സാധാരണയുള്ള പാതിമയക്കമല്ല, ആഴമുള്ള ഉറക്കം തന്നെയായിരുന്നു. അപ്പോഴാണ് കൗസർ വന്നത്. വ്യക്തമായൊന്നും പറയാതെ ഒരു സാന്നിധ്യമറിയിച്ചു പോയ അവനെ ഞാൻ പേരെടുത്തു വിളിച്ചു. പിൻവിളി പ്രതീക്ഷിക്കുന്നില്ലെന്ന മട്ടിലവൻ അപ്രത്യക്ഷനായി; എന്റെ ഉറക്കം പൂർണ്ണമായ ഉണർച്ചയിലേക്കും.. പകലെപ്പോഴോ കൗസർ എന്ന പേര് ഓർമ്മയിൽ വന്നതാവും സ്വപ്നത്തിനാധാരമെന്ന ചിന്തയാണ് അപ്പോഴുണ്ടായത്. പിന്നെ അതങ്ങു മറന്നു ഞാനെന്റെ പകൽ വ്യഥകളിലേയ്ക്ക് ചുരുങ്ങി. അടുപ്പിച്ചു രണ്ടു നാൾ ഏതാണ്ടൊരേ സമയം തന്നെ കൗസർ എന്റെ സ്വപ്നങ്ങളിൽ രാപ്പാർക്കാൻ തുടങ്ങിയപ്പോഴാണ് ഞാനുമൊന്നു ശ്രദ്ധിച്ചത്. ബന്ധപ്പെടാനൊരു മേൽവിലാസമോ മറ്റേതെങ്കിലും ഉപാധികളോ ഇല്ലാതെ മറവിയിലാണ്ടുപോയ എന്റെ ആത്മസുഹൃത്തിനെ തുടരെ സ്വപ്നം കാണാനെന്തേ? വർഷങ്ങൾക്കു ശേഷം വീണ്ടുമവനൊരു പേരായി എന്റെ മറവികളെ തട്ടിമാറ്റാനെന്തേ കാരണം? ഹൗസു-ൽ കൗസർ എന്നാൽ ‘സ്വർഗ്ഗത്തിലെ നദി’യെന്നാണ് അര്‍ത്ഥമെന്ന് പറഞ്ഞത് അവന്റെ അബ്ബാജാനാണ്. നീയത്ര കേമനോയെന്ന് കളിയാക്കിയ എന്റെ നോട്ടത്തെ നീ കുശുമ്പത്തിയെന്ന് മടക്കിയത് ഓർത്തപ്പോൾ അറിയാതെ ചിരിച്ചുപോയി. എന്നാലുമൊരസ്വസ്ഥത; എന്തേയിങ്ങനെ തുടരെ സ്വപ്നം കാണാൻ. തുടർച്ചയുള്ള സ്വപ്‌നങ്ങൾ പതിവില്ലാത്തതാണ്
ആശിച്ച യൂണിവേഴ്സിറ്റിയിലെത്തുന്നതിന്റെ ആത്മഹർഷം, കലാശാലാ തുടക്കക്കാരി ഉള്ളിലൊളിപ്പിച്ച കുഞ്ഞുഭയം, അന്യസംസ്ഥാനമാണെന്ന ഉൽക്കണ്ഠ.. സമ്മിശ്രവികാരത്തോടെയാണ് കോളേജിന്റെ ആദ്യദിവസത്തിലേക്കിറങ്ങിയത്. കുക്കരനഹള്ളിയിൽ നിന്നും വീശുന്ന കാറ്റും താഴ്ന്നുകിടക്കുന്ന ശാഖകളുടെ തണലുമായി ക്യാംപസ് നിറഞ്ഞുനിൽക്കുന്ന മരങ്ങളുടെ പച്ചപ്പും ആകെയുള്ള ഇത്തിരി ഭയത്തെയും ആട്ടിയകറ്റി. മനസ്സിനെ ഒന്നുഷാറാക്കാൻ ചൂളം കുത്താനായി തുടങ്ങിയ ചുണ്ടുകളെ നിരുത്സാഹപ്പെടുത്തി കൂർത്തൊരു നോട്ടം പാറിവീണു. നോട്ടത്തിനുടമയെ ആകെമൊത്തം കണ്ടില്ല, ആഴത്തിലുള്ള കണ്ണുകളും