ഉണങ്ങാത്ത മുറിവ്

“വിനുവേട്ടാ, മോളുടെ ഈ മാസത്തെ സ്കൂൾ ഫീസ് അടച്ചല്ലോ അല്ലെ?”.

“ഇന്നലെ മറന്നു പോയി, മറന്നതല്ല, സമയം കിട്ടിയില്ല, ഇന്ന് അടയ്ക്കാം, സമയം ഉണ്ടല്ലോ, കഴിഞ്ഞ മാസങ്ങളിലെ ഡ്യൂസും ഇല്ല, പിന്നെന്തിനാ അമ്മു നീ എപ്പോഴും മോളുടെ സ്കൂൾ ഫീസിന്റെ കാര്യത്തിൽ ഇങ്ങനെ അനാവശ്യമായി ടെൻഷൻ അടിക്കുന്നത്?”.

“ഡ്യൂസ് ഇല്ലാത്തതാണോ പ്രശ്നം?”, ഞാനെപ്പോഴും പറയുന്നതാണ് വിനുവേട്ടനോട്, അതാത് മാസത്തെ ഫീസ് പത്താം തീയതിക്കപ്പുറം പോകരുതെന്ന്, ഇന്ന് പന്ത്രണ്ടായല്ലോ.”

“ശരി, സമ്മതിച്ചു, ഇന്ന് തന്നെ അടയ്ക്കാം, പോരെ?”.

വിനുവേട്ടന്റെ മറുപടി കേട്ട ഞാൻ കാലങ്ങൾക്ക് മുൻപേയുള്ള ഒരു അമ്മയുടെയും മകളുടെയും സംഭാഷണം ഓർക്കുകയായിരുന്നു.

“അമ്മാ…”, രാവിലെ ജോലിക്കു പോകാനുള്ള തിരക്കിൽ അടുക്കളപണിയിലായിരുന്നു അമ്മ.

“എന്താ അമ്മു?”.

“അമ്മാ, ഇന്ന് സ്കൂൾ ഫീസ് കൊടുത്തില്ലെങ്കിൽ എക്സാം എഴുതാൻ അവർ ചിലപ്പോൾ സമ്മതിക്കില്ല, ഇന്ന് അവസാന തീയതിയാണ്.”

“ഇവിടെ ബസ് കൂലിക്ക് ഇരുപത് രൂപ വേണം, പത്തേ ഉള്ളു കൈയിൽ, അത് കൊണ്ട് പകുതി ദൂരം പോകാം, രണ്ടാമത്തെ ബസിൽ കയറുന്നതിനു മുൻപേ ജോലിസ്ഥലത്തുള്ള ആരെയെങ്കിലും കാണണേ കൃഷ്ണ എന്ന് പ്രാർത്ഥിച്ച് ഇരിക്കുമ്പോഴാണോ നീ സ്കൂൾ ഫീസിന്റെ കാര്യം പറയണേ?”

“എല്ലാവരും അടച്ചു അമ്മാ..മിനിഞ്ഞാന്ന് വരെ ഒരു കുട്ടി കൂടി എനിക്ക് കൂട്ടുണ്ടായിരുന്നു ക്ലാസ്സിൽ എണീറ്റ് നിൽക്കാൻ, ഇന്നലെ ഞാൻ ഒറ്റയ്ക്കാണ് നിന്നത്, പ്ളീസ് അമ്മാ…”

“അമ്മു, തരാൻ അമ്മയ്ക്കു ആഗ്രഹമില്ലാത്തതു കൊണ്ടാണോ, കയ്യിൽ ഇല്ലാത്തതു കൊണ്ടല്ലേ, ഞാനപ്പോഴേ പറഞ്ഞതാണ് ഈ കോൺവെന്റ് സ്കൂളിൽ ഒന്നും ചേർക്കേണ്ട, ഇതൊന്നും എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന്, ആര് കേൾക്കാൻ? നിന്റച്ഛന് എന്തെങ്കിലും അറിയണോ, ദാ കിടക്കുന്നുണ്ടല്ലോ അകത്ത്, ഇന്നലത്തെ കെട്ടിറങ്ങാതെ, പോയി ചോദിക്ക്‌..അടുത്ത കൊല്ലം തൊട്ട് നീ സർക്കാർ സ്കൂളിൽ പഠിച്ചാൽ മതി അമ്മു. ഇപ്പൊ കൊടുക്കുന്നതിന്റെ ഒരു ശതമാനം ഫീസ് കൊടുത്താൽ മതി, ഒരേ പോലെ തന്നെയാണ് പഠിപ്പിക്കുന്നതും.”

“‘അമ്മാ…..” അലയടിച്ചു വന്ന കരച്ചിലിന്റെ തിക്കുമുട്ടലിൽ ഞാൻ വിളിച്ചു.

