നക്ഷത്രങ്ങളുടെ ചിരി

ചെത്തിമിനുക്കിയ പുല്ലില്‍ മഞ്ഞുപുതഞ്ഞുണ്ടായ ഈര്‍പ്പമുണ്ടെങ്കിലും നന്ദു പുല്ലില്‍ മലര്‍ന്നുകിടന്നു. നേരം സന്ദ്യയൊടടുത്തു ആകാശ നീലിമയില്‍ മേഘപാളികള്‍ ഒഴുകി നടക്കുന്നത് നക്ഷത്രങ്ങള്‍ക്ക് കണ്ണ് പൊത്തി കളിക്കാനാണോ…?. മേഘങ്ങളുടെ വലിയ വിടവിലൂടെ കണ്ണ് മനസ്സിനെയും കൊണ്ട് ശൂന്യതയിലേക്ക് ശരവേഗത്തില്‍ കുതിക്കുമ്പോള്‍ വന്‍മേഘങ്ങളില്‍ തട്ടി കൊള്ളിമീനായ്‌ ഭൂമിയിലേക്ക് പതിക്കുന്നു. ഇന്നലകളിലെ സ്വപ്‌നങ്ങളെ ചവിട്ടി നഷ്ട്ടപ്പെട്ട ഹൃദയത്തെ തേടി ഈ മരുഭൂമിയില്‍ ഇനിയും എത്ര നാള്‍…………

സ്വപങ്ങളും നൊമ്പരങ്ങളും പേറി ആകാശത്ത് വിമാനങ്ങള്‍ ഇടതടവില്ലാതെ പറന്നുയരുന്നത് അവന്‍ വെറുതെ നോക്കിയിരുന്നു. ദുബായ് വിമാനത്താവളം  വളരെ അടുത്താണ് എങ്കിലും അവനില്‍നിന്നും വളരെ അകലെയും ആണ്. തണുത്ത കാറ്റ് കണ്ണില്‍ ഊറി വരുന്ന വേദനയെ ഒരു ചാലു കീറി തുറന്നു വിടുമ്പോള്‍ ഒഴികിപ്പോയ നഷ്ട്ട പ്രണയം വീണ്ടും പിടച്ചു ചാടി ഹൃദയത്തില്‍ എവിടെയോ പോയോളിക്കുന്നു.

കണ്ണ് തുടച്ച് അവന്‍ മൊബൈലിലേക്ക് നോക്കി രണ്ട് മിസ്സ്‌ട് കോള്‍. മൊബൈലില്‍ ബാലന്‍സ് കുറവാണ് എങ്കിലും തിരിച്ചു വിളിക്കാതിരിക്കാനും പറ്റില്ല.

“ഡാ സുധീ ……”

“നീ ഉറങ്ങിയിട്ടുണ്ടാവാം, അതായിരിക്കും  തിരിച്ചു വിളിക്കാത്തത് എന്ന് കരുതി  ….”

“ഇന്ന് എങ്ങിനെയാടാ ഞാന്‍ ..ഉറങ്ങുക…. ഇന്ന് എന്‍റെ ആദ്യരാത്രിയല്ലേ…” അവന്‍ കരച്ചിലില്‍ കുതിര്‍ന്ന ചിരിയോടെ പറഞ്ഞു.

“നീ കല്യാണത്തിന് പോയിട്ട്…അവളോട്‌ വല്ലതും സംസാരിച്ചോ…..”

“എന്ത് സംസാരിക്കാന്‍ …ഞാന്‍ അവളുടെ അടുതെക്കൊന്നും പോയില്ല …ദൂരെ നിന്നും കൈ വീശി കാണിച്ചു. അവള്‍ ഒരു ചെറു ചിരിയില്‍ ഒതുക്കി…”

“അവള്‍ നല്ല സന്തോഷത്തിലാണോ സുദീ…”

“ഉം ….കല്യാണപ്പെണ്ണല്ലേ മനസ്സിലുള്ളത് മുഖത്ത് കാണിക്കാന്‍ പറ്റില്ലല്ലോ….”

“കൈയ്യിന്ന്‍ പോയി ….അല്ലേടാ……”

“ഉം ഇനി പറഞ്ഞിട്ടെന്താ….കഴിഞ്ഞ  അഞ്ചു വര്‍ഷം  നീ അവിടെ എന്തെടുക്കുകായായിരുന്നു. അവള്‍ പലവട്ടം നിന്നെ വിളിച്ചു കരഞ്ഞു പറഞ്ഞതല്ലേ ഒന്ന്‍ നാട്ടില്‍ വന്ന് വീട്ടുകരുമായ് സംസാരിക്കാന്‍. പോരാത്തതിനു അവള്‍ നിന്‍റെ കൂടെ ഇറങ്ങി വരാനും തയ്യാറായതല്ലേ. എന്നിട്ടും നീ….”

