വിട, പ്രിയ ലതാജീ

കാലം ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ട്‍

ഇന്ത്യ ചൈന യുദ്ധം കഴിഞ്ഞ നാളുകൾ. യുദ്ധത്തിൽ തിരിച്ചടി നേരിട്ട രാജ്യം വിതുമ്പി നിൽക്കുമ്പോൾ, ആ കണ്ണീരു തുടയ്ക്കാനായി ഒരാൾ മൈക്കെടുത്ത് മൃദുലമായ സ്വരത്തിൽ, എന്നാൽ ഉറച്ച വാക്കുകളിൽ ഒരു ഗാനം ആലപിച്ചു.

ഏ മേരെ വതൻ കെ ലോഗോ..
സറാ ആംഖോം മേം ഭർ ലോ പാനി,
ജോ ശഹീദ് ഹുവേ ഹേ ഉൻകി
സറാ യാദ് കരോ കുർബാനീ..

അതിന്റെ ഏകദേശ അർഥം ഇങ്ങനെയാണ്.

ഈ ദേശത്ത് അധിവസിക്കുന്നോരേ…
നിങ്ങളുടെ കൺകളിൽ നിങ്ങൾ
ഒരിറ്റു കണ്ണുനീർ നിറയ്ക്കുക..
മാതൃരാജ്യത്തിനായി
പ്രാണൻ വെടിഞ്ഞോരെ
നിങ്ങളൊന്നോർക്കുക..

പരാജയത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന രാജ്യത്തിനും അതിന്റെ അമരത്തുള്ള പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനും ആ വരികൾ, ആ മൊഴികൾ സമ്മാനിച്ച ആവേശം ചെറുതല്ല. ആത്മവിശ്വാസത്തിന്റെയും തിരിച്ചുവരവിന്റെയും പാതയൊരുക്കിയ നിമിഷം. ദില്ലിയിലെ നാഷണൽ സ്റ്റേഡിയം നിശബ്ദമായി. നെഹ്രുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായിനടത്തിയ ഈ ആലാപനം അത് ദേശത്തെ ഓരോ മനുഷ്യന്റെ സിരകളിൽ ആവേശം പടർത്തി.
ഈ ഗാനം പിന്നീട് പല ഇന്ത്യൻ ചിത്രങ്ങളിലും ചേ‌ർത്തു.

അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഈ ഗാനം കേട്ട് പറഞ്ഞു. “ഇന്ത്യയിലുള്ളതെല്ലാം പാക്കിസ്താനിലുണ്ട്. ലതാജിയും താജ്മഹലും ഒഴികെ. കശ്മീർ വിട്ടു നൽകാം. പകരം ലതാജിയെ ഞങ്ങൾക്കു തരണം “

മറാഠി നടാക വേദിയിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന ഗായകനും നടനും സംവിധായകനുമൊക്കെയായ ദിനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിരയുടെയും അഞ്ചുമക്കളിൽ മൂത്തയാളാണ് ലതാ മങ്കേഷ്‌കർ. 1929 സെപ്തംബർ 28ന് മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. ഹേമ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. ദിനാനാഥിന്റെ മരിച്ചുപോയ ആദ്യവിവാഹത്തിലെ മകളായ ലതികയുടെ ഓർമയ്ക്കായാണ് ഹേമയുടെ പേര് ലതയെന്ന് മാറ്റിയത്.

പിതാവിന്റെ പെട്ടെന്നുള്ള മരണവും, ഒറ്റപ്പെടലും, കുടുംബത്തിലെ സഹോദരിമാരെ പരിപാലിക്കേണ്ട ഉത്തരവാദിത്വവുമെല്ലാം ലത സ്വയം ഏറ്റെടുത്തു. ഇതെല്ലാം അവരുടെ ജീവിതത്തെ, ശബ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായി. മനുഷ്യ വേദനകളെ ശോകത്തിലൂടെ ഗാനങ്ങളിൽ പ്രതിഫലിപ്പിക്കാൻ ലതയെ കഴിഞ്ഞേ മറ്റാർക്കും കഴിയുമായിരുന്നുള്ളുവെന്ന് ഇന്ന് ഗാനനിരൂപകർ പറയുമ്പോൾ അവർ തിന്നു തീർത്ത വേദനകളെക്കൂടി നാം കാണണം.

