ഭ്രാന്തി

പുറത്തു മഴ തിമിർത്തു പെയ്യുന്നു. അവൾ പതിയെ എഴുന്നേറ്റു. രാത്രിമഴ അവൾക്കെന്നും പ്രിയപ്പെട്ട ഒന്നാണ്. മുന്നോട്ട് നടക്കും തോറും കാലിലെ ചങ്ങല ഇറുകിക്കൊണ്ടേയിരുന്നു. സെല്ലിന്റെ ഇരുമ്പഴികൾക്കരികിലെത്തിയപ്പോഴേക്കും ചങ്ങല മുറുകിയ കാലിലെ വൃണം അവളെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും രാത്രിമഴയുടെ വശ്യമായ സൗന്ദര്യം അവളെ മാടി വിളിച്ചു. വേദനമറന്നവൾ ആ ഇരുമ്പഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു.
എന്നോ പഠിച്ച സുഗതകുമാരിയുടെ കവിത ‘രാത്രി മഴ’ അവൾക്കോർമ വന്നു.

“രാത്രി മഴ ചുമ്മാതെ കേണും ചിരിച്ചും വി തുമ്പിയും നിർത്താതെ …..കുനിഞ്ഞിരി ക്കുന്നൊരു യുവതിയാം ഭ്രാന്തിയെ പോ ലെ “

രാത്രിമഴക്കു തന്നിലെ സാമ്യം ഓർത്ത് അവൾ പൊട്ടിച്ചിരിച്ചു. ചിരി അവസാനിക്കുന്നതിനു മുൻപ് തന്നെ സെക്യൂരിറ്റിയുടെ ലാത്തി സെല്ലിന്റെ ഇരുമ്പഴികളിൽ ശബ്ദമുണ്ടാക്കി.

“മഴ പെയ്താൽ ഇവൾക്ക് ഭ്രാന്ത് കൂടും ” , പിറുപിറുത്തുകൊണ്ടയാൾ അവളെ നോക്കി കണ്ണുരുട്ടി .

അയാളുടെ ഉണ്ടക്കണ്ണുകളും മുഖത്തെ ഭാവവും കണ്ട് അവൾ പൊട്ടിച്ചിരിച്ചു. അഴികളിൽ പിടിച്ചിരുന്ന അവളുടെ മെലിഞ്ഞുനീണ്ട കൈവിരലുകളിൽ അയാൾ ലാത്തി വീശി ശക്തമായി അടിച്ചു. അവൾ വേദനകൊണ്ടു പുളഞ്ഞ് അലറിക്കരഞ്ഞു.

“മുഴു ഭ്രാന്തി ” എന്നധിക്ഷേപിച്ചുകൊണ്ട് ഒരു വിജയീ ഭാവത്തിൽ സെക്യൂരിറ്റി നടന്നകന്നു. ഒഴുകിയിറങ്ങിയ കണ്ണുനീർ വേദനിക്കുന്ന കൈവിരനിലാൽ തുടച്ചുകൊണ്ടവൾ തിരികെ നടന്ന് ഇളകിയാടുന്ന ഇരുമ്പുകട്ടിലിൽ ചെന്നിരുന്നു. മഴയോടോപ്പം ഇരമ്പിയാർന്ന ഓർമ്മകൾ അവളെ ഒരു മഴക്കാലത്തേക്കു കൊണ്ട് പോയി.

ബസ്സ്റ്റോപ്പിൽ, നനയാതിരിക്കാൻ സാരി ഒതുക്കിപ്പിടിച്ച്, കുടചെരിച്ചുപിടിച്ച് മഴയെ എതിർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഴ നനഞ്ഞു ഒരു കൂസലുമില്ലാതെ തന്റെ അടുത്തുനിൽക്കുന്ന അയാളെ അവൾ ശ്രദ്ധിച്ചത്. ഓരോ മഴത്തുള്ളി വീഴുമ്പോഴും അയാളുടെ കണ്ണുകൾ തിളങ്ങുന്നത് അവൾ അതിശയത്തോടെ നോക്കി.

ആ അത്ഭുതം നിറഞ്ഞ നോട്ടം കണ്ടിട്ടാവാം അയാൾ അവളെ നോക്കി പുഞ്ചിരിച്ചു. അപ്പോഴും അയാളുടെ കണ്ണുകൾ തിളങ്ങി. അവളും അറിയാതെ പുഞ്ചിരിച്ചു… അത്രക്കും മനോഹരമായിരുന്നു അയാ ളുടെ ചിരി.

“കുട മറന്നതുകൊണ്ട് മഴ നനയാൻ ഒരവസരം കിട്ടി “

ഒന്നും ചോദിക്കാതെ തന്നെ അയാൾ പറഞ്ഞു. അവൾ ഒന്ന് വെറുതെ പുഞ്ചിരിച്ചു.

സ്ഥിരം പോവാറുള്ള ബസ് അതിന്റെ ടൈം കഴിഞ്ഞിട്ടും കാണാനില്ല. ‘മഴയായത് കൊണ്ടാവും’. ദൂരെ വഴിയിലേക്ക് കണ്ണുകൾ നീട്ടിയപ്പോൾ അയാളുടെ ചോദ്യം കാതിൽ പതിച്ചു.

“എവിടേക്കാണ് പോകേണ്ടത് ? ആ വരുന്ന ഓട്ടോ ഷെയർ ചെയ്യാം… ഒരി ടത്തേക്കാണെങ്കിൽ. ഈ മഴയത്ത് ബസ് കാത്തുനിൽക്കുന്നത് ഇത്തിരി കഷ്ടമാണ്”

അവൾ ഒന്ന് അമ്പരന്നു.

“പേടിക്കണ്ട ടീച്ചർ, ഞാൻ ടീച്ചറെ സ്കൂളി ൽ വച്ച് കണ്ടിരുന്നു. ഞാൻ ജയകൃഷ്ണൻ, പുതിയ മലയാളം അധ്യാപകൻ. ഉണ്ണി മാഷ് ലാബിൽ നിൽക്കുന്ന മീര ടീച്ചറെ എനിക്ക് ടീച്ചർ അറിയാതെ പരിചയപെടുത്തി യിരുന്നു”

അവളുടെ വലിയ കണ്ണുകൾ അത്ഭുതത്താൽ വീണ്ടും വിടർന്നു .

“ഞാൻ അറിഞ്ഞില്ല! ആരോ പറഞ്ഞിരുന്നു പുതിയ ഒരാൾ വന്നു എന്ന് “

എവിടേക്കാണ് ടീച്ചർക്ക് പോകേണ്ടത്?

“ഇവിടെ അടുത്താണ് പൂവാറുപടി “

ഒന്ന് ചിരിച്ചുകൊണ്ടയാൾ തലയാട്ടി.

“ഞാനും ആ വഴിക്കാണ്, വരൂ, ബാക്കി സം സാരം ഓട്ടോയിൽ കയറിയിട്ടാവാം “

തനിക്ക് കയറാനായി മാറി നിന്ന ജയകൃഷ്ണൻ മാഷെ ഒന്നു കൂടെ നോക്കിയിട്ട് അവൾ ഓട്ടോയിൽ കയറി. ആകെ നനഞ്ഞ സാരി പുതച്ചുപിടിച്ചവൾ ഒതുങ്ങിയിരുന്നു.