നോട്ടത്തിലെ തീവ്രതയും പിന്നേം പേടി കൊണ്ടുവന്നു. തീർന്നു, ഏതോ സീനിയർ വിദ്യാർഥിയാണ്. റാഗിംഗ് മണക്കുന്നു. ധൈര്യപൂർവ്വം നേരിടുകതന്നെ. പേരിനുപോലും പരിചയക്കാരില്ല, സ്വയം അനുഭവിക്കാനേയാകൂ. ഇത്തരം സന്ദർഭങ്ങളിൽ ശത്രുവിനെ നിർവ്വീര്യനാക്കാൻ എന്താവും ചെയ്യേണ്ടതെന്നതിനു ഒരു തയ്യാറെടുപ്പു വേണ്ടിയിരുന്നു എന്ന് നിരാശയോടെ ചിന്തിച്ചു. ഏക ആശ്വാസം അവൻ ഒറ്റയ്ക്കാണ് എന്നുമാത്രം. നോട്ടം മാറ്റാൻ പേടിച്ചിട്ടാണ് എന്നവൻ അറിയരുതേയെന്നു മനസ്സിൽ പിറുപിറുത്തുകൊണ്ട് മുഖത്തേയ്ക്കുതന്നെ തുറിച്ചുനോക്കി നിന്നു. അപ്പോഴാണ് കവിളിൽ പൊട്ടാൻ വെമ്പിനിൽക്കുന്ന ഒരു മുഖക്കുരു കണ്ടത്. വാ പൊത്തി ഒരു ചിരിവച്ചുകൊടുത്തു. കാര്യമറിയാതെ അന്ധാളിച്ചു നിൽക്കുന്ന അവനെ നോക്കി ഉറക്കെയുറക്കെ ചിരിച്ചു. എന്തായാലും ശത്രുവിന്റെ ആത്മവീര്യം കെട്ടെന്നു തീർച്ചയായിട്ടേ ചിരിയവസാനിപ്പിക്കൂ എന്നങ്ങു നിശ്ചയിച്ചു. കുറേക്കഴിഞ്ഞിട്ടും അവിടെ അനക്കമൊന്നും കാണുന്നില്ല, ഭഗവാനേ പണി പാളിയാ! ചിരി വെറും പല്ലിളിയായപ്പോൾ അവസാനം അവൻ വായ തുറന്നു,
“ഫസ്റ്റ്ഇയർ സെറി ക്ലാസ്സ്റൂം ഏതാണ് മാം?”
ദേണ്ടെ കെടക്കണ്! വെറുതെ തെറ്റിദ്ധരിച്ചു. ഒരു പേടി വേസ്റ്റും ആയി. ഇത് ക്ലാസ്സ്‌മേറ്റ്!
അങ്ങനെ പരിചയപ്പെട്ട സുഹൃത്താണ് ഹൗസു-ൽ കൗസർ എന്ന കൗസർ. ഞങ്ങൾ പട്ടിയ്ക്കിടുന്ന പേരാ കൈസർ എന്ന് കളിയാക്കിയപ്പോൾ അതവന്റെ ശൂരത്വമാണ് കാണിക്കുന്നതെന്നവന്‍ തിരിച്ചടിച്ചു. പിന്നെടെപ്പോഴോ ആണ് ‘പാരഡൈസിലെ ആ വിശുദ്ധ നദി’ എന്റെ ആത്മമിത്രമായത്.
എന്റെയും അവന്റെയും സ്വപ്നങ്ങൾ ഏകദേശം ഒന്നുതന്നെയായിരുന്നു. സ്വപ്‌നങ്ങൾ ഓരോദിവസവും വലുതായിക്കൊണ്ടിരുന്നു. തലമുറകളായി മൈസൂരിൽ സെറ്റിലായ പാത്താൻ കുടുംബമാണ് കൗസറുടേത്. ഭാഷയുടെ അതിർവരമ്പുകളില്ലാതെ ഞങ്ങൾ കലപിലാ വർത്തമാനം പറഞ്ഞു. അവധി തുടങ്ങി ഞാൻ നാട്ടിലേയ്ക്ക് വണ്ടി കയറാൻ പോകുന്നതിന് തലേന്ന് കൗസർ അറച്ചറച്ചു ചോദിച്ചു.
