മൗനമേ..
നീ എന്നില്‍ മിടിക്കേണമേ..
നിന്നെ പുൽകുവാനല്ല, നീ തന്നെയായിത്തീരുവാനാണ് ഞാന്‍ വന്നിരിക്കുന്നത്.
നിനക്ക് മുന്നേ വന്ന കൊടുങ്കാറ്റിനേയോ, നിനക്ക് പിന്നാലെ വരുന്ന വേനല്‍ച്ചുഴികളെയോ എനിക്ക് ഭയമില്ല. കാരണം, ശാന്തമായ നിന്റെ തിരയനക്കങ്ങള്‍ക്കു മുകളിലൂടെ ഒഴുകിനടക്കുമ്പോള്‍, നിന്റെ വേരുകള്‍ ആഴിയെ തൊടുന്നതും, ചില്ലകള്‍ ആകാശത്തേയ്ക്ക് വിതിര്‍ക്കുന്നതുമാകയാല്‍ ഭയം എന്നില്‍ അസ്പന്ദമായിത്തീരും.
ചങ്ങാതിയായി നീ എന്റെ കൈ പിടിക്കും.. പ്രണയമാകുമ്പോള്‍ എന്‍റെ കണ്ണുകളടയും.. സ്നേഹമാകുമ്പോള്‍ നീ ഞാനായിത്തീരും..
നിന്റെ കണ്ണിലെ തിരയനക്കങ്ങള്‍ക്ക് അസ്തമയമേഘം ആഴിയെ പുണരുന്ന ഭംഗി.. നിന്നിലുതിരുന്ന മൊഴികളുടെ ആഴമളക്കാനെനിക്കാകുന്നില്ല..
എന്നില്‍ ദൃശ്യമാകാത്ത, നിന്റെ അദൃശ്യതയുടെ മര്‍മ്മരങ്ങള്‍ എന്നെ പൊതിഞ്ഞു..
നിന്റെ ശ്രുതിയുടെ മധുരമുണ്ണുവാന്‍, ഗമനത്തിന്റെ താളം ശ്രവിക്കുവാന്‍, എന്നിലേയ്ക്ക് നീ ആഴ്ന്നിറങ്ങേണമേ..
എന്റെ ഹൃദയത്തില്‍ നീ നിര്‍മ്മിക്കുന്ന രാജ്യത്തില്‍ എന്നെ അധിപതിയാക്കി, ആനന്ദത്തിന്റെ തേരിലേറി, പുഷ്പപരവതാനി വിരിച്ച വീഥിയിലൂടെ ഞാനെപ്പോഴും യാത്ര പോകട്ടെ..
സുഗന്ധം ഉടലുനെയ്ത സുന്ദരികളുടെ ശീല്‍ക്കാരങ്ങള്‍ എന്റെ ചുണ്ടുകളെ ഉന്മാദമാക്കും..
ആനന്ദം ചാലിച്ചെഴുതിയ വര്‍ണ്ണചിത്രങ്ങള്‍ എന്റെ ആകാശങ്ങള്‍ക്ക് നിറം കൊടുക്കും..
സ്നേഹമെഴുതിയ അക്ഷരങ്ങള്‍ എന്റെ വിരല്‍ത്തുമ്പുകളില്‍ തുടിക്കും..
എന്റെ സന്ധ്യകള്‍ പുലരികളായും, എന്റെ ഇരവുകള്‍ പകലുകളായും നീ വിരിയിക്കും..
ഇപ്പോള്‍ എന്നില്‍ വിലയിക്കുന്ന സ്നേഹമേ.. നിന്നെ ഞാന്‍.., ‘ഞാനെന്നു’ വിളിച്ചോട്ടെ..?
മൗനമെന്ന ഞാന്‍.. ഞാൻ..!
റോബിന്‍ കുര്യൻ
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://www.binance.com/en-IN/register?ref=UM6SMJM3