കനലിന്റെ തീച്ചൂളയിൽ ഉരുവം കൊണ്ട ആ ശബ്ദത്തിൽ നിന്നും പ്രണയം വഴിഞ്ഞൊഴുകുന്ന നാദമാധുരിയിലേക്കുള്ള പകർന്നാട്ടം അദ്‌ഭുതപ്പെടുത്തുന്നതാണ്.

നാല്പത്തിനായിരത്തോളം ഗാനങ്ങൾ വിവിധ ഭാഷകളിലായി ആലപിച്ച ലതാജിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിവയാണ്.

  1. ബേദര്‍ദ് തേരെ പ്യാര്‍ കൊ (പത്മിനി-1948)
  2. ആജ് മേരേ നസീബ് നേ മുജ്‌കൊ (ഹല്‍ച്ചല്‍-1951)
  3. പഹ്‌ലി ഹുയീ ഹെ സപ്‌നൊ (ഹൗസ് നമ്പര്‍ 44-1955)
  4. ആയേഗാ ആനേവാലോ (മഹല്‍-1949)
  5. ആ രി ആ നിന്ദിയാ (ദോ ഭീഗാ സമീന്‍-1953)
  6. ആജാരേ പരദേസി (മധുമതി-1958)
  7. ഓ സജ്‌നാ ബര്‍ക്കാ ബഹാര്‍ (പരഖ്-1960)
  8. പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ (മുഗള്‍-ഏ-അസം 1960)
  9. കൈസെ ദിന്‍ ബീതാ (അനുരാധ-1960)
  10. അള്ളാ തേരോ നാം (ഹം ദോനോ-1961)
  11. കഹി ദീപ് ജലേ കഹി ദില്‍ (ബീസ് സാല്‍ബാദ്-1962)
  12. അയ് ദില്‍രുബ (റസ്തം സോറാബ്-1963)
  13. വോ ചുപ് രഹേ തൊ (ജഹനാര-1964)
  14. നയ്‌നാ ബര്‍സേ (വോ കോന്‍ ഥി?-1964)
  15. ദില്‍ കാ ദിയാ ജലാ (ആകാശ് ദീപ്-1965)
  16. ദുനിയാ കരേ സവാല്‍ (ബാഹൂബീഗം-1967)
  17. ക്യാ ജാനു സജന്‍ (ബഹാറോം കെ സപ്‌നേ-1967)
  18. ദില്‍ വില്‍ പ്യാര്‍-പ്യാര്‍ (ഷാഗിര്‍ദ്-1967)
  19. ചലോ സജ്‌നാ (മേരെ ഹംദം 1968)
  20. ഭായി ബത്തൂര്‍ (പഡോസന്‍-1968)
  21. ആ ജാനേ ജാന്‍ (ഇന്‍തിഖാം-1969)
  22. ബിന്ദിയാ ചംകേഗി (ദോ രാസ്‌തെ-1969)
  23. ചല്‍തേ ചല്‍തേ (പക്കീസ-1972)
  24. രാതോം കെ സായേ ഘാനേ (അന്നദാതാ-1972)
  25. ബാഹോം മേ ചലേ ആവോ (അനാമിക-1973)
  26. ചലാ വഹി ദേശ് (ആല്‍ബം-1974)
  27. സത്യം ശിവം സുന്ദരം (സത്യം ശിവം സുന്ദരം -1978)
  28. ദര്‍ദ് കി രാഗിണി (പ്യാസ്-1981)
  29. ദിഖായേ ദിയേ യുന്‍ (ബസാര്‍-1981)
  30. അഹേ ദിലേ നാദാന്‍ (റസിയാ സുല്‍ത്താന്‍-1983)
  31. ശ്രീരാം ഭജന്‍ ശ്യാം ഘനശ്യാം ബര്‍സെ (1985)
  32. ദില്‍ ദീവാന (മൈനേ പ്യാര്‍കിയാ-1989)
  33. സുനിയോജി അരജ് മഹരി (ലേകിന്‍-1990)
  34. കുഛ് നാ കഹൊ (1942 എ ലൗ സ്റ്റോറി-1994)
  35. ജിയാ ജലേ (ദില്‍സേ-1998)