“നീയെന്റെ വീട്ടിലേക്കു വരുന്നോ സുപ്പീ? അബ്ബാജാന് നിന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പേടിക്കേന്നും വേണ്ട, ഞങ്ങള് സാധുക്കളാ.”
ഞാനോട്ടൊരു അങ്കലാപ്പിലായി. വീട്ടിൽപ്പറയാതെ അങ്ങനെയെങ്ങും പോയിട്ടില്ല. എങ്ങനാവും ഇവന്റെ ഫാമിലി എന്നുമറിയില്ല. വീട്ടിൽപ്പറഞ്ഞു അനുവാദം വാങ്ങിപ്പോകാനിനി സമയവുമില്ല. രണ്ടും കൽപ്പിച്ചു തീരുമാനിച്ചു, പോയിനോക്കാം. കൗസർ ഉണ്ടല്ലോ കൂടെ, മാന്യതയില്ലാതെ അവനൊരിക്കലും പെരുമാറിയിട്ടില്ല. അങ്ങനെയാണ് ആ ഉച്ചനേരത്തു കൗസറിന്റെ വീട്ടിലെത്തുന്നത്.
പൊടിയടങ്ങാത്ത തെരുവിൽ കുട്ടികൾ കളിച്ചുതിമിർക്കുന്ന തെരുവിന്റെ അങ്ങേയറ്റത്തുള്ള ഒരു പടിവാതിൽക്കലേയ്ക്ക് വിരൽചൂണ്ടി കൗസർ പറഞ്ഞു.
“സുപ്പീ നിനക്കിതൊരത്ഭുതമായിരിക്കും, എന്റെ കുടുംബം ഒരു കൂട്ടുകുടുംബമാണ്. അബ്ബാജാന്റെയും അമ്മാജാന്റെയും സഹോദരങ്ങളും മാതാപിതാക്കളും എന്നുവേണ്ട അടുത്ത ബന്ധുക്കൾ എല്ലാരും ഒന്നിച്ചാണ് വീട്ടിൽ. എപ്പോഴും തിരക്കും ബഹളവുമൊക്കെയായിരിക്കും ഇവിടെ. ഞങ്ങൾ കുടുംബപരമായി ബിസ്സിനസ്സ് ചെയ്യുന്നവരാണ്. മധ്യമവർഗ്ഗം. ബാക്കി നീ കണ്ടറിയ്.”
സുരഭിയെന്ന എന്റെ പേര് സുപ്പീ എന്ന നീട്ടിവിളിയാക്കിയവന്റെ ആമുഖം അവിടെ തീർന്നു. ആശങ്കകളോടെ പടിപ്പുര നടന്നുകയറി. അകത്തെ വിസ്മയം ഞാൻ നോക്കിക്കാണുന്നത് നേരിട്ട് കാണാൻ കൗസർ അവന്റെ കൗതുകക്കണ്ണുകൾ എന്റെ നേരെ തുറന്നുവെച്ചു. കൊട്ടാര സദൃശമായ ഒരു പാർപ്പിടം ആ പൊളിഞ്ഞ പടിപ്പുരയ്ക്കിപ്പുറം ഉണ്ടാകുമെന്നു സ്വപ്നത്തിൽപ്പോലും ഞാൻ കരുതിയില്ല. ചിത്രപ്പണികളുള്ള കയറ്റുപായകൾ തൂങ്ങുന്ന വരാന്ത കഴിഞ്ഞു ചെന്നുകയറിയതു ചിത്രകമ്പളം വിരിച്ച്, സിനിമയിലൊക്കെ കാണുന്ന പോലെ ഷാൻഡ്‌ലിയർ വെളിച്ചം പരത്തുന്ന തണുത്ത അകത്തളത്തിലേക്കാണ്. കാഴ്ചകണ്ടു അന്തംവിട്ടു തുറന്നുപോയ എന്റെ വായ, താടിയിൽത്തട്ടി അടപ്പിച്ചു കൗസർ അച്ഛനെ വിളിച്ചു. വിളികേട്ടെത്തിയത് പക്ഷെ അച്ഛൻ മാത്രമായിരുന്നില്ല, ഒരുപടതന്നെ എന്നെ വലയം ചെയ്തു. എനിക്കന്യമായ അവരുടെ ഭാഷയെക്കാളും ഒട്ടും അകലമില്ലാത്ത ചിരികളിലേയ്ക്ക് ഞാനറിയാതെ വഴുതിവീണു. ഭാഷയവിടെ പ്രശ്നമല്ലാതായി. എന്റെ അത്ഭുതങ്ങൾക്കും മേലെയായിരുന്നു അവർക്കു ഞാനെന്ന മലയാളിപ്പെണ്ണ് എന്ന് ചിലപ്പോഴൊക്കെ തോന്നി!