“ഉണ്ണിമാഷ് ഒരു വാടക വീട് ശരിയാക്കിയിട്ടുണ്ട്, പൂവാറുപടി കൃഷ്ണന്റെ അമ്പലത്തിനടുത്ത്”
മീര ടീച്ചറുടെ വീട് എവിടെയാണ്?

“അമ്പലത്തിന്റെ ബസ്റ്റോപ്പിൽ നിന്നാൽ കാണാം”

“അപ്പോൾ നമ്മൾ അയൽവാസികൾ ആണല്ലോ!” മാഷ് ഉറക്കെ ചിരിച്ചു. മഴയുടെ ശക്തമായ അലർച്ചയിൽ ആ ചിരി മുങ്ങിപോയി.

“ഇവിടെ നിർത്താൻ പറഞ്ഞോളൂ” അമ്പലത്തിന്റെ ബസ്സ്റ്റോപ്പിനടുത്ത് എത്തിയപ്പോൾ അവൾ പറഞ്ഞു.

“എന്റെ കയ്യിൽ കുട ഉണ്ട്. എനിക്കിനി ഇവിടുന്ന് നടക്കാനുള്ള ദൂരമേയുള്ളൂ, ആ വളവ് തിരിഞ്ഞാൽ ആദ്യത്തെ വീടാണ്”

റോഡിന്റെ വലതുവശത്തേക്ക് കൈചൂണ്ടി അവൾ പറഞ്ഞു.

“എന്നാൽ ശരി , അങ്ങനെ ആവട്ടെ. ടീച്ചർ ഇറങ്ങിക്കോളൂ”.

അയാളോട് യാത്ര പറഞ്ഞ് അവൾ ഓട്ടോയിൽ നിന്നിറങ്ങി. മഴയിലൂടെ പതിയെ വീട്ടിലേക്കു നടക്കുമ്പോൾ അവൾ ചിന്തിച്ചു. ആരോടും പെട്ടെന്ന് അടുക്കാത്ത താൻ ഒരു പരിചയവുമില്ലാത്ത മാഷിന്റെ കൂടെ എങ്ങനെ ഒരു ഓട്ടോയിൽ കയറി! മാഷിനെ ആദ്യമായ് കാണുകയാണെന്ന് തോന്നിയതേ ഇല്ല.

ഓർമ്മവച്ച നാൾ മുതൽ കണ്ണനാണ് എല്ലാം. അമ്പലത്തിൽ പോവാതെ കണ്ണനെ കാണാതെ ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. മുതിർന്ന പെണ്ണായപ്പോൾ മാ സത്തിലെ ആ 7 ദിവസം മാത്രം മാറ്റി വയ്ക്കേണ്ടി വന്നു. പതിവുപോലെ സ്കൂളിൽ പോകാനായ് അവൾക്ക് ഏറ്റവും ഇഷ്ടപെട്ട കറുപ്പിൽ നീല ബോർഡറുള്ള സാരിയും, നീലബ്ലൗസും അണിഞ്ഞു. കണ്ണുകൾ കറുപ്പിച്ചെഴുതി, നീലകല്ലുള്ള ജിമുക്കി കമ്മൽ അണിഞ്ഞു, പിന്നെ ഒരു കറുത്തപൊട്ടും. ഈറനുള്ള നീളൻമുടി കുളിപ്പിന്നൽ പിന്നി തുമ്പ് കെട്ടിയിട്ടു. ഒരുങ്ങി കഴിഞ്ഞു കണ്ണാടിയിൽ നോക്കിയ അവൾക്ക് സ്വയം ഒരു സുന്ദരി ആയി തോന്നി. കണ്ണാടിയിലെ സുന്ദരിയായ മീരയോട് ഒന്ന് ചിരിച്ച് അവൾ ബാഗ് എടുത്ത് സ്കൂളിലേക്കിറങ്ങി.
മുറ്റത്തിറങ്ങി ചെരുപ്പിടുമ്പോൾ ” അമ്മേ , ഞാൻ പോവാണ് ” എന്നൊന്ന് വിളിച്ചു പറഞ്ഞു.അമ്മ കേട്ടോ ആവോ!

എന്നും അമ്പലത്തിൽ കയറിട്ടാണ് സ്കൂളിലേക്ക് പോകാറ്. വീട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് ഒരു ഇടവഴി ഉണ്ട് പാ ടവരമ്പത്ത് കൂടി. അമ്പലത്തിന്റെ പടികേറുമ്പോൾ പതിവുപോലെ പാറുഅമ്മയെ കണ്ടു.

“എന്റെ പാറുക്കുട്ടി ഇന്ന് നേരത്തേ വന്നോ?”

“ഉവ്വ്, ഇന്നിത്തിരി നേരത്തേ എത്തി കുറേ വിശേഷങ്ങൾ പറയാനുണ്ടായിരുന്നു എന്റെ ഉണ്ണിക്കണ്ണനോട്. അതുകൊണ്ട് തിരക്കാവുന്നതിന് മുൻപ് എത്തി “. പാറുവമ്മ അവളുടെ കയ്പിടിച്ചു പറഞ്ഞു.

“എന്നാൽ ഞാൻ പോകട്ടേ പാറുക്കുട്ടി സ്കൂളിൽ എത്താൻ വൈകും”
പാറുഅമ്മയുടെ കവിളിൽ സ്നേഹത്തോടെ ഒന്ന് നുള്ളി അവൾ പടികൾ ഓടിക്കയറി.

ശ്രീ കോവിലിനു മുന്നിൽ എന്നത്തേയും പോലെ എല്ലാം മറന്ന് കണ്ണുകളടച്ചു തൊ ഴുത്തുനിൽക്കുമ്പോഴാണ് പിന്നിൽ നിന്ന് ഒരു ചോദ്യം കാതിൽ പതിച്ചത്.

“എന്നും വരാറുണ്ടോ ടീച്ചർ ഇവിടെ “
കണ്ണ് തുറന്ന് തിരിഞ്ഞു നോക്കി….പുറകിൽ ജയകൃഷ്ണൻ മാഷ് , നീലഷർട്ടും വെള്ളമുണ്ടും, മുഖത്തു ആ മനോഹരമായ ചിരി.

“ഉവ്വ്, എന്നും വരാറുണ്ട് ഞാനിവിടെ “

“തൊഴുതു കഴിഞ്ഞു സ്കൂളിലേക്കല്ലേ? ഒന്നിച്ചു പോകാമോ? എനിക്ക് ബസ്സിന്റെ സമയം ഒന്നും നിശ്ചയമില്ല”

മാഷ് വീണ്ടും ചോദിച്ചു.