(ലതാ മങ്കേഷ്‌കര്‍ : സംഗീതവും ജീവിതവും എന്ന പുസ്തകത്തില്‍ നിന്ന്)

റെക്കോർഡുകളുടെ പെരുമഴയും ഈ ഗായികയ്ക്ക് സ്വന്തം.അവയിൽ ചിലതുമാത്രം ചുവടെ ചേർക്കുന്നു.

  1. ”നരസിംഹ അവതാര്‍” എന്ന ചിത്രത്തിൽ നായികാതാരം ശോഭനാ സമര്‍ത്ഥനു വേണ്ടി പിന്നണി പാടിയ ലതാ മങ്കേഷ്‌കര്‍, പില്‍ക്കാലത്ത് ശോഭനാ സമര്‍ത്ഥിന്റെ മകൾ തനൂജ, തനൂജയുടെ മകള്‍ കാജോൾ എന്നിവർക്കുവേണ്ടിയും പാടി. അതായത് ഒരേ കുടുംബത്തില്‍പെട്ട മൂന്നു തലമുറകളിലെ നായികമാര്‍ക്കു വേണ്ടി!
  2. ലോകത്തിലെ ഏതെങ്കിലും റേഡിയോ നിലയത്തില്‍നിന്ന് ലതാ മങ്കേഷ്‌കര്‍ ഗാനം ഏതു സമയത്തും അന്തരീക്ഷത്തിലുണ്ട്. ദിവസം 24 മണിക്കൂറും അന്തരീക്ഷത്തില്‍ ലതാജിയുടെ ശബ്ദം കേൾക്കാം. വ്യത്യസ്ത സര്‍വ്വേകള്‍ സ്ഥിരീകരിച്ച കാര്യം!
  3. പിന്നണി ഗായികമാരില്‍ ഏറ്റവും നീണ്ട കാലയളവില്‍ സിനിമാ സംഗീത രംഗത്ത് പ്രബലമായി നിലകൊണ്ട,ശബ്ദമാധുരി. ഹിന്ദി സിനിമയില്‍ 1947 മുതല്‍ സജീവസാന്നിദ്ധ്യം.
  4. അവിഭജിത ഭാരതത്തിലെ പ്രശസ്ത ഗായികാതാരം നൂര്‍ജഹാന്റെ കൂടെ ”ബടി മാ” (1949) എന്ന ചിത്രത്തില്‍ അഭിനയിച്ചു.
  5. 5.1947ല്‍ ”ആപ് കി സേവാ മെ” എന്ന ചിത്രത്തില്‍ക്കൂടി ഹിന്ദി സിനിമാ ലോകത്ത് പിന്നണി ഗായികയായി രംഗപ്രവേശം ചെയ്ത ലതാമങ്കേഷ്‌കറുടെ പ്രഥമ ഹിന്ദി ഗാനം സ്ഥാനം പിടിച്ചത് ഒരു മറാഠി ചിത്രത്തില്‍! 1944ല്‍ റിലീസായ ”ഗജഭാവ്” എന്ന മറാഠി ചിത്രത്തില്‍ ലതാമങ്കേഷ്‌കര്‍ പാടി അഭിനയിച്ച ”മാതാ കെ സപൂത് കി ദുനിയ ബദര്‍ ദേ തു…” എന്ന ദേശഭക്തിഗാനം.
  1. ഗാനങ്ങളുടെ അര്‍ത്ഥവും ഭാവവും മനസ്സിലാക്കി ഗാനങ്ങള്‍ തിരഞ്ഞെടുത്തു പാടുന്ന ശീലം! മറ്റു ഗായികമാരില്‍ അത്യന്തം അപൂര്‍വമായി കാണുന്ന ശീലം. ദ്വയാര്‍ത്ഥമുള്ള ഗാനങ്ങള്‍ കാബറെ ഗാനങ്ങള്‍ മുതലായവ പാടുന്നതില്‍നിന്നും ലതാ ദീദി വിട്ടു നിന്നു.
