നാട്ടുഭാ(പാ)ഷ(ഷാ)ണങ്ങൾ

പുലർന്ന് ആറേഴു നാഴിക കഴിഞ്ഞെങ്കിലും ഇരുട്ട് പൂർണ്ണമായും വിട്ടൊഴിയാതെ നിന്നിരുന്ന ഒരു ഫെബ്രുവരി മാസത്തിലാണ് മൂന്നു ബൈക്കുകൾ കുതിച്ചെത്തി ടാർ റോഡുകഴിഞ്ഞ് ചെമ്മൺപാതയിലേക്കുള്ള തുടക്കത്തിൽ സഡൻ ബ്രേക്കിട്ടത്! മലഞ്ചരിവിൽ മഞ്ഞ് കനത്തുകിടന്നിരുന്നതിനാൽ ബൈക്കുകൾ തീരെ അടുത്തെത്തിയിട്ടേ കാണാനാവുന്നുണ്ടായിരുന്നുള്ളൂ. ആ നാട് അങ്ങനെയാണ്; തണുപ്പുകാലം കഴിഞ്ഞാലും നേരം വെളുക്കാൻ വൈകും. ഡിസംബർ -ജനുവരി മാസത്തിലാണെങ്കിൽ നട്ടുച്ചയ്ക്കുപോലും ചുറ്റുമുള്ള മലകളിൽ നിന്ന് മഞ്ഞു ഉരുകിയൊലിച്ചുകൊണ്ടിരിക്കും!

ചായക്കടയ്ക്കുമുന്നിൽ, കരിയില കൂട്ടിയിട്ടു കത്തിച്ച്‌ ചൂടുകാഞ്ഞിരുന്ന കൃഷ്ണൻകുട്ടിയും നാരേണനും കോവാലനും ഒരുമിച്ച് മുഖംതിരിച്ചു. നാട്ടുപാതയിലേയ്ക്ക് ബൈക്ക് തിരിക്കും മുൻപ് ജായ്ക്കറ്റും കൈയ്യുറയുമൊക്കെയായി പത്രാസിലിരുന്ന യാത്രക്കാരിൽ ഒരാള് ഹെൽമെറ്റൂരി, തീകായുന്നവരെ അഭിവാദ്യം ചെയ്തു. സുനിക്കൊച്ച്!! കോറസ് ലേശം ഉറക്കെയായിപ്പോയി എന്ന് അതുയർത്തിയവർക്കു തന്നെ തോന്നി. പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത്… എന്ന ആത്മഗദം ഒതുക്കി അവരു വീണ്ടും തീയിലേയ്ക്ക് കരിയിലകൾ നീക്കിയിട്ടു കുമ്പിട്ടിരുന്നു.

“ചായയുണ്ടാ മണിയണ്ണാ.. ആറെണ്ണം വേണം?”

‘സുനിക്കൊച്ച്‌’ എന്ന് അന്നാട്ടുകാർ വിളിക്കുന്ന സുനിൽകുമാർ ബൈക്ക് തിരിച്ചു ചായക്കടയ്ക്കു സൈഡിൽ റോഡിലൊതുക്കി നിർത്തി. കൂടെ ബാക്കി രണ്ടു ബൈക്കുകളും തിരിഞ്ഞു വന്നു നിന്നു.
“വീട്ടിൽ ചെന്നാലും ചായ കിട്ടണമെങ്കിൽ സമയമെടുക്കും. നമുക്ക് ഓരോന്ന് കുടിച്ചിട്ടുപോകാം.”

അയാൾ കൂടെയുള്ളവരോടു പറഞ്ഞു. ഹെൽമെറ്റൂരി മറ്റുള്ളവരും ഇറങ്ങി. അനിലിനേയും വേണുവിനെയും അന്നാട്ടുകാർക്ക് പരിചയമുണ്ട്. സുനിൽക്കുമാറിനൊപ്പം കൂട്ടുകാരും മിക്കപ്പോഴും അയാളുടെ വീട്ടിലേയ്ക്ക് വരാറുണ്ട്‌. അവരെല്ലാവരും നഗരത്തിലെ കോളേജിൽ പഠിക്കുന്നവരാണ്.

