജീവിതങ്ങൾ കൂടിയാണ്. പരിഹാസങ്ങളിൽ തളരുന്ന, കരഞ്ഞു കലങ്ങി വീട്ടിലേക്കൊടുന്ന പതിവ് സിനിമാക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാണ് ആമി. എന്നിരുന്നാലും സിനിമ മുന്നോട്ടു വയ്ക്കുന്ന സാമൂഹിക രാഷ്ട്രീയത്തെ തിരസ്കരിയ്ക്കാൻ ആകില്ല. പതിന്നാലു വയസ്സുകാരിയെ സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടുഴറുന്ന വീട്ടുകാർ വിവാഹം കഴിപ്പിച്ചയായ്ക്കാൻ തയ്യാറാകുമ്പോൾ നിസ്സാരവൽക്കരിയ്ക്കുന്ന മക്കളോടും ഉമ്മയോടും ആ പെൺകുട്ടി കുഞ്ഞല്ലേ, എന്ന് സഹതപിയ്ക്കുന്നത് അറബിക്കല്യാണത്തിന്റെ ഭാരം പേറേണ്ടി വന്ന ഉമ്മുമ്മ കഥാപാത്രം മാത്രമാണ്. വെറും പന്ത് കളിയ്ക്കപ്പുറത്തേക്ക് പെൺകുട്ടികളുടെ സ്വാതന്ത്ര്യവും സ്വപ്നങ്ങളും പന്തുപോലെ തന്നെ ഉരുണ്ടു കളിയ്ക്കുന്നുണ്ട്.

എസ്. ജെ സുജിത്

Leave a Reply

Your email address will not be published.

error: Content is protected !!