ചല്ലി

ചല്ലി

അദ്ധ്യായം 5

ഷാജി സാറിന്‍റെ ക്ലാസിന്‍റെ ഇടയ്ക്ക് ഒരു പയ്യന്‍ വന്ന് എന്നെ വിനയന്‍ സര്‍ വിളിക്കുന്നു എന്ന് പറഞ്ഞു. സ്റ്റാഫ് റൂമിലിരിക്കുന്ന വിനയന്‍ സാറിന്‍റെ അടുത്തേക്ക് എത്തുന്തോറും എന്‍റെ നെഞ്ചിടിപ്പ് കൂടി. എന്തിനായിരിക്കും സര്‍ എന്നെ വിളിക്കുന്നത്.
”ആ മോളെ വാ..” ആ വിളിയില്‍ ആശ്വാസത്തിന്‍റെ ഒരു പുഞ്ചിരി എന്‍റെ മുഖത്ത് വന്നു. വിനയന്‍ സര്‍ ഒരു ബുക്കിന്1റെ പുറക് വശത്തെ പേജ് എടുത്ത് വച്ചിരിക്കുന്നു. കലണ്ടര്‍ പൊതിഞ്ഞ ബുക്കായതുകൊണ്ട് എനിക്ക് കാര്യം മനസ്സിലായി.
”ഈ കഥ മോള് എഴുതിയതാണോ?” ഞാന്‍ ഒന്ന് പതറി. അതെ എന്ന് ഉത്തരം പറഞ്ഞു.
”മോള് കലോത്സവത്തിന് ഏതെങ്കിലും ഐറ്റത്തിന് ഉണ്ടോ?”
”ഇല്ല സര്‍”
”ഓകെ..കഥാരചനയ്ക്ക് നമ്മുടെ സ്കൂളില്‍ നിന്നും മോള് പോണം കേട്ടോ. ഇന്നാണ് അവസാന തീയതി. ഞാൻ പേര് കൊടുത്തേക്കാം.”
ഞാന്‍ ഒന്ന് പതറി..വേണ്ട എന്ന് പറഞ്ഞു. സര്‍ ചിരിച്ചു.
”വെള്ളിക്കണ്ണുള്ള രാജകുമാരന്‍ നല്ല രസമുണ്ട് കേട്ടോ. ഇനിയും എഴുതണം. ബാക്കി കാര്യങ്ങള്‍ സാറ് പറയാം. മോള് പോക്കോ.”
പുറത്തിറങ്ങിയപ്പോള്‍ അനില്‍മാത്യു ചിരിച്ചുകൊണ്ട് എന്നെ കടന്നുപോയി. വെള്ളിക്കണ്ണുള്ള രാജകുമാരന്‍! ഞാന്‍ അവനെ നോക്കി നിന്നു.
ചല്ലിയും വിനയന്‍ സാറും ഒരു മുറിയുടെ മുന്നില്‍ നില്‍ക്കുന്നു. വിനയന്‍ തക്കോലു കൊണ്ട് മുറി തുറന്നു. ലൈറ്റ് ഇട്ടു. മഞ്ഞ വെളിച്ചം അതിനകത്തെ ഷെല്‍ഫുകളിലേക്ക് ചിതറി. കാലങ്ങളായി ഇരുട്ടത്തു കിടന്ന കണ്ണുകളില്‍ പ്രകാശം ഒരു സൂചിമുനപോലെ പതിച്ചു. ആ ഷെല്‍ഫുകളില്‍ നിരന്നിരുന്ന പുസ്തകങ്ങളുടെ കണ്ണുകളില്‍ ചല്ലി കണ്ടത് അതായിരുന്നു. വിനയന്‍ അവളുടെ തലയില്‍ തൊട്ടു.
”മോളെ..ഇവിടെ നിനക്ക് പരിചിതമല്ലാത്ത ഒരുപാട് പേരുണ്ട്. അവര്‍ക്ക് മോളോട് പറയാന്‍ ഒരുപാട് കഥകളും കാര്യങ്ങളുമുണ്ട്. വെള്ളിക്കണ്ണുള്ള രാജകുമാരനെപ്പോലെ ഒരുപാട് പേര്‍..”
”സര്‍ ഇതൊക്കെ ഞങ്ങള്‍ക്ക് വായിക്കാന്‍ തരോ..”
വിനയന്‍ ചിരിച്ചു
