ചല്ലി

ചല്ലി(നോവൽ)

ഒന്നാം കാലം

തുറന്നിട്ടിരിക്കുന്ന ഒരു വലിയ ഗേറ്റ്. ശക്തമായി മഴപെയ്യുന്നു. ഗേറ്റ് കടന്നു വരുന്ന ഒരു പെണ്‍കുട്ടി. കുടയില്‍ പിടിച്ചിരിക്കുന്ന കൈയ്യിലൂടെ അവളെ പെണ്ണാണെന്ന് മനസ്സിലാക്കാം. മുന്നില്‍ ഓട് പാകിയ നീളമുള്ള ഒരു സ്കൂള്‍ കെട്ടിടം. അവിടേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടി. വരാന്തയിലേക്ക്‌ കയറി. കുട അവിടെ നിവര്‍ത്തി വച്ചു.
‘എന്‍റെ സ്കൂള്‍ ആണ്’. അവള്‍ മഴയിലേക്ക്‌ നോക്കി. ‘ഇതുപോലെ ഞാന്‍ പെയ്തിറങ്ങാന്‍ ആഗ്രഹിച്ച ഇടം. ഇവിടുത്തെ ഓരോന്നും എനിക്ക് അറിയാം. 7ബിയിലെ ചല്ലിയെന്ന എന്‍റെ സ്കൂള്‍’.
വരാന്തയിലൂടെ നടന്നു. വരാന്തയ്ക്ക് താഴെ മൂന്ന് മരങ്ങള്‍
ഇതാണ് ആ മൂന്ന് മരങ്ങള്‍. തണല്‍ തന്നിട്ട്…സാറ്റ് എണ്ണാന്‍ നിന്ന് തന്നിട്ട് ഉച്ചക്കഞ്ഞിയില്‍ പുഴു വീഴ്ത്തുന്ന മരം. വരാന്തയില്‍ ഉച്ചക്കഞ്ഞി തറയില്‍ വീണതിന്റെ പാടുകള്‍. വലിയ പാത്രത്തിന്റെ അടയാളം..My framing was perfect’
വരാന്തയിലൂടെ നടന്നു മുന്നോട്ടു പോയി. വലത് വശത്ത് ഒരു സ്റ്റേജ്. അത് തടി സ്ക്രീന്‍ വച്ച് മറച്ചിരിക്കുന്നു.
കാലം കടന്നുപോയിട്ടും ഇതില്‍ ഒരുമാറ്റവും വന്നിട്ടില്ല. എന്‍റെ മുന്നിലും, അല്ല…7 Bയിലെ ചല്ലിക്ക് മുന്നിലും ഇതുപോലെ മറയ്ക്കപ്പെട്ട ഒരു വേദി ഉണ്ടായിരുന്നു. ചല്ലി….Things never changed!
പുറത്ത് മഴ തോര്‍ന്നു. ആകാശം തെളിഞ്ഞു. ഗേറ്റ് കടന്ന് രണ്ട് പയ്യന്മാര്‍ കയറി വരുന്നുണ്ട്. കറുത്ത നിക്കറും വെള്ള ഷര്‍ട്ടും വേഷം. ചെളിവെള്ളത്തില്‍ ചവിട്ടാതെ ചാടി ചാടി ആണ് വരവ്. വരാന്തയില്‍ കയറി കാലിലെ ചെളി അവിടെ രണ്ട് മൂന്ന് തവണ തട്ടി. ചെളി മുഴുവന്‍ വരാന്തയിലായി. വരാന്തവഴി നടന്ന് അകത്തേയ്ക്ക്.
ക്ലാസിലെ ബഞ്ചില്‍ ഒറ്റയ്ക്കിരിക്കുന്ന കറുത്ത പെണ്‍കുട്ടി. മുടി രണ്ടായി പിന്നി അതില്‍ ചുവപ്പ് റിബണ്‍. നെറ്റിയില്‍ കറുപ്പ് കരിപ്പൊട്ട്. കാതിലും കഴുത്തിലും ഒന്നുമില്ല. വെള്ള ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെങ്കിലും മഞ്ഞപ്പ് ബാധിച്ചിട്ടുണ്ട്. ഞാന്‍ ബോര്‍ഡും നോക്കി ഇരുപ്പാണ്. അവിടെക്ക് കയറിവരുന്ന രണ്ട് പയ്യന്‍മാര്‍. രാമകൃഷ്ണനും മുഹമ്മദും. രാമന്‍ അവളെ നോക്കി
”ചല്ലി…എന്ത് നേരത്തെ?”
അവള്‍ അവനെ രൂക്ഷമായി നോക്കി.
ബോര്‍ഡിലേക്ക് നോക്കുന്ന മുഹമ്മദ്
”പടച്ചോനെ…ഇത് തൂത്ത് കളഞ്ഞില്ലെ…കാണുമ്പോ തന്നെ ചന്തി പെരുക്കാ. രാമാ നീ ഹോം വര്‍ക്ക് ചെയ്തോ?”
വളരെ ലാഘവത്തോടെ രാമന്‍
”അയാള് ഇന്ന് വരൂല്ല..നീ നോക്കിക്കോ..ഡീ ചല്ലി അത് മായ്ക്ക്.”
”ഞാന്‍ മായ്ക്കൂല്ല..എന്നിട്ട് വേണം രേഷ്മ വന്ന് എന്നെ കൊല്ലാന്‍.”
”അവളുടെ അച്ഛന്‍ കാള വാസുവിന്‍റെ ബോര്‍ഡും ഡസ്റ്ററും ഒന്നും അല്ലല്ലോ..വലിയൊരു ലീഡര്‍ അമ്മച്ചി..”
രാമന്‍ അത് കയറി തുടച്ചു കളയുന്നു.

നേരത്തെ മായ്ച്ചു കളഞ്ഞ കണക്ക് അതുപോലെ ബോര്‍ഡിലുണ്ട്. ബോര്‍ഡിന് നേര്‍ക്ക് തിരിഞ്ഞു നില്‍ക്കുന്ന രാമന്‍. രാമന്‍റെ അടുത്ത് ചൂരലും പിടിച്ചു നില്‍ക്കുന്ന ഷാജി സര്‍. മുന്നിലെ ബഞ്ചില്‍ ചല്ലിയും മറ്റ് മൂന്നു പേരും ഒഴിച്ച് എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നു.
”വേഗം ചെയ്യടാ..ചുമ്മാ സമയം കളയല്ലെ രാമകൃഷ്ണാ..”
രാമന്‍ പേടിച്ച് തിരിഞ്ഞു,
”അറിഞ്ഞൂടാ സാറെ.”
രാമന്‍റെ ചന്തിക്ക് ചൂരലു വളച്ച് രണ്ട് അടി. രാമന്‍ ചന്തിക്ക് പിടിച്ച് തുള്ളി. മുഹമ്മദിന്‍റെ അടുത്ത് വന്നു നിന്നു.
”വേദനയുണ്ടാ?”
”അടുത്ത് നീ ചെല്ല്…പിന്നെ നീ ഇത് ചോദിക്കൂല്ല. കാലമാടന്‍റെ അടി”
”മര്യാദിക്ക് ഞാന്‍ ആ ചല്ലിയെ നോക്കി എഴുതിയേനെ. അപ്പോ അവന്‍റെ ഒരു ..പടച്ചോനേ..ബല്ല് അടിക്കണേ..”

(തുടരും..)

അനൂപ് മോഹൻ

error: Content is protected !!