ആദ്യത്തെ ഔപചാരികത വിട്ടപ്പോൾ ഭക്ഷണം കഴിപ്പിക്കാനുള്ള ധൃതിയായി. കൗസറിന്റെ അബ്ബാജാൻ പ്രത്യേകമായൊരു കമ്പളം കൊണ്ടുവന്നു നിലത്തുവിരിച്ചു. അതിലേക്കു ആരൊക്കെയോ എന്നെ പിടിച്ചിരുത്തി. എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ എന്നെ കളിയാക്കുന്ന കൗസറിനെ പലപ്രാവശ്യം കണ്ണുകൊണ്ടു ശാസിക്കുന്നതൊഴിച്ചാൽ ഏറെക്കുറെ നിശ്ശബ്ദനായിരുന്നു അദ്ദേഹം. പക്ഷേ, ആ മനസ്സ് വാചാലമാകുന്നത് ഞാനറിഞ്ഞു. എന്റൊപ്പം ഇരുന്ന് അവരുടെ നാടൻ വിഭവങ്ങൾ ഓരോന്നായി വിളമ്പിത്തരുമ്പോൾ ദൈവത്തിനു കൊടുക്കുന്ന ഭവ്യതയായിരുന്നു കാഴ്ചയിൽ ആജാനുബാഹുവായ അദ്ദേഹത്തിന്. അപ്പോഴദ്ദേഹം വാതോരാതെ സംസാരിച്ചു, കുടുംബത്തെക്കുറിച്ച്, നാട്ടിലെ അവരുടെ ജീവിതത്തെക്കുറിച്ച്, കൗസറിനെ കുറിച്ച്, അവന്റെ സ്വപ്നങ്ങളെക്കുറിച്ച്. അതു പറയുമ്പോൾ മാത്രം വാത്സല്യനിധിയായ അച്ഛനായി. അമ്മീജാന്റെ കൗതുകക്കണ്ണുകൾ പലപ്പോഴും സ്നേഹത്തോടെ എന്നെ ഉഴിഞ്ഞുപോകുന്നത് അറിയുന്നുണ്ടായിരുന്നു. ഈശ്വരാ! ഇവരിതെല്ലാം എന്തുഭാവിച്ചാണോ? വേറെന്തെങ്കിലും ചിന്ത എന്നെയും കൗസറിനെയും ചുറ്റിപ്പറ്റി അവന്റെ കുടുംബത്തിനുണ്ടോ? മനസ്സിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. എന്റെ മനസ്സറിഞ്ഞിട്ടെന്നപോലെ കൗസർ കണ്ണടച്ചു ചിരിച്ചു.
നിഷ്കളങ്കമായിരുന്നു ആ സ്നേഹപ്രകടനങ്ങളെന്ന് അധികം താമസിക്കാതെ അറിഞ്ഞു. മക്കനയ്ക്കിടയിലൂടെ കാണുന്ന റോസാപ്പൂ മുഖത്തെ ചൂണ്ടി കൗസറിന്റെ അച്ഛൻ പറഞ്ഞു,
“നോക്ക് മോളെ, അതാണ് റോഷൻബാനു. നിന്റെ ചങ്ങാതിക്കവൾ ചേരൂല്ലേ? പറയ്. അവന്റെ ചങ്ങാതിയായല്ല, സ്വന്തം പെങ്ങളുടെ സ്ഥാനമാണ് ഞങ്ങൾ നിനക്ക് തന്നിരിക്കുന്നത്. അവന്റെ പെണ്ണിനെ നീതന്നെ തെരഞ്ഞെടുക്ക്!!”
