അവനും ഞാനും
രണ്ടു ഗണക്കാരായിരുന്നു..
നന്മയുറച്ച അസുരനോടൊപ്പം
തിന്മ തെണ്ടി ചാപ്പകുത്താനൊരു
ദേവനായ് ഞാനും..
ഞാൻ കൈയിലൊരു
കവിത പുണരുമ്പോൾ
അവൻ ‘ചർച്ചിലിന്റെ
നുണഫാക്ടറി’യെ
പറ്റി വാചാലനാകും…
ഞാൻ തൂലികയൊന്നു
കുടഞ്ഞെറിഞ്ഞു
ചിതറിവീണ വാക്കുകളെ
ചേർത്തുവയ്ക്കാൻ
വെമ്പുമ്പോൾ
അവൻ ഷേക്സ്പിയറിന്റെ
ഹാംലെറ്റിനെ വാഴ്ത്തും…
നടവഴികളിലൊക്കെ
ആത്മഹർഷം നൽകും സുമങ്ങളെ തൊട്ടുതഴുകുമ്പോൾ
അവയുടെ ക്ഷണികജീവിതങ്ങളെ
പറ്റിയോർത്തു മൗനം മൂടുമ്പോൾ
അവൻ ഒന്നാംലോകമഹായുദ്ധം
അവസാനിപ്പിച്ച
വേഴ്സായിസന്ധിയുടെ
കപടതയെപ്പറ്റി പിറുപിറുക്കും…
പ്രണയലേഖനങ്ങളിലെ
പൈങ്കിളികളിൽ
അടയിരുന്നു പെറ്റുകൂട്ടി
സ്നേഹം കുറയുന്നെന്ന്
പരിഭവമോതുമ്പോൾ
പഞ്ചപാണ്ഡവന്മാരുണ്ടായിട്ടും
പൊതുസദസിൽ
തുണിയുരിയപ്പെട്ട
പാഞ്ചാലിയുടെ
ദുരവസ്ഥയെ പറ്റി പറഞ്ഞു
നെഞ്ചോടു ചേർക്കും…
ഏതു കുഞ്ഞൻ ദുഃഖവും
ഈശ്വരനോട് പറഞ്ഞു
കരയുമെന്നോതുമ്പോൾ
അവൻ മുറിക്കുള്ളിലെ
കണ്ണാടിയിൽ നോക്കി
വീര്യത്തോടെയൊരു ‘ലാൽസലാം’
പറയും….
ജാതിമതങ്ങൾ നമ്മെ
വേർതിരിച്ചൊരു
കനാല് പണിയുമെന്ന്
നെഞ്ചുനീറി ഞാൻ
പറയുമ്പോഴൊക്കെയും
കൈവിരലൊന്ന് പോറി
തുള്ളുന്ന നിണത്തിന്റെ
നിറം മാറിയിട്ടില്ലെന്നോതും…
പുത്തൻകുപ്പായത്തിൽ
വിലയിട്ട മോടികൾക്കൊപ്പം
അവന്റെ അടിക്കുറിപ്പ്
ചാർത്താൻ വെമ്പൽക്കൊണ്ടോടുമ്പോൾ
മേൽശീലകലാപം കണ്ട
നാട്ടിലാണ് വാസമെന്നോർമ്മപ്പെടുത്തും..
ഇങ്ങനെ പൊരുത്തക്കേടുകളുടെ
പഞ്ജരത്തിലാണ് വാസമെങ്കിലും
‘പ്രണയം ‘ഒന്നുപോൽ നമ്മളെ
കീഴ്പ്പെടുത്തുന്നു…
ദത്താത്രേയ ദത്തു
ചിത്രീകരണം: മജ്നി തിരുവങ്ങൂർ
Your article helped me a lot, is there any more related content? Thanks!