ദ ആര്‍ട്ടിസ്റ്റ്

    

ശബ്ദമിശ്രണങ്ങളുടെ ഘോഷയാത്രയായ ആധുനിക സിനിമയ്ക്ക് അപരിചിതമായ, തികച്ചും വ്യത്യസ്ഥമായൊരു ലോകമാണ് നിശബ്ദ സിനിമകളുടേത്. ദൃശ്യാവിഷ്കാരമായ സിനിമയ്ക്ക് ശബ്ദത്തിലൂടിതൾ വിരിയുന്ന അഭ്രകാവ്യത്തിന്റെ പരിവേഷമാണ് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതും. സംഭാഷണത്തിലൂടെ കഥ പ്രേക്ഷകരിലെത്തിക്കാനുള്ള സംവിധാനമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍, ഭാഷാസഹായം ഇല്ലാതെ കേവലം അഭിനേതാക്കളുടെ ഭാവതീവ്രമായ അഭിനയത്തിലൂടെ, ചുണ്ടനക്കങ്ങളിലൂടെ, എന്തിന് ആംഗ്യഭാഷയിലൂടെപോലും അഭിനയിച്ചു ഫലിപ്പിക്കുക എന്നത് ശ്രമകരമായൊരു ദൌത്യം എന്നേ കാണാനാകൂ.

അത്തരം ഒരു നിശബ്ദ സിനിമയുടെ കഥയാണ്‌ മൈക്കേൽ ഹസനവിസ്യസ് എന്ന ഫ്രഞ്ച് സംവിധായകന്‍ 2011 -ലെടുത്ത സിനിമ ‘ദ ആര്‍ട്ടിസ്റ്റ്’ പറയുന്നത്. ആസ്വാദക മനസ്സിനെ കീഴടക്കാന്‍ സിനിമയെന്ന മാധ്യമത്തിന് സംഭാഷണത്തിന്റെ ആവശ്യമില്ലെന്നു അടിവരയിട്ട ചിത്രം, 1927 മുതൽ 1932 വരെ സംഭവിക്കുന്നൊരു സിനിമാക്കഥ ചിത്രത്തിലുടനീളം സാങ്കേതികത്തികവോടെ നിലനിര്‍ത്തി പഴയകാല സിനിമകളുടെ ആകര്‍ഷണശക്തി ഊട്ടിയുറപ്പിച്ചു.
1920 കളിലെ സിനിമ വിഷയമാകുമ്പോള്‍ത്തന്നെ സംവിധായകനുമുന്നിലുള്ള വെല്ലുവിളി അക്കാലം അതേപടി വെള്ളിത്തിരയിലെത്തിക്കുക എന്ന ശ്രമകരമായ ജോലിയാണ്. വീഴ്ചകളേതും കൂടാതെ മനോഹരമായിത്തന്നെ അദ്ദേഹമത് നിറവേറ്റി, ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടുന്ന ഫ്രഞ്ച് സിനിമ എന്ന പേരിൽ ചരിത്രത്തിലിടം നേടി. മൈക്കേല്‍ ഹസനവിസ്യസ് എന്ന സംവിധായകന്റെ നിശബ്ദ ചിത്രങ്ങളുടെ യുഗത്തിലെ കലാകാരന്മാരോടുള്ള ആരാധന, ‘ദ ആര്‍ട്ടിസ്റ്റ്’ എന്ന മെലോഡ്രാമയിലെത്തിച്ചത്, അക്കാലത്തെ ഒട്ടുമിക്ക നല്ല ചിത്രങ്ങളും സ്തോപജനകമായ നാടകങ്ങളില്‍ അധിഷ്ഠിതമായതു കൊണ്ടുതന്നെയാണ്. നായകനായി ജിയാന്‍ ഡുജാര്‍ഡിനേയും നായിക ബെര്‍നിസ് ബെജോ യേയും തെരഞ്ഞെടുത്തിട്ടും വീണ്ടും കാത്തിരിക്കേണ്ടി വന്നു നിര്‍മ്മാതാവിനായി. അദ്ദേഹത്തിന്റെ തന്നെ സാമ്പത്തിക വിജയം നേടിയ രണ്ടു സിനിമകളുടെ പിന്‍ബലത്തിൽ മാത്രം നിര്‍മ്മാതാവേറ്റെടുത്ത ഈ സംരംഭം സിനിമയെ സ്നേഹിക്കുന്നവർ ഇഷ്ടത്തോടെ നെഞ്ചിലേറ്റി. ഈ മുഴുനീള ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് നിശബ്ദ ചിത്രം പുരസ്കാരങ്ങൾ കൊണ്ട് ഏറ്റവും മുന്‍പിലെത്തിയെങ്കിൽ അത് സംവിധാന മികവല്ലാതെ മറ്റൊന്നുമല്ല: എടുത്തുപറയേണ്ട അഭിനയമികവും .
