മരുതമ്മാൾ പാട്ടി

വീട്ടാക്കടം പോലെ ഒരു മസാലദോശ ചില നേരത്ത് അപ്പുവിന്റെ മനസ്സിനെ അലോസരപ്പെടുത്താറുണ്ട്. കുറച്ചു പഴയ കഥയാണ്. അയാളന്ന് തമിഴ് നാട്ടിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ്. കൂടെ ഒരു കുടുംബസംരംഭത്തിന്റെ ചുക്കാൻ പിടിക്കുക എന്ന ദൌത്യവുമുണ്ട്. താമസസൌകര്യം പരിമിതമായ ഒരുൾനാടൻ ഗ്രാമത്തിലാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത് എന്നതിനാൽ ഹോസ്റ്റലിൽ താമസിക്കാനാവില്ല. കമ്പനിയ്ക്കടുത്ത് എവിടെയെങ്കിലും താമസിച്ച് കോളേജിലും പോകുകയേ തരമുള്ളൂ. കൃഷിവകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥൻ സുഹൃത്തായുണ്ട്. വളരെ സീനിയറാണെങ്കിലും അപ്പുവിനോട് അതിയായ വാത്സല്യമാണ്. താമസസൌകര്യം ശരിയാക്കുന്ന കാര്യം അദ്ദേഹമേറ്റു. അപ്പു അറിഞ്ഞിരുന്നില്ല അത് അദ്ദേഹത്തിന്റെ അമ്മയ്കൊപ്പമായിരിക്കുമെന്ന്.
“ഞാനൊരു സ്ഥലം ശരിയാക്കാം. സൌകര്യങ്ങൾ പരിമിതമാണ്. അഡ്ജസ്റ്റ് ചെയ്യാമെങ്കിൽ ഇന്നു തന്നെ താമസം മാറാം. പിന്നെ മാസവാടക 300 രൂപ കൃത്യമായി കൊടുത്തേയ്ക്കണം. വീട്ടുടമ അൽപ്പം സ്ട്രിക്ടാ”.
ഏതസൌകര്യവും നേരിടാൻ സജ്ജമായിക്കൊണ്ടു തന്നെ അപ്പു പുതിയ സ്ഥലത്തെത്തി.
തലനരച്ച, കൂനിക്കൂടി നടക്കുന്നൊരു പാട്ടി. പരിചയപ്പെടുമ്പോഴുള്ള അപ്പുവിന്റെ ചിരി മടക്കിക്കിട്ടിയില്ലെന്നു മാത്രമല്ല വീടിന്റെ അവസ്ഥ കണ്ടപ്പോൾ താമസ സൌകര്യം കിട്ടിയപ്പോഴുള്ള സമാധാനം കൂടെ മനസ്സിന്റെ് പടിയിറക്കത്തിലായിരുന്നു. ഒറ്റമുറിയും തളവും കുളിമുറി കൂടിച്ചേർന്ന അടുക്കളയും ആദ്യമയാളിൽ അമ്പരപ്പുണ്ടാക്കിയെങ്കിലും ക്രമേണയത് കൌതുകത്തിലേക്ക് വഴിമാറി. അവ്വയാറിനെപ്പോലെ ഒറ്റമുണ്ടുടുത്ത് വേറൊരു കച്ചകൊണ്ട് മേലുമറച്ച പാട്ടി അല്പമല്ല നല്ല പരുക്കൻ മട്ടുകാരിയായിരുന്നു. കൊടും തമിഴിൽ കിട്ടിയ നിർദ്ദേശങ്ങളിൽ പലതും മനസ്സിലായില്ലെങ്കിലും എല്ലാത്തിനുമയാൾ തലയാട്ടി. ആകെയുള്ള മുറി അപ്പുവിന്റെ പ്ലാസ്റ്റിക്ക് കട്ടിലിനു കൊടുത്ത് തളത്തിൽ പാട്ടി പുൽപ്പായ വിരിച്ചപ്പോഴാണ് അവർക്കാകെയുള്ള സ്വത്ത് ഈ വീടുമാത്രമാണെന്നറിഞ്ഞത്. ഇവിടെ താമസിക്കണം, ഇതുകൊണ്ടുതന്നെ ജീവിക്കുകയും വേണം.
