“യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന പരശുറാം എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ഒന്നിലേക്ക് ഉടനെ എത്തിച്ചേരുന്നതാണ് “
“അഭീ വേഗം വാ! നല്ല തിരക്കുണ്ട്. സീറ്റ് കിട്ടില്ല ആദ്യം കയറിയില്ലെങ്കിൽ…. “
കൂടെയുള്ള അഭിരാമിയെ വിളിച്ചുകൊണ്ടു ഞാൻ ബാഗ് എടുത്തു.
എന്തൊരു ഭാരം! സ്റ്റഡി ലീവ് ആയത് കൊണ്ട് ബുക്ക്സ് എടുക്കാതെ പോകാനും വയ്യ. ബാഗ് എടുത്ത് തോളിൽ ഇട്ടതും ഒരു വശത്തേക്ക് ചെരിഞ്ഞു പോയി.
“ആഹാ നീ മോഹൻലാൽ ആയല്ലോ മീനാക്ഷി!”
ചെരിഞ്ഞുള്ള എന്റെ ആ നടപ്പ് കണ്ട് അഭി കളിയാക്കി.
പ്ലാറ്റ്ഫോമിന്റെ ഏറ്റവും അരികിൽ ബാഗ് വച്ചതിനു ശേഷം പേരറിയാവുന്നതും അറിയാത്തതുമായ എല്ലാ ദൈവങ്ങളോടും ഒരു സീറ്റ് തരമാക്കി തരണേ എന്ന് പ്രാർത്ഥിച്ചു.ഒരു ഹിന്ദുവായതിൽ സന്തോഷം തോന്നുന്നത് പ്രാർത്ഥിക്കുമ്പോഴാണ്. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഒരേ ഒരു മതം!ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ പ്രാർത്ഥന കേൾക്കാതിരിക്കില്ല!
ആരോ എന്നോ പറഞ്ഞിട്ടുണ്ട് ഏറ്റവും ആത്മാർത്ഥമായി ആൾക്കാർ പ്രാർത്ഥിക്കാറുള്ളത് ഹോസ്പിറ്റലിലും കോടതിയിലും ആണെന്ന്! റെയിൽവേസ്റ്റേഷനും ആ കൂടെ കൂട്ടാൻ പറയണം. സീറ്റ് കിട്ടാൻ വേണ്ടിയുള്ള എല്ലാം പ്രാർത്ഥനകളും ആത്മാർത്ഥത ഉള്ളത് തന്നെ ആണ്.
ട്രെയിനിന്റെ ചൂളം വിളി കേട്ടുതുടങ്ങി.
ഒരു രാജാവിന്റെ തലയെടുപ്പോടെ….ദാ വരുന്നൂപരശുറാം!
വീണ്ടും കണ്ണടച്ചു പ്രാർത്ഥിച്ചു തുടങ്ങി.
” ദൈവങ്ങളെ ചാടികേറാൻ പാകത്തിന് ഡോർ എന്റെ മുന്നിൽ തന്നെ കൊണ്ട് നിർത്തണേ “
ചുറ്റും നിൽക്കുന്ന മനുഷ്യരുടെ എല്ലാം കണ്ണുകൾ ഡോറിൽ മാത്രം. ട്രെയിൻ വേഗത കുറച്ചു തുടങ്ങി. ലേഡീസ് കമ്പാർട്മെന്റിൽ കയറാനാണ് ശ്രമം.
പ്രാർത്ഥന വെറുതെ ആയില്ല. ചാടികേറാൻ പാകത്തിന് ഡോർ ഇതാ മുന്നിൽ!
“അഭി വേഗം കയറൂ”
എന്ന് പറഞ്ഞ് ബാഗ് എടുക്കാൻ കുനിഞ്ഞതും ആരോ തട്ടി മാറ്റി മുന്നിൽ കേറി. ബാഗ് എടുത്ത് നിവർന്നതും പുറകിൽ നിന്ന് വന്ന ഒരു തള്ളലിൽ ട്രെയിനിനകത്തുമായി. കണ്ണുകൾക്ക് കാഴ്ചശക്തി ഏറ്റവും വർദ്ധിക്കുന്ന ഒരു സമയം. ഒളിഞ്ഞിരിക്കുന്ന സീറ്റുകൾ കണ്ടെത്തുക എന്നതാണ് ഇനിയുള്ള ജോലി.