“ഒരു നവനീതം ബസ് ഉണ്ട്, 8 .45 ന് ആണ്. ഞാൻ എന്നും അതിലാണ് പോകാറ്…മാ ഷ് കൂടെ വന്നോളൂ. പാടവരമ്പത്തു കൂടെ പോയാൽ ബസ് സ്റ്റോപ്പിൽ പെട്ടെന്നെത്താം…”
അവർ ഒന്നിച്ചുതൊഴുതിറങ്ങി. ഒന്നിച്ചു നടന്നെങ്കിലും അവൾ ഒന്നും ചോദിച്ചില്ല. അയാൾ ഒന്നും പറഞ്ഞുമില്ല. അവർക്കിടയിൽ മൗനം വാചാലമായത് പോലെ അവൾക്ക് തോന്നി.

റോഡ് മുറിച്ച് കടന്നപ്പോഴേക്കും ബസ് വന്നിരുന്നു. ബസിൽ കയറിയതിനു ശേഷം അവൾ മാഷിനെ നോക്കിയതേ ഇല്ല. ബസ്സിറങ്ങി നടക്കുമ്പോൾ പിന്നിൽ ഉണ്ണിമാഷ് ജയകൃഷ്ണൻ മാഷിനോട് കുശലാന്വേഷണം നടത്തുന്നത് കേൾക്കാമായിരുന്നു.

പ്ലസ് വൺന്റെ ക്ലാസ് കഴിഞ്ഞു സീനിയേഴ്സിന്റെ പ്രാക്റ്റിക്കൽസിനായി ഫിസിക്സ് ലാബിലേക്ക് നടക്കുമ്പോൾ പ്ലസ്ടു ക്ലാസിൽ നിന്നും എഴുത്തച്ഛന്റെ കവിതയുടെ വർണ്ണന കേട്ടു. തന്നെ മറന്നു പോയ ദുഷ്യന്തനോട് രാജസദസ്സിൽ വച്ച് ശകുന്തള സംവദിക്കുന്ന ഭാഗം വളരെ മനോഹരമായി വർണിക്കുകയായിരുന്നു ജയകൃഷ്ണൻ മാഷ്.

തന്റെ ആത്മാർത്ഥ പ്രണയത്തെ മറന്നു കളഞ്ഞ ദുഷ്യന്തന്റെ മുന്നിൽ വെന്തുരുകി രാജസദസ്സിൽ നിന്ന ശകുന്തളയെ ഒരുവേള അവൾ വേദനയോടെ ഓർത്തു. ലാബിലേക്ക് കാലെടുത്തു വച്ചപ്പോഴേക്കും കാക്കക്കൂട്ടിൽ കലിട്ടതുപോലുള്ള ശബ്ദം നിലച്ചത് കണ്ട് അവൾ അറിയാതെ ചിരിച്ചു പോയി. കുട്ടികൾക്ക് എക്സ്പീരിമെൻറ്സ് പറഞ്ഞു കൊടുത്തതിനു ശേഷം അവൾ വീണ്ടും ശകുന്തളയെ ഓർത്തു. വളരെ മനോഹരമായാണ് മാഷ് ക്ലാസ്സ് എടുക്കുന്നത്. വശ്യമായ ആ ചിരി തന്നെ വല്ലാതെ ആകർഷിക്കുന്നു എന്നവൾക്കു തോന്നി. ഇതുവരെ ആരോടും തോന്നാത്തൊരടുപ്പം. കാടുകയറി ചിന്തിക്കാൻ തുടങ്ങിയ മനസ്സിന് വേലികെട്ടി അവൾ വീണ്ടും കുട്ടികളുടെ അടുത്തേക്ക് നടന്നു.

അതൊരു ആത്മബന്ധത്തിന്റെ, ആഴമുള്ള സൗഹൃദത്തിന്റെ, പറയാതെ പറഞ്ഞ ഒരു പ്രണയത്തിന്റെയും തുടക്കമാ യിരുന്നു. അവർ തമ്മിലുള്ള കാഴ്ചകൾ പതിവായി എന്നും രാവിലെ കൃഷ്ണന്റെ അമ്പലത്തിൽ, ബസ്റ്റോപ്പിൽ, സ്റ്റാഫ് റൂമിൽ ,ക്ലാസ്സുകളിലേക്കുള്ള യാത്രയിൽ അങ്ങനെ അങ്ങനെ… ഓരോ നോട്ടത്തിലും ഓരോ പുഞ്ചിരിയിലും അവരറിയാതെ ആ സ്നേഹം തഴച്ചു വളർന്നു പന്തലിട്ടു, ഒരാൽമരം പോലെ…

സെപ്റ്റംബർ 2,1999, ജയകൃഷ്ണൻ മാഷ് സ്കൂളിൽ ജോയിൻ ചെയ്തിട്ട് 3 മാസം. സ്കൂളിൽ ഓണാഘോഷണത്തിന്റെ ദിനം. അവൾ പതിവിലും നേരത്തെ എഴുന്നേറ്റു. നേരെ അടുക്കളയിലെത്തി അമ്മയുടെ കയ്യിൽ നിന്ന് ഒരു ചായ വാങ്ങി മുറ്റത്തെത്തി പൂക്കളോട് കിന്നാരം പറഞ്ഞു. ഓണമായത് കൊണ്ട് നിറയെ പൂക്കളായിരുന്നു അവളുടെ പൂന്തോട്ടത്തിൽ. പല വർണത്തിലുള്ള പൂക്കൾ അവളിൽ ഒരു വർണ്ണമായി തീ ർന്നു .

“നിനക്കിന്നു പോകണ്ടേ മോളെ? “
അച്ചന്റെ ചോദ്യം അവളെ വർണ്ണങ്ങളിൽ നിന്ന് തിരിച്ചു വിളിച്ചു.

“പോകണം ,സ്കൂളിൽ ഇന്ന് ഓണാഘോഷമാണ് അച്ഛാ “

മറുപടി പറഞ്ഞുകൊണ്ട് അവൾ പൂക്കളെ തഴുകി വീട്ടിലേക്ക് തിരിഞ്ഞു നടന്നു.

പച്ചകരയുള്ള സെറ്റുമുണ്ടും പച്ചബ്ലൗസും പാലക്കാ മാലയും വലിയ ജിമ്മുക്കി കമ്മലും ഇട്ട് അവൾ ഒരുങ്ങി. തലേന്ന് മുല്ലമൊട്ടു കൊണ്ട് കെട്ടിയ മുല്ലപ്പൂമാല മുടിയിൽ വച്ചു. മനോഹരമായ കണ്ണുകളിൽ കരിമഷിയെഴുതി, കറുത്ത പൊട്ടു വച്ചു. കണ്ണാടിയിൽ തെളിഞ്ഞ അവളുടെ രൂപത്തിന് ഒരു രാജാരവിവർമ ചിത്രത്തിന്റെ ഭംഗിയുണ്ടായിരുന്നു.

“അമ്മേ ഞാൻ ഇറങ്ങുവാ “

ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് അവൾ തിടുക്കത്തോടെ അമ്പലത്തിലേക്ക് നടന്നു. അവളുടെ മനസ്സ് ആരെയോ കാണാൻ കൊതിക്കുന്നുണ്ടായിരുന്നു. തൊഴുതു മടങ്ങുന്ന പാറുഅമ്മയെ അവൾ കണ്ടില്ല.

“എന്റെ പച്ച തത്ത തിരക്കിട്ടു പറക്കുവാണല്ലോ ” പാറുഅമ്മ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.

