മിത്രം

എന്റെ ആത്മമിത്രമേ..

എന്തിനു നീ തലകുനിച്ചിരിക്കണം..?

നിന്നിൽ വിരിയുന്ന പൂക്കളെ ശ്രദ്ധിക്കുക. അവർ നിന്റെ പ്രണയിനികളാണ്. ഇതൾ വിടരുന്ന സമയത്തിന്റെ അകലം നിനക്ക് അളക്കാനാവില്ലെങ്കിലും, പടരുന്ന പരിമളത്തിന്റെ ആസക്തി നിന്നെ മത്തു പിടിപ്പിക്കാതെ നോക്കണം.

എന്നും നിനക്കിഷ്ടം മുറിവുകളായിരുന്നു. അതിനോട് ചേർന്നിരിക്കാൻ നിന്റെ പരിശ്രമങ്ങളെ നീ ഉപയോഗിക്കുന്നു. അംഗബലം നഷ്ടപ്പെട്ട കണ്ണുനീർത്തുള്ളികൾക്ക് ഉള്ളിലേയ്ക്ക് ഒഴുകാനാവില്ല. അവ പുറത്തേയ്ക്കു മാത്രമേ വമിക്കൂ…

നിന്റെ ചാരെ, മുടിയിഴകൾക്കിടയിൽ വിരലോടിച്ച്, നിന്നെ കാത്തുനിൽക്കുന്ന സ്വകാര്യ സ്നേഹത്തെ ബോധപൂർവ്വം അവഗണിക്കരുത്. അതു മാത്രമാണ് നിന്റെ സമാധാനത്തിന്റെ അടിത്തറ.

കാടുകളിലും പർവ്വതങ്ങളിലും കഴുകന്മാരുടെ നഖമുനയിയും നിനക്കു സഞ്ചരിക്കാം.. പക്ഷെ, ഈ ഗുഹാ മുഖത്ത് നിന്നെ കാത്തിരിക്കുന്ന സ്നേഹത്തിലേക്ക് എന്നെങ്കിലുമുള്ള നിന്റെ തിരിച്ചുവരവാണ്…, മോക്ഷം!

കറുത്ത ചരടിനാൽ ബന്ധിക്കപ്പെട്ട നിലവറക്കുള്ളിൽ നിന്നും ബോധത്തെ പറിച്ചെടുത്ത് എന്നിലെ തെളിമയിലേയ്ക്ക് നയിക്കുവാൻ നിന്റെ പ്രണയിനികളോട് പറയുക. ആത്മത്തെ മറന്നുപോയ നിന്റെ രതിയുടെ രാവുകളിൽ പ്രേമചുംബനം നിനക്കു പകർന്നു തന്നത് അവർ മാത്രമാണ്.

തലയുയർത്തി നോക്കൂ…! ഇനിയും ഒഴുകിതീരാത്ത മിഴിനീർത്തടങ്ങളെ നിരപ്പാക്കി, അടക്കത്തിന്റെ മൂശയിലൂടെ നമുക്ക് പുറത്തേയ്ക്ക് വരാം..

അവിടെ ഞാനുണ്ട്.. നിന്നെ കാത്തിരിക്കുന്ന നിന്റെ സ്‌നേഹമുണ്ട്.

ദൈവത്തിനു പോലും അസൂയ തോന്നുന്നു ഇപ്പോൾ നമ്മളോട്…!

-റോബിൻ

error: Content is protected !!