ഹോ! മനസ്സില്നിന്നെന്തൊക്കെയോ ഇറങ്ങിപ്പോയപോലെ. കൗസറിനെ നോക്കിയപ്പോ ചെക്കനെപ്പോഴത്തെയും പോലെ നിർവ്വികാരൻ. റോസാപ്പൂ മുഖക്കാരിയുണ്ട് നാണിച്ചു മുഖം കുനിച്ചിരിക്കുന്നു. ആകെയുള്ള ആഭരണം, സ്ഥിരം ഷോപ്പിംഗ് ഇടമായ ദേവരാജമാർക്കെറ്റിൽ നിന്നും തലേന്ന് വാങ്ങിയ മെറ്റൽ റിങ് റോഷൻബായിയുടെ മൃദുലമായ കൈവിരലിലേക്കിട്ടു കൊടുക്കുമ്പോൾ ചാരിതാർഥ്യമാണ് തോന്നിയത്.
കോഴ്സ് കഴിഞ്ഞു ഞങ്ങൾ പിരിയുമ്പോൾ ഒന്നായിരുന്ന സ്വപ്‌നങ്ങൾ അവനവന്റെതു മാത്രമായിപ്പിരിയുന്നതറിഞ്ഞു. കുടുംബ പ്രശ്നങ്ങൾ അലട്ടുന്നതായി കൗസർ ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി. കാലത്തിന്റെ തിരിച്ചിലിൽ എപ്പോഴോ ഞങ്ങളുടെ സൗഹൃദം പുതുക്കപ്പെടാതെ പഴകി. എവിടെ.. എങ്ങിനെ എന്നൊന്നുമറിയാതെ കാലത്തിനനുസരിച്ചു ഒഴുകി ഞങ്ങളെവിടൊക്കെയോ എത്തിപ്പെട്ടുകൊണ്ടിരുന്നു.
അതിനിടയിലാണ് ഈ സ്വപ്നം. ആവർത്തിക്കപ്പെടുന്ന, പ്രത്യേകിച്ച് അർത്ഥങ്ങളൊന്നുമില്ലാത്ത സ്വപ്നം. മൂന്നാമത്തെ ദിവസവും കാണുമോ എന്നതായി പിന്നെയുള്ള ആകാംക്ഷ. ഇന്നും കണ്ടേയ്ക്കാം, സ്വാഭാവികമായ ഉൽക്കണ്ഠയിൽ നിന്ന് ഉണർന്നുവരുന്ന സ്വപ്നമായി പരിഗണിച്ചാൽ മതിയെന്നൊക്കെ മനസ്സിനെപ്പറഞ്ഞുപിടിപ്പിച്ചാണ് ഉറങ്ങാൻ കിടന്നത്. അന്നും കൗസർ വന്നു, സ്വപ്നംപോലെയല്ല, യഥാർഥത്തിൽ അവനെന്റെ അരികിലിരുന്നു. പഴയപോലെ സംസാരിക്കാൻ തുടങ്ങി.
“സുപ്പീ.. നീയെന്താ എന്നെ തേടാത്തത് ഇത്രയും കാലം? നീയൊരു കാര്യമറിഞ്ഞോ? അറിഞ്ഞിട്ടുണ്ടാവില്ലല്ലേ? നിന്നോട് ആര് പറയാനാ. ഞാനിവിടെയാ ഇപ്പൊ. നമ്മളൊന്നിച്ചു കണ്ട സ്വപ്നങ്ങളില്ലേ, അതോരോന്നും ഇപ്പോഴെനിക്ക് വളരെ അടുത്തായി തോന്നാണ്. പക്ഷെ നീകൂടെയില്ലാതെ അവയൊന്നും വേണമെന്നെനിക്കില്ല”.
“നീയെവിടെയാണ്? എന്താ ഈ പറയുന്നതൊക്കെ. കളിക്കാതെ മനുഷ്യന് മനസ്സിലാവണപോലെ പറയ്.”
“ഞാനിവിടെയാടീ… സമൃദ്ധമായി പാൽനിറമാർന്നൊഴുകുന്ന ഈ പുഴയുടെ തീരത്ത്. എന്റെ അബ്ബാജാൻ നിന്നോട് പറഞ്ഞില്ലേ കൗസർ എന്നാൽ സ്വർഗ്ഗത്തിലൊഴുകുന്ന പുഴയാണെന്ന്. ചിലപ്പോഴൊക്കെ ആ പുഴയായൊഴുകുന്നതും ഞാൻ തന്നെ! ഈ ഞാൻ ….. ഹൗസു-ൽ കൗസർ”.
ബിന്ദു ഹരികൃഷ്ണൻ