“ഇന്ന് സ്കൂളിൽ ഓണാഘോഷമാണ് പാറുക്കുട്ടി. വേഗം എത്തണം”

അങ്ങനെ പറഞ്ഞു പാറു അമ്മയെ കാണാതെ പോയ ചമ്മൽ അവൾ മറയ്ക്കാൻ നോക്കി.

“എന്നാൽ മോള് വേഗം പോയ്ക്കോളു”, പാറു അമ്മ അവളുടെ കൈവിട്ടു.
“ഓണസമ്മാനമായി എന്റെ പാറുക്കുട്ടിക്ക് ഒരു ചക്കര ഉമ്മ ” അവൾ പാറുഅമ്മയെ കെട്ടിപിടിച്ച് ഒരുമ്മ വച്ചു കവിളിൽ.

പാറുഅമ്മയുടെ കണ്ണിൽ രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു. രണ്ടും കയ്യും അവളുടെ തലയിൽ വച്ച് മനസ്സ് നിറഞ്ഞനുഗ്രഹിച്ചു ആ അമ്മ. പാറുക്കുട്ടിയുടെ കവിളിൽ ഒന്ന് നുള്ളി അവൾ അമ്പലത്തിലേക്ക് നടന്നു.
പതിവിന് വിപരീതമായി അന്ന് ജയകൃഷ്ണൻ മാഷിനെ കണ്ടില്ല. സങ്കടപ്പെട്ട മനസോടെ അവൾ ശ്രീകോവിലിലെ കണ്ണനോട് പരാതി പറഞ്ഞു. മനസ്സ് പ്രാർത്ഥനയിൽ ഉറച്ചില്ല. ചുറ്റുമുള്ള ആൾകൂട്ടത്തിൽ കണ്ണുകൾ അറിയാതെ മറ്റൊരു കൃഷ്ണനെ തിരയു കയായിരുന്നു.

അമ്പലത്തിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ അവളുടെ മനസ്സ് കലുഷി തമായിരുന്നു… കാലുകൾ വേഗത്തിൽ സ്കൂളെത്താൻ തിടുക്കം കൂട്ടി. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ അവളുടെ ചിന്തകൾ കാടുകയറി.

“മാഷിതെവിടെ പോയി. ഇത്രയും നാളിനിടക്ക് ഒരിക്കൽ പോലും നാട്ടിൽ പോയിട്ടില്ല. ലീവ് ആണെങ്കിൽ പറയാറും ഉണ്ട്. കാണാതിരുന്ന ദിവസങ്ങൾ വളരെ കുറവാണ്, സ്കൂളിലാത്ത ദിവസങ്ങളിൽ അമ്പലത്തിൽ വച്ച് കാണാറുണ്ട്. ഒന്നും പ്ലാൻ ചെയ്തു കാണുന്നത് അല്ലെങ്കിലും കാണാൻ രണ്ട് പേരും കൊതിച്ചിരുന്നു. ഇനി ഓണമായത് കൊണ്ട് നാട്ടിൽ പോയി കാണുമോ? എന്തേ നാട്ടിൽ പോകാത്തത് എന്ന് പലവട്ടം ചോദിച്ചിട്ടുണ്ട്. പോകണം എന്നൊരുഴുക്കൻ മറുപടി ആയിരുന്നു ഉത്തരം. ഓണാവധിയുടെ സർക്കുലർ വന്നപ്പോഴും ചോദിച്ചു. പോകുന്നില്ലേ എന്ന്. ‘അങ്ങനെ മീരയെ വിട്ട് കൃഷ്ണന് പോകാ ൻ പറ്റുമോ?’ എന്നൊരു ചോദ്യമായിരുന്നു മറുപടി. അതൊരു തമാശയായിരുന്നെങ്കിലും ആ കണ്ണുകളിലെ തിളക്കത്തിൽ തന്നോടുള്ള പ്രണയം മിന്നി മറയുന്നുണ്ടായിരുന്നു.

“ടീച്ചറേ , ദേ ബസ് വരുന്നു…”

ഉണ്ണി മാഷിന്റെ ശബ്ദമാണ് ചിന്തയിൽ നിന്നുണർത്തിയത്. ചെറിയൊരു ജാള്യതയോടെ അവൾ ഉണ്ണിമാഷിനെ നോക്കി ചിരിച്ച് ബസ്സിൽ കയറി. ബസ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടക്കുമ്പോൾ ഉണ്ണിമാഷ് എന്തൊക്കെയോ പറഞ്ഞു കൂടെ നടന്നു. ഒന്നിലും മനസ്സുറക്കുന്നില്ല. എല്ലാത്തിനും അവൾ വെറുതേ മൂളി . സ്റ്റാഫ് റൂമിലേക്ക് അവൾ പ്രദീക്ഷയോടെ കയറി. മാഷ് സീറ്റിൽ ഇല്ല. അവളുടെ കണ്ണ് നിറഞ്ഞു വന്നു. തിങ്ങിവന്ന സങ്കടം അടക്കി വച്ച് അവൾ എല്ലാരേയും നോക്കി ചിരിച്ചു.

“മീര ടീച്ചർ ഇന്ന് സുന്ദരിയായിരി ക്കുന്നല്ലോ “

കെമിസ്ട്രി ബിന്ദു ടീച്ചർ ഒരു കമന്റ് പറഞ്ഞു.

“അത്തപൂക്കളമത്സരത്തിന്റെ ആവേശത്തിലാവും കുട്ടികൾ, നമ്മുക്കൊന്ന് പോയി നോക്കാം “
ബിന്ദു ടീച്ചർ എല്ലാവരെയും ആയി വിളിച്ചു.

“ഒരു തലവേദന പോലെ , ഞാൻ ഇപ്പോൾ വരുന്നില്ല ടീച്ചർ ” എന്ന് പറഞ്ഞവൾ ഒഴി ഞ്ഞു. മുന്നിലിരുന്ന ഫിസിക്സ് പരീക്ഷാപേപ്പറുകൾ വെറുതേ തിരിച്ചും മറിച്ചും നോക്കി. മനസ്സിൽ ഒരു സങ്കടകടലിരമ്പുന്നു. അവൾ നെറ്റിയിൽ കൈതാങ്ങി കുനിഞ്ഞിരുന്നു.

തൊട്ടടുത്ത് ഒരു കാൽപ്പെരുമാറ്റം! ജയകൃഷ്ണൻ മാഷ് !

അവളുടെ മുഖത്തു സന്തോഷവും പ്രണയവും മിന്നി മറഞ്ഞു. മനസ്സിലെ പ്രണയം വേലിപൊട്ടിച്ച് അവളുടെ മുഖത്തൊരു പൂക്കളം തീർത്തു.

“എന്ത് പറ്റി ടീച്ചറേ? ആകെ സന്തോഷത്തിലാണല്ലോ!” മാഷിന്റെ പെട്ടെന്നുള്ള ചോദ്യം അവളുടെ വികാരങ്ങളെ അടക്കി.

“ഒന്നുമില്ല, ഇന്ന് ഓണാഘോഷമല്ലേ !”