ഹോളിവുഡ് ലാന്‍ഡിൽ കാണിക്കുന്ന സിനിമയ്ക്കുള്ളിലെ ഈ സിനിമ റൊമാന്‍സ്- കോമഡി തീം ആക്കിയുള്ളതാണ്. നിശബ്ദ സിനിമാ നായകനായ ജോര്‍ജ്ജ് വാലെന്റൈൻ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിജയാഘോഷവേളയിൽ പ്രേക്ഷകര്‍ക്ക്‌ മുന്‍പിലേക്ക് നായികയുമൊത്ത് പ്രത്യക്ഷപ്പെടുന്നതിനു പകരം തന്റെ സന്തത സഹചാരിയായ നായ്ക്കുട്ടി ജാക്കുമൊത്തു പ്രത്യക്ഷപ്പെടുന്നതും ജാക്കിന്റെ താമാശയുണര്‍ത്തുന്ന ആഭ്യാസ പ്രകടനങ്ങളിലും തുടങ്ങുന്ന സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു ജാക്കിനെ അവതരിപ്പിച്ചു കൊണ്ട് ഉഗ്ഗി എന്ന നായക്കുട്ടി. സിനിമയുടെ പ്രീമിയറിനു ശേഷം ജോര്‍ജ്ജ് വാലെന്റൈനെ വളയുന്ന മീഡിയയിലൂടെ നമുക്ക് പണ്ട് ഉപയോഗിച്ചിരുന്ന ക്യാമറകളുടെയും ലെന്‍സ്കളുടെയും മനോഹരവും രസകരവുമായ ദൃശ്യവും അനുഭവേദ്യമാക്കുന്നു
ആള്‍ക്കൂട്ടത്തിനിടയിൽ നിന്നും ഒരു എക്സ്ട്രാ ആര്‍ട്ടിസ്റ്റ് ആയി പ്രത്യക്ഷപ്പെടുന്ന പെപ്പി മുള്ളർ എന്ന നായിക തുടക്കം മുതലേ ബെജോവിന്റെ കൈയിൽ ഭദ്രം. ചടുല ചലനങ്ങളിലൂടെയും നിഷ്കളങ്കമായ ഭാവത്തിലൂടെയും ഡാന്‍സറായ പെപ്പിയെ ഉജ്ജ്വലമാക്കി, ജിയാനന്റെ ജോര്‍ജ്ജ് വാലെന്റൈന് ഒപ്പം നിന്നു ബെര്‍നിസ് ബെജോയും. ജോര്‍ജ്ജുമായി വേഗത്തിൽ ചങ്ങാത്തത്തിലാകുന്ന പെപ്പി പത്രത്താളുകളിലൂടെ അയാളുടെ ഗേള്‍ഫ്രെണ്ടുമായി. രണ്ടുപേരുമൊന്നിച്ചുള്ള ഫോട്ടോ പത്രത്തില്‍ കാണിച്ചുകൊണ്ട് പിറ്റേ ദിവസത്തെ ഡാന്‍സര്‍മാരുടെ സെലക്ഷനിൽ പങ്കെടുക്കുന്ന പെപ്പി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ചിത്രം കണ്ട് കോപിക്കുന്ന ജോര്‍ജിന്‍റെ ഭാര്യ ഡോറിസിനു മുന്നിൽ സ്ട്രാഷ്ടാംഗം പ്രണമിച്ചു നായ്ക്കുട്ടിയും ചിരിപടര്‍ത്തുന്നു.