”നിങ്ങള്‍ക്കേ തരൂ. ഇതില്‍ ഇഷ്ടമുള്ള ബുക്ക് മോള്‍ക്ക് എടുക്കാം. എന്നിട്ട് എന്‍റെ അടുത്ത് വരണം. ബുക്ക് വായിച്ചു കഴിഞ്ഞാല്‍ എന്ത് മനസ്സിലായി എന്ന് മലയാളം നോട്ട് ബുക്കിന്‍റെ പുറകിലായി എഴുതിക്കൊണ്ട് തരണം.”
ഞാന്‍ ആദ്യമായിട്ടായിരുന്നു ഇത്രയും പുസ്തകങ്ങള്‍ ഒരുമിച്ച് കാണുന്നത്. അതിന്‍റെ അത്ഭുതം ഒഴിച്ചാല്‍ ഇതൊക്കെ വായിച്ച് തീര്‍ക്കണം എന്ന് പെട്ടെന്നുള്ള വെളിപാടൊന്നും എനിക്ക് ഉണ്ടായില്ല. എന്നാല്‍ പതുക്കെ പതുക്കെ ഷെല്‍ഫുകളില്‍ മരവിച്ചിരുന്ന അക്ഷരങ്ങളെ ഞാന്‍ മാറോട് ചേര്‍ത്തു. സ്കൂളിലെ സ്ഥിരം കാഴ്ച്ചകളില്‍ നിന്നും മാറി മരച്ചുവടുകളിൽ ഞാന്‍ എന്‍റെ പുതിയ ലോകം വായിച്ചറിഞ്ഞു. I saw life in those alphabats!
ക്ലാസ് ടീച്ചര്‍ രാധിക ടീച്ചറാണ്.
”അപ്പോ…ഈ മാസം 20നാണ് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 5.30 എല്ലാവരും ഇവിടെ എത്തണം. രാവിലത്തെ ആഹാരം കൊണ്ടു വരണം. ഉച്ചയ്ക്കും വൈകുന്നേരവും സ്കൂള് വക ആഹാരം ഉണ്ടാകും. വരാന്‍ താത്പര്യം ഉള്ളവര്‍ ആറാം തീയതിക്ക് മുന്നേ പൈസ തരണം”
വീടിന്‍റെ തിണ്ണയില്‍ ഇരിക്കുന്ന ചല്ലി. കൈയ്യില്‍ ഒരു പുസ്തകം. ചിമ്മിനി വെളിച്ചത്തില്‍ ആണ് വായന. രണ്ടു കയ്യില്‍ സഞ്ചിയും തൂക്കി കയറിവരുന്ന സുഭദ്ര.
”പെണ്ണേ..വിളക്ക് കത്തിച്ചോ”
”ആ…എപ്പഴേ..”
”അച്ഛന്‍ ഇങ്ങോട്ട് വന്നാരുന്ന മക്കളെ”
”ഇല്ല..എന്താ..”
”ആ മുക്കില്‍ കിടന്ന് ഭയങ്കര ചീത്ത വിളി. കൂടിയെന്ന തോന്നണത്. കടയിലെ തവളപ്പിള്ളയെ അമ്മയ്ക്ക് പറഞ്ഞു. അങ്ങനെ ആകെ പുക്കാറായിരുന്നു അവിടെ. ഞാന്‍ റേഷന്‍ കടയില്‍ നിന്നും ഇറങ്ങിയപ്പോ കാണാനില്ല. ആ പിള്ള എന്നെ കണ്ടപ്പോ എന്തോക്കയോ വിളിച്ച് പറഞ്ഞ്. വിശക്കണില്ലെ എന്‍റെ ചക്കിക്ക്?”
എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല. വേറെ ആര്‍ക്കെങ്കിലും അതുപോലെ ഒരു അച്ഛന്‍ ഉണ്ടാകുമോ എന്ന് ഞാന്‍ ആലോചിച്ചു.
