അച്ഛൻ

ഒന്നിനും വ്യക്തമായ കാരണങ്ങളില്ല.. യുക്തിയുടെ അതിഭാവുകത്വമില്ല.. ബഹളമയമായ സങ്കടമില്ല.. സന്തോഷത്തിന്റെ ആധിക്യമില്ല.. ഉള്ളു കലങ്ങിയിരിക്കുമ്പോഴും “ഞാനുണ്ട്” എന്ന് എല്ലാവരോടും ആ മുഖം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും..

പുലരിയിൽ മുറ്റത്തേയ്ക്ക് കുഞ്ഞിനെ ഇറക്കി വിട്ടിട്ട് ഇമവെട്ടാതെ അവനെ ഉറ്റുനോക്കിയിരിക്കും.. പെൺകുട്ടികളെ ദൂരേയ്ക്ക് പഠിക്കാൻ പറഞ്ഞയയ്ക്കുമ്പോൾ പടികടത്തിവിട്ട് തിരികെ വന്നു മുഖമമർത്തിയിരിക്കും, ഉള്ളു പൊടിഞ്ഞത് ഭൂമിയിൽ ചിതറാതിരിക്കാൻ..

അയാളങ്ങനെയാണ്, ജീവിതത്തിലെ ഇരുട്ടിലേക്ക് നമ്മളെ ഇറക്കിവിട്ടിട്ട് കാൽപെരുമാറ്റം പോലും കേൾപ്പിക്കാതെ നിശബ്ദപ്രാർത്ഥനപോലെ പിൻതുടരും.

തന്റെ ചുറ്റുമുള്ളവരുടെ ആത്മത്തെ ചങ്കിനോട് ചേർത്ത് വെച്ച് കുറുകിക്കൊണ്ടിരിക്കും.. ആരുമറിയാതെ..

തീർശ്ചയായും അമ്മ അച്ഛനല്ല. എന്നാൽ അച്ഛന്റെ കണ്ണിലേക്കു നോക്കൂ.. ഒരമ്മയിരുന്നു മുലയൂട്ടുന്നതു കാണാം.

ഒരു പുരുഷനിലെ സ്ത്രൈണതയുടെ മൂർത്തീഭാവമാണ് അച്ഛൻ.

റോബിൻ കുര്യൻ

error: Content is protected !!