“സ്റ്റേജിന്റെ കുറച്ചു അറേജ്മെൻറ്സ് ബാക്കി ഉണ്ടായിരുന്നു അതുകൊണ്ട് രാവിലെ നേരത്തെ വന്നു. ടീച്ചർ പൂക്കളം കാണാൻ പോയില്ലേ ?”

“ഇല്ല, പോകണം” അവൾ മുഖമുയർത്താതെ പറഞ്ഞു.

“ടീച്ചർക്ക് തലവേദന ആണെന്ന് ബിന്ദു ടീച്ചർ പറഞ്ഞു. ഇപ്പോൾ കണ്ടിട്ട് തലവേദന തോന്നുന്നില്ലല്ലോ!”.

“ഏയ് , അത്രക്കൊന്നുമുണ്ടായിരുന്നില്ല, അത് മാറി “
അവൾ ഒരു ചമ്മലോടെ ചിരിച്ചു.

“ശരി, അപ്പോൾ, ഞാൻ പോകട്ടെ ” മാഷ് തിരിഞ്ഞു നടന്നപ്പോൾ അവൾ കുനിഞ്ഞിരുന്ന് പേപ്പറുകൾ മറിച്ചു ചമ്മൽ മറയ്ക്കാൻ പാടുപെട്ടു .

“മീരാ …”

അവൾ ഞെട്ടലോടെ തലയുയർത്തി.

‘മീര’ ആദ്യമായാണ് അങ്ങനെ ഒരു വിളി.

“ഇന്ന് വൈകുന്നേരം ഒന്നിച്ചു പോകാം. എനിക്ക് വേണ്ടി കാത്തുനിൽക്കണം”
അവൾ യാന്ത്രികമായി തലയാട്ടി. അവളുടെ പരിഭ്രമം കണ്ട് അയാൾ വശ്യമായി ചിരിച്ചു.

“താനിന്ന് സുന്ദരിയാണ് കേട്ടോ, ശരിക്കും കൃഷ്ണന്റെ മീര”

അവളുടെ കണ്ണിൽ നോക്കി അങ്ങനെ പറഞ്ഞതിന് ശേഷം അയാൾ പെട്ടെന്ന് നടന്നുനീങ്ങി. അവൾ അമ്പരപ്പ് വിട്ടുമാറാതെ ഇരുന്നു. മാഷിൽ നിന്നും ഇത് കേൾക്കാനാണ് ഇത്രയും നേരം കാത്തിരുന്നത്. പക്ഷെ പ്രതീക്ഷിച്ചത് സംഭവിച്ചപ്പോൾ വല്ലാത്തൊരു പരിഭ്രമം. മാഷിന്റെ മുഖത്തു നോക്കാൻ നാണം.

“മീര ടീച്ചറേ, വരൂ… പൂക്കളത്തിനു മാർക്കിടാനായി “

ബിന്ദു ടീച്ചർ സ്റ്റാഫ്റൂമിന്റെ വാതിൽക്കൽ നിന്ന് വിളിച്ചു. ജഡ്ജിങ് പാനലിൽ താനും ഉണ്ടെന്ന് അവൾ അപ്പോഴാണ് ഓർത്തത്. തിടുക്കപ്പെട്ട് എഴുന്നേറ്റ്, ടീച്ചർക്കൊപ്പം ഓരോ ക്ലാസും കയറിയിറങ്ങി. എത്ര ഭംഗിയോടെയാണ് കുട്ടികൾ പൂക്കളങ്ങൾ തീർത്തത്. പ്രൈസ് നിർണയിക്കുക വിഷമമുള്ള ജോലിയായിരുന്നു. ആ തിരക്കിൽ അവളുടെ നാണം മാറി നിന്നു. തിരക്കുകളൊക്കെ കഴിഞ്ഞു ഓഡിറ്റോറിയത്തിലേക്ക് നടക്കുമ്പോഴാണ് അവൾ മാഷെ കുറിച്ചോർത്തത്. ഓടി മറഞ്ഞ നാണം പിന്നെയും അവളെ പുൽകി. മാഷിന് മുഖം കൊടുക്കാതെ ടീച്ചേഴ്സിനായി ഒരുക്കിയ മുന്നിലെ വരിയിൽ അറ്റത്തായുള്ള കസേരയിൽ ചെന്നിരുന്നു.

സ്വാഗത പ്രസംഗം ജയകൃഷ്ണൻ മാഷായിരുന്നു. അവൾ മുഖം ഉയർത്താതെ ആ ശബ്ദം മാത്രം കേട്ടിരുന്നു. നല്ല ഗാംഭീര്യമുള്ള ശബ്ദം. “മീരാ” എന്ന ആ വിളി, അതപ്പോഴും അവളുടെ കാതിൽ മുഴങ്ങുന്ന പോലെ തോന്നി. അതോർത്തപ്പോൾ ശരീരം മുഴുവൻ ഒരു മിന്നൽ സഞ്ചരിച്ച പോലെ. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. അസ്തമന സന്ധ്യയുടെ മനോഹാരിതയുണ്ടായിരുന്നു അപ്പോൾ ആ മുഖത്തിന്. സ്റ്റേജിൽ മിന്നി മറയുന്ന മുഖങ്ങളൊന്നും അവൾ കണ്ടില്ല. അവൾ മീരയുടെയും കൃഷ്ണന്റെയും ലോകത്തായിരുന്നു… ആർക്കുമറിയാത്ത അവരുടെ മാത്രം ലോകത്ത്. ബിന്ദു ടീച്ചർ തൊട്ടു വിളിച്ചപ്പോൾ ഒന്ന് ഞെട്ടി. ലഞ്ച്ബ്രേക്ക് ആണ്.

“ടീച്ചർ ഡാൻസിൽ മുഴുകി പോയിന്നു തോന്നുന്നല്ലോ, നല്ല ഡാൻസ് ആയിരുന്നു, എനിക്കും ഇഷ്ടപ്പെട്ടു” എഴുന്നേറ്റു നടക്കാൻ തുടങ്ങിയപ്പോൾ ബിന്ദു ടീച്ചർ പറഞ്ഞു.
പുറത്തേക്ക് നടക്കാനായി തിരിഞ്ഞപ്പോഴാണ് തന്നെ നോക്കി തന്റെ വശത്തെ ഭിത്തിയിൽ ചാരി നിൽക്കുന്ന ജയകൃഷ്ണൻ മാഷിനെ അവൾ കണ്ടത്. ആ നോട്ടം തന്റെ ഹൃദയത്തിലേക്കാണ് എന്ന് ഒരു നിമിഷം അവൾക്കു തോന്നി. ചൂഴ്ന്നിറങ്ങി തന്റെ മനസ്സിൽ ഒളിപ്പിച്ച പ്രണയം മുഴുവനും പിടിച്ചെടുക്കുന്ന നോട്ടം. മാഷിന്റെ കണ്ണുകളിലേക്ക് നോക്കാൻ പറ്റാതെ അവൾ മുഖം താഴ്ത്തി പെട്ടെന്ന് നടന്നു. പ്രണയിക്കുന്നവന്റെ മുന്നിൽ ഏതൊരു സ്ത്രീയും ദുർബലയാവും എന്നവൾക്കു തോന്നി .