അധികം സംസാരമൊന്നുമില്ലെങ്കിലും അപ്പുവിന്റെ കാര്യങ്ങൾ കണ്ടറിഞ്ഞു പാട്ടി ചെയ്തു. അതിരാവിലെ തുടങ്ങുന്ന അയാളുടെ പഠനത്തിനും ജോലിക്കും യാതൊരു തടസ്സവും വരാത്തവിധം ഭക്ഷണമൊരുക്കി നൽകി. അയാളുടെ എതിർപ്പു വകവയ്ക്കാതെ വസ്ത്രങ്ങൾ കഴുകി ഇസ്തിരിയിട്ടു. രാത്രി വൈകിയുള്ള വായനകൾക്ക് കടും കാപ്പിയുമായി കൂട്ടിരുന്നു. എങ്ങനെയൊക്കെയോ പാട്ടിയുമായൊരാത്മബന്ധം വളർന്നു. വീട്ടിലയാളുടെ അമ്മ ചെയ്യുന്ന പോലെ അപ്പുവിന്റെ കാര്യങ്ങൾ മുടക്കം കൂടാതെ പാട്ടി നടത്തി. ആദ്യകാലങ്ങളിൽ തോന്നിയിരുന്ന വീട്ടുടമസ്ഥ കൂടെ താമസിക്കുന്നതിലുള്ള അലോസരം ക്രമേണ അപ്പുവിനെ വിട്ടൊഴിഞ്ഞു. അയാൾ നൽകുന്ന വാടകയിൽ അവരുടെ രണ്ടാളുടേയും ഭക്ഷണകാര്യങ്ങളും പാട്ടിയുടെ മറ്റാവശ്യങ്ങളും നടന്നുപോകേണ്ടതുണ്ടെന്നു കണ്ടപ്പോൾ വീട്ടുസാധനങ്ങൾ അപ്പു നേരിട്ടുതന്നെ വാങ്ങാൻ തുടങ്ങി. വാടക വേറെ തന്നെ പാട്ടിയെ ഏൽപ്പിച്ചും പോന്നു. അതവർക്കൊരു ആശ്വാസമായി. പരുക്കൻ മട്ട് കുറേശ്ശെ അയഞ്ഞുതുടങ്ങി. അത്യാവശ്യം ചിരിക്കാനും അപ്പുവിനെ ‘കണ്ണാ’ എന്നു വിളിച്ച് സംസാരിക്കാനും തുടങ്ങി. അങ്ങനെയൊരു സന്ദർഭത്തിലാണ് ഭർത്താവിനേയും മക്കളേയും കുറിച്ചാരാഞ്ഞത്. ചില വ്യക്തമാകാത്ത ഫോട്ടോകൾ തളത്തിലെ ഭിത്തിയിൽ തൂങ്ങുന്നതു കണ്ടിരുന്നു. അതിനാൽ അവർക്കൊരു കുടുംബമുണ്ടായിരുന്നു, ഇപ്പോഴാണു തനിച്ചായത് എന്നൊരു നിഗമനത്തിലെത്തിയിരുന്നു.
“കണ്ണാ ഉന്നെ എങ്കിട്ടെ അനുപ്പിയവൻ എൻ കടശ്ശി കൊളന്തയെടാ. സന്ദേഹം വേണ്ടാ അവനുടെ സ്വന്തം അമ്മാവാകും ഞാൻ”.
സുഹൃത്തിനോടു പുച്ഛം തോന്നി. അയാൾ ജീവിക്കുന്ന സാഹചര്യങ്ങൾ നേരിട്ടറിയാമെന്നതുകൊണ്ടുതന്നെ. വയസ്സായ അമ്മയെ ഇത്തരമൊരു സാഹചര്യത്തിൽ അതും തനിച്ചാക്കി അയാൾ ജീവിക്കാൻ വിട്ടു. സുഹൃത്തിനോടുള്ള അമർഷം അയാൾ അടക്കി. പക്ഷേ പാട്ടി മക്കളെ ന്യായീകരിച്ചു. ‘അടുത്തുള്ള മൂത്തവനു തന്നെക്കൂടെ നോക്കാനുള്ള അവസ്ഥയില്ല. ഇളയവനാണെങ്കിൽ അങ്ങു ദൂരെയല്ലേ. അതുമാത്രമല്ല തനിക്ക് ഇവിടെ ഇങ്ങനെ ജീവിക്കുന്നതാണിഷ്ടം. ഇപ്പോ കണ്ണനെ എനിക്കു കൂട്ടിനു തന്നില്ലേ എന്റെ മോൻ’. പതിവിനു വിപരീതമായി പാട്ടി വാചാലയായി.
പാട്ടിയുടേയും അപ്പുവിന്റേയും ലോകം വികസിക്കുകയായിരുന്നു. ഒഴിവു സമയങ്ങൾ ആഡംബരമായിരുന്നിട്ടും എങ്ങനെയൊക്കെയോ സമയമുണ്ടാക്കി അപ്പു പാട്ടിയെ ഗ്രാമത്തിലെ ഏക സിനിമാ തിയേറ്ററായ ഗണേശാ ടാക്കീസ് എന്ന ഓലകൊട്ടകയിൽ സിനിമക്കു കൊണ്ടുപോയി. അല്പമകലെയുള്ള ചെറുപട്ടണത്തിലെ കഫേയിൽ പോയി പാട്ടിക്കിഷ്ടമുള്ള മസാലദോശ കഴിച്ചു. ആദ്യം വിമുഖത കാണിച്ചെങ്കിലും പാട്ടിയിതൊക്കെ ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിരുന്നു അപ്പു. കൂടാതെ അയാൾക്കൊപ്പം പുറത്തിറങ്ങുമ്പോഴുള്ള അവരുടെ സന്തോഷം, ഇടയ്കിടെ അപ്പുവിന്റെ കൈപിടിച്ച് അഭിമാനപൂർവ്വം ചുറ്റും നോക്കിക്കൊണ്ടുള്ള നടത്തം, തനിക്കും ആരൊക്കെയോ ഉണ്ടെന്നു പറയും പോലെ.