ദേ ഒരു വിൻഡോ സീറ്റ്! ഹൃദയമിടിപ്പ് കൂടുന്നു. ആരെങ്കിലും സ്വന്തമാക്കുന്നതിന് മുൻപ് അവിടെ എത്തണം.
പുറകിൽ വന്ന് തള്ളിയ ഒരമ്മച്ചിയെ ബാഗ് കൊണ്ട് തടുത്ത് ഒരഭ്യാസിയെ പോലെ സീറ്റിലേക്ക് ചാടി വീണു. ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജേതാവിനെ പോലെ സീറ്റിൽ ഒന്നമർന്നിരുന്ന് ബാഗ് എടുത്ത് തൊട്ടടുത്ത് വച്ച് അഭിക്കുകൂടെ സീറ്റ് പിടിച്ചു. ബാഗിനപ്പുറത്തു വന്നിരുന്ന് ആ അമ്മച്ചി ഒന്നു രൂക്ഷമായി നോക്കി.
അഭിയെ കാണാനില്ല.അവൾ എപ്പോഴും ഒരു തണുപ്പൻ മട്ടാണ്.
” ഡാ അനക്ക് ഇന്നും വിൻഡോ സീറ്റ് കിട്ടിയാ? “
അഭി ആശ്ചര്യപ്പെട്ട് അടുത്ത് വന്നിരുന്നു. അവളുടെ കണ്ണൂർ ഭാഷ കേൾക്കാൻ നല്ല രസമാണ്. ക്ലാസ്സിലെ എല്ലാവർക്കും അവളെ അനുകരിക്കുന്നത് ഒരു നേരമ്പോക്കാണ്.കളിയാക്കലുകൾ കേട്ട് അവൾ വെറുതെ ചിരിച്ചുകൊണ്ടിരിക്കും. ഒരു പരാതിയും പറയാതെ…
ആ അമ്മച്ചി വീണ്ടും ഞങ്ങളെ ഒന്ന് രൂക്ഷമായി നോക്കി. ഇത്തവണ മനോഹരമായി ഒന്ന് ചിരിച്ച് അമ്മച്ചിയെ നോക്കി.സീറ്റ് കിട്ടുന്നവരെയുള്ളൂ പരാക്രമങ്ങളെല്ലാം.
ബാഗ് എടുത്ത് മുകളിലത്തെ ബർത്തിൽ വച്ചു. അഭി ഉറക്കം തുടങ്ങി. അവളങ്ങനെയാണ്, ട്രെയിനിൽ കയറിയാൽ ഉടനെ ഉറക്കം തുടങ്ങും. പുറം കാഴ്ചകൾ വെറുതെ കണ്ടിരുന്നു.
ട്രെയിനിന്റെ വിൻഡോ സീറ്റിൽ ഇരുന്ന് കാണുന്ന പുറം കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗി ഉണ്ട്. ഭൂമിക്ക് പച്ച പട്ടുടുപ്പിക്കുന്ന പാടങ്ങൾ. വയൽക്കരയിൽ നിരന്നു നിന്ന് പച്ച പുല്ല് തിന്നുന്ന ഒരുപാട് പശുക്കൾ…പശുക്കളെ ഇക്കിളി കൂട്ടി പറന്നു പോകുന്ന കൊക്കുകൾ. പാടവരമ്പത്തു കൂടെ ഉറുമ്പുകളെ പോലെ വരിവരിയായി നടന്നു നീങ്ങുന്ന മനുഷ്യർ. കേരളത്തിലൂടെ ട്രെയിൻ യാത്ര ചെയുമ്പോൾ സ്ഥിരമായി കാണുന്ന ഒരു കാഴ്ച്ച. പക്ഷെ എത്ര കണ്ടാലും മതി വരില്ല ഈ കാഴ്ച്ച…ദൈവത്തിന്റെ സ്വന്തം നാട് എന്ന് ആരും അറിയാതെ പറഞ്ഞു പോവും.
“ചായ ചായ ചായ”
നിർത്താതെ പറഞ്ഞു പോകുന്ന ചായക്കാരൻ.
“ചേട്ടാ ഒരു ചായ “
രാവിലെ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയതാണ്. ഒരു ചായകുടിച്ചില്ലെങ്കിൽ കണ്ണൂർഎത്തുമ്പോഴേക്കും തലവേദന തുടങ്ങും. ഒരു ചായവാങ്ങി അഭിയെ നോക്കി. അവൾ ബോധം കെട്ടുറങ്ങുകയാണ്.
