നീർക്കുമിളകൾ

ഉദിച്ചുയരുന്ന സൂര്യന്റെ സൗന്ദര്യം ആസ്വദിച്ച് നാരായണൻ പുഴപടവിൽ ഇരുന്നു. പ്രഭാത സൂര്യന്റെ സൗന്ദര്യം ഏറ്റുവാങ്ങി വളപട്ടണം പുഴ അന്നും സുന്ദരിയായി അയാൾക്ക്‌ മുന്നിൽ ഒഴുകി. എത്ര കാലമായി ഈ പുഴയുടെ കൂടെ ജീവിതം ഒഴുകുന്നു. ബാല്യവും കൗമാരവും യൗവ്വനവും, ഇപ്പോൾ ഇതാ വർദ്ധക്യവും ഈ പുഴയുടെ കൂടെ. എല്ലാത്തിനും സാക്ഷിയാണവൾ. സന്തോഷവും സങ്കടവും ഒരുപോലെ ഏറ്റുവാങ്ങി മനസ്സ് തണുപ്പിച്ചവളൊഴുകുന്നു.

കാലിൽ ഉമ്മ വച്ചു തിരിച്ച് പോകുന്ന കുഞ്ഞോളങ്ങളെ തട്ടി മാറ്റി അയാൾ പുഴയിൽ മുങ്ങി നിവർന്നു.
” നാരായണേട്ടാ, നാളെ പൊലർച്ചെ തന്നെ എത്തൂലെ ഇങ്ങള് “
അയാൾ തിരിഞ്ഞു നോക്കി. വഴിയിൽ രാജീവൻ നിൽക്കുന്നു.
“വരാ രാജീവാ, ഈയ് എട്ത്തേക്കാ?”
” നാളത്തേക്കുള്ള കുറച്ച് സാധനം വാങ്ങണം. കണ്ണൂര്ന്ന്”.
രാജീവൻ നടന്നകന്നു
രാജീവന്റെ വീട് കേറികൂടലാണ് നാളെ. മുത്തപ്പൻ നേർച്ചയുണ്ട്. അതിന്റെ സാധനങ്ങൾ വാങ്ങാനാവും അവൻ രാവിലെ ഇറങ്ങിയത്.

പുറത്തേക്കിട്ട തോർത്ത്‌ കുറുകെ വലിച്ച് പുറം തുടച്ച് അയാൾ പുഴയിൽ നിന്ന് കയറി കൈലിയുടുത്തു. തോർത്ത്‌ ഒന്നു വെള്ളത്തിൽ ഉലച്ചെടുത്ത്, അലക്കുകലിനടുത്ത് അഴിച്ചിട്ട ഹവായ് ചെരിപ്പിലേക്ക് പാദം കയറ്റി. വെള്ളത്തിൽ കാൽ ഒന്നുകൂടെ മുക്കിയതിനു ശേഷം അയാൾ വീട്ടിലേക്ക്‌ നടന്നു. പത്രക്കാരൻ വലിച്ചെറിഞ്ഞ ദേശാഭിമാനി, മുറ്റത്ത് കാത്തുകിടപ്പുണ്ടായിരുന്നു. പത്രമെടുത്ത് കോലായിലെ ചാരുകസേരയിലേക്കിട്ട ശേഷം തോർത്ത്‌ അഴയിൽ കുടഞ്ഞു വിരിച്ചു.
” ഭജിച്ചാൽ എന്നും ഭജിച്ചാൽ തവഭയമകറ്റും ശ്രീമുത്തപ്പൻ.
മനം നൊന്തു വിളിച്ചാൽ ഒരിക്കലും കൈ വിടില്ല… “
അമ്പലത്തിൽ നിന്നും പാട്ട് ഒഴുകിവന്നു.
“എന്റെ മുത്തപ്പാ” അയാൾ കണ്ണടച്ച് പ്രാർത്ഥിച്ചു.
“ജാനൂ, നീ പ്രാതലെടുത്ത് വയ്ക്ക് “
“വന്നോളി, എടുത്ത് വച്ചിനീ”
ജാനകിയുടെ ശബ്ദം അശരീരി പോലെ മുഴങ്ങി.

