നിശ്ചലത

എന്റെ കുന്നുകളെ നീ നിരപ്പാക്കുന്നു.. താഴ്‌വരകളെ ഉയർത്തുന്നു.. പരുപരുത്തവയെ മൃദുവാക്കുന്നു..

നിന്റെ സിരകളിലൂടെ ഞാന്‍ ഒഴുക്കി ഇറക്കുന്ന രക്തം എത്ര മാലിന്യം കലര്‍ന്നതാണ്. അത് നിന്റെ ഹൃദയപരവതാനിയിൽ ചീളുപോലെ വീണു ചിതറിയാലും നിനക്കെന്നോട് പരിഭവമില്ല..

നിന്റെ ഹൃദയഭിത്തികളിൽ ഊറിയിറങ്ങുന്ന എന്റെ നിണവേരുകൾ, മാലിന്യമുക്തിനേടി എന്നിലേയ്ക്ക് തിരികെ പ്രവേശിക്കുന്നു. എത്ര വേഗതയാണ് ആ ഒഴുക്കിന്..

എന്റെ മാലിന്യം കടയുന്ന ശില.. ശിവം.!

ഞാൻ കൈ മലർക്കെത്തുറക്കുമ്പോൾ എന്നിൽ നിന്നു മറച്ചു പിടിച്ച നിന്റെ മിഴികളെ നീ നീർത്തടത്തിലേയ്ക്ക്‌ നയിക്കുന്നു. ഏകാകിയായ എന്റെ നിഴൽപ്പാടുകളിലെ വെളിച്ചക്കീറുകൾ എത്ര ഭംഗിയോടെ നീ പെറുക്കി അടുക്കുന്നു..

ഇന്നലെ കടന്നുപോയ കിഴക്കൻ കാറ്റിൽ ഞാൻ ഉലഞ്ഞപ്പോൾ, തൂങ്ങിനിന്ന അവസാനതുള്ളിയും അറിയാതെ കുടഞ്ഞുകളഞ്ഞു ഒറ്റമരമായിപ്പോയ എന്നിൽ, സ്നേഹശീതളത്തിന്റെ കമ്പളം പുതപ്പിക്കുവാൻ നീ മറന്നില്ല..

മൗനമേ.. നീ എന്നെ ലാവണ്യമുള്ളതാക്കുന്നു..
ശ്രദ്ധയേ… നീ എന്നെ വിമലമാക്കുന്നു..
വെളിച്ചമേ.. നീ എന്നെ തെളിച്ചമുള്ളതാക്കുന്നു..
സഖേ.. നീയെന്നെ സഖ്യതയുള്ളതാക്കുന്നു..
സൗഹൃദമേ.. നീ എന്നെ ഹൃദയമുള്ളതാക്കുന്നു..
പ്രണയമേ.. നീ എന്നെ പ്രാണനുള്ളതാക്കുന്നു..
സ്നേഹമേ.. നീ എന്നെ നീയാക്കുന്നു..

ദാ.. നോക്ക്‌, ഒരു കോപ്പയിലെ ജലം കണക്കെ ഞാൻ നിശ്ചലമായി വരുന്നത്‌..!

റോബിൻ കുര്യൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!