സാധ്യത

ഒരുപാട് ഏകാന്തമായ ഭൂമിയില്‍ വല്ലപ്പോഴും മുളക്കുന്ന ചെടികളായിരുന്നു എനിക്കു കൂട്ട്. ചിലവ മുളച്ചാലും വളരില്ല, ചിലത് രണ്ടിലകളായി അവിടെ വാടി വീഴും.. പക്ഷെ മറ്റു ചിലതു മുളച്ചു പൊങ്ങി, ഒരു പൂ മാത്രം വിരിയിച്ച് ചെറുപുഞ്ചിരി തൂകി കടന്നു പോകും.

ആ ഏകാന്തത എനിക്ക് ഇഷ്ടമായിരുന്നു..
ഇഷ്ടം എന്നത് വല്ലാത്ത ഭ്രാന്തോ തീവ്രപ്രണയമോ അല്ല. വെറുതെ ഒരിഷ്ടം.. നേരമ്പോക്കുകള്‍ പോലെ, മറ്റൊന്നും ഇല്ലാതെ ആവുമ്പോള്‍, ഒറ്റക്കിരിക്കുമ്പോള്‍ മാത്രമുള്ള ഒന്ന്.

പക്ഷെ ഇപ്പോൾ ഈ ഭൂമിയില്‍ നിന്‍റെ ഓരോ സ്പര്‍ശനത്തിലും ഒരുപാട് പൂക്കള്‍ ജനിക്കുന്നു. നീ നടന്നു നീങ്ങുന്ന വഴിയില്‍ ചെടികള്‍ മുളച്ചുകൊണ്ടേയിരിക്കുന്നു. മായജലാക്കാരന്റെ വടിക്കു മുന്നില്‍ അന്ധാളിച്ചു നിന്ന് അത്ഭുതമൂറുന്ന ഒരു കുട്ടിയെപ്പോലെ ഞാന്‍ നിന്റെ പിന്നാലെ നടക്കുന്നു. വാടിക്കരിയാത്ത, വളർച്ച മുരടിക്കാത്ത, എന്നും നിലനില്‍ക്കുന്ന ചെടികള്‍ നിന്റെ സ്പര്‍ശനത്തില്‍ മുളപൊട്ടുന്നു. അവയില്‍ ഒന്നല്ല, ഒരായിരം പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു.

മരുഭൂമിയില്‍ ആകസ്മികമായി സംഭവിച്ച വസന്തം പോലെ..

എന്റെ മനസ്സില്‍ ഓരോ എഴുത്തുകളും ഓരോ ജന്മം പോലെയാണ്.. ഓരോ ജന്മവും ഓരോ സാധ്യതയും. അവ സഫലമാക്കുക എന്നത് അവന്‍റെ കടമയാണ്. ഓരോ നിമിഷവും ആ സാധ്യതകളെ അവന്‍ ജനിപ്പിക്കുന്നു. അവ മുളച്ചു പൊങ്ങി പൂക്കള്‍ വിരിയിക്കുന്നു.. അവയുടെ സുഗന്ധത്തില്‍ അവന്‍റെ ലോകം സമ്പന്നമാകുന്നു.. എന്റെയും.

ആ സമ്പന്നതയ്ക്ക് ഒരിക്കലും മരണമില്ല എന്നവനറിയാം. എന്നാലവിടെ അവനെ തോല്‍പ്പിക്കുന്ന ഒരു സത്യം ഉണ്ട്.. അഹന്ത .ജനനം ഒരു സാധ്യതയും മരണം ഒരു തീര്‍ച്ചയുമാണ് എന്നതുപോലെ സ്നേഹം ഒരു ജനനവും അഹം ഒരു മരണവുമാണ്.

റോബിൻ കുര്യൻ

error: Content is protected !!