Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

“I wanted to leave you, but didn’t wanted you to leave me – not in this way.”

വീണ്ടും വീടിനുള്ളിലേക്ക്, മനുഷ്യമനസ്സാകുന്ന കൂടിനുള്ളിലേയ്ക്ക് തിരിയുന്നൊരു ഋതുപർണ്ണോഘോഷ് ചിത്രം ‘ഷൊബ് ചരിത്രോ കാൽപോനിക് .’ ഊർജ്വസ്വലതയേറുന്ന ചിത്രീകരണങ്ങൾ, ആ ഒരു കാറ്റഗറി സിനിമകളിൽ ഋതു ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ഇവിടെയും പതിവു ശൈലി മാറുന്നില്ല. വേദനയും കയ്പ്പും അതിന്റെ പാരമ്യതയിൽ യഥാർഥ ജീവിതത്തിലെ രംഗങ്ങളിൽ ഒത്തുപോകുമ്പോൾ ഇണയോടുള്ള കരുണയും അവനെ മനസ്സിലാക്കാനുള്ള മനസ്സും ഭാര്യയ്ക്ക് കൈവരുന്നത് ഭർത്താവിന്റെ മരണശേഷമാണെന്നു മാത്രം! ഭർത്താവ് ഇല്ലാതായിക്കഴിഞ്ഞുമാത്രം അയാളെ സ്നേഹിക്കുന്ന ഭാര്യ എന്ന വിരോധാഭാസം! സിനിമയിലെ ഒരു പരീക്ഷണത്തിന് മുതിരുകയായിരുന്നു ഇത്തരമൊരു പ്രമേയത്തിലൂടെ ഘോഷ് എന്ന് പറഞ്ഞാലും തെറ്റില്ല. ആശയപരമായും രചനാപരമായും ഒരു സിനിമാക്കാരൻ ഏറ്റെടുത്ത വലിയ വെല്ലുവിളിയായി ഷൊബ് ചരിത്രോ കാൽപോനിക്!

യാഥാർഥ്യത്തിൽനിന്ന് സ്വപ്നത്തിലേയ്ക്ക്, വസ്തുതയിൽനിന്ന് യുക്തിരഹിതതലത്തിലേയ്ക്ക് ഒരു കഥയെ നയിക്കുക, ഇന്നത്തെ കാലത്ത്‌, പ്രേക്ഷകന് ദഹിക്കാൻ ബുദ്ധിമുട്ടുതന്നെയാണ്. അവിടെയാണ് ഘോഷ് എന്ന ഫിലിംമേക്കറുടെ കൈവഴക്കത്തിന്റെ സൂപ്പർലേറ്റീവ് ഇരിക്കുന്നത്! സദാ റീയലിസത്തിൽ നിന്ന് അൻ-റിയലിസത്തിലേയ്ക്ക് ചാഞ്ചാടിക്കൊണ്ടിരിക്കുന്ന കഥ തന്മയത്തത്തോടെ അവതരിപ്പിച്ചു ഫലിപ്പിക്കുക!!

രാധികയും ഇന്ദ്രാണിലും വിവാഹിതരാകുന്നു. വിവാഹശേഷവും അക്ഷരങ്ങളുടെയും താളങ്ങളുടെയും സങ്കല്പങ്ങളുടെയും കാല്പനികലോകത്തു സഞ്ചരിക്കുന്ന ഇന്ദ്രാണിലെ കവിയ്ക്ക്, രാധികയുടെ സങ്കല്പത്തിലെ ഭർത്താവാകാൻ കഴിയുന്നില്ല. ദാമ്പത്യജീവിതത്തിൽ ഒന്നിച്ചുണ്ടാവേണ്ട ഇടങ്ങളെല്ലാം രാധികക്ക് ഒറ്റയ്ക്ക് നേരിടേണ്ടിയിരുന്നു. ഇന്ദ്രാണിലിന്റെ അപക്വമായ ചെയ്തികൾക്കിടയിലും രാധിക അവരുടെ കുടുംബത്തെ നയിച്ചുപോയിരുന്നു. വിമുഖനും നിസ്സംഗനുമായ ഇന്ദ്രാണിൽ അവളെപ്പോഴും അസംതൃപ്തയായിരുന്നു. എന്നാലും അവൾക്കു ഇന്ദ്രാനിലിനെ ഉപേക്ഷിക്കാൻ ആവുമായിരുന്നില്ല.

പെട്ടെന്നുള്ള ഇന്ദ്രാണിലിന്റെ മരണം, രാധികയ്ക്ക് അയാളിലേക്കുള്ള വഴിതുറക്കലും കൂടിയായിരുന്നു. അയാളുടെ അപൂർണ്ണമായ കവിതകളിലൂടെ അവൾ അയാളെ അറിഞ്ഞു. അയാളുടെ ഉള്ളിലെ കവിയെ അറിഞ്ഞു. ഇന്ദ്രാണിലിന്റെ വർക്കുകൾ പഠിക്കുമ്പോൾ രാധിക, തന്റെതന്നെ ഭൂതകാലത്തിലേക്കിറങ്ങുകയായിരുന്നു. മരിച്ചുപോയ തന്റെ ഭർത്താവിനെ രാധികയ്ക്കിപ്പോൾ നന്നായി മനസ്സിലാവുന്നുണ്ടായിരുന്നു. അയാളുമൊത്തുള്ള ജീവിതം കൂടുതൽ ഭംഗിയുള്ളതാക്കാമായിരുന്നു എന്നവൾ മനസ്സിലാക്കുന്നു. അവളുടെ ഇഷ്ടങ്ങളിലേയ്ക്ക് ഭർത്താവ് കടന്നുവരുന്നു. ചിത്രത്തിൽ അത് മരണപ്പെട്ട ആളിന്റെ തിരിച്ചുവരവായല്ല, മറിച്ച്‌ മനസ്സിന്റെ പ്രൊജക്ഷനായി, ഉള്ളിലെ തോന്നലുകളായി രാധികയോട് ഇന്ദ്രാണിൽ സംവദിക്കുന്നു. ജീവിച്ചിരുന്നപ്പോഴുള്ളതിനേക്കാളും രാധിക അയാളെ പ്രണയിക്കുന്നു.

കലാകാരനെ അയാളുടെ സൃഷ്ടികൾ, അയാളുടെ കാലശേഷവും ജീവിപ്പിക്കുമെന്ന് അടിവരയിടുന്നു ഈ ഘോഷ് സിനിമ; ഒരുപക്ഷെ അയാളെ മനസ്സിലാക്കിത്തരാനും അയാളുടെ സൃഷ്ടികൾക്കു കഴിയുമെന്ന്! ഋതുപർണ്ണോഘോഷ് മറഞ്ഞ ശേഷം ആ വർക്കുകളിലേയ്ക്ക് തിരിയുമ്പോൾ കൂടുതൽ മനസ്സിലാകുന്നു ആ കലാകാരനെ! ഉന്നതനായ ആ ഫിലിംമേക്കറെ!! ഷൊബ് ചരിത്രോ കാൽപോനിക് എവിടൊക്കെയോ പറഞ്ഞുവയ്ക്കുന്നതും ഇതുതന്നെയല്ലേ?!!

Directed by : Rituparno Ghosh
Written by : Rituparno Ghosh
Shohini Ghosh
Produced by Mahesh Ramanathan
Starring: Prosenjit Chatterjee
Bipasha Basu
Jisshu Sengupta
Paoli Dam
Cinematography: Soumik Haldar
Edited by Arghyakamal Mitra
Music by Raja Narayan Deb
Release date
28 August 2009
Language:Bengali

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!