“അമ്മു, നീ പോ, എനിക്കിറങ്ങാൻ സമയമായി.”

ഞാൻ അച്ഛൻ കിടക്കുന്നിടത്ത് ചെന്ന് അച്ഛനെ തട്ടി വിളിച്ചു, നാലഞ്ച് പ്രാവശ്യം വിളിച്ചിട്ടും ബോധം തെളിയാതായപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു.

സ്കൂളിലോട്ടുള്ള യാത്രയിൽ മുഴവനും ഞാൻ മാത്രം ക്ലാസ്സിൽ എഴുന്നേറ്റു നിൽക്കുന്നതോർത്ത് മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു. സ്കൂളിൽ എത്തി ക്ലാസ് തുടങ്ങുന്നതിനു മുൻപേ അറ്റൻഡർ വന്ന് വിളിച്ചു;

“അമൃത സുരേന്ദ്രൻ, സിസ്റ്റർ കാതറിൻ വിളിക്കുന്നു”.

വൈസ് പ്രിൻസിപ്പൽ ആണ് സിസ്റ്റർ കാതറിൻ, ഭയങ്കര ദേഷ്യക്കാരി. സിസ്റ്ററിന്റെ റൂമിലേക്കു നടക്കുമ്പോൾ ചിന്തകൾ ശൂന്യമായിരുന്നു.

“അമൃത, എന്താ ഫീസ് അടയ്ക്കാത്തത്?, എക്സാം തുടങ്ങാൻ പോവുകയാണ്, കുട്ടിക്ക് എക്സാം എഴുതണ്ടേ?”.

അന്നേരം തോന്നിയ പൊട്ട ബുദ്ധിയിൽ രക്ഷപെടാൻ വേണ്ടി ഒരു കള്ളം പറഞ്ഞു, “സിസ്റ്റർ, ഫീസ് ഞാൻ കൊണ്ട് വന്നതാണ്, പക്ഷെ ഇവിടെ എത്തി ബാഗ് തുറന്നപ്പോൾ കാണുന്നില്ല, കളഞ്ഞു പോയി എവിടെയോ”.

എന്റെ പതർച്ചയോടെയുള്ള മറുപടി കേട്ട സിസ്റ്ററിനു മനസ്സിലായി ഞാൻ പറഞ്ഞത് മുഴുവനും കള്ളമാണെന്ന്. “കളഞ്ഞെന്നോ?, കള്ളം പറയുന്നോ അമൃത?”.

“കള്ളമല്ല സിസ്റ്റർ, സത്യമായിട്ടും”, ഞാൻ വീണ്ടും പതറി.

പക്ഷെ അടുത്ത നിമിഷം ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. സിസ്റ്റർ ദേഷ്യത്തിൽ മുന്നോട്ടു വന്ന് എന്റെ വലത്തേ കൈയിന്റെ പുറകിലെ ചെറിയ ചതയിൽ നഖം ആഴ്ത്തിയിറക്കി നുള്ളിക്കൊണ്ടു ആക്രോശിച്ചു, “പിന്നെയും കള്ളം പറയുന്നോ?.. നിനക്കത്ര ധൈര്യമോ?”.

വേദന കൊണ്ട് പുളഞ്ഞ്, കണ്ണുനീർ ധാര ധാരയായി ഒഴുകിയിട്ടും ഞാൻ സിസ്റ്ററിനെ തടഞ്ഞില്ല, പറഞ്ഞ കള്ളത്തിന് ശിക്ഷ വേണ്ടത് തന്നെ.

സിസ്റ്റർ കലി തീരുവോളം നുള്ളിയതിനു ശേഷം പിന്നെയും ആക്രോശിച്ചു, “ഇനിയിതാവർത്തിക്കരുത്!!, നാളെ എനിക്ക് നിന്റെ അമ്മയെയോ, അച്ഛനെയോ കാണണം, പൊയ്ക്കോ ക്ലാസ്സിലേക്ക്”.

അപമാനിതയായി, കൈ നീറി പിടഞ്ഞ്, തല താഴ്ത്തി ഞാൻ ക്ലാസ്സിലേക്ക് നടന്നു.

വൈകുന്നേരം അമ്മ ജോലി കഴിഞ്ഞു വന്നപ്പോൾ നടന്നതെല്ലാം പറഞ്ഞു, കൈ കാണിച്ചു. കൈയിലെ മുറിവും, വലിയ നീലപാടും കണ്ട അമ്മ വാവിട്ടു കരഞ്ഞു.