അരിപൊങ്ങിച്ചതും ചായയും കഴിച്ച് പതിവ് പത്രവായനക്കായി ചാരുകസേരയിൽ അമർന്നു. പത്രം വായിച്ച് ചാരുകസേരയിൽ കിടക്കുമ്പോൾ പാറുക്കുട്ടി വീട്ടു മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു. തൊട്ടടുത്തു വച്ചിരിക്കുന്ന വാഴയിലയിൽ മണ്ണ് കൊണ്ട് ചിരട്ട പുട്ട് ഉണ്ടാക്കിവച്ചിരിക്കുന്നു. പച്ചിലകളും പൂക്കളും അരിഞ്ഞുണ്ടാക്കിയ കറിയും ഇലയിൽ വിളമ്പിവച്ചിട്ടുണ്ട്. വലിയ 3 കല്ലുകൾ കൊണ്ടുണ്ടാക്കിയ അടുപ്പിൽ കുഞ്ഞു ചുള്ളികമ്പുകൾ ഒടിച്ചുവച്ചു മണ്ണ് അമർത്തി നിറച്ച ചിരട്ട വച്ചിരിക്കുന്നു. പുട്ട് വേവിക്കുകയാണ്.
“അച്ചാച്ചാ…ഈടെ വായോ”
പത്രം പതുക്കെ മടക്കി വച്ച് കസേരയിൽ നിന്നെഴുന്നേറ്റു.
മുറ്റത്തിട്ടിരിക്കുന്ന ബെഞ്ചിൽ അവൾ ഇലയിൽ പുട്ടും കറിയും കൊണ്ട് വച്ച് നിഷ്കളങ്കമായി ചിരിച്ചു.
പുട്ട് ആസ്വദിച്ചു കഴിക്കുന്ന പോലെ കാണിക്കണം. അപ്പോൾ അവൾ അമ്മയാകും.
” എരിയുന്ന്ണ്ടാ….കറിക്ക് കുറച്ച് മുളക് കൂടി പോയി….വെള്ളം കുടിച്ചോളീ “

അവളെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്തു.
“അച്ചാച്ചൻ കണ്ണൂര് പോയിട്ട് വരുമ്പോൾ പാറൂന് എന്താ കൊണ്ടരണ്ടേ?”
” അനക്ക് ഉഴുന്നു വടയും മുട്ട പഫ്സും വേണം “
” അച്ചാച്ചൻ കൊണ്ടരാട്ടോ “

” ജാനൂ, ഈയ് ഒരു ഗ്ലാസ്‌ കഞ്ഞിന്റെ വെള്ളം കൊണ്ടാ”