“എന്‍റെ സ്ഥിതി എല്ലാം അറിയുന്ന നീയും ഇങ്ങനെ പറഞ്ഞാലോ സുധീ …. ഇപ്പോഴും കയറിക്കിടക്കാന്‍ ഒരു വീടുണ്ടോ. പിന്നെ ചേച്ചിയുടെ കല്ല്യാണം, അച്ഛന്‍ വരുത്തിവച്ച കടം, ബേങ്ക് ലോണ്‍. നീ അറിയോ നാല് മാസമായി  ശമ്പളം കിട്ടിയിട്ട്. ഒരു ലേബര്‍ ജോലിക്ക് കിട്ടുന്ന ശമ്പളം അത് അത്ര വലുതൊന്നുമല്ല. അഞ്ചു വര്‍ഷമായിട്ട് വിസയുടെ കാശ് പോലും എനിക്ക് മുഴുവനായിട്ടും കൊടുക്കാന്‍ ഇതുവരെ കഴിങ്ങിട്ടില്ല. ഒരുനേരം മാത്രം ഭക്ഷണം കഴിച്ചാ ഇപ്പൊ ഇവിടെ കഴിയുന്നത്‌. ഇതിനിടയില്‍ ഞാനെങ്ങിനെയാടാ അവളെയും കൂടി……

അവന്‍റെ ജീവിതം പോലെ വാക്കുകള്‍ പാതി മുറിഞ്ഞ് ബാലന്‍സ് തീര്‍ന്നു ഫോണ്‍ കട്ടായി.

അവന്‍ കണ്ണുകള്‍ അടച്ചു വെറുത വീണ്ടും കിടന്നു. ചുഴിയുടെ ആഴങ്ങളിലേക്ക് വെള്ളം കുതിച്ചിറങ്ങുന്നത് പോലെ കണ്ണിലേക്ക് ഇരുട്ട് ഇരച്ചുകയറി ഹൃദയത്തെ വരിഞ്ഞ് ശ്വാസം മുട്ടുന്നത്പോലെ. അവന്‍ പിടച്ചെഴുന്നെറ്റ് നടന്നു. വിശപ്പ്‌ തലയിലേക്ക് കയറി മനസ്സ് കയ്യില്‍ നിന്നും വഴുതിപ്പോകുന്നു. അവന്‍ നടന്നു എവിടേക്കെന്നില്ലാതെ നടന്നു ഒരു മണി എക്സ്ചേഞ്ചിന്  മുന്‍പിലെത്തി. ഒരു ആഫ്രിക്കക്കാരന്‍ പേഴ്സ് തുറന്നു ആയിരം ദിറഹത്തിന്റെ കുറച്ചു നോട്ടുകള്‍ കൈയ്യില്‍ എടുച്ചു ഡോര്‍ തുറന്ന് അകത്ത് കടക്കാന്‍ ഒരുങ്ങി. നന്ദു ഞൊടിയിടയില്‍ ആ പണം തട്ടിപ്പറിച്ചു സര്‍വ്വ ശക്തിയും എടുത്തു ഗല്ലിയില്‍  വളഞ്ഞും പുളഞ്ഞും ഓടി…..ആഫ്രിക്കനും അവിടെ ഉണ്ടായിരുന്ന സെക്യുരിട്ടിയും നന്ദുവിന്പിന്നാലെയും ….

വെളിച്ചം കുറഞ്ഞ ഒരിടത്ത് അല്‍പ്പം നിന്ന് തോട്ട് മുന്നില്‍ കണ്ട ബഹുനില കെട്ടിടത്തിന്‍റെ സ്റ്റെപ്പ്വഴി മുകളിലേക്ക് കുതിച്ചു. റൂഫില്‍ എത്തി ഇരു കയ്യും മുട്ടില്‍ ഊന്നി കിതച്ചു. അല്‍പ്പം കഴിഞ്ഞു തറയില്‍ മലര്‍ന്നു കിടന്നു. ഹൃദയം പെരുമ്പറ കൊട്ടികൊണ്ടിരുന്നു. അപ്പോഴും കൈ ചുരുട്ടിപ്പിടിച്ചു തന്നെ കിടന്നു….

താന്‍ ചെയ്തത് എത്രത്തോളം വലിയ തെറ്റാണെന്ന തിരിച്ചറിവിലെക്ക് മനസ്സ് എത്തിയപ്പോഴാണ്.

ടെറസ്സിന്‍റെ മറ്റേ മൂലയില്‍ ആരോ ഒരാള്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത് നന്ദു കേട്ടത്. താന്‍ അവിടെ വന്നത് പോലും ആ വെക്തി അറിഞ്ഞിരുന്നില്ല. അവന്‍ ഫോണിലൂടെ എന്തൊക്കെയോ പറയുന്നുണ്ട്. പാതി വാക്കുകള്‍ കരച്ചിലില്‍ മുങ്ങിതാണ് എവിടെക്കോ ഒഴുകിപ്പോവുന്നു. നന്ദു അവന്‍റെ അടുത്തേക്ക് പോയി. ഒരപരിചിനാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന്പോലും ചിന്തിക്കാതെ അവന്‍  ഫോണ്‍ കട്ട് ചെയ്തു ഉള്ളില്‍ ഒതുക്കിയ സങ്കടം ഒരു മഴവെള്ളപ്പാച്ചലായ്‌ ഒഴുകി . നന്ദു അവന്‍ കരഞ്ഞു തീര്‍ന്ന് ഒരു വാക്ക് മിണ്ടും വരെ അവനെ ചേര്‍ത്തുപിടിച്ചു.