പാത്രത്തില്‍ കഞ്ഞിയും പയറും എടുത്ത് സുഭദ്ര തിട്ടപ്പുറത്ത് വച്ച് മറ്റൊരുപാത്രം കൊണ്ട് അടച്ചു. എന്നിട്ട് വെളിയിലേക്ക് ഒന്ന് കണ്ണോടിച്ചു.
അച്ഛന്‍ വന്ന് കിടക്കുന്നത് തിണ്ണയിലാണ്. ചിലപ്പോ വരും ചിലപ്പോ വരില്ല. ചില ദിവസങ്ങളില്‍ കതകില്‍ കിടന്ന് അടിക്കും. അമ്മ തുറക്കില്ല. അയയില്‍ അമ്മ കഴുകി വിരിച്ച ബാഡി ഉണ്ടെങ്കില്‍ പറ്റേ ദിവസം അത് കാണില്ല. അതിന്‍റെ കാരണം അന്ന് ഞാന്‍ ചോദിച്ചില്ല. മൂന്നാം കാലത്തില്‍ അത് സ്വയം മനസ്സിലാക്കി.
കഞ്ഞികുടിച്ചു കൊണ്ടിരുന്നപ്പോള്‍ അമ്മ ഒരു പരിഭവം പറഞ്ഞു
”പെണ്ണ് ഇപ്പോ എന്നോട് ഒന്നും പറയാറില്ല.”
എന്ത് എന്ന ചോദ്യത്തിന് ഉത്തരം വളരെ വേഗം ആയിരുന്നു.
”നിങ്ങള് സ്കൂളീന്ന് ടൂറ് പോവാണല്ലെ?”
”ആര് പറഞ്ഞ്?”
”കന്യാകുമാരി പോവാണെന്ന് ദിവാരന്‍റെ അമ്മ പറഞ്ഞല്ലോ”
”ആ..ഞാന്‍ പോണില്ല..എനിക്ക് ഇഷ്ട്ടല്ല…”
”ആണോ..ഇഷ്ടല്ലേ..ഞാന്‍ പൈസ തരാന്ന് വച്ചതാ..ഇനി വേണ്ടല്ലോ. ഇഷ്ടമില്ലാത്തിടത്ത് മക്കള് പോണ്ട.”
ഞാന്‍ അത് കഞ്ഞില്‍ നിന്നും മുഖം ഉയര്‍ത്താതെ കേട്ടിരുന്നു.
പായില്‍ കിടന്ന് മുകളിലേക്ക് നോക്കി. ഈ ഓലമേഞ്ഞ കൂടാരം ഇല്ലായിരുന്നെങ്കില്‍ ആകാശം കാണാമായിരുന്നു. നക്ഷത്രങ്ങളെ കണ്ട് ഉറങ്ങാമായിരുന്നു. ടൂറ് പേകണമെങ്കില്‍ അത് അവരുടെ അടുത്തേക്ക് പോണം. അല്ലാതെ കന്യാകുമാരിയില്‍ എന്ത് ഇരിക്കുന്നു.
അകത്തേക്ക് കയറി വന്ന അമ്മ എന്‍റെ അടുത്തുവന്ന് ഇരുന്നു. എന്‍റെ നേര്‍ക്ക് കൈ നീട്ടി
”ദാ…മുപ്പത് രൂപ ഉണ്ട്. നാളെ സാറിന്‍റെ കയ്യില്‍ കൊടുക്ക്. ആദ്യം പൈസ കൊടുക്കുന്നത് എന്‍റെ മോളായിരിക്കണം.”
ഞാന്‍ അത് വാങ്ങാന്‍ തയ്യാറായില്ല.
”അങ്ങോട്ട് പിടിക്ക് പെണ്ണേ..ഞാന്‍ പാത്രം കഴുകിവച്ചിട്ട് വരാം.”
അമ്മ ഇറങ്ങി പോയതും ഞാന്‍ എഴുന്നേറ്റ് തുള്ളിച്ചാടി. സന്തോഷം എന്റെ കാലു നിലത്തുറപ്പിക്കാത്ത നിലയിലാക്കി. പതുക്കെ അമ്മയെ പോയി നോക്കി. പാത്രം കഴുകിക്കൊണ്ട് നിന്ന അമ്മയുടെ മുഖത്തും ഞാന്‍ ഒരു നിറഞ്ഞ ചിരി കണ്ടു.

(തുടരും..)

അനൂപ് മോഹൻ

error: Content is protected !!