  2. താന്‍ പാടിയ ഗാനങ്ങളില്‍ ലതാജി ഒരിക്കലും ഓര്‍ക്കാനോ, മൂളാനോ പോലും ഇഷ്ടപ്പെടാത്ത ഗാനം ”സംഗം” (1964) എന്ന ചിത്രത്തില്‍ വൈജയന്തിമാലയ്ക്കുവേണ്ടി പിന്നണി പാടിയ ”മൈം കാ കരൂ റാം മുഝെ ബുഡാ മില്‍ ഗയ…” എന്ന ഗാനം. സംഗീതം ശങ്കര്‍ ജയ്കിഷന്‍. ഭര്‍ത്താവായി അഭിനയിച്ച രാജ്കപൂറിനെ അല്‍പ്പം വ്യംഗ്യമായി പരിഹസിച്ചുകൊണ്ടു വൈജയന്തിമാല അഭിനയിച്ച നൃത്തരംഗത്തിന്റെ പാട്ട് ലതാ ദീദി സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ പാടേണ്ടി വന്നതാണത്രെ! . റിക്കാര്‍ഡിങ്ങിന്റെ സജ്ജീകരണങ്ങളെല്ലാംതന്നെ പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ സംഗീത സംവിധായകന്റെ സ്‌നേഹപൂര്‍ണമായ നിര്‍ബ്ബന്ധത്തിനു വഴങ്ങി ലതാ ദീദി പാടിയ പാട്ട്! .
  3. നടി മധുബാലയുടെയും ലതാ മങ്കേഷ്‌കറുടെയും കലാ ജീവിതത്തില്‍ വലിയ ഒരു വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് ”മഹല്‍” (1949). മധുബാലയ്ക്കുവേണ്ടി ലതാ മങ്കേഷ്‌കര്‍ പിന്നണി പാടിയ ”ആയേഗാ ആയേഗാ ആയേഗാ ആനെവാല…”എന്ന ഗാനവും ആ രംഗവും ഇന്ത്യന്‍ സിനിമയിലെതന്നെ ഒരു വിസ്മയമായി. പില്‍ക്കാലത്ത് അഭിനയിക്കാനുള്ള കരാര്‍ ഒപ്പിടുമ്പോള്‍ മധുബാല ഒരു നിബന്ധന വച്ചു. തനിക്കുവേണ്ടി പിന്നണി പാടുന്നത് ലതാമങ്കേഷ്‌കര്‍ ആയിരിക്കണം
  4. ‘അമര്‍ ഭൂപാളി” (1951) എന്ന മറാഠി ചിത്രത്തിനുവേണ്ടി ലതാ മങ്കേഷ്‌കര്‍ പാടിയ ”ഘനശ്യാമ സുന്ദര ശ്രീധര…” (സഹഗായകന്‍ പണ്ഡിറ്റ് റാവു നാഗര്‍കര്‍. സംഗീതം വസന്ത് ദേശായ്) എന്ന ഗാനം അനശ്വരത നേടി. മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ ഇപ്പോഴും പ്രഭാത വേളകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഗാനം!