ഉച്ചവെയിൽ മാഞ്ഞു തുടങ്ങി ഒപ്പം ആഘോഷങ്ങളുടെ അവസാനത്തിലേക്ക് പരിപാടികളും. ഹൃദയം വല്ലാതെ മിടിക്കുന്നു. കാത്തുനിൽക്കണം എന്ന് മാഷ് പറഞ്ഞത് എന്തിനാവും? അവൾക്കു നാവ് വരണ്ടു തുടങ്ങി.

“എല്ലാവർക്കും ഒരിക്കൽ കൂടി ഓണാശംസകൾ” എന്ന പ്രിൻസിപ്പാളിന്റെ വാക്കുകൾ അവളുടെ ഹൃദയമിടിപ്പിന് ആക്കം കൂട്ടി . എല്ലാവരും എഴുന്നേറ്റു . ബിന്ദു ടീച്ചർ അവളെ ഒന്ന് നോക്കി പോകാം എന്ന അർത്ഥത്തിൽ. അവളുടെ മുഖത്ത് പരിഭ്രമം പ്രകടമായിരുന്നു.

“എന്ത് പറ്റി? രാവിലെ മുതൽ ടീച്ചർക്ക് എന്തോ ടെൻഷൻ ഉള്ളത് പോലെ?”

“ഒന്നുമില്ല, ടീച്ചർ ഒരു സുഖമില്ലായ്മ പോലെ, അതാണ്” അവൾ പരിഭ്രമം നിയന്ത്രിച്ചു പറഞ്ഞു. എന്നിട്ട് ടീച്ചർക്കൊപ്പം സ്റ്റാഫ്റൂമിലേക്ക് നടന്നു. സ്റ്റാഫ്റൂമിൽ എല്ലാവരും വീട്ടിലേക്കെത്താനുള്ള തിരക്കിൽ ബാഗ് അടുക്കുന്നു.

“അപ്പോൾ ഓണാശംസകൾ, ഇനി അവധി കഴിഞ്ഞു കാണാം “

എല്ലാവരോടുമായി പറഞ്ഞു ബിന്ദു ടീച്ചർ ആദ്യം ഇറങ്ങി. പിന്നെ ഓരോരുത്തരായി പോയി. പരീക്ഷ പേപ്പറുകൾ അടുക്കിയെടുക്കുന്ന ഭാവത്തിൽ അവൾ സമയം കളഞ്ഞു. ഇടംകണ്ണിലൂടെ ജയകൃഷ്ണൻ മാഷിന്റെ സീറ്റിൽ നോക്കി. ആൾ എന്തൊക്കെയോ തിരക്ക് പിടിച് അടുക്കിവയ്ക്കുന്നു.

“മാഷ് ഇറങ്ങുന്നില്ലേ? ഉണ്ണി മാഷിന്റെ ചോദ്യം.

“ഞാൻ വൈകും , കുറച്ചു കാര്യങ്ങൾ ബാക്കി ഉണ്ട്, മാഷ് നടന്നോളൂ “

ഉണ്ണി മാഷ് യാത്ര പറഞ്ഞിറങ്ങി. സ്റ്റാഫ് റൂമിൽ അവർ രണ്ടുപേരും മാത്രമായി.

മീരാ.. ആ വിളിയിൽ അവൾ വീണ്ടും ദുർബലയായി. കണ്ണുകൾ ഉയർത്തി നോക്കാൻ ത്രാണിയില്ലാതെ അവളിരുന്നു.

“ഇത് ഞാൻ മീരക്കായി വാങ്ങിയതാണ്, ഒരോണക്കോടി, ബാഗിൽ വച്ചോളു”.
ഒന്നും പറയാതെ മുഖമുയർത്താതെ അവൾ മാഷ് നീട്ടിയ കവർ വാങ്ങി ബാഗിൽ വച്ചു.

“വരൂ പോകാം ” എന്ന മാഷിന്റെ വിളിക്കൊപ്പം അവൾ ബാഗുമായി എഴുന്നേറ്റു. മാഷിനൊപ്പം നടന്നു. സ്റ്റാഫ്റൂമിൽ നിന്നിറങ്ങിയതും പെട്ടെന്ന് മഴ കോരിച്ചൊരിഞ്ഞു. അവളുടെ മനസ്സിലെ ചിന്തകൾ പോലെ. മഴ ചാറ്റൽ ഏറ്റ് സ്കൂൾ വരാന്തയിൽ അവർ ഒന്നിച്ചു നിന്നു.

ഭൂമിയെ വേദനിപ്പിക്കാനെന്നവണ്ണം ഓരോ മഴത്തുള്ളിയും ശക്തിയായി പതിച്ചു കൊണ്ടേ ഇരുന്നു. മഴ മാറുന്ന ലക്ഷണമില്ല. “ഇതെന്തേ ഓണത്തിന് ഇങ്ങനെ ഒരു മഴ ” മൗനം മുറിച്ചു കൊണ്ട് മാഷ് പറഞ്ഞു.

“മീരയുടെ കയ്യിൽ കുടയുണ്ടോ? എങ്കിൽ നമ്മുക്ക് നടക്കാം “

“ഉവ്വ്, എന്റെ കയ്യിൽ കുടയുണ്ട്. “

അവൾ ബാഗിൽ നിന്നും കുടയെടുത്ത് മാഷിന്റെ നേരെ നീട്ടി. കുടതുറന്ന് മഴയത്തേക്ക് ഇറങ്ങിയ മാഷ് വരാന്തയിൽ മടിച്ചു നിന്ന അവളെ നോക്കി സ്നേഹപൂർവ്വം വിളിച്ചു “മീര വരൂ”. അനുസരണയുള്ള കുട്ടിയെ പോലെ അവൾ ആ കുടയിൽ കയറി.

ബസ്റ്റോപ്പിൽ എത്തിയപ്പോഴേക്കും അവർ വല്ലാതെ നനഞ്ഞിരുന്നു. മീര തന്റെ സാരി തുമ്പിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞു പുതച്ചു പിടിച്ചു. മഴ വീശി അടിക്കുന്നതിനാൽ ബസ്റ്റോപ്പിലും ഒരു കുടയിൽ അവർ നിന്നു. ആരുമില്ലാത്ത ആ ബസ്റ്റോപ്പിൽ മഴയിൽ കുതിർന്നു അവർ മാത്രം. മഴയ്ക്ക് വീണ്ടും ശക്തികൂടി.

മഴ നനയാതിരിക്കാൻ മാഷ് അവളോട് ചേർന്നു നിന്ന് കുടചെരിച്ചു പിടിച്ചു. മീരയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി, മുഖമുയർത്തിയാൽ മാഷിന്റെ ശ്വാസം തന്റെ മുഖത്ത് തട്ടുമെന്ന് അവൾക്കു തോന്നി. ആ മഴയിലും അവളുടെ ചുണ്ടിനു മുകളിൽ വിയർപ്പു പൊടിഞ്ഞു.

