Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

അബൊഹോമാൻ (The Eternal)

“ലാറ്റിട്യൂട് എന്താണെന്നറിയുമോ?”
“ലാറ്റിട്യൂട്? ഭൂമിയുടെ ഉപരിതലത്തിലൂടെ തിരശ്ചീനമായി കടന്നുപോകുന്ന സാങ്കല്പിക രേഖ.”
“സിനിമയിൽ ലാറ്റിട്യുടെന്താ എന്ന്?”
“റേഞ്ച്?”
“സ്കോപ്പ്.. ടോളറൻസ്.. സെല്ലുലോയിഡിലെ ലാറ്റിട്യൂട് ഇതൊക്കെയാണ്!”
അനികേത് മജുംദാറും മകൻ അപ്രതിമും സംസാരിക്കുന്ന ഓപ്പണിങ് സീനോടെ തുടങ്ങുന്ന ഋതുപർണ്ണോഘോഷ് ചിത്രം അബൊഹോമാൻ.
അന്ന് കൽക്കട്ടയ്ക്ക് ഏറ്റവും ദുഃഖം നിറഞ്ഞ ദിനമായിരുന്നു. കൽക്കട്ടയ്ക്കു മാത്രമല്ല ബെംഗാളിലൊട്ടാകെ സിനിമാപ്രേമികൾ ഒരാളെ ഓർത്ത് തേങ്ങി. അനികേത് മജുംദാർ എന്ന ആ അതുല്യ പ്രതിഭ വിടവാങ്ങി. സിനിമയെ ജീവശ്വാസമാക്കിയ അനികേതിന്റെ വിയോഗം, ഉൾക്കൊള്ളാനാകാതെ സിനിമാ ലോകവും വിറങ്ങലിച്ചു നിന്നു. ശ്രീമതി സർക്കാർ, അപ്പോഴൊരു സ്റ്റേജ് പ്രോഗ്രാമിനൊരുങ്ങുകയായിരുന്നു. ശിഖയെ ‘ശ്രീമതി’ ആക്കിയ അനികേതിനെ അവസാനമായി കാണാൻ അണിഞ്ഞൊരുങ്ങിയ അതേ രൂപത്തോടെ എത്തുന്ന ശിഖയ്‌ക്ക്‌ അന്നു വാതിലു തുറന്നുകൊടുത്തതും അപ്രതിം ആയിരുന്നു; ആദ്യമായി അഭിനയിക്കാൻ ചാൻസു ചോദിച്ചെത്തുന്ന അന്നത്തെപ്പോലെ!
അനീകിതും അദ്ദേഹം പ്രണയിച്ചു സ്വന്തമാക്കിയ പ്രിയ ഭാര്യ ദീപ്തിയും ഏക മകൻ അപ്രതീമും ഓർമ്മ നഷ്ടപ്പെട്ട അമ്മയും അടങ്ങുന്ന സിനിമാകുടുംബത്തിലേയ്ക്ക് ശിഖയെന്ന പെൺകുട്ടിയെത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഭൂതവും വർത്തമാനവും വല്ലാത്തൊരു ഇഴയടുപ്പത്തോടെ മനോഹരമായി വിന്യസിച്ചിരിക്കുന്ന സിനിമ; ആദ്യം മുതൽ അവസാനം വരെ ആ ഒരു ക്രമം കൃത്യമായി തന്നെ പാലിക്കപ്പെട്ടിട്ടുണ്ട്. സംവിധാനത്തിന്റെ പെർഫെക്ഷൻ!! അത് ഈ സിനിമയ്ക്ക് നേടിക്കൊടുത്തത് നാല് നാഷണൽ അവാർഡുകളാണ്, ബെസ്റ്റ് ഡിറക്ഷൻ, ബെസ്റ്റ് ആക്ട്രസ്സ്, ബെസ്റ്റ് എഡിറ്റർ, ബെസ്റ്റ് ഫീച്ചർ ഫിലിം (2010 ).
തന്റെ പ്രണയത്തിനു വേണ്ടി കരിയറുപേക്ഷിച്ച ദീപ്തിയെന്ന നടിയ്ക്കും ഭർത്താവ് സിനിമാ സംവിധായകൻ അനികേതിനും ഇടയ്ക്ക്, അവരുടെ ജീവിതത്തിലേയ്ക്ക് ഇടിച്ചുകയറിവരുന്ന ശിഖയാണ് വിഷയമാവുന്നത്. ശിഖയുടെ അഭിനയം കണ്ട് അനികേത്‌ അവളിൽ പഴയകാല ദീപ്തിയെ കാണുന്നു. അവളെ കണ്ടിഷൻ ചെയ്‌തെടുക്കുന്ന ദീപ്തി, സ്വന്തം പേര്, (പണ്ട് അനികേത് അവൾക്ക് ചാർത്തിക്കൊടുത്തത്) ‘ശ്രീമതി’ തന്നെ ശിഖയ്ക്കിടുന്നു. ക്രമേണ അനികേത്‌ ശിഖയുമായടുക്കുന്നു. ദീപ്തിയും, ഒരളവുവരെ മകൻ അപ്രതീമും അവർ തമ്മിലുള്ള അടുപ്പം തെറ്റിദ്ധരിക്കുന്നു. തിയേറ്റർ ഡയറക്ടർ ഗിരീഷ് ചന്ദ്ര ഘോഷും നടി ബിനോദിനി ദാസിയുമായുള്ള അടുപ്പത്തിന്റെ കഥ പറയുന്ന സിനിമയ്ക്കുള്ളിലെ സിനിമയിലൂടെ അതെ സ്റ്റോറിലൈൻ കൊണ്ടുപോകുന്നു ഫിലിമിൽ ഉടനീളം. അമ്മയുടെ വേദനയുടെ ആഴമറിയുന്ന മകൻ മാഗസിനിൽ എഴുതുന്ന ആർട്ടിക്കിൾ, അസുഖക്കിടക്കയിൽ കിടന്നു കാണുന്ന അനികേത്, അതിൽ കാണുന്നത് ഒരു സിനിമയുടെ സാധ്യതകളാണ്! വ്യക്തിപരമായ തെറ്റിധാരണകളെ തിരുത്താൻ നിൽക്കാതെ, ‘ അത് നമുക്ക് രണ്ടാൾക്കും കൂടി സിനിമയാക്കാം, ഞാനും നിന്റൊപ്പം കൂടാം’ എന്ന് മകനോട് പറയുന്ന അനികേതെന്ന പരിപൂർണ്ണ കലാകാരനെ, സിനിമാക്കാരനെ മനസ്സിലാക്കാൻ അപ്രതീമിന് പിന്നെ അധികം കാത്തിരിക്കേണ്ടി വന്നില്ല. അയാളുടെ മനസിലെന്നും ‘ശ്രീമതി’, എപ്പോഴത്തെയും അയാളുടെ നായിക ദീപ്തിയായിരുന്നു എന്ന് അവസാന നിമിഷത്തിൽ തിരിച്ചറിയുന്ന ദീപ്തിയും ശിഖയും ദീപ്തിയുമല്ല അനികേതിന് ‘ശ്രീമതി’ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകനെ തോന്നിപ്പിച്ചും കൊണ്ട് അവസാനിക്കുന്നു 2019-ൽ ചിത്രീകരിച്ച ഈ ഋതുപർണോഘോഷ് ചിത്രം.

What is a film all about?

Depends…, moments maybe …

We catch fleeting moments… say capture not fare …

not fare at all!!

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!