മൂന്ന് യുവാക്കളിലും നാരേണനും കോവാലനും ഇന്ററസ്റ്റ് ഇല്ലതന്നെ! അവർ ഗൗനിക്കാൻ പോയില്ല. കൃഷ്ണൻകുട്ടി നഗരവാസികളുടെ കെട്ടുംമട്ടുമൊക്കെ നോക്കി കരിയില തീയിലേക്ക് ഇട്ടത്, കാറ്റിൽ പറന്ന് ചായക്കടയുടെ തിണ്ണയിലേയ്ക്ക് വീണു. ‘നീയിതെവിടെ നോക്കിയാടാ’യെന്ന് കൂടെയുള്ളവർ അവനെ ശാസിക്കുകയും ചെയ്തു. മണിയണ്ണൻ കണ്ടാൽ നാളെയിവിടെയിരുന്ന് കുളിരു മാറ്റാനും സമ്മതിക്കൂല്ല!

അനിലും വേണുവും ചിരപരിചയം വച്ച് കടയ്ക്കുള്ളിലെ പ്ലാസ്റ്റിക് കൂട്ടിൽനിന്ന് സിഗരറ്റും തീപ്പെട്ടിയുമെടുത്ത് മാറിനിന്ന് പുകവലിക്കാൻ തുടങ്ങി.
“ഇതൊക്കെ ഇവന്മാർക്ക് എവ്‌ടെ ഏക്കാൻ? കഞ്ചാവല്ലേ ശീലം! ആ വലിച്ചുതള്ളണ കണ്ടാലറിഞ്ഞൂടെ?”
നാരേണന് അടക്കാൻ ആയില്ല.
“ചുമ്മാതിരിയണ്ണാ. പിള്ളേര് നല്ലോരാണ്. ഇന്നാളൊരുദെവസം എനിക്കും ചായയൊക്കെ വാങ്ങിത്തന്ന്.”
കൃഷ്ണൻകുട്ടിയ്ക്ക് അവരോടുള്ള അനുഭാവം മറ്റു രണ്ടാൾക്കും അത്ര പിടിച്ചിട്ടില്ലെന്ന് ഒരുമിച്ചുള്ള മൂളൽ വ്യക്തമാക്കി.

“അകത്തിരിക്കണാ..അതേ ചായ വെളിയില് തരട്ടാ? വരൂന്ന് പറഞ്ഞിട്ടില്ലെങ്കില് പുട്ടും കടലേം കഴിച്ചിറ്റ് പോയീൻ. വെറുതെ രമണിയമ്മേ കഷ്ടപ്പെടുത്തണ്ടല്ല്. കേശവപിള്ള അദ്യേം ആറ്റില് മുങ്ങീറ്റ് ഇപ്പഴങ്ങോട്ടുപോയേ ഉള്ള്.”
ഉള്ള നേരം കൊണ്ട് ചായക്കട മണിയണ്ണൻ ബിസിനസ് പിടിക്കാൻ നോക്കി.

“വേണ്ട ചായ മാത്രം മതി. ആറുപേരുള്ളതുകൊണ്ട് വരുമെന്ന് അറിയിച്ചിട്ടുണ്ട്.”
സുനിൽക്കുമാർ ആ ബിസിനെസ്സ് സ്വപ്നം മുളയിലേ നുള്ളി. സുനിൽകുമാറിന്റെ അച്ഛനും അമ്മയുമാണ് കേശവപിള്ളയും രമണിയമ്മയും. എണ്ണംപറഞ്ഞ തറവാട്ടുകാർ!
ഈ നേരമത്രയും തലയിൽ നിന്ന് ഹെല്മെറ്റൂരാതെ നിൽക്കുകയായിരുന്നു ബൈക്കുകളിലെ പിൻസീറ്റ് യാത്രക്കാരായ മൂന്നുപേരും! നിരാശ പുറത്തുകാട്ടാതെ മണിയണ്ണൻ ചായ ഓരോന്നായി പുറത്തേയ്ക്കുള്ള മരത്തട്ടിൽ വച്ചു. ഇതിനോടകം സിഗരെറ്റിന്റെ അരഞ്ഞാണം കണ്ട അനിലും വേണുവും ചായ കുടിക്കാനായി വന്നു. ഹെൽമെറ്റ്‌ധാരികൾ മെല്ലെ ഹെൽമെറ്റ്‌ മാറ്റി തലയൊന്നു കുടഞ്ഞു ചായകുടിക്കാൻ തയ്യാറായി. അവരെയും നോക്കിയിരുന്ന കൃഷ്ണൻകുട്ടിയുടെ വായ തുറന്നപടിയിരുന്നെങ്കിലും അതിൽനിന്നെന്തെങ്കിലും ഒച്ച ഉണ്ടായിക്കാണും; അതായിരിക്കുമല്ലോ ഇതൊന്നും ശ്രദ്ധിക്കാതെയിരുന്ന നാരേണനും കോവാലനും തിരിഞ്ഞ് അവരെത്തന്നെ നോക്കിയത്! ജീൻസും ജാക്കെറ്റുമൊക്കെയായി പിറകിലിരുന്നു വന്നവർ പെൺകുട്ടികളായിരുന്നു. അത് തെല്ലൊന്നുമല്ല കടയിലുണ്ടായിരുന്നവരെ അത്ഭുതപ്പെടുത്തിയത്!