“മീരാ….” അവൾ മുഖമുയർത്തി അയാളുടെ കണ്ണുകളിൽ നോക്കി. അതിൽ അവളോടുള്ള പ്രണയം കടൽ പോലെ ഇളകി മറിഞ്ഞു. അവളുടെ നെറ്റിയിൽ നിന്നും ഒരു മഴതുള്ളി പതുക്കെ ഒഴുകി അവളുടെ ചുണ്ടിൽ വന്നു നിന്നു. അയാളുടെ നോട്ടം ആ മഴത്തുള്ളിയെ പിന്തുടർന്ന് അവളുടെ ചുണ്ടിൽ വന്നു നിന്നു. ചുണ്ടുകൾക്ക് വിടകൊടുത്ത് ഒരു നോട്ടം കൊണ്ടയാൾ ആ മഴത്തുള്ളിയെ അവളുടെ ചുണ്ടിൽ നിന്നും ചുംബിച്ചെടുത്തു. ഓരോ നോട്ടത്തിലും അവർ പരസ്പരം ചുംബിച്ചു. മനസ്സുകൾ ഇറുകെ പുണർന്നു. രണ്ട് ശരീരങ്ങളായി അവർ ഒരു കുടയിൽ നിന്നെങ്കിലും മനസ്സ് കൊണ്ടവർ ഒന്നായി തീരുകയായിരുന്നു.

“ഞാൻ നാട്ടിലേക്കാണ് മീരാ, എന്റെ അമ്മയുമായി ഞാൻ തിരിച്ചുവരും, തന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ, താൻ കാത്തിരിക്കണം” അവളുടെ കണ്ണിൽ നോക്കി അയാൾ പറഞ്ഞു…അവളുടെ കണ്ണിൽ ഒരായിരം സൂര്യന്മാർ ഒന്നിച്ചുദിച്ചുയർന്നു.

“തന്നെ താനറിയാതെ ഞാൻ അത്രമേൽ സ്നേഹിച്ചു പോയി മീരാ.”
അയാൾ ആദ്യമായി അവളോട് മനസ്സ് തുറന്നു. ചുറ്റും പെയ്തിറങ്ങുന്ന മഴത്തുള്ളികൾ അതിനു സാക്ഷികളായി. അവളുടെ മൗനം അയാൾക്കൊരായിരം സമ്മതമോതി. മഴയിലൂടെ രണ്ടുദിശകളിൽ നിന്നും രണ്ടു ബസുകൾ എത്തി. കോരിച്ചൊരിയുന്ന മഴയിൽ അന്നവർ ആദ്യമായി രണ്ടു ദിശയിലേക്ക് സഞ്ചരിച്ചു, എന്നും ഒന്നായി ജീവിക്കാൻ.

ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ അവൾ ബാഗ് നെഞ്ചോടു ചേർത്തുപിടിച്ചു. മാഷ് ആദ്യമായി തന്ന ഓണക്കോടി. അവളുടെ ഹൃദയം ആ സമ്മാനം കാണാൻ കൊതിച്ചു. അവളുടെ കൊലുസിട്ട കാലുകൾ വേഗത്തിൽ നടന്നു വീട്ടിലെത്താനുള്ള ആവേശത്തിൽ.

ആകെ നനഞ്ഞു കുതിർന്നു വീട്ടിലെത്തിയ അവൾ പെട്ടെന്ന് റൂമിൽ കയറി കതകടച്ചു. മിടിക്കുന്ന ഹൃദയത്തോടെ ബാഗിൽ നിന്നും കവർ പുറത്തെടുത്തു തുറന്നു. കൃഷ്ണന്റെ മ്യൂറൽ പെയിന്റിംഗ് ഉള്ള ഒരു സെറ്റ് സാരി. സാരി തുറന്നപ്പോൾ അതിൽ വടിവൊത്ത കൈക്ഷരത്തിൽ ഒരു കുറിപ്പ് “എന്റെ മീരയ്ക്ക് “
അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി.

“ഇത്രമേൽ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല മാഷേ …എന്റെ ജീവനാണ് ” അവൾ ആ സാരി നെഞ്ചോട് ചേർത്തു.

ഓണം പതിവിലും ആഘോഷമായിരുന്നു അവൾക്ക്. ഒരോണത്തുമ്പിയെ പോലെ സുന്ദരിയായിരുന്നു അന്നവൾ. ഓണസദ്യ കഴിച്ച്, കയ്യിൽ അമ്മ ഉണ്ടാക്കിയ അവൾക്കേറ്റവും ഇഷ്ടപ്പെട്ട പാല്പായസവുമായി ടീവി കണ്ടിരിക്കുമ്പോഴാണ് ടൗണിൽ പോയ അച്ഛൻ തിരിച്ചെത്തിയത്. അവൾ അച്ഛനെ നോക്കി മനോഹരമായി ചിരിച്ചു. അച്ഛന്റെ മുഖത്ത് എന്തോ ഭാവമാറ്റം. അവളുടെ ചിരിക്കു മറുപടിയായി അച്ഛൻ ചോദിച്ചു

“നിനക്കറിയുമോ ഒരു ജയകൃഷ്ണൻ മാഷിനെ? “
അവൾ ഒന്ന് പകച്ചു.

“അറിയാം, പുതിയതായി സ്കൂളിൽ ജോയിൻ ചെയ്ത മലയാളം മാഷ് ആണ്. എന്തേ അച്ഛാ ?”

“ആ മാഷ് ഇന്നലെ വൈകുന്നേരം മരിച്ചു. മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനു വച്ചിട്ട് അയാളുടെ നാട്ടിൽ കൊണ്ട് പോവും എന്നാണറിഞ്ഞത്. നീ പോകുന്നുണ്ടെങ്കിൽ പോയിട്ട് വാ “

അവൾ പിന്നൊന്നും കേട്ടില്ല. കൈയിലിരുന്ന പാൽപായസം നിലത്തുവീണ് ചിതറി. ഒരു ശില്പം പോലെ അവൾ ആ സോഫയിൽ നിശ്ചലമായിരുന്നു. അച്ഛനും അമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അവൾ ഒന്നും കേട്ടില്ല. ബോധം വരുമ്പോൾ ഹോസ്പിറ്റൽ കട്ടിലിൽ ആയിരുന്നു.

“ഒട്ടും പ്രദീക്ഷിക്കാത്ത ഒരു വാർത്ത കേട്ടതിന്റെ ഷോക്ക്. അത്രയേ ഉള്ളൂ… കൂടെ ജോലിചെയ്തൊരാൾ അല്ലേ, പേടിക്കണ്ട”

ഡോക്ടർ അച്ഛനെയും അമ്മയെയും സമാധാനിപ്പിച്ചു. അവൾ പിന്നെ ആരോടും ഒന്നും മിണ്ടിയില്ല. തിരികെ വീട്ടിലെത്തിയ നിമിഷം മുതൽ ജയകൃഷ്ണൻ മാഷ് കൊടുത്ത ഓണക്കോടിയും കെട്ടിപിടിച്ചവൾ ഇരുന്നു. ഒന്നും മിണ്ടാതെ ദിവസങ്ങളോളം.