“ഈശ്വരാ, എന്റെ മക്കൾക് ഈ ഗതി വന്നല്ലോ, എന്തിനാ അമ്മു നീ അങ്ങനെ പറഞ്ഞത്? എന്നാലും ഇങ്ങനെ വേദനിപ്പിക്കാമോ കൊച്ചിനെ?”.

രാത്രി മുഴുവൻ ഇതോർത്ത് സങ്കടപ്പെട്ട് ഉറങ്ങാതെ കിടന്ന അമ്മ രാവിലെ അപടുത്ത വീട്ടിലെ ആന്റിയുടെ കൈയിൽ നിന്നും പൈസ കടം മേടിച്ച്, പകുതി ദിവസത്തെ ലീവും എടുത്ത് എന്റെ കൂടെ സ്കൂളിൽ വന്നു.

ഫീസ് അടച്ച റെസിപ്റ്റുമായി ചെന്ന് പ്രിൻസിപ്പലിനെ കണ്ട് തലേന്ന് നടന്ന കാര്യം വിവരിച്ച് എന്റെ കൈയും കാണിച്ചു കൊടുത്തു അമ്മ. പ്രിൻസിപ്പൽ സിസ്റ്റർ കാതറീനെ വിളിപ്പിച്ചു.

“സിസ്റ്റർ കാതറിൻ, ഇതെന്തിനാണ് ഈ കുട്ടിയെ ഉപദ്രവിച്ചത്?”.

“മാഡം, അമൃത ഫീസ് കൊണ്ട് വന്നത് കളഞ്ഞു പോയി എന്ന് കള്ളം പറഞ്ഞു.”

അമ്മ ദേഷ്യത്താൽ മറുപടി പറഞ്ഞു, “നിങ്ങളോടാരാണ് പറഞ്ഞത് ഇവൾ കള്ളം പറഞ്ഞതാണെന്ന്? ഇന്നലെ ഞാൻ ഇവൾക്ക് കൊടുത്തതാണ് ഫീസ്, ഇവൾ ബാഗിൽ വെയ്ക്കാൻ മറന്നു പോയതാണ്, ബാഗിൽ വെച്ചു എന്ന ഓർമ്മയിൽ ആണ് കാണാത്തത് കൊണ്ട് കളഞ്ഞു പോയി എന്ന് പറഞ്ഞത്. ഇനി കള്ളം പറഞ്ഞതാണെന്ന് നിങ്ങൾക്ക് അത്രയ്ക്ക് ഉറപ്പുണ്ടായിരുന്നു എങ്കിൽ അത് വാക്കാൽ തിരുത്തണം. കൂടിപ്പോയാൽ നിങ്ങൾ പരീക്ഷ എഴുതിപ്പിക്കരുത്, അല്ലാതെ എന്റെ കുഞ്ഞിന്റെ കൈ നുള്ളിപ്പറിക്കാൻ നിങ്ങൾക്കാരാണ് അനുവാദം തന്നത്?. ഞാനൊരു അമ്മയാണ് അതോർമ്മ വേണം, ഇതിന് നിങ്ങൾ എന്ത് ന്യായം പറഞ്ഞാലും ഞാൻ സമ്മതിച്ചു തരില്ല, ദൈവത്തിന്റെ മാലാഖമാർ എന്ന് പറഞ്ഞു നടന്നാൽ മാത്രം പോര, പ്രവർത്തിയിലും വേണം അത്, ഞാനൊരു പരാതി കൊടുക്കട്ടെ പോലീസ് സ്റ്റേഷനിൽ?”

പ്രിൻസിപ്പൽ ഇടപെട്ടു, “അമൃതയുടെ അമ്മ ക്ഷമിക്കണം, ശരീരം നോവിച്ചത് തെറ്റ് തന്നെയാണ്, സിസ്റ്റർ കാതറിൻ, അമൃതയുടെ അമ്മയോട് ക്ഷമ ചോദിക്കണം.”

“സോറി”, സിസ്റ്റർ കാതറിൻ പക്ഷെ കടുപ്പത്തിൽ തന്നെ പറഞ്ഞു, കാരണം സിസ്റ്ററിനു ഉറപ്പാണ് ഞാൻ കള്ളമാണ് പറഞ്ഞതെന്ന്, പക്ഷെ ഞാൻ സമാധാനിച്ചു, എന്നെ ഉപദ്രവിച്ചതിനാണല്ലോ അമ്മയോട് ക്ഷമ പറഞ്ഞത്, ഹോ..എന്തൊരു വേദന ആയിരുന്നു, ഇപ്പോഴും ഉണ്ട്.

എല്ലാം പറഞ്ഞു തീർത്ത് ഞാനും അമ്മയും പുറത്തേക്ക് നടന്നു. “അമ്മാ, അമ്മയെന്തിനാ അങ്ങനെ പറഞ്ഞെ?”.