അകത്തേക്ക് നടക്കുമ്പോൾ അടുക്കള നോക്കി വിളിച്ചു പറഞ്ഞു.
അലമാര തുറന്നപ്പോൾ പാറ്റ ഗുളികയുടെ രൂക്ഷഗന്ധം.
അലക്കി തേച്ച് മടക്കിവച്ചിരിക്കുന്ന വെള്ള മുണ്ടുകളിൽ കറ പറ്റാത്ത ഒരെണ്ണം നോക്കിയെടുത്തു.
ഹാങ്കറിൽ തൂക്കിയിട്ട ഷർട്ടുകളില്ലേക്ക് ഒന്ന് കണ്ണോടിച്ചു.
താങ്ങാൻ പറ്റാത്തത്തിലധികം അലക്കി തേക്കൽ സഹിച്ച് നിറം കെട്ട് പോയിരിക്കുന്നു എല്ലാം.
വല്യ മോശമില്ല എന്ന് തോന്നിയ ഒരെണ്ണം എടുത്തിട്ട് മങ്ങി തുടങ്ങിയ കണ്ണാടിയിൽ നോക്കി വാർദ്ധക്യം വിളിച്ചു പറയുന്ന വെള്ളമുടികൾ ചീകി ഒതുക്കി വച്ചു. കുട്ടികുറാ പൗഡറിന്റെ നീണ്ട കുപ്പി എടുത്തു. ഭാരമില്ലാത്ത കുപ്പി!
മൂടി തുറന്നു ചുറ്റും ഒന്ന് തട്ടി കയ്യിലേക്ക് കുനിച്ചു.
സുഗന്ധം നഷ്ടപ്പെട്ടു തുടങ്ങിയ കുറച്ച് വെള്ളപൊടി കയ്യിലേക്ക് വീണു.
ചൂണ്ടു വിരൽ പൊടിയിൽ മുക്കി മുഖത്തവിടവിടെ കുത്തിട്ട് പിന്നെ തേച്ച് പിടിപ്പിച്ചു.
മേശ പുറത്തിരിക്കുന്ന വാച്ചെടുത്ത് കെട്ടി ബാഗും എടുത്ത് പുറത്തിറങ്ങി. 12 മണിയാകുന്നു.നട്ടുച്ച വെയ്യിൽ!
” ഇങ്ങള് ഇറങ്ങീനാ”
ഉമ്മറത്തേക്ക് വന്ന ജാനു കയ്യിലെ കഞ്ഞിവെള്ളത്തിന്റെ ഗ്ലാസ്‌ നീട്ടി ചോദിച്ചു. ഗ്ലാസ്സ് വാങ്ങി ചുണ്ടോടുപ്പിച്ചു. റേഷനരിയുടെ കുത്തുന്ന മണം.
കഞ്ഞി വെള്ളം കുടിച്ചുകൊണ്ട് ഉമ്മറത്ത് മാലയിട്ട് വച്ചിരിക്കുന്ന എകേജിയുടെ ഫോട്ടോ വെറുതെ നോക്കി നിന്നു. തൊട്ടപ്പുറത്ത് മാലയിട്ട് വച്ചിരിക്കുന്ന മൂത്തമകന്റെ ഫോട്ടോയിലേക്ക് കണ്ണ് പാളിവീഴാൻ തുടങ്ങിയപ്പോൾ അയാൾ നോട്ടം മാറ്റി. ദേശസ്നേഹിയായ പട്ടാളക്കാരന്റെ അച്ഛൻ കരയാൻ പാടില്ലല്ലോ.
മരുമകളുടെ കയ്യിൽ തൂങ്ങി കുറുമ്പ് കാട്ടി പുഴകരയിലേക്ക് നടന്നു പോകുന്ന പാറുക്കുട്ടി അയാളിൽ ഒരു ദീർഘനിശ്വാസം ഉയർത്തി.
“വിലക്കുറവിൽ മലക്കറി കിട്ടിയാ കുറച്ച് വാങ്ങിക്കോളി”
നടയിൽ അഴിച്ചിട്ടിരിക്കുന്ന തുളവീഴാറായ ചെരുപ്പ് വാറ് പൊട്ടാതെ ശ്രദ്ധിച്ചിടുമ്പോൾ ജാനു പറഞ്ഞു
” നോക്കാം ” എന്ന് പറഞ്ഞു തിരിഞ്ഞു നോക്കാതെ നടന്നു.
12.30 ന്റെ ശ്രീ മുത്തപ്പൻ ബസ് പിടിക്കാൻ കാല് വലിച്ചു നടന്നു.
“നാരായണേട്ടാ, എങ്ങോട്ടേക്കാ വെക്കനേ “
“ഒന്ന് കണ്ണൂര് വരെ പോണം കുമ്മാരാ, സതീശൻ വന്നിനി ഗൾഫിന്ന്, ഓനെ ഒന്ന് കാണണം, നീ ഏടുന്നാ”
“ചൂണ്ട ഇടാൻ പോയതാ, ഒരു കറിക്കുള്ള മീൻ കിട്ടീനി “
“ഞാൻ നടക്കട്ടെ, മുത്തപ്പൻ ബസ് പിടിക്കണം “
സതീശൻ പെങ്ങളുടെ മോനാണ്. പെങ്ങളുടെ ഭർത്താവ് ഒരു വാഹനാപകടത്തിൽ മരിച്ച അന്ന് മുതൽ ആ കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടി ചുമലിൽ എടുക്കേണ്ടി വന്നു. അവനെ പഠിപ്പിക്കാനും ഗൾഫിലെത്തിക്കാനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
ഒരു ചുമ്മട്ടുകാരന്റെ അധ്വാനത്തിൽ രണ്ടു കുടുംബങ്ങൾ കരപറ്റി എന്ന് ആശ്വസിച്ചു, സതീശനും, രഘുവിനും ജോലി കിട്ടിയപ്പോൾ.
