ദി ബ്രൈറ്റ് ഡേ

2013 ലെ ഇറാനിയൻ സെല്ലുലോയിഡിൽ നിന്നും 2015 ലെത്തുമ്പോൾ ‘ദി ബ്രൈറ്റ് ഡേ’ എന്ന സിനിമ, സിനിമക്ക് തിളക്കം കൂട്ടുന്നതല്ലാതെ പ്രേക്ഷക ഹൃദയത്തിൽ ഫംഗസ് കലർത്തുന്നില്ലെന്ന് വേണം കരുതാൻ. 2013 ല്‍ നിര്‍മ്മിച്ച ഈ ഇറാനിയൻ സിനിമ, സാമൂഹിക പ്രതിബദ്ധതയുള്ളോരു വിഷയം കൈകാര്യം ചെയ്യുന്നു. വിമര്‍ശകരും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച , ‘ഹുസ്സൈന്‍ ഷഹാബി’ എന്ന സംവിധായകന്റെ പ്രഥമ സംരംഭം. വളരെ സാധാരണമായൊരു പ്രമേയത്തെ ശക്തമായി അവതരിപ്പിച്ച്, അവാര്‍ഡുകൾ വാരിക്കൂട്ടി, ലോകസ്ക്രീനിൽ “ദ ബ്രൈറ്റ് ഡേ“ ചിറകു വിരിച്ചു തന്നെ നില്‍ക്കുന്നു. പുരസ്കാരങ്ങള്‍ മഹത്തരമാകുന്നത് ഇത്തരം സൃഷ്ടികള്‍ക്ക് ലഭിക്കുമ്പോഴെന്ന് പറഞ്ഞുവയ്ക്കുന്നു.


ഒരു ചെറിയ കഥ, എഴുത്തുകാരന്റെ തൂലികക്ക് രണ്ടോ മൂന്നോ ഖണ്ഡികയിൽ ഒതുക്കാവുന്നത്. രണ്ടേരണ്ടു കഥാപാത്രങ്ങളിലൂടെ വികസിക്കുന്നൊരു സാധാരണ വിഷയം. എഴുത്തിൽ എത്രവേണമെങ്കിലും ചുരുക്കാമെങ്കിലും കാഴ്ചയുടെ ഫ്രെയിമിൽ അത് അതിസാഹസികത തന്നെ. ഇവിടെ സംവിധായകനും ക്യാമറാമാനും ഒരുപോലെ കൈയ്യടിനേടുന്നു. സിനിമ സംവിധായകന്റെ കല മാത്രമല്ല ക്യാമറയുടേതു കൂടിയാണെന്ന് ഈ ചിത്രം അടിവരയിടുന്നു.
ടെഹറാനിലെ ഒരു കിന്റർഗാർട്ടൻ ടീച്ചർ, റോഷൻ ആണ് രണ്ടുപേരിലൊരാൾ, രണ്ടാമത്തെ ആള്‍ അവർ വാടകയ്ക്കെടുത്ത ടാക്സിയിലെ ഡ്രൈവറും. ടീച്ചര്‍ രാവിലേതന്നെ ടാക്സിയിl ടൌൺ ചുറ്റുന്നതെന്തിനെന്ന കൌതുകത്തിൽ തുടങ്ങുന്ന സിനിമ പറയുന്നു മരണദണ്ഡനയിലേക്ക് നയിക്കുന്ന ഇറാനിയന്‍ നിയമങ്ങളുടെ, ഒരളവുവരെ പ്രാകൃതമായ വളച്ചൊടിക്കല്‍. അത്തരം ഒരു വധശിക്ഷയില്‍ നിന്നും തന്റെ കുഞ്ഞു വിദ്യാര്‍ത്ഥികളിലൊരാളിന്റെ പിതാവിനെ, വിഭാര്യനായ ഒരാളിനെ, അയാള്‍ ചെയ്തോ എന്നുപോലും തീര്‍ച്ചയില്ലാത്ത ഒരു കൊലപാതകക്കേസില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായുള്ള നിരന്തര ശ്രമത്തിലാണ് ഇതിലെ നായിക റോഷന്‍.

കുട്ടിയുടെ പിതാവ് അയാളുടെ ബോസ്സിന്റെ മകനെ ഗോവണിക്കു മുകളിൽ നിന്നും തള്ളിയിട്ടു കൊന്നു എന്നതാണ് കേസ്. ശരിക്കും അയാള്‍ അങ്ങനെയൊരു കുറ്റം ചെയ്തിട്ടുണ്ടോ എന്നാരും കണ്ടിട്ടില്ല. അവര്‍ തമ്മിലുള്ള വാഗ്വാദം കേട്ടവരുണ്ട്. അതെന്തിനെപ്പറ്റിയെന്നും അറിയില്ല. കുറ്റം ആരോപിക്കപ്പെടുന്ന ആള്‍ മരിച്ച ആളെ തള്ളിയിടുന്നതും കണ്ടവരില്ല. ഉച്ചത്തിലുള്ള സംസാരത്തിനൊടുവിൽ ബോസ്സിന്റെ മകൻ ഗോവണി വഴി താഴേക്കുരുളുകയും മൂര്‍ച്ചയുള്ള എന്തിലോ തലയിടിച്ചു മരിക്കുകയുമാണ് ചെയ്യുന്നത്. സംഭവത്തിനു സാക്ഷിയായി ഏഴുപേരുണ്ട്. അവരെ എങ്ങിനെയും കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തി, കേസില്‍പ്പെട്ട ആളെ രക്ഷിക്കുകയും അതുവഴി അമ്മയില്ലാത്ത അയാളുടെ കുഞ്ഞിനെ അനാഥനാക്കാതെയും, രോഗിയായ അയാളുടെ അമ്മയെ സംരക്ഷിക്കാനുമുള്ള റോഷന്റെ തീവ്രപരിശ്രമത്തിന്റെ കഥയാണ്‌ ഈ സിനിമ. സാക്ഷികളെ തേടിയുള്ള യാത്രയിലാണ് ടാക്സി ഡ്രൈവറുമായുള്ള സംഭാഷണത്തിലൂടെ കഥയുടെ ചുരുളഴിയുന്നത്.
മകന്‍ നഷ്ടപ്പെട്ട ആൾ സമൂഹത്തിലെ ഉന്നതനും ധനാഢ്യനുമാണ്. അയാള്‍ക്ക്‌ തന്റെ മകന്റെ ഘാതകന് വധശിക്ഷ വാങ്ങിക്കൊടുത്താലേ പ്രതികാരമടങ്ങൂ. അതിനായി സാക്ഷികളെ സ്വാധീനിച്ച അയാളെ, വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയും അയാളോടുള്ള ഭയത്താലും സാക്ഷികള്‍ അനുസരിക്കുന്നു. അതുകാരണം ആരും സത്യം സത്യമായി പറയാൻ തയ്യാറാകുന്നില്ല. ഏഴുപേരേയും കണ്ടെത്തി അവരില്‍ രണ്ടു പേരേക്കൊണ്ടെങ്കിലും സത്യം പറയിപ്പിച്ച് നിരപരാധിയെന്നു വിചാരിക്കുന്ന ആളെ രക്ഷിക്കാന്‍ റോഷന് സമയവും കുറവാണ്. ആ ഉദ്യമത്തിന്റെ ഭാഗമായാണ് റോഷന്റെ ഈ യാത്ര.

ഇറാനിലെ നിയമവ്യവസ്ഥയിലെ പാളിച്ചകളും, സാക്ഷികൾ പലവിധ കാരണങ്ങൾ കൊണ്ട് സത്യം പറയാതിരിക്കുന്നതിലെ ഭവിഷത്തുകളും അതുവഴി വ്യക്തിക്കുണ്ടാകുന്ന നീതിനിഷേധവും 86 മിനിട്ടുകള്‍കൊണ്ട് മനോഹരമായി പറഞ്ഞ്, പത്തൊന്‍പതാമത് ഐ എഫ് എഫ് കെ യില്‍ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം നേടിയ ദ ബ്രൈറ്റ് ഡേ, ഫാജിര്‍ ഫിലിം ഫെസ്റ്റിവല്‍ , മാര്‍ ഡൽ പ്ലാറ്റാ ഇന്റര്‍നാഷണൽ ഫിലിം ഫെസ്റ്റ്വൽ, അര്‍ജന്റീന, ചിക്കാഗോ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി ചലച്ചിത്രോത്സവങ്ങളിൽ ഏറ്റവും നല്ല സിനിമയും ഹുസ്സൈന്‍ ഷഹാബി നല്ല നല്ല സംവിധായകനുമായി.

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!