ഹോളിവുഡ് ലാന്റിലെ കിനൊഗ്രാഫ് സ്റ്റുഡിയോയില്‍ പകുതി മാത്രം ഉയര്‍ന്ന തിരശ്ശീലയ്ക്കു പിന്നില്‍ ടാപ്പ്‌ ഡാന്‍സ് ചെയ്യുന്ന കാലുകളെ വിസ്മയത്തോടെ അനുകരിക്കുന്ന ജോര്‍ജ്ജ്, നൃത്തത്തിനൊടുവില്‍ താളം കണ്ടെത്തുന്ന നായികാനായകന്മാര്‍ക്കിടയിലെ രസതന്ത്രം നന്നായി ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു സീന്‍ കൂടി, അതിഭാവുകത്വം ലേശവുമില്ലാതെ. പെപ്പിയെ സ്വന്തം സിനിമയിലെ നായികയാക്കാനുള്ള ജോര്‍ജ്ജിന്റെ ആവശ്യം മനസ്സില്ലാമനസ്സോടെ അംഗീകരിക്കുന്ന സംവിധായകൻ അൽ സിമ്മറായി പ്രേക്ഷകരുടെ പരിചിത മുഖം ജോൺ ഗുഡ്മാൻ തന്റെ സ്വതസിദ്ധ അഭിനയത്തികവോടെ ഈ ചിത്രത്തിലും നിറയുന്നു.
“നിനക്കൊരു നടിയാകാൻ ആഗ്രഹമുണ്ടെങ്കിൽ ആര്‍ക്കുമില്ലാത്തതെന്തെങ്കിലും നിനക്കുണ്ടായിരിക്കണം” എന്നുപറഞ്ഞ് പെപ്പിക്കൊരു ബ്യൂട്ടി സ്പോട്ട് ചാര്‍ത്തിക്കൊടുക്കുന്ന ജോര്‍ജ്ജിലെ കാമുകൻ പ്രേക്ഷക ഹൃദയത്തിലും ചെറു ചലനം ഉണ്ടാക്കി മുന്നേറുന്നു. 1929 ആകുമ്പോഴേക്കും സിനിമയിൽ സൌണ്ട് സിസ്റ്റം കടന്നുവരുന്നു. നിശബ്ദ ചിത്രങ്ങളുടെ ആരാധകനായ ജോര്‍ജ്ജ് ശബ്ദസാധ്യതകളെ തന്റെ ചിത്രങ്ങളിൽ നിരാകരിക്കുന്നു.
സിനിമയിലാദ്യമായി പാശ്ചാത്തല സംഗീതമല്ലാത്തൊരു ശബ്ദം പ്രേക്ഷകൻ കേള്‍ക്കുന്നത് ജോര്‍ജ്ജിന്റെ സ്വപ്നത്തിലാണ്, ഗ്ലാസ് നിലത്തു വീഴുന്നതിന്റെയും നായ കുരക്കുന്നതിന്റെയും ഒരു കൂട്ടം സ്ത്രീകള്‍ ചിരിക്കുന്നതിന്റെയും ശബ്ദം. അപ്പോഴും ജോര്‍ജ്ജിനു മാത്രം സംസാരിക്കാനാകുന്നില്ല സ്വപ്നത്തിൽ. സ്വപ്നത്തിന്റെ തുടര്‍ച്ചയെന്നപോലെ ശബ്ദ ചിത്രങ്ങളിലേക്ക് തിരിയുന്ന കിനൊഗ്രാഫ് സ്റ്റുഡിയോ, ടാല്‍കീസ് ആണ് ഭാവിയിലെ സിനിമയെന്നോര്‍മ്മപ്പെടുത്തുന്നു. ”ആളുകള്‍ക്ക് പുതിയ, സംസാരിക്കുന്ന മുഖങ്ങള്‍ മതി, സൈലന്റ് മൂവിയുടെ യുഗം കഴിഞ്ഞു” എന്നിങ്ങനെയുള്ള സംവിധായകന്റെ വാദമുഖങ്ങളെ “ജനങ്ങള്‍ക്ക്‌ എന്നെ കണ്ടാൽ മതി, കേള്‍ക്കണ്ട” എന്ന നിലപാടുമായി നേരിടുന്ന ജോര്‍ജ്ജ് കിനോഗ്രാഫിൽ നിന്നും പതിയെ പുറന്തള്ളപ്പെടുന്നു. പുതുമുഖമായി കിനൊഗ്രാഫ് കണ്ടെത്തിയ താരമായുയര്‍ന്ന പെപ്പിയും ജോര്‍ജ്ജും പടിക്കെട്ടിൽ കണ്ടുമുട്ടുന്നതും പെപ്പിയുടെ വളര്‍ച്ചയെ കൌതുകത്തോടെ വീക്ഷിക്കുന്ന ജോര്‍ജ്ജും ആസ്വാദനത്തിന് മറ്റൊരു തലം തീര്‍ക്കുന്നു. തല്‍ക്കാലും വിടപറയുന്ന ജോര്‍ജ്ജിന് തങ്ങള്‍ ഒന്നിച്ച് ആദ്യമായി ചെയ്ത ഡാന്‍സിന്റെ സ്റ്റെപ്പുകളുമായി പെപ്പി ബൈ പറയുന്നത് പുഞ്ചിരി വിടര്‍ത്തുന്നു ആസ്വാദകനില്‍.