പക്ഷെ രഘു! എല്ലാ പ്രതീക്ഷകളും അവസാനിച്ചത് അവന്റെ മരണത്തോടെയാണ്. ധീരമരണം സ്വീകരിച്ച പട്ടാളക്കാരന്റെ അച്ഛൻ എന്നൊരു ബഹുമതി ബാക്കിയായി.
ഭാരം താങ്ങാൻ വയ്യാതെ ചുമൽ തളർന്നു. ഇളയവൻ രവിയുടെ പഠനം കഴിഞ്ഞു. സതീശൻ എഞ്ചിനീയറിംഗ് പാസ്സായി നിൽക്കുന്ന അവന് ഒരു ജോലി ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇങ്ങോട്ട് പറഞ്ഞതാണ്. സതീശന് ഒരു പെണ്ണ് കാണലിനാണ് ഇന്നത്തെ ഈ യാത്ര.
സ്റ്റോപ്പിൽ എത്തും മുന്നേ ബസ് എത്തി.
“നാരായണേട്ടാ വേഗം കേറിക്കോളീ “
കണ്ടക്ടർ രമേശൻ വിളിച്ചു പറഞ്ഞു.
ചാടി കയറി പുറകിലത്തെ സീറ്റിൽ ഇരുന്ന് തൂവാല കൊണ്ട് മുഖം തുടച്ചു.
“കണ്ണൂർക്കാ നാരായണേട്ടാ? “
“അതേ രമേശാ, സതീശൻ വന്നിക്ക്. ഓനെ കാണണം”
ടിക്കറ്റ് മുറിക്കാൻ പൈസ കൊടുത്തുകൊണ്ട് പറഞ്ഞു.
“പെണ്ണാളേ പെണ്ണാളേ….കരിമീൻ കണ്ണാളേ കണ്ണാളേ ” റേഡിയോയിലെ പാട്ട് ബസ്സിൽ നിറഞ്ഞു നിന്നു.
ചെമ്മീനിലെ കറുത്തമ്മയെയും പരീക്കുട്ടിയെയും ഓർത്ത് വെറുതെ കണ്ണടച്ചു. ഉറങ്ങിപ്പോയത് അറിഞ്ഞില്ല.
നാരായണേട്ടാ ഏടെയാ ഇറങ്ങുന്നേ? സ്റ്റോപ്പിലാ അതാ കാൾടെക്സിലാ?
തട്ടി ഉണ്ണർത്തി രമേശൻ ചോദിച്ചു.
“കാൾടെക്സിലിറങ്ങണം രമേശാ”
പെട്ടെന്ന് ചാടി എഴുന്നേറ്റു.
ബസ് കാൾടെക്സിൽ നിർത്തി.
“വൈകുന്നേരത്തെ വണ്ടിക്ക് തിരിച്ണ്ട് രമേശാ” ബസ്സിൽ നിന്നിറങ്ങുമ്പോൾ രമേശനോടായി പറഞ്ഞു.
സതീശന്റെ ചുവന്ന സ്വിഫ്റ്റ് കാർ കുറച്ച് മുന്നിലായി പാർക്ക്‌ ചെയ്തിരിക്കുന്നു.
“മാമാ”
തൊട്ടടുത്ത ബേക്കറിയിൽ നിന്നും ഒരു പൊതിയുമായി സതീശൻ ഇറങ്ങി വന്നു.
“നീ തടിച്ചനല്ല സതീശാ “
സതീശൻ ചമ്മലോടെ ചിരിച്ചു.
” ഏട്ടാ….എന്തെക്കെ “
സരസ്വതി നിറഞ്ഞ സന്തോഷത്തോടെ കാറിൽ നിന്നിറങ്ങി.
” പോകാം മാമാ…ഓൾടെ വീട്ടിൽ എല്ലാരും കാത്തിരിക്കാണ്”
” അല്ലെടോ! ഓൾടെ പേരെന്താ?’
കാറിന്റെ മുൻസീറ്റിൽ ഇരുന്ന് കൊണ്ട് സതീശനോട് ചോദിച്ചു.
” ഹരിത”
” അനക്ക് പിടിച്ചല്ലോ അല്ലേ? “
“മാട്രിമോണിയിൽ നിന്നായത് കൊണ്ട് സംസാരിച്ചിരുന്നു നേരത്തെ. നമ്മടെ വീടിനു പറ്റുന്ന കുട്ടിയാണ്. നല്ല പഠിപ്പുണ്ട്. ജോലി ചെയ്യാൻ ആഗ്രഹവുമുണ്ട്. എനിക്ക് നല്ലതാണെന്നു തോന്നുന്നു”
” ഓള് നല്ല കുട്ട്യാണ് ഏട്ടാ….നല്ല സ്നേഹാണ് എന്നോട് “
അനിയത്തിയുടെ സന്തോഷത്തിൽ നാരായണന്റെ മനസ്സ് നിറഞ്ഞു.
“താവക്കര റോഡിലാണ് വീട്. വീട്ടിന്ന് 30 മിനിറ്റ് അല്ലേ ഉള്ളൂ. അതും സൗകര്യമായി “
സതീശൻ പിന്നെയും അയാളുടെ സമ്മതം അറിയിച്ചു.
കാർ സാമാന്യം തരക്കേടില്ലാത്ത ഒരു പഴയ തറവാടിന്റെ മുറ്റത്തേക്ക് കയറി.
ഉമ്മറത്ത് സ്വീകരിക്കാൻ ഹരിതയുടെ അച്ഛനും അമ്മാവനും ഏട്ടനും ഉണ്ടായിരുന്നു.
” നമ്മൾ വൈകീനാ? “
” ഏയ്… ഇല്ലപ്പാ… അകത്തേക്ക് വരീ”