“എങ്ങനെ?”.

“പൈസ അമ്മ കൊടുത്തതാണ്, ഞാൻ എടുക്കാൻ മറന്നു പോയി എന്ന്, അതും കള്ളമല്ലേ”?.

“അമ്മു, ഒരു കള്ളം മറയ്ക്കാൻ ഒന്നിലധികം കള്ളങ്ങൾ പിന്നീട് പറയേണ്ടി വരും… മക്കളുടെ ആ സമയത്തെ മാനസികാവസ്ഥ അമ്മയ്ക്കു മനസ്സിലാവും, നീ കള്ളം പറഞ്ഞതാണെന്ന്‌ ഞാൻ കൂടി പറഞ്ഞാൽ നീ ഇവിടെ നിന്ന് പഠിച്ചു ഇറങ്ങുന്നത് വരെ എല്ലാവരും ആ കണ്ണോടെയേ നിന്നെ കാണൂ, ആരെയും ദ്രോഹിക്കാനല്ലല്ലോ, നിലനിൽപ്പിനു വേണ്ടിയല്ലേ അമ്മയും മക്കളും കള്ളം പറഞ്ഞത്, അത് ദൈവത്തിനു അറിയാം, വേറെ ആരെയും ബോധിപ്പിക്കേണ്ട കാര്യം നമുക്കില്ലല്ലോ. എന്നാ, അമ്മ പോട്ടെ?, മക്കള് ക്ലാസ്സില് പൊയ്‌ക്കോ, പരീക്ഷ തുടങ്ങാൻ സമയമായി”.

പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞ് ആ സ്കൂളിന്റെ പടി ഇറങ്ങിയതിനു ശേഷം ആ വഴി പോകുമ്പോഴെല്ലാം, “ഞാൻ പഠിച്ച സ്കൂൾ, എന്റെ സ്കൂൾ!” എന്ന് എന്റെ സുഹൃത്തുക്കൾ ആവേശഭരിതരാകുന്നത് പോലെയോ, ഓർമ്മകളുടെ വേലിയേറ്റം കൊണ്ട് സ്കൂളിന്റെ പ്ലെയ്‌ഗ്രൗണ്ടിലേക്കും പഠിച്ച ക്ലാസുകൾ ഉള്ള കെട്ടിടങ്ങളിലേക്കും ആർത്തിയോടെ അവർ നോക്കുന്നത് പോലെയോ നോക്കാനൊന്നും എനിക്ക് കഴിയാറില്ല, മടിച്ചു മടിച്ചു സ്കൂളിനുള്ളിലേക്ക്‌ നോക്കുമ്പോഴെല്ലാം ഞാൻ പഠിച്ച ക്ലാസ് മുറികളിൽ, മറ്റെല്ലാ കുട്ടികളും ഇരിക്കുമ്പോൾ, ഫീസ് കുടിശ്ശികയുടെ പേരിൽ എഴുന്നേറ്റ് നിൽക്കേണ്ടി വന്ന എന്നെ മാത്രമേ കാണാൻ കഴിയാറുള്ളു, വിദ്യാലയ ഓർമ്മകളിൽ ഒട്ടും ഇഷ്ടമില്ലാത്ത കാലം ആ കോൺവെന്റിൽ പഠിച്ചിരുന്ന കാലങ്ങൾ ആണ്.

“അമ്മു, ഞാനിറങ്ങുന്നു, ഈ കീ ഞാൻ എടുക്കുവാണേ, നീ മറ്റേ കീ എടുത്ത് കതക് പൂട്ടിക്കൊ”.

വിനുവേട്ടന്റെ വാക്കുകളിലൂടെ ഓർമ്മയിൽ നിന്ന് ഞാൻ ഉണർന്നു, പുറകെ വിളിച്ചു പറഞ്ഞു, “വിനുവേട്ടാ, മോൾടെ ഫീസ് അടയ്ക്കാൻ മറക്കല്ലേ.”

കൈയിലെ മുറിവ് കാലം മായ്ച്ചു എങ്കിലും മനസ്സിനേറ്റ മുറിവ് കാലത്തിന് മായ്ക്കാനോ മങ്ങലേൽപിക്കാനോ കഴിഞ്ഞില്ല.

എന്റെ മകൾ അവളുടെ സ്കൂളിനെ കുറിച്ച് ഓർക്കുമ്പോഴെല്ലാം നിറമുള്ള ചിത്രങ്ങളും, കളിയും ചിരിയും, സുഹൃത്തുക്കളെക്കുറിച്ചുള്ള നല്ല ഓർമ്മകളും മാത്രമേ അവളുടെ മനസ്സിൽ തെളിഞ്ഞ് വരാവൂ.

മഹാലക്ഷ്‌മി മനോജ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!