സ്വന്തം സിനിമകളുടെ നിര്‍മ്മാണവും കൂടി ഏറ്റെടുക്കുന്ന ജോര്‍ജ്ജിന്റെ ടീയേഴ്സ് ഓഫ് ലവ് എന്ന നിശബ്ദ ചിത്രം പെപ്പി മുള്ളറുടെ ബ്യൂട്ടി സ്പോട്ട് എന്ന സംസാരിക്കുന്ന ചിത്രത്തിനു മുന്നില്‍ പ്രേക്ഷകരില്ലാതെ പരാജയപ്പെടുന്നു. ”ഞാന്‍ നിനക്ക് വഴിയൊരുക്കുന്നു” എന്നാശംസിക്കുന്ന ജോര്‍ജ്ജിനെ തുടര്‍ന്നുണ്ടായ സ്റ്റോക്ക്‌ മാര്‍ക്കെറ്റ് ക്രാഷും ചേര്‍ന്ന് പാപ്പർ സ്യൂട്ടാക്കുന്നു. പത്നി ഡോറിസ് വീട്ടില്‍ നിന്നും പുറത്താക്കുന്നതോടെ ഒരു ചെറിയ ഫ്ലാറ്റിലേക്ക് പറിച്ചു നടപ്പെടുന്ന ജോര്‍ജ്ജിന്റെ ജീവിതത്തിൽ മാനേജറും സന്തസഹചാരിയുമായ ക്ലിഫ്ടനും ഓമനയായ നായ ജാക്കും മാത്രം തുണയാകുന്നു. തന്റെ വ്യക്തിഗത സാധനങ്ങൾ പണയം വച്ചും ലേലത്തിൽ വിറ്റും ജീവിതം കഴിക്കേണ്ട അവസ്ഥയിലെത്തിയ ജോര്‍ജ്ജിന്റെ സിനിമയുടെ പരാജയം ക്യാമറ കണ്ണുകൾ കാട്ടിത്തരുന്നത് മഴയത്ത് ‘ടിയേഴ്സ് ഓഫ് ലവ്’ എന്ന സിനിമാ പോസ്റ്ററിലൂടെ ചവിട്ടി മെതിച്ചു കടന്നു പോകുന്ന കാലുകളിലൂടെ.
1931 ആയപ്പോൾ സിനിമാരംഗത്ത് ആരുമല്ലാതായ ജോര്‍ജ്ജ് ക്ലിഫ്ടന് ഒരു വര്‍ഷത്തെ ശമ്പളത്തിനു പകരം തന്റെ കാറു നല്‍കി ജോലിയിൽ നിന്നും നിര്‍ബന്ധപൂര്‍വ്വം പിരിച്ചു വിടുന്നു. തന്റെ പഴയ ഫിലിമുകളുടെ റോളുകളപ്പാടെ കൂട്ടിയിട്ടു തീയിടുമ്പോഴും പെപ്പിയും താനുമായുള്ള ആദ്യ ഡാന്‍സ് സീനിന്റെ ഫിലിം ചേര്‍ത്തുപിടിച്ച്, തീപിടിച്ച വീട്ടില്‍ അബോധാവസ്ഥയിലായ ജോര്‍ജ്ജിനെ രക്ഷിക്കുന്ന ജാക്കിന്‍റെ ബുദ്ധിയിൽ പ്രേക്ഷകരും അത്ഭുതപ്പെടും. ഹോസ്പിറ്റലില്‍ നിന്നും ജോര്‍ജ്ജിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന പെപ്പി തന്റെ ജോഡിയായി ഇനി ജോര്‍ജ്ജ് തന്നെ വേണം സിനിമയിലെന്ന് സംവിധായകനോട് വാശി പിടിക്കുന്നു. ജോര്‍ജ്ജില്ലാതെ സിനിമയിൽ ഇനി താനും അഭിനയിക്കില്ലെന്ന നിലപാട് ബ്ലാക്ക്‌ മെയിലിംഗ് ആയി എടുക്കാനറിയിക്കുന്ന പെപ്പിക്കു മുന്‍പിൽ സിമ്മർ മുട്ടു മടക്കുന്നു. ജോര്‍ജ്ജിനെ കിനൊഗ്രാഫ് എറ്റെടുത്തതറിയിക്കാനോടി വരുന്ന