“നേരെ ഊണ് മേശയിലേക്ക് ഇരിക്കാം.. അവിടെ ആവാം ബാക്കി “

ഒരു ഊണ് മേശക്ക് ചുറ്റും ഒരു കുടുംബം പോലെ അവരിരുന്നു.
ഹരിതയാണ് ചോറും കറികളും വിളമ്പിയത്.
നാരായണന് പെങ്ങള് പറഞ്ഞത് ശരിയാണ് എന്ന് തോന്നി.
‘സ്നേഹമുള്ള കുട്ടി’ അയാളുടെ മനസ്സ് നിറഞ്ഞു.
ഊണ് കഴിഞ്ഞ് വാക്കുറപ്പിച്ചു. നിശ്ചയം നടത്തുന്നതിനെ കുറിച്ച് ചർച്ചകളായി. ലീവ് കഴിഞ്ഞു പോകുന്നതിനു മുൻപ് കല്യാണം വേണം എന്നുള്ളത് കൊണ്ട് ഒരാഴ്ചക്കുള്ളിൽ തന്നെ ചെറിയ രീതിയിൽ നിശ്ചയം നടത്താൻ തീരുമാനിച്ചു.
യാത്ര പറഞ്ഞിറങ്ങുമ്പോൾ സന്തോഷമായിരുന്നു എല്ലാവർക്കും.
കാർ മറയുന്നത് വരെ ഹരിത കൈ വീശി കാണിക്കുന്നുണ്ടായിരുന്നു.
സതീശൻ റിയർവ്യൂ മിററിൽ അവളെ തന്നെ നോക്കികൊണ്ടിരുന്നു. അയാളുടെ മനസ്സിൽ സ്വപ്നങ്ങളുടെ കൊട്ടാരം പൊങ്ങി വന്നു.
” ഏട്ടാ….ഇനി ഒരാഴ്ചയെ ഉള്ളൂ. ഏട്ടൻ വീട്ടിൽ നിൽക്കണം കുറച്ച് ദിവസം. ക്ഷണിക്കാൻ പോവാൻ ഇങ്ങള് അല്ലാതെ വേറെ ആരൂല്ലല്ലോ “
” ഞാൻ വരാ സരസ്വതി, നീ ബേജാറാവണ്ട “
” സതീശാ നീ എന്നെ സ്റ്റാൻഡിൽ വിട്ടാ മതി. സ്റ്റാൻഡിന്നു കേറിയാ സീറ്റ്‌ കിട്ടും “

” ആയിക്കോട്ടെ മാമാ”

” രവിന്റെ കാര്യം ഞാൻ പറഞ്ഞ് വച്ചിട്ടുണ്ട്. ഇപ്പോൾ വിസിറ്റിംഗ് വിസയിൽ കൊണ്ട് പോകാം. അവിടെ എത്തിയിട്ടു ഉടനെ ശരി ആവും ജോലി കാര്യം. മാമൻ പേടിക്കണ്ട, ഞാൻ നോക്കിക്കോളാം “

