മുഖമൊളിപ്പിച്ചവർ

ഏകാന്തത അകറ്റാൻ പുതിയതായി കണ്ടുപിടിച്ച സൂത്രമായിരുന്നു അത്; ചുമ്മാതൊരു തർക്കത്തിലേർപ്പെടുക. തർക്കവിഷയം ഇന്നതെന്നൊന്നുമില്ല, എന്തുമാകാം. രണ്ടു സൈഡിലും ഞാൻ തന്നെ. ഒന്നിൽ യഥാർത്ഥ ഞാനും മറുസൈഡിൽ എതിരാളി ഞാനും. ഈ എതിരാളിയുടെ കണ്ടെത്തലുകളും നിലപാടുമൊക്കെ ഭയങ്കര രസമാണ്. ഒരുകാലത്ത് എന്നെ ഒരുപാടു ചിരിപ്പിച്ചിട്ടുളള ചില വാഗ്വാദങ്ങളൊക്കെ എതിരാളിയെക്കൊണ്ട് പറയിച്ചു ഞാൻ രസിക്കും. സദാ വിഡ്ഢിപ്പട്ടം ചാർത്തിക്കൊടുത്ത് എതിരാളിയെ കോമാളിയാക്കുന്നതിൽ എനിക്കുള്ള കഴിവും അപാരമാണ്. അതിൽ തനിയെ അഭിനന്ദിച്ചുകൊണ്ട് അരമണിക്കൂർ നീളുന്ന പ്രസംഗം കാച്ചാനും യഥാർത്ഥ എനിക്കൊട്ടും മടിയില്ല!
അത്തരമൊരു വാദപ്രതിവാദത്തിലായിരുന്നു രാവിലേ മുതൽ. വിഷയം നമുക്കത്രയും പ്രിയപ്പെട്ടവർ, നമ്മളില്ല, അവരു മാത്രമാണ് ഭൂമിയിൽ, നമ്മുടേത് അവർക്കായി ഉഴിഞ്ഞു വച്ച ജീവിതമെന്ന് മാർക്ക് ചെയ്യപ്പെട്ട അമ്മയുൾപ്പെടെയുള്ള സ്വന്തങ്ങൾ, മറഞ്ഞുപോയവരും ഇപ്പോഴും കൂടെയുള്ളവരുമായവരുടെ മുഖമൊന്ന് ഓർത്തെടുക്കാനാവുമോ എന്നതാണ്. നിനക്കതൊരിക്കലും ആവില്ലെന്ന് എതിരാളിയെന്നെ വെല്ലുവിളിച്ചു. പതിവുപോലെ പുശ്ചചിരിയുമായി ഞാൻ തല കുലുക്കി. നിനക്കിനിയും ഈ വിഡ്ഢിപ്പണി നിർത്താറായില്ലേയെന്നാണ് എന്റെ ചിരിയെന്നു കണ്ട എതിരാളി മത്സരം കടുപ്പിച്ചു.
“ഓർത്തെടുക്ക്, എന്നിട്ട് മനസ്സിലെങ്കിലും പതിച്ചുവയ്ക്ക്.”
അരയിൽ കൈകുത്തിനിന്ന് ചലഞ്ചു ചെയ്യുന്ന എതിരാളിയെ നോക്കിയുള്ള എന്റെ ചിരി വെറും ‘ഇളി’ മാത്രമാകാൻ അധികം സമയം വേണ്ടിവന്നില്ല. ശരിയാണല്ലോ, പടച്ചോനെ എവിടെ എന്റെ അമ്മയുടെ മുഖം…? അച്ഛന്റെ..? ഭർത്താവിന്റെ..? എന്തിന് ഇരുപത്തിനാലു മണിക്കൂറും, ഉറക്കത്തിൽപ്പോലും കൈവിട്ടുകളയാതെ സദാകൂടെയുള്ള എന്റെ കുഞ്ഞിന്റെ മുഖം? അരികും മൂലയുമല്ലാതെ ഇപ്പറഞ്ഞവരുടെ ആരുടേയും മുഖമോർത്തെടുക്കാനാവുന്നില്ല! എത്ര ചീകിയാലും ഒതുങ്ങാതെ എഴുന്നേറ്റുനിൽക്കുന്ന മുടിയിഴകളും മുഖത്തിന്റെ കോണിൽ പൊട്ടുചാർത്തിയിരിക്കുന്ന മറുകും ചില ഉടുപ്പുകളിൽ കഴുകലിനെ അതിജീവിച്ച്‌ അവിടവിടെ അവശേഷിക്കുന്ന അഴുക്കിന്റെ അടയാളവും എന്തിനേറെ കൈയ്യിലും കാലിലും വെട്ടാൻ സമയം കിട്ടാത്ത നഖങ്ങളും പ്രത്യേകമായൊരു വിരലിൽ നഖത്തിന്റെ നിറവ്യത്യാസവും പൊട്ടലും കൂടെ മനസ്സിലോടിയെത്തുന്നു. പക്ഷെ ഒരൊറ്റ മുഖവും ആകൃതിയൊപ്പിച്ചെടുക്കാനാവുന്നില്ല. ഒന്നും പൂർണ്ണമായി വരുന്നില്ല.