“ഇപ്പഴത്തെ പെങ്കൊച്ചുങ്ങളുടെ ഒരു കോലം.”
കോവാലൻ, മൂന്നാളും മാത്രം കേൾക്കാൻ തക്കവണ്ണം പറഞ്ഞു.

“ഇവരൊക്കെ കൂടെപ്പടിക്കുന്നവരാ?”
മണിയണ്ണൻ കുതുകിയായി.

“രണ്ടാള് കൂടെപ്പഠിക്കുന്നവരാ. ആ പിന്നിൽ നിൽക്കുന്നത് ഇവന്റെ ഭാര്യയാ. ഈയ്യിടെ കല്യാണം കഴിഞ്ഞേയുള്ളൂ.”
വേണുവിനെ ചൂണ്ടി സുനിൽക്കുമാർ പറഞ്ഞു. ‘ഇയാൾക്കിതിന്റെ വല്ല കാര്യവുമുണ്ടോ’ എന്ന അർത്ഥത്തിൽ അയാളുടെ കൂട്ടുകാർ അയാളെ നോക്കി. പറഞ്ഞു കഴിഞ്ഞപ്പോൾ സുനിൽക്കുമാറും ചിന്തിച്ചു, ഇവന്മാരോടൊക്കെ ഇതൊക്കെ എന്തിനു പറയണം എന്ന്. എന്തു പറഞ്ഞാലും ഈ നായാട്ടുകാർ അവർക്കിഷ്ടമുള്ളതൊക്കെ മെനഞ്ഞെടുത്തോളും. കഴിഞ്ഞ പ്രാവശ്യം ഇന്റർയൂണിവേഴ്സിറ്റി നാടകമത്സരത്തിനായുള്ള റിഹേഴ്സലിന് പെൺകുട്ടികളെയും കൊണ്ടുവന്നതിന് എന്തെല്ലാം തോന്ന്യാസങ്ങളാണ് ഇവന്മാർ പറഞ്ഞുപരത്തിയത്! അതൊന്നും കൂട്ടുകാരെ അറിയിക്കാതെയാണ് ഇപ്പോൾ വന്നത്. റിഹേഴ്സലിനു പറ്റിയ, സ്വസ്ഥമായ സ്ഥലം എന്നുപറഞ്ഞു കൂട്ടുകാർ തന്നെ തെരഞ്ഞെടുത്തതാണ് തന്റെ വീട്.

ചായയുടെ പൈസ കൊടുത്ത് സുനിൽക്കുമാറും കൂട്ടരും വീണ്ടും ബൈക്കിലേറി.
അവർ ചെമ്മൺപാതയിലേക്ക് കയറി എന്നു ബോധ്യപ്പെട്ടപ്പോൾ അതുവരെ കണ്ണുചിമ്മാതെ അവരെ നോക്കിയിരുന്ന നാരേണൻ എല്ലാവരും കേൾക്കെ പറഞ്ഞു.

“ഇവിടെ വരുമ്പോ അവന്റെ ഭാര്യ; അവന്റെ വീട്ടിലോ വേറെയെവിടെയെങ്കിലുമോ പോവുമ്പോ അവള് ഇവന്റെ ഭാര്യയാവും. മൊത്തം കഞ്ചാവിന്റെ പൊറത്താ!”

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!