“നിന്‍റെ സംസാരത്തില്‍ നിന്നും   കിട്ടിയതാണ്…. നിന്‍റെ ജീവിതത്തിലേക്ക് വരാന്‍ കൊതിച്ചു  നിന്‍റെ വരവുംകാത്ത് ഒരുപെണ്ണിരിപ്പുണ്ടോ…..”

“ഉം….”..

“ഇവിടെ വിസിറ്റിനു വന്ന് പെട്ടുപോയി ചേട്ടാ ..ജോലിയും കിട്ടിയില്ല ഓവര്‍ സ്റ്റേ ആയതിന്റെ  ഫൈനും തിരിച്ചു പോകാനുള്ള  ടിക്കറ്റ്  എടുക്കാന്‍ പോലും കഴിയാതെ പെട്ടിരിക്കുകയാ. നാട്ടില്‍ അവളെ കെട്ടിക്കാന്‍ ധൃതിപിടിച്ചുള്ള ഒരുക്കപാടിലാ. എന്താ ചെയ്യേണ്ടതെന്നു ഒരെത്തുംപിടിയുംഇല്ല….”

നന്ദു തന്‍റെ ചുരിട്ടിപ്പിടിച്ച കൈ അവന്‍റെ കയ്യില്‍ വച്ചു. നിനക്ക് നാട്ടിലെത്താന്‍ വേണ്ടത് ഇതില്‍കാണും. പറ്റുമെങ്കില്‍  രാത്രിതന്നെ കയറാന്‍ ശ്രമിക്കണം. വീട്ടുകാരുടെ എതിര്‍പ്പ് കാലങ്ങള്‍ മായ്ച്ചു കളയും. അതുകൊണ്ട് ഇഷ്ടപ്പെട്ടവളെ കൈവിട്ടാല്‍….മരണം വരെ അത് നഷ്ട്ടം മാത്രമായിരിക്കും…..വിലപ്പെട്ട നഷ്ട്ടം…”

നന്ദുവിന്‍റെ കണ്ണ് നിറഞ്ഞു.പിറകിലെ വിളിക്ക് ചെവികൊടുക്കാതെ   അവന്‍ തിരിഞ്ഞു നടന്നു പടികള്‍ ഇറങ്ങി….റോഡിലെ വെളിച്ചത്തിലേക്ക്.

“എസ്…ഹി ഈസ് ദ മാന്‍ …ഐ റിമമ്പര്‍ ഹിസ്‌ ഫേസ് ആന്‍ഡ്‌ ഡ്രസ്സ്‌…”

 സെക്യുരിറ്റി അത് പറഞ്ഞു തീരുന്നതിന് മുന്പ്. ആഫ്രിക്കക്കാരന്റെ ബലിഷ്ട്ടമായ കൈ അവന്റ് മുതുകില്‍ പതിച്ചു. നന്ദു രണ്ടു മൂന്ന് സ്റ്റെപ്പ് മുന്നോട്ടാഞ്ഞു മുഖം പതിച്ചു നിലത്തു വീണു. അപ്പോഴേക്കും ദുബായ് പോലീസ് വണ്ടി വന്നു നിന്നു.

സെക്യുരിറ്റി അറബിയില്‍ എന്തൊക്കെയോ പോലീസിനോട്  പറയുന്നത് മങ്ങിയ വെളിച്ചത്തില്‍ നന്ദു കണ്ടു. പതിയെ പതിയെ കണ്ണുകള്‍ അടഞ്ഞു ഓര്‍മ്മകള്‍ ശരീരം വിട്ട്  മേഘങ്ങളില്‍ തട്ടാതെ ആകാശത്തേക്ക് കുതിച്ചു ശൂന്യതയും താണ്ടി നക്ഷത്രങ്ങളില്‍പോയൊളിച്ചു. സൂര്യന്‍റെ വെളിച്ചം പലപ്പോഴും നക്ഷത്രത്തിന്‍റെ കരച്ചിലിനെ ഭൂമിയില്‍ നിന്നും മറച്ചുപിടിക്കുന്നു, അത് നക്ഷത്രത്തിന്‍റെ ചിരിയായ് വ്യഖ്യാനിക്കപ്പെടുന്നു.

ബവിത്ത് കുറ്റ്യാടി. 

Leave a Reply

Your email address will not be published.

error: Content is protected !!