ട്രെയിൻ വീണ്ടും വേഗം കുറച്ചു. “പിറവം റോഡ് സ്റ്റേഷൻ ആണ്”
മുന്നിൽ ഇരുന്ന ചേച്ചിമാരും, ആ അമ്മച്ചിയും ഇറങ്ങാനായി എഴുന്നേറ്റു.
ആഹാ! കോട്ടയം മുതൽ ഇവിടെ വരെ വിൻഡോ സീറ്റ് കിട്ടാത്തതിനാണ് അമ്മച്ചി മുഖം കറുപ്പിച്ചത്.
“ഡാ….അഭി….വിൻഡോ സീറ്റ്… നിനക്ക് വേണമെങ്കിൽ അപ്പുറത്തിരിക്ക് “
പകുതി ഉറക്കത്തിൽ അഭി അപ്പുറത്തെ വിൻഡോ സീറ്റിൽ ചാടിയിരുന്നു. കണ്ണ് മിഴിച്ച് ഒന്ന് ചുറ്റും നോക്കി വീണ്ടും ഉറക്കം തുടങ്ങി അവൾ.
അഭിയുടെ പരിപാടികൾ കണ്ടാസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് മനോഹരമായി ചിരിച്ച് കൊണ്ട് ഒരു സിസ്റ്റർ വരുന്നത് കണ്ടത്. കൂടെ കണ്ണട വച്ച ഒരു ഗൗരവകാരി യുവതിയും ഉണ്ടായിരുന്നു. ആ ഗൗരവകാരി അഭിയുടെ അടുത്തും സിസ്റ്റർ അതിനപ്പുറത്തായും ഇരുന്നു. സിസ്റ്ററുടെ മുഖത്ത് അപ്പോഴും ആ മനോഹരമായ ചിരി ഉണ്ടായിരുന്നു.
“എന്താ മോളുടെ പേര്? മോളെങ്ങോട്ടാ?”
ഒരു അപരിചിതത്വവും ഇല്ലാതെ സിസ്റ്റർ ചോദിച്ചു.
“പേര് മീനാക്ഷി, കണ്ണൂരെക്കാണ് “
“എവിടുന്നാ കയറിയത്? പഠിക്കുവാണോ?”
അപരിചിതരോട് കൂടുതൽ സംസാരിക്കരുത് എന്ന വാശി സിസ്റ്ററുടെ അടുത്ത് നടക്കും എന്ന് തോന്നുന്നില്ല!
“ഞാൻ MSc.ക്ക് കോട്ടയത്ത് പഠിക്കുവാണ് സിസ്റ്റർ. “
“ഏത് കോളേജിലാ മോളെ?”
“മാന്നാനം KE കോളേജ്”
സിസ്റ്ററുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
“എന്റെ ഒരു കസിൻ അവിടെ പഠിപ്പിക്കുന്നുണ്ട് ‘ജെസ്സി ‘ ഫിസിക്സ് ആണ് വിഷയം”
“അറിയാം… എന്റെ ടീച്ചർ ആണ്”
സംസാരം പിന്നെയും തുടർന്നു. എന്റെ വീടും നാടും എല്ലാം ചോദിച്ചു മനസിലാക്കി ‘മീനൂട്ടി’ എന്ന ചെല്ലപേരും സ്വന്തമായി എടുത്തു സിസ്റ്റർ. സിസ്റ്ററുടെ പേര് ‘ഗ്രേസ്’. പാലാ ആണ് സ്വദേശം. ഇപ്പോൾ മൂവാറ്റുപുഴ ഒരു കോൺവെന്റിലാണ്. അവിടെ തന്നെ കോളേജിൽ ഇംഗ്ലീഷ് ലക്ച്ചററും ആണ്. കൂടെയുള്ളല്ലത് ഡോക്ടർ പ്രിൻസി. രണ്ടുപേരും കൂടെ മംഗലാപുരം വരെ പോകുന്നു. ഡോക്ടറുടെ ഒരു കസിനെ കാണാൻ.
ഡോക്ടറെ പരിചയപെടുത്തിയിട്ടും അവരുടെ മുഖത്ത് ഒരു ചിരി പോലും വന്നില്ല.
“ഇങ്ങനുണ്ടോ ഒരു അഹങ്കാരം! ഡോക്ടർ ആയത് കൊണ്ടാവും”.
ട്രെയിനിൽ കയറിയ സമയം മുതൽ അവർ കൈയിലുള്ള കൊന്ത ചൊല്ലുകയായിരുന്നു. അവരെയും സിