ഫെമിനിസം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ

കീഴ്പ്പെടുത്തുവാനുള്ള വേട്ടയോട്ടങ്ങളോ അക്രമാസക്തമായ ഗ്വാഗോ വിളികളോ അല്ല ഫെമിനിസം. മനുഷ്യനേയും പ്രപഞ്ചത്തേയും അതിന്റ അറ്റം വരെ പ്രണയിക്കുന്നതിന്റെ മറുപേരാണത്.വിദ്വേഷ കലുഷിതം മായ അന്തരീക്ഷത്തിലെ മനുഷ്യാർദ്രതയുടെ പെയ്ത്താണത്. ഒരാൾ സ്ത്രീയായി ജനിക്കുകയല്ല സ്ത്രീയായി വളർത്തപ്പെടുകയാണ് എന്ന തിരിച്ചറിവാണത്, ഈ ഒരു കാഴ്ച്ചപ്പാടിലാണ് അപക്വവും അനുചിതവുമായ ചില കാഴ്ചപ്പാടുകൾ വിചാരണ ചെയ്യപ്പേടേണ്ടത് . എന്തും വിളിച്ചുപറയുന്നതോ ഒരാളുടെ വ്യക്തിപരമായ ഇഷ്ടങ്ങളിലോ, സ്വാതന്ത്ര്യങ്ങളിലോ അഭിരമിക്കലോ ആണ് ഫെമിനിസമെന്ന ധാരണ നിലനിൽക്കുന്നുണ്ട് . ശ്രീലക്ഷ്മി അറക്കലിൻ്റേയും രഹ്ന ഫാത്തിമയുടേയും ചില ക്ഷിപ്രപ്രതികരണങ്ങൾ ഇത്തരമൊരു പ്രതിതി സൃഷ്ടിക്കുന്നതാണ് .

അവരാണ് ഫെമിനിസ്റ്റുകൾ എന്ന തെറ്റായ ധാരണ പ്രതിഫലിക്കുന്ന ചില പ്രതികരണങ്ങൾ മനോഹരമായ സ്ത്രീശക്തികരണത്തിന് യഥാർത്ഥത്തിൽ മങ്ങലേൽപ്പിക്കുകയാണ് ചെയ്യുന്നത് . ഒരു പുരുഷൻ കയറിച്ചെല്ലുന്ന ഇടങ്ങളിൽ നിന്ന് സ്ത്രീയെ വിലക്കുമ്പോൾ, അതിനെതിരെ പ്രതികരിക്കുന്നതും, പുരുഷൻ എത്തുന്നിടങ്ങളിലെല്ലാം സ്ത്രീകൾക്കും ഒരു തടസ്സവുമില്ലാതെ, കയറിച്ചെല്ലാൻ കഴിയണം എന്ന മിനിമം നീതിയാണ് ഫെമിനിസം മുന്നോട്ടുവയ്ക്കുന്നത്, അതൊരു കുടുംബത്തിൽ നിന്നുള്ള വേർതിരിവ് നെതിരെ പോലും സ്ത്രീകളെ പ്രതികരിക്കാൻ പ്രാപ്തരാക്കുന്നു. ആ അർത്ഥത്തിൽ പെണ്ണിന്റെ ദൃഢതയുടെ, പേരാണ് ഫെമിനിസം. ഒരിടത്തും അശക്തയല്ലെന്ന് അവൾ തെളിയിക്കുന്ന സന്ദർഭങ്ങളിൽ ഫെമിനിസം പ്രകാശിക്കുന്നു .

വീടുകളിൽ, ഓഫീസുകളിൽ, മറ്റ് തൊഴിലിടങ്ങളിൽ, സ്ത്രീയെന്ന ഒറ്റക്കാരണത്താൽ, അവളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, അതിനെതിരെ ശക്തമായി പ്രതികരിക്കുകയും, പുരുഷനും സ്ത്രീയും ഒപ്പം ആണെന്നും, ഒരാൾക്ക് മേൽ മറ്റൊരാൾ വലുതല്ലെന്നും, തുല്യ അവകാശങ്ങളുള്ള രണ്ടുപേർ മാത്രമാണ് അവരെന്നും , സ്ത്രീ അവളുടെ സ്വാതന്ത്ര്യങ്ങൾ നേടിയെടുക്കാനും ഇടങ്ങൾ കണ്ടെത്താനും സ്ത്രീയായതിനാൽ ഒരിടത്തുനിന്നും പുറത്താക്കപ്പെടാതിരിക്കാനും,അവൾ നടത്തുന്ന പോരാട്ടങ്ങളാണ്, ഫെമിനിസം.

സ്ത്രീകളുടെ നില നിൽപ്പ് ഹനിക്കപ്പെടുന്ന സാഹചര്യങ്ങളിൽ അതിനെതിരെ നിരന്തരം പോരാടുന്ന ഏതൊരു സ്ത്രീയും മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് അതുകൊണ്ട് തന്നെ ഫെമിനിസത്തിന്റേതാണ്. ,മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് കൊണ്ട് മാത്രം അരും ഫെമിനിസ്റ്റാകുന്നില്ല. വ്യക്തികളുടെ സ്വാതന്ത്രത്തിന്റെ പോരാട്ടങ്ങൾ മാത്രമല്ല ഫെമിനിസം. സങ്കുചിതമായ ഇത്തരം കാഴ്ചപ്പാടുകൾ യഥാർത്ഥത്തിൽ ഫെമിനിസത്തിന്റെ ചിറകുകളെ ക്ഷീണിപ്പിക്കുന്നു, ചിലരിലെങ്കിലും തെറ്റിദ്ധാരണ പകർത്തുന്നു. അനിവാര്യമായ സാഹചര്യത്തിലെ മാറ്റിവെക്കപ്പെടാനാകാത്ത സമരമാണത്. ജീവിതം കൊടുത്ത് നടത്തുന്ന യുദ്ധമാണത്. സമാധാനത്തിനു വേണ്ടിയുള്ള യുദ്ധം.

മായ ആവണി

Leave a Reply

Your email address will not be published.

error: Content is protected !!