“നീ നോക്കും എന്നറിയാം സതീശാ,എനിക്ക് ബേജാറൊന്നുമില്ല “

അത് പറയുമ്പോൾ രവിക്കു ജോലി ശരിയാവും എന്ന സന്തോഷം അയാളുടെ മുഖത്തു നിറഞ്ഞു വന്നു.
ബസ് സ്റ്റാൻഡിനടുത്ത് വണ്ടി നിർത്തിയപ്പോൾ സതീശൻ നേരത്തെ വാങ്ങിവച്ചിരുന്ന ബേക്കറിയിലെ പ്ലാസ്റ്റിക് സഞ്ചി അയാൾക്ക് നേരെ നീട്ടി.
“പാറൂനാണ്..ഓൾക്ക് ഇഷ്ടമുള്ള മുട്ട പഫ്സും ചോക്ലേറ്റ് എല്ലാം ഉണ്ട്”
“ജാനുനേം കൂട്ടി ഞാൻ മറ്റന്നാൾ എത്താം സരസ്വതി”
” ആയിക്കോട്ടെ ഏട്ടാ “
“പോട്ടേ മാമാ”
സതീശൻ വണ്ടി എടുത്തു.
നാരായണൻ ഒതുങ്ങി നിന്നു കൈ വീശി.
ബസ്റ്റാന്റിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ജാനു മലക്കറി വാങ്ങാൻ പറഞ്ഞത് ഓർമ്മ വന്നത്.

ബസ്റ്റാന്റിന്റെ എതിർവശത്തു പച്ചക്കറി കടയുണ്ട്. അവിടുന്ന് വാങ്ങാം.
രവിക്കൊരു ജോലിയായാൽ കുടുംബം രക്ഷപ്പെടും. ആ ചിന്ത റോഡ് മുറിച്ചു കടക്കുന്ന അയാളിൽ ആശ്വാസം നിറച്ചു.

റോഡിൽ നിന്നും നടപ്പാതയിൽ കയറി മുന്നോട്ട് നടക്കുമ്പോൾ അയാളൊരു സ്വപ്നലോകത്തായിരുന്നു. ദാരിദ്ര്യം ഇല്ലാത്ത ഒരു ജീവിതം എന്ന സ്വപ്നം.
സ്വപ്നത്തിലേക്കുള്ള അയാളുടെ അടുത്ത കാൽവയ്പ്പ് ഓവുചാലിന്റെ അടക്കാൻ മറന്നു പോയ ഒരു മാൻഹോളിലേക്കായിരുന്നു!
ആ ഒരൊറ്റ നിമിഷത്തിൽ സ്വപ്നങ്ങളെല്ലാം മലിന ജലത്തിൽ ഒലിച്ചു പോയി.
നാരായണന്റെ മൂക്കിലും വായിലും വെള്ളം കയറി. ഓവുചാലിലെ ദുർഗന്ധം വമിക്കുന്ന വെള്ളം. വീണ വീഴ്ച്ചയിൽ തല ശക്തമായി ഇടിച്ചിട്ടുണ്ട്. രക്തം ഒലിച്ചിറങ്ങുന്നു.
“എന്റെ മുത്തപ്പാ “
ശ്വാസം കിട്ടാതെ പിടഞ്ഞു കരഞ്ഞു അയാൾ.
അടയുന്ന കണ്ണുകളിൽ കൊച്ചു മകളുടെ മുഖം തെളിഞ്ഞു വന്നു. അയാൾ കൈകൾ പൊക്കി പിടിച്ചു. അതിൽ അവൾക്കുവേണ്ടി വാങ്ങിയ പലഹാരങ്ങളുടെ പ്ലാസ്റ്റിക് സഞ്ചി തൂങ്ങി കിടന്നു.
പ്ലാസ്റ്റിക് സഞ്ചി ഉയർത്തി പിടിച്ച കൈകൾ പതിയെ താണു. അടഞ്ഞ കണ്ണുകളുടെ മുകളിലൂടെ രക്തം കലർന്ന മലിനജലം ഒഴുകിയിറങ്ങി. വിരലുകൾകിടയിലൂടെ ആ സഞ്ചി ഊർന്ന് വീണു.
ആ മനുഷ്യന്റെ ദേഹം ഓവുചാലിന്റെ ചെറിയ കുഴലിൽ ഉടക്കി നിന്നു. ശക്തമായ ഒരു വെള്ളതള്ളലിൽ മരിച്ചു ചൂടാറാത്ത ആ ദേഹത്തെ ഉരസ്സി പ്ലാസ്റ്റിക് സഞ്ചി ഒഴുകി അകന്നു. അങ്ങ് ദൂരെ അച്ചാച്ചൻ കൊണ്ട് വരാൻ പോകുന്ന പലഹാരങ്ങളും കാത്ത് പാറുക്കുട്ടി കോലായിൽ ഇരുപ്പുറപ്പുച്ചിരുന്നു ഒന്നും അറിയാതെ.

രമ്യ ഗോവിന്ദ്

error: Content is protected !!