പെപ്പിയെ, തന്റെ ലേലം ചെയ്ത പേര്‍സണൽ ഐറ്റംസ് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന പെപ്പിയുടെ വീട്ടിലെ മുറി കണ്ട് അഭിമാനക്ഷതമേറ്റ ജോര്‍ജ്ജിന്റെ തിരോധാനമാണെതിരേറ്റത്. തീയില്‍ കരിഞ്ഞ ഫ്ലാറ്റിലേക്ക് നടക്കുന്നതിനിടയിൽ മെന്‍സ് ഫര്‍ണിഷിംഗ് ഷോപ്പിൽ തന്റെ പണയം വച്ച ഇഷ്ട വസ്ത്രത്തിന്റെ ഡിസ്പ്ലേയ്ക്കു മുന്‍പിൽ നോക്കി നില്‍ക്കുന്ന ജോര്‍ജ്ജിനെ അതേ സ്യൂട്ട് ധരിച്ചിരിക്കുന്നതായി ഷോപ്പിലെ കണ്ണാടി കാണിക്കുന്നത് മനസ്സില്‍ തൊടുന്നൊരു ക്യാമറാസീനാണ്.
സ്വന്തം ഫ്ലാറ്റില്‍ ചുറ്റും സംസാരിക്കുന്ന മുഖങ്ങള്‍ക്കിടയിൽ നിശബ്ദനായിരിക്കുന്ന ജോര്‍ജ്ജ് റിവോള്‍വർ എടുക്കുമ്പോൾ പിന്തിരിപ്പിക്കുന്ന ജാക്കിന്റെ ഇടപെടൽ മനുഷ്യന്റേതിനു തുല്യം. ജോര്‍ജ്ജിനെ തേടി ഡ്രൈവിങ്ങിൽ അത്ര പ്രാവീണ്യമില്ലാത്ത പെപ്പിയുടെ ഡ്രൈവിംഗ് തന്മയത്തോടെ ചിത്രീകരിച്ചിരിക്കുന്നു. വായ്ക്കുള്ളിലേക്ക് വെടിയുതിര്‍ക്കാനൊരുങ്ങുന്ന ജോര്‍ജ്ജിൽ നിന്നുയരുന്നതായി പ്രേക്ഷകർ ചിന്തിക്കുന്ന ‘ബാങ്ങ്’ എന്ന സബ്ടൈറ്റില്‍ കാറ് മരത്തിലിടിക്കുന്ന ശബ്ദമായി മനസ്സിലാക്കാൻ ഒന്നുരണ്ട് നിമിഷമെടുക്കും. ജോര്‍ജ്ജ് – പെപ്പി റീയൂണിയന്‍. ജാക്കിന്റെ തമാശകള്‍കൊണ്ട് സന്തോഷപ്രദം ആകുമ്പോൾ ടാപ്പ് ഡാന്‍സിന്റെ മാസ്മരികതയുമായെത്തുന്ന സിനിമാ സീനില്‍ ജോര്‍ജ്ജ് വാലെന്റൈനും പെപ്പി മുള്ളറും . ഡാന്‍സവസാനിക്കുമ്പോൾ വീഴുന്ന തിരശ്ശീലക്കൊപ്പം പ്രേക്ഷകൻ കേള്‍ക്കുന്നു ഈ സിനിമയിലെ ആദ്യത്തെ ശബ്ദം , സംവിധായകന്റെ “കട്ട്‌” രൂപത്തില്‍, തുടര്‍ന്ന് ‘പെര്‍ഫെക്റ്റ്‌’ എന്ന അഭിനന്ദനവും.

ഇത്രയും സമയം കണ്ടിരുന്നതൊരു സൈലന്റ് മൂവി ആണെന്നും വളരെ വിരളമായ സബ്ടൈറ്റിലല്ലാതെ പ്രേക്ഷകന് അഭിനയം മാത്രമേ എത്തിച്ചിട്ടുള്ളെന്നും മറന്നു പോകുന്ന ഒരു ദൃശ്യാനുഭമാണ് ‘ ദ ആര്‍ട്ടിസ്റ്റ്’ എന്ന സിനിമയുടേത്.

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published.

error: Content is protected !!