സായാഹ്നരാഗങ്ങളുടെ ചിറകിൽ ആസ്വാദകരെ ഭാവലോകത്തുയർത്തി ഹിമാംശു പാടി..

പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ഏറ്റവും മുതിർന്ന ശിഷ്യനും പ്രശസ്ത ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വാദകനുമായ ഹിമാംശു നന്ദ ഒരുക്കിയ സംഗീതസായാഹ്നം തിരുവനന്തപുരത്തെ കലാസ്വാദകർക്ക് വിശേഷാനുഭവമായി. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ വിശേഷാൽ സദസ്സിനു മുന്നിലായിരുന്നു സംഗീതത്തിൻ്റെ ഭാവമഴ പെയ്തിറങ്ങിയത്.
സായാഹ്ന രാഗമായ മധുവന്തിയിൽ ആയിരുന്നു തുടക്കം. രാഗവിസ്താരത്തിൻ്റെ ലയസാന്ദ്രമായ ഏറ്റിറക്കങ്ങളുടെ സൂക്ഷ്മതകളിലൂടെ ആസ്വാദകരെ നയിച്ച ഗായകൻ ഗാനാലാപനത്തിലേക്കു കടന്നപ്പോൾ
രൂപക് താളത്തിൻ്റെ വിളംബിത ദ്രുത കാലങ്ങളിലൂടെ തബലയിൽ രത്നശ്രീ അയ്യർ പക്കമേളമൊരുക്കി. പ്രശാന്ത് സിവി പുല്ലാങ്കുഴലിൽ അകമ്പടി വായിച്ചു.
ജോട് ജാല സമ്പ്രദായത്തിൽ മുന്നറിയ കച്ചേരി ഭൂപാളി രാഗത്തിൽ തീൻതാൾ മദ്ധ്യലയ് താളത്തിലൂടെ കടന്ന്
പഹാടിയിലെ ലളിതസുന്ദരഗീതത്തിൽ നിറഞ്ഞൊഴുകി.
ക്രാഫ്റ്റ്സ് വില്ലേജിൻ്റെ പ്രതിമാസപരിപാടിയായ ‘സെൻ്റർ സ്റ്റേജി’ലെ ഈ മാസത്തെ അതിഥിയായാണ് ഹിമാംശു നന്ദ എത്തിയത്.
അമേരിക്കയിലെ 17-ഉം യൂറോപ്പിലെ 13-ഉം നഗരങ്ങളിൽ ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങളിൽ സംഗീതപരിപാടി അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. അനുരാഗ്, അന്തർനാദ്, ബാംസുരി മെഡിറ്റേഷൻ തുടങ്ങിയവയാണ് പ്രധാന ആൽബങ്ങൾ. നിരവധിപേരെ ആകർഷിച്ച ‘മ്യൂസിക്കൽ ക്വോഷ്യൻ്റ് റ്റു ഹാപ്പിനെസ് ക്വോഷ്യൻ്റ്’ (MQ 2 HQ) എന്ന ശില്പശാലയുടെ സംഘാടകൻ, ഓൺലൈനായി ബാംസുരി അഭ്യസിപ്പിക്കുന്ന പുനെയിലെ മിസ്റ്റിക് ബാംബൂ അക്കാദമിയുടെ സ്ഥാപകൻ എന്നീ നിലകളിലും പ്രസിദ്ധനാണ്.
സെൻ്റർ സ്റ്റേജിൽ തുടർന്ന് ഊരാളി ബാൻഡിൻ്റെ ‘പാട്ടുപൊരുൾക്കൂത്ത്’ ആയിരുന്നു. സംഗീതത്തിൻ്റെ ജനപ്രിയ ശൈലിയിൽ സദസ്സിനെ ഊരാളിസംഘം കീഴടക്കി. ശക്തമായ സാമൂഹികവിമർശനത്തിനുകൂടി സംഗീതത്തെ പ്രയോജനപ്പെടുത്തുന്ന സാമൂഹികോത്തരവാദിത്വമുള്ള സംഗീതക്കൂട്ടായ്മയായ ഊരാളിയുടെ പാട്ടുപൊരുൾക്കൂത്തിന് യുവാക്കളടക്കമുള്ള ആസ്വാദകർ എത്തിയിരുന്നു.

error: Content is protected !!