വർത്തമാനം


തോറ്റുപോയ ജനതയ്ക്ക്
ശ്വാസം മുട്ടി

രാജാവ് ഉച്ചത്തിൽ ഗീത വായിച്ചു
ധർമ്മാധർമ്മങ്ങളുടെ പോരിലും
കർമ്മയോഗത്തിന്റെ പെരുമയിലും
പുളകം കൊണ്ടു

തെരുവിൽ രാമാനന്ദ് സാഗറിന്റെ
രാമനും രാവണനും പോരടിച്ചു

ദൂരദർശൻ പതിവുപോലെ
‘മിലെ സുർ മേരാ തുമാരാ’
ഈണത്തിൽ പാടി

അമ്മയ്ക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ
മകനെ നോക്കി കണ്ണുരുട്ടി അമാത്യൻ
ആത്മനിർഭരനാകാൻ പറഞ്ഞു

ഉയർന്നുപൊങ്ങിയ പട്ടേൽ പ്രതിമയ്ക്കു
മുകളിലിരുന്ന് ബലിക്കാക്ക ചോറുണ്ടു

തലപ്പാവ് മാറുന്നതിന്റെ
തിരക്കിലായിരുന്നു ചക്രവർത്തി

വായിക്കാൻ വീണയ്ക്കുപകരം
കൊട്ടാനൊരു ചെണ്ട വാങ്ങി

ഗീ…. കാം……
ണ ക ത ര കാം
ധി രി കി ട ത ക ത ര കാം
ണ ക ത ര കാം

മേളം കൊഴുത്തു
ശ്മശാനത്തിൽ ചുടലമാടന്റെ താണ്ഡവം
കലികപാലികളുടെ വിറകൊള്ളൽ

പഞ്ചനക്ഷത്രഹോട്ടലിൽ
മരുന്നു കച്ചവടം പൊടിപൊടിച്ചു
വിലപേശൽ വാനോളമുയർന്നു

സരയൂതീരത്ത് ഉയർന്നുപൊങ്ങുന്ന
കെട്ടിടത്തിൽ രാമന്റെ ദുഃഖം പതിഞ്ഞു

ആദികവി ഉച്ചത്തിൽ നിലവിളിച്ചു

മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ

കുഴിച്ചെടുക്കാൻ പോകുന്ന
മൊന്തയും കിണ്ടിയും ചിതലരിച്ച
സ്മൃതികളും പൊടിതൂക്കാൻ
തിരക്കുകൂട്ടിയ കാര്യക്കാർ
അതുകേട്ടില്ല

നെഞ്ചുതളച്ച വെടിയുണ്ടയുമായി
ഒരു പടുവൃദ്ധൻ മാത്രം മൗനം പൂണ്ടു

അനീഷ് തകടിയിൽ

error: Content is protected !!