ഞാൻ പരിഭ്രാന്തയായി. എന്താണിങ്ങനെ? എനിക്കിനി എന്തെങ്കിലും പിണഞ്ഞോ, വല്ല മറവിരോഗമോ മറ്റോ? എതിരാളിയെ നിസ്സഹായയായി നോക്കി ഞാനൊന്നും മിണ്ടാതെയിരുന്നു.
എന്റെ പതനത്തിൽ ആഹ്ളാദിച്ച്‌ ആദ്യമൊക്കെ മാറി നിന്നെങ്കിലും എതിരാളിയും ഞാൻ തന്നെയല്ലേ? അതിനു സഹിച്ചില്ല എന്റെ ഇപ്പോഴത്തെ നില. വാദങ്ങളൊഴിഞ്ഞ എന്റെ എതിർവശത്തായി ഇരുന്ന് എപ്പോഴും ഞാൻ തോൽപ്പിക്കാറുള്ള എതിരാളി സഹാനുഭൂതിയോടെ പറഞ്ഞു.
“വിഷമിക്കണ്ട. നിനക്ക് അസുഖമൊന്നുമില്ല. ഇവിടിപ്പോ ഞാനാണ് എന്നാലും ഫലം ഇങ്ങനെതന്നെയായിരിക്കും. അവരൊക്കെ നിന്റെ ഉള്ളിലുണ്ട്, അഥവാ അവരെല്ലാമാണ് നീ. അതുകൊണ്ടാണ് നിനക്കവരുടെ മുഖങ്ങൾ വേർതിരിച്ചെടുത്ത് കാണാനാവാത്തത്. ഇനിയൊന്നു ചെയ്തേ, നീ നിന്റെ സ്വന്തം മുഖമൊന്ന് ഓർത്തെടുക്കാൻ ശ്രമിച്ചേ, കണ്ണാടിയിൽനോക്കാതെ. കഴിയില്ല, അവിടെയും നീ പരാജയപ്പെടുകേയുള്ളൂ!”
ശരിയാണല്ലോ. എനിക്കെന്റെ മുഖമെങ്ങനെയാണെന്ന് ഒരോർമ്മയുമില്ല. കണ്ണാടിയിലപ്പോഴെന്താണോ തെളിയുന്നത് അതാണ് ഞാൻ, അല്ലെങ്കിൽ എന്റെ രൂപം. ഹോ! ആശ്വാസമായി. എന്നെയും എനിക്ക് കാണാനാവുന്നില്ലല്ലോ.
വാദത്തിനൊന്നും നിന്നില്ലെങ്കിലും പതിഞ്ഞുപോയൊരു ശബ്ദത്തിൽ ഞാൻ ചോദിച്ചു.
“പക്ഷെ ചില മുഖങ്ങൾ അതേപടി എനിക്ക് ഓർമ്മയുണ്ടാവുന്നല്ലോ.  ഒരു പ്രാവശ്യമൊക്കെ കണ്ടവയാവും. പൊതുവെ ആളുകളുടെ മുഖം പെട്ടെന്ന് മറന്നുപോകുന്ന ആളായിട്ടും ചില മുഖങ്ങൾ വ്യക്തമായോർക്കുന്നതെങ്ങനെ?”
“അത് ഓർത്തെടുക്കാൻ ആയാസപ്പെടാതെ, മനസ്സിന്റെ ഒരു കോണിലേയ്ക്ക് നീ തള്ളിക്കളയുന്ന മുഖങ്ങളാവും, വെറും മുഖങ്ങളെന്ന ലേബലൊട്ടിച്ച്. അല്ലെങ്കിലും സ്വന്തം മുഖമോർമ്മയിൽ വയ്ക്കാനാവാതെ മറ്റുള്ളോരുടെ മുഖമോർത്തിട്ടെന്തു കാര്യം!”
ആദ്യമായി ഞാൻ എതിരാളിയോട് കീഴടങ്ങി. പറയുന്നത് ആരായാലും അതിൽ കാര്യമുണ്ടെങ്കിൽ വിട്ടുകൊടുക്കണമല്ലോ.
ആ… എന്തൊക്കെയോ.. ഇന്നിനി തർക്കമൊന്നുമില്ല. അടിയറവ് പറഞ്ഞു ഞാനുമെന്റെ ജോലി നോക്കട്ടെ.

ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!