പവനരച്ചെഴുതിയ രാഗങ്ങൾ..

മനഃപ്പൂർവ്വമല്ലാതെ ചില ധാരണകൾ നമ്മൾ വച്ചുപുലർത്തും. യാതൊരു അടിസ്ഥാനവുമില്ലെങ്കിലും രണ്ടാമതൊന്നു ചിന്തിക്കാൻ പോലും നിൽക്കാതെ തർക്കിക്കാനും പോകും. അത്തരമൊരു ധാരണാപിശക് കഴിഞ്ഞ ദിവസമായുണ്ടായി. മനസ്സുഖം നഷ്ടപ്പെടുത്തുക മാത്രമല്ല, വല്ലാത്തൊരു നഷ്ടബോധം ഉണ്ടാക്കിക്കൊണ്ട് അതിന്നും ഉള്ളിൽ നിന്നു പോകാതെ നിൽക്കുന്നു.

അന്തരിച്ച ഗായിക ശ്രീമതി കല്യാണിമേനോന്റെ ഏറെ പ്രശക്തിയാർജ്ജിച്ച ഗാനം, വിയറ്റ്നാം കോളനി(1992) യിലെ പവനരച്ചെഴുതുന്നു കോലങ്ങളിന്നും.. വീണ്ടുമൊരിക്കൽ കൂടി കേൾക്കാൻ തോന്നി. പാട്ടു കേൾക്കുന്നതിനിടയിൽ അറിയാതെ ‘ഹോ.. രവീന്ദ്രൻ മാഷ്’ എന്ന് തലകുടഞ്ഞുപോയി. കേട്ടിരുന്ന സുഹൃത്ത് തിരുത്തി, ‘അല്ല, ഇളയരാജ.. ഇളയരാജയ്ക്കാണ് മായാമാളവഗൗളയിൽ അത്രയ്ക്കും ആവേശം..’ തർക്കം വന്നതിനാലാവും അയാളുതന്നെ സംശയം തീർക്കാൻ പോയി. ഒരു സന്ദേഹവുമില്ലാതെ രവീന്ദ്രൻ മാഷിന്റെ ഗാനമെന്ന് തീർപ്പാക്കി പാട്ടുകേട്ടിരിക്കുമ്പോഴാണ്, ആ സംഗീതപ്രതിഭയെ കേട്ടത്, എസ്. ബാലകൃഷ്ണൻ!

പിന്നെ എസ്. ബാലകൃഷ്ണന്റെ പാട്ടുകളേതൊക്കെ എന്നറിയാനുള്ള ആവേശമായിരുന്നു. ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു, വളരെ കാലമായി മനസ്സിലേറ്റിയ ഒരുപാട് ഗാനങ്ങൾ, വേറെ ആരുടെയൊക്കെയോ പേരിൽ മനസ്സിൽ കുറിച്ചിട്ടിരിക്കുന്നവയുടെ യഥാർത്ഥ അവകാശി അദ്ദേഹമാണെന്ന്.. എസ് ബാലകൃഷ്ണൻ എന്ന പാലക്കാട്ടുകാരൻ..അക്കാലത്തു ഹിറ്റായ ഒട്ടുമിക്കതും എസ്. ബാലകൃഷ്ണൻ- ബിച്ചു തിരുമല കൂട്ടുകെട്ടിൽ പിറന്നവയാണെന്ന്!
റാംജിറാവു സ്പീക്കിങ്ങിലെ അവനവൻ കുരുക്കുന്ന …, കളിക്കളം ഇതു കളിക്കളം.., ഒരായിരം കിനാക്കൾ.. പിന്നെ വമ്പൻ ഹിറ്റായ കണ്ണീർക്കായലിലേതോ…
ഇൻ ഹരിഹർ നഗറിലെ, ഏകാന്ത ചന്ദ്രികേ.. യും ഉന്നം മറന്നു തെന്നിപ്പറന്ന… ഉം
ഗോഡ് ഫാദറിലെ പൂക്കാലം വന്നു പൂക്കാലം.., നീർപ്പളുങ്കുകൾ.., മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ.. എന്ന അടിപൊളി നമ്പറും..

കിലുക്കാംപെട്ടിയിലെ ജന്മരാഗമാണ് നീ..യും, പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോയും..
മിസ്റ്റർ ആൻഡ് മിസ്സിസ്സിൽ എം. ജി ശ്രീകുമാറും ചിത്രയും അനശ്വരമാക്കിയ ഒരു പിടി ഗാനങ്ങളും
വിയറ്റ്നാം കോളനിയിലെ ഒന്നിനൊന്നു മെച്ചമായ ഗാനങ്ങളും (1. ഊരുവലം വരും.., 2. പവനരച്ചെഴുതുന്നു.., 3. പാതിരാവായി നേരം.., 4. സൂര്യോദയം.. 5. ലല്ലലം ചൊല്ലുന്ന..) എല്ലാം ഒന്നൊഴിയാതെ ബിച്ചു തിരുമലയുടെ വരികൾക്ക് എസ്. ബാലകൃഷ്ണന്റെ സംഗീതമായിരുന്നു. ഇന്നും പുതുമ നഷ്ടപ്പെടാതെ പ്രായഭേദമന്യേ മലയാളി നെഞ്ചേറ്റുന്ന പ്രിയഗാനങ്ങൾ.

ഗൃഹപ്രവേശത്തിലെ ആവണിപ്പടമാകവേ.. യും പനിനീരിൻ മണമുള്ള.. തും എസ്. ബാലകൃഷ്ണൻ സംഗീതം കൊടുത്ത ഓ. എൻ. വി വരികൾ!
ഗിരീഷ് പുത്തഞ്ചേരിയുടെ, വയലാർ ശരത്ചന്ദ്രവർമ്മയുടെ , സുധാംശുവിന്റെ, എസ്. രമേശൻ നായരുടെ, പിന്നെയും ഏറെപ്പേരുടെ വരികൾക്ക് സംഗീതം പകർന്ന്, അത് വെസ്റ്റേൺ ഫ്ലൂട്ടിലൂടെ അനായാസം പിന്നെയും കേൾപ്പിച്ചു കടന്നുപോയൊരു മഹാപ്രതിഭ, അതാണ് എസ്. ബാലകൃഷ്ണൻ എന്ന സംഗീത സംവിധായകൻ.
നിത്യജീവിതത്തിൽ മലയാളി ഒരിക്കലെങ്കിലും മൂളാതിരുന്നിട്ടില്ലാത്ത ഒരുപാടു ഗാനങ്ങളുടെ ഉള്ളിൽത്തൊടുന്ന സംഗീതത്തിന് കടപ്പെട്ടിരിക്കേണ്ടുന്ന ഒരു സംഗീതസംവിധായകനെ ഇതുവരെ തിരിച്ചറിയാതെ പോയതിൽ ലജ്ജിക്കുന്നു. 1989- ൽ ആരംഭിച്ചു 2012- ൽ നിന്നുപോയൊരു മ്യൂസിക്കൽ career ആയിരുന്നു അദ്ദേഹത്തിന്റേതെങ്കിലും ഒരുപിടി നല്ല ഗാനങ്ങളുമായി മലയാള മനസ്സിൽ അദ്ദേഹം എന്നും ജീവിക്കതന്നെ ചെയ്യും. 2019 ജനുവരിയിൽ വിടപറഞ്ഞ അദ്ദേഹത്തിൻറെ ഓർമ്മയിൽ, കുറ്റബോധത്തോടെ സ്മരണാഞ്ജലി അർപ്പിക്കുന്നു.

ബിന്ദു ഹരികൃഷ്ണൻ

  


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!