10 1981 ഫെബ്രവരി 28ാം തിയതി മറാഠ് വാടയിലെ ‘ഔരാദ് ഷാഹാജനി’ എന്ന ഒരു കുഗ്രാമത്തില്‍ ലതാജിയുടെ ഒരു സംഗീത പരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഏകദേശം 7000 ജനസംഖ്യയുണ്ടായിരുന്ന ആ കുഗ്രാമത്തില്‍ ലതാജിയുടെ സംഗീതപരിപാടി ആസ്വദിക്കാനായി അന്ന് തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നും തടിച്ചു കൂടിയ സദസ്സ് 70,000ല്‍ പരം!

11 . ലണ്ടനിലെ ”ആല്‍ബര്‍ട്ട് ഹാള്‍”ല്‍ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടര്‍ ലതാമങ്കേഷ്‌കറുടെ ശബ്ദമാണ് അതുവരെ റിക്കാര്‍ഡ് ചെയ്തതില്‍ ഏറ്റവും പൂര്‍ണതയുള്ള ശബ്ദമായി രേഖപ്പെടുത്തിയിരിക്കുന്നത്.

12 . സ്‌ക്കൂള്‍ വിദ്യാഭ്യാസം പോലും ഇല്ലാത്ത ലതയെ ഡോക്ടറേറ്റ് നല്‍കി ബഹുമാനിച്ചിരിക്കുന്നത് ന്യൂയോര്‍ക്ക് സര്‍വകലാശാലയടക്കം 6 സര്‍വകലാശാലകള്‍!

13 . പ്രമുഖ പിന്നണി ഗായകരുമായി ലത പാടിയ യുഗ്മഗാനങ്ങളുടെ ഏകദേശ കണക്ക് മുഹമ്മദ് റഫി 440, കിശോര്‍ കുമാര്‍ 330, മുകേഷ് 160, മന്നാഡേ 110, തലത് മെഹ്മൂദ് 65, ഹേമന്ത് കുമാര്‍ 55, ചിതല്‍കര്‍ 50.
പിന്നണി ഗായികമാര്‍ :
ആശ ഭോസ്‌ലെ 75, ഉഷാ മങ്കേഷ്‌കര്‍ 60, ഗീതാ ദത്ത് 35, ശംശാദ് ബേഗം 30

14 . സംഗീത സംവിധായകരുടെ കീഴില്‍ ലത പാടിയ ഗാനങ്ങളുടെ ഏകദേശ കണക്ക്.
ലക്ഷ്മികാന്ത് പ്യാരെ ലാല്‍ 700 ശങ്കര്‍ ജയ്കിഷന്‍ 450
ആര്‍.ഡി. ബര്‍മന്‍ 330 സി. രാമചന്ദ്ര 300
കല്യാണ്‍ജി ആനന്ദ്ജി 300 ചിത്രഗുപ്ത 240
മദന്‍മോഹന്‍ 210 എസ്.ഡി. ബര്‍മന്‍ 180
നൗഷാദ് 160 രോശന്‍ 150
ഹേമന്ത് കുമാര്‍ 140 അനില്‍ ബിശ്വാസ് 125
സലില്‍ ചൗധരി 130

15 തന്റെ ശബ്ദം ഏറ്റവും അനുയോജ്യം സൈരാ ബാനുവിനാണെന്ന് ലതാ മങ്കേഷ്‌കര്‍ വിശ്വസിക്കുന്നു.

16 . ഫാല്‍ക്കേ അവാര്‍ഡും ‘ഭാരതരത്‌ന’യും ലഭിച്ച രണ്ടു വ്യക്തികള്‍ സത്യജിത്‌റേയും ലതാ മങ്കേഷ്‌കറുമാണ്.

അനശ്വരയായ ഈ ഗാനകോകിലത്തെക്കുറിച്ച് എത്ര എഴുതിയാലും കേട്ടാലും മതിവരില്ലെന്നറിയാം. ഹൃദയം നുറുങ്ങുന്ന വേദനയിൽ,എന്നാൽ അനിവാര്യമായ മടക്കമെന്ന സത്യം ഉൾക്കൊണ്ട കുറിച്ചെന്നുമാത്രം.

പ്രിയപ്പെട്ട ഗാന കോകിലമേ അങ്ങേയ്ക്കു മരണമില്ല. ഞങ്ങളുടെ വേദനയിൽ, വിരഹത്തിൽ, പ്രണയത്തിൽ, ഭക്തിയിൽ, ഏകാന്തതയിൽ, ചടുലതാളത്തിൽ ഒക്കെയും അങ്ങയുടെ കയ്യൊപ്പുണ്ടാവും. ഈ നാദത്തിന്റെ കൂട്ടുണ്ടാവും. കണ്ണീർ പ്രണാമം.

അനീഷ് തകടിയിൽ

error: Content is protected !!