പുറത്തുകൊണ്ടുപോകാൻ തീരെ സമയമനുവദിക്കാത്ത സാഹചര്യങ്ങളിൽ പാട്ടിയ്ക്കുള്ള മസാലദോശ പാഴ്സലാക്കി വീട്ടിലെത്തിച്ചു. പിന്നെപ്പിന്നെ ആഴ്ചയിലൊരിക്കൽ പാവം അതു കാത്തിരിപ്പായി.
അങ്ങനെയിരിക്കെ വ്യാവസായിക രംഗത്തുണ്ടായൊരു അനിശ്ചിതകാല സമരം അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവുണ്ടാക്കുകയും കമ്പനി തന്നെ അടച്ചുപൂട്ടേണ്ട ഒരു സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുകയും ചെയ്തു. ഓരോന്നും ചോദിച്ചറിയുമ്പോൾ പാട്ടിയുടെ മുഖത്തുണ്ടായ വേവലാതി ഏക ആശ്രയവും നഷ്ടപ്പെടുമെന്നുള്ളതാണെന്ന് അപ്പുവിനു മനസ്സിലായി. അയാളിൽ നിന്നുള്ള വരുമാനത്തിനപ്പുറം കമ്പനി പൂട്ടി അപ്പു പോയാൽ താൻ വീണ്ടും ഒറ്റയ്കാവുമെന്ന ഭയം പാട്ടിയെ അലട്ടിയിരുന്നു. ‘ഞാൻ അങ്ങനെ വിട്ടിട്ടു പോകുകയൊന്നുമില്ല. ഇടയ്ക്കിടയ്ക്ക് വരാമല്ലോ.’ എന്ന അയാളുടെ വാക്കുകൾക്കൊന്നും പാട്ടിയെ സാന്ത്വനിപ്പിക്കാനായില്ല.
കമ്പനിയുടെ താഴ് എന്നെന്നേക്കുമായിട്ട്, ഹോസ്റ്റൽ മുറിയിലെ സൌകര്യങ്ങളിലേയ്ക്ക് അപ്പു മടങ്ങിയെങ്കിലും ഇടയ്ക്കിടെ പാട്ടിയെ കാണാനയാൾ എത്തിയിരുന്നു. അവരുടെ ഇഷ്ട മസാലദോശയുമായി. വന്നുകയറുമ്പോഴുള്ള സന്തോഷവും യാത്ര ചോദിക്കുമ്പോഴുള്ള അവരുടെ വിങ്ങലും പലപ്പോഴും അപ്പുവിലേക്കും പടർന്നിരുന്നു. ഒരുമിച്ച് അവർ കഴിഞ്ഞിരുന്ന നാളുകളെക്കുറിച്ച് വാചാലയാകുന്ന പാട്ടി അത്രമാത്രം വിലകൽപ്പിച്ചിരുന്നു അതിനെന്നോർത്ത് അയാൾ നെടുവീർപ്പിട്ടു.
വൈകാതെ പഠനം പൂർത്തിയാക്കി നാട്ടിലെത്തി ജോലിയിൽ പ്രവേശിക്കുമ്പോൾ പാട്ടിയുടെ കാര്യത്തിൽ അപ്പു ഒരു തീരുമാനത്തിലെത്തിയിരുന്നു. മാസാമാസം അവർക്ക് ജീവിക്കാനാവശ്യമായത് എത്തിയ്ക്കുക, കുറച്ചുകൂടി കഴിഞ്ഞാൽ മക്കൾ സമ്മതിക്കുകയാണെങ്കിൽ പാട്ടിയെ നാട്ടിലേയ്ക്കു കൊണ്ടുവരിക. തന്റെ അമ്മയ്ക്കും അവർക്കും അന്യോന്യമൊരു കൂട്ടാവും. പക്ഷേ, ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ ഉടനേയൊന്നുമൊരു മസാലദോശയുമായി പാട്ടിയെ കാണാൻ പോകാനായില്ല അയാള്ക്ക് ‌. പോകാൻ തീരുമാനിച്ചിരുന്ന വാരാന്ത്യത്തിനു രണ്ടുദിവസം മുൻപേ സുഹൃത്തിന്റെ ഫോൺ കോൾ തേടിയെത്തി. തന്റെ മസാലദോശയ്ക്കായി, കൈപിടിച്ചു നടക്കുമ്പോൾ അഭിമാനം കൊണ്ട് കണ്ണു നിറയ്ക്കാനായി ഇനി പാട്ടിയുണ്ടാവില്ലയെന്ന വിവരവുമായി.

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published.

error: Content is protected !!