പിന്നെ പെട്ടെന്നൊരു ദിവസം അവൾ സംസാരിച്ചു തുടങ്ങി, അവളുടെ മാഷിനോട്. അമ്പലത്തിൽ, സ്കൂളിൽ, ബസ്റ്റോപ്പിൽ അങ്ങനെ അവർ ഒന്നിച്ചു സഞ്ചരിച്ച എല്ലാ വഴികളിലും അവൾ വീണ്ടും അവളുടെ മാഷോടൊപ്പം സഞ്ചരിച്ചു, സംസാരിച്ചു. അവളിൽ അവളെക്കാൾ കൂടുതൽ നിറഞ്ഞുനിന്ന അവളുടെ മാഷിനെ ആരും കണ്ടില്ല. ലോകം അവളെ “ഭ്രാന്തി ” എന്ന് വിളിച്ചു. കയ്യിലെ ഓണക്കോടി പിടിച്ചെടുക്കാൻ ശ്രമിച്ച എല്ലാവരെയും അവൾ ഉപദ്രവിച്ചു. അതോടെ അവൾ ഭ്രാന്താശുപത്രിയിലെ ഇരുണ്ട സെല്ലിൽ അകപ്പെട്ടു.

അങ്ങനെ അവളും രാത്രി മഴയിലെ യുവതിയാം ഭ്രാന്തിയായി. ഓരോ മഴയിലും അവളുടെ ഭ്രാന്ത് കൂടി… ഓരോ മഴയിലും അവൾ അവളുടെ മാഷിനെ ഭ്രാന്തമായി പ്രണയിക്കുകയായിരുന്നു എന്നാരും അറിഞ്ഞില്ല.

ശക്തമായ ഒരു മിന്നൽ അവളുടെ ഓർമകളെ മുറിച്ചു. അവൾ വീണ്ടും സെല്ലിന്റെ ഇരുമ്പഴികളിൽ പിടിച്ചു പുറത്തേക്കു നോക്കി. ഓരോ മിന്നൽ പിണരും അവൾക്കു മുന്നിൽ പല്ലിളിച്ചു. എന്തൊക്കെയോ നശിപ്പിക്കാനെന്ന പോലെ ഒരു മിന്നൽ പാഞ്ഞടുത്തു, അതിഭയങ്കരമായ ഇടിനാദം. അവൾ ഒന്ന് ഞെട്ടി.

“തന്റെ മാഷിനെ സ്വന്തമാക്കിയ മിന്നൽ”

“ടൗണിൽ ബസ് ഇറങ്ങി നാട്ടിലേക്ക് പോവാനുള്ള ബസ് കാത്തുനില്കുമ്പോൾ മിന്നലേറ്റാണ് മരിച്ചത്” എന്ന് അച്ഛൻ പണ്ട് പറഞ്ഞത് അവളുടെ കാതിൽ മുഴങ്ങി.
മുന്നിൽ വന്നു മാഞ്ഞു പോകുന്ന മിന്നലിനെ നോക്കി അവൾ അലറി.

“കൊണ്ട് പോകൂ… എന്നെയും കൂടി “

ഇരുമ്പഴികളിൽ തലയടിച്ചു അവൾ അലറി കരഞ്ഞു. മിന്നൽ ശക്തമായി കൊണ്ടേ ഇരുന്നു ഒപ്പം അവളുടെ കരച്ചിലും. അതിശക്തമായ ഒരു മിന്നലും അവളുടെ അലർച്ചയും ഒന്ന് ചേർന്നു. ഇരുമ്പഴികളിൽ പിടിച്ചിരുന്ന അവൾ തെറിച്ചു വീണു.

പിന്നെ അവൾ കരഞ്ഞില്ല. ജയകൃഷ്ണൻ മാഷ് ആരാധനയോടെ നോക്കിയിരുന്ന ആ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു. അവളെ നേടിയത് കൊണ്ടാവാം മിന്നലും മഴയും ശമിച്ചു തുടങ്ങിയിരുന്നു അപ്പോൾ പുറത്ത്. അവളുടെ കരച്ചിൽ കേട്ട് ഉറങ്ങാൻ പറ്റാതിരുന്ന സെക്യൂരിറ്റിയും അതോടെ ഉറങ്ങി ആ കരച്ചിൽ നിലച്ചതറിയാതെ.

പിറ്റേന്നത്തെ പ്രഭാതം വളരെ മനോഹരമായിരുന്നു. മഴ പെയ്ത് നനഞ്ഞ ഭൂമി ഒരു പുഞ്ചിരിയോടെ സൂര്യനെ വരവേറ്റു. റൗണ്ട്സിനു വന്ന നേഴ്സ് ആണ് വിറങ്ങലിച്ചു നിലത്തുകിടക്കുന്ന മീരയുടെ കൊലുന്നനെയുള്ള ശരീരം ആദ്യം കണ്ടത്. അവൾ നെഞ്ചോട് ചേർത്ത് വച്ചിരുന്ന ആ ഓണക്കോടി അവളുടെ കൈകളെ കാത്ത് ആളൊഴിഞ്ഞ ഇരുമ്പുകട്ടിലിൽ കിടന്നിരുന്നു.

ചിതയിൽ വയ്ക്കാൻ കുളിപ്പിച്ചൊരുക്കിയ അവളുടെ ശരീരത്തിൽ അവളുടെ മനസ്സറിഞ്ഞ ആരോ അവൾ

ഹൃദയത്തോട് ചേർത്തുവച്ച ഓണക്കോടി ഉടുപ്പിച്ചു, അവൾക്കേറ്റവും ഇഷ്ടമുള്ള കറുത്തപൊട്ടും വച്ചു. അവളുടെ മാഷ് കൊടുത്ത പുടവ ചുറ്റി അവൾ ഒരുപിടി ചാരമായി. ചിത കത്തിയമരുന്നത് നോക്കിനിന്ന ഉണ്ണിമാഷിനു ടീച്ചറുടെ ഡ്രോയിൽ നിന്നും കിട്ടിയ ഡയറിയിൽ താൻ വായിച്ച വാക്കുകൾ ഓർമ വന്നു .

“ഈ ജന്മം സതിയായി മരിച്ച് അടുത്ത ജന്മം പാർവതിയായി പുനർജനിക്കും ഞാൻ. എന്തിനെന്നോ? ജന്മജന്മാന്തരങ്ങൾ നിന്റെ കൂടെ ജീവിക്കാൻ”.

പെട്ടെന്ന് മഴ ശക്തമായി പെയ്തു തുടങ്ങി. സഫലമാകാതെ പോയ ഒരു തീവ്രപ്രണയത്തിനു വേണ്ടി രണ്ടു കണ്ണുനീർത്തുള്ളി അർപ്പിച്ച് ഉണ്ണിമാഷ് തിരിഞ്ഞുനടന്നു. ജയകൃഷ്ണൻ മാഷും മീര ടീച്ചറും ഒരു വേദനയായി ആ മനസ്സിൽ ബാക്കി ആയി.

രമ്യ ഗോവിന്ദ്

ചിത്രീകരണം: സംഗീത് ബാലചന്ദ്രൻ

Leave a Reply

Your email address will not be published.

error: Content is protected !!