ദുരന്തകാമനകളുടെ കഥാകാരൻ

മനുഷ്യന്റെ ഉപബോധമനസിലടക്കിവച്ച വികാരങ്ങളെ സൂക്ഷ്മമായി പഠിച്ച് കഥപറഞ്ഞ ഒരു കഥാകാരൻ ഇവിടെ ജീവിച്ചിരുന്നു. പ്രകടമാകുന്ന കാഴ്ചകളിൽ ഒതുങ്ങി നിൽക്കാതെ നിഗൂഢതയുടെ ആഴങ്ങൾ തേടിയുള്ള യാത്രയായിരുന്നു അദ്ദേഹത്തിനിഷ്ടം. മഞ്ഞു വീഴുന്ന രാത്രിയിൽ തീകായുന്ന നമ്മുടെ ഇടയിലേക്ക് അദ്ദേഹം ഭ്രമിപ്പിക്കുന്ന കഥകൾ ചൊരിഞ്ഞു.

ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിമിഷാർദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരിയാണ് താനെന്ന് നമ്മെ വിശ്വസിപ്പിച്ചു. അദ്ദേഹത്തെ നമ്മൾ ഗന്ധർവ്വൻ എന്നു വിളിച്ചു. പത്മരാജൻ എന്ന അനശ്വരപ്രതിഭയായിരുന്നു ആ ഗന്ധർവ്വൻ….


1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായാണ് പത്‌മരാജന്റെ ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദമെടുത്തു. കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജൻ ചെറുകഥകളെഴുതുമായിരുന്നു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ‘ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ്’ എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ഇന്നും പ്രണയിതാക്കൾക്കിടയിൽ ലോലയുടെ വാക്കുകൾ നൊമ്പരമാണ്.

“വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും
ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.” ലോലയിലെ ഈ വരികൾ ഓരോ പ്രണയദിനത്തിലും പുനർജനിച്ചുകൊണ്ടേയിരിക്കുന്നു.

1965ൽ അദ്ദേഹം തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. 1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. തുടർന്ന് തകര, ലോറി, രതിനിർവേദം തുടങ്ങിയ ഒട്ടേറെ സിനിമകൾ പത്മരാജൻ -ഭരതൻ കൂട്ടുകെട്ടിൽ പിറന്നു. ഐ.വി. ശശി, മോഹൻ, കെ.ജി.ജോർജ് തുടങ്ങിയ സംവിധായകർക്ക് വേണ്ടി എഴുതിയ സിനിമകളും പ്രദർശന വിജയം നേടി. 1978 ൽ സ്വയം രചനയും സംവിധാനവും നിർവഹിച്ച് പെരുവഴിയമ്പലത്തിലൂടെ സംവിധാന രംഗത്തെത്തിയ പത്മരാജന് ആദ്യ ചിത്രം തന്നെ നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു. 1986 ൽ പുറത്തിറങ്ങിയ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രം സൂപ്പർഹിറ്റായി. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ ‘ഉത്തമഗീതത്തിലെ’ ഗീതങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കിട്ടത് നിരൂപക പ്രശംസ പിടിച്ചുപറ്റി.

 

പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1986 ൽ പുറത്തിറങ്ങിയ ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടത് അതിലെ പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടാണ്. അക്കാലത്ത് മറ്റാരും പറയാൻ ധൈര്യം കാണിക്കാത്ത ഒരു വിഷയത്തെ, ഒട്ടും അശ്ലീലം കലരാതെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മോഹൻലാൽ, കാർത്തിക, ഉർവ്വശി, ശാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഒ .എൻ.വി.കുറുപ്പിന്റെ വരികൾക്ക് രവീന്ദ്രൻ സംഗീതം നൽകി, യേശുദാസ് ആലപിച്ച ‘വാനമ്പാടീ ഏതോ തീരങ്ങൾ തേടുന്ന’ എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നതും അതിമനോഹരമായാണ്.

1987 ൽ റിലീസ്സായ തൂവാനത്തുമ്പികൾ എന്ന ചിത്രം അദ്ദേഹത്തിന്റെ തന്നെ ഉദകപ്പോള എന്ന നോവലിൽ നിന്നെടുത്ത കഥാതന്തുവിന്റെ ചലച്ചിത്രാവിഷ്കാരമാണ്. ഉദകപ്പോളയിലെ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി ഇതിൽ പത്മരാജൻ സംയോജിപ്പിച്ചിരിക്കുന്നു. നാട്ടിൻപുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വം പേറുന്ന ജയകൃഷ്ണൻ, മോഹൻലാലിൽ ഭദ്രമായിരുന്നു. മോഹൻലാലിൻറെ ഏറ്റവും മികച്ച ഇരുപത്തിയഞ്ചു കഥാപാത്രങ്ങളെടുത്താൽ അതിലൊരെണ്ണം തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണനായിരിക്കും. ക്ലാരയുടെയും രാധയുടെയും കഥപറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകർ നിറഞ്ഞ മനസോടെ ആസ്വദിക്കുന്നു. ക്ലാര നമ്മിൽ അദ്‌ഭുതവും ജയകൃഷ്ണൻ ദീർഘനിശ്വാസങ്ങളുടെ അർത്ഥവിരാമവും രാധ പൂർണ്ണവിരാമവും തീർക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് സംഗീതം നൽകി ജി.വേണുഗോപാൽ ആലപിച്ച ‘ഒന്നാം രാഗം പാടി’ എന്ന ഗാനം നമ്മെ തൃശൂരിന്റെ ആത്മാവിലേക്കാണ് കൊണ്ടുപോകുന്നത്.

ഇന്ത്യൻ റെയിൽവെയിൽ നിന്ന് അക്കൗണ്ടന്റായി വിരമിച്ച തമ്പി എന്ന വൃദ്ധന്റെയും ബാംഗ്ലൂരിൽ മെഡിസിനു പഠിക്കുന്ന അദ്ദേഹത്തിന്റെ ചെറുമകൻ പാച്ചു എന്ന ഭാസ്കരന്റെയും കഥപറഞ്ഞ മൂന്നാംപക്കം നമ്മളിൽ അവശേഷിപ്പിച്ചത് തിരയൊടുങ്ങാത്ത നൊമ്പരമാണ്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരിലേക്ക് അപാരമായ വികാരത്തിരകൾ ആഞ്ഞടിച്ചു. കടൽ കൊണ്ടുപോയ കൊച്ചുമകനുവേണ്ടി തർപ്പണം നടത്തുന്ന വൃദ്ധനായി തിലകൻ ജീവിച്ചു എന്നു നമുക്ക് തോന്നും. മറ്റൊരു മൂന്നാംപക്കത്തിനായി നാം കാത്തിരിക്കുമ്പോൾ മൃത്യു എന്ന മനുഷ്യന്റെ എക്കാലത്തെയും ഭയത്തെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ് പത്മരാജൻ. ചിത്രത്തിലെ ഗാനങ്ങളും മനോഹരമായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ രചനയ്ക്ക് ഇളയരാജയുടെ സംഗീതവും വേണുഗോപാലിന്റെ ശബ്ദവും കൂടി ചേർന്നപ്പോൾ ഉണരുമീ എന്ന ഗാനം മനോഹരമായി.

 

ദുരന്തകാമനകളുടെ ഗന്ധർവ്വനാണ് പത്മരാജൻ എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. രതിയും, മൃതിയും നിഗൂഢതയും അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞുനിൽക്കുന്നു. ഞാൻ ഗന്ധർവ്വൻ നാട്ടിൻ പുറങ്ങളിലെ ഒരു മിത്തിൽ നിന്നും രൂപം കൊണ്ട് ചിത്രമാണ്. ഈ ഭൂമുഖത്തെ പൂക്കളും ഭൂമിയുടെ തേനും മാത്രം നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ്ണശലഭമായിരുന്നു പത്മരാജന്റെ ഗന്ധർവ്വൻ. റിയലിസ്റ്റിക് ശൈലി വിട്ട് കാൽപ്പനികതയുടെ അതിർവരമ്പുകൾ താണ്ടിപ്പറന്ന, പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ഞാൻ ഗന്ധർവ്വൻ.

അടിച്ചമർത്തിവയ്ക്കുന്ന രതികമാനകളുടെ സൃഷ്ടിയാണ് ഗന്ധർവ്വൻ. ഗന്ധർവനായി നിധീഷ് ഭരദ്വാജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മലയാളിയുടെ ഗാനഗന്ധർവൻ യേശുദാസിന്റെ മധുരാലാപനം കൂടിയായപ്പോൾ പാട്ടുകളും മനോഹരമായി.

1991 ജനുവരി 24 ന് ഞാൻ ഗന്ധർവന്റെ പ്രചരണാർത്ഥമുള്ള ഒരു യാത്രയ്ക്കിടയിൽ കോഴിക്കോട് വെച്ചായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് പത്മരാജന്റെ അപ്രതീക്ഷിത അന്ത്യം. മാനായും മനുഷ്യനായും ഗന്ധർവ്വനായും നമ്മെ വിസ്മയിപ്പിച്ച ആ മഹാമനീഷി തന്റെ മരണത്തിലും നിഗൂഢത കാത്തു. മനുഷ്യനിൽ പ്രണയകാമനകൾ നിലനിൽക്കുന്ന കാലത്തോളം പത്മരാജൻ എന്ന പ്രതിഭ ഈ ഭൂമുഖത്തുതന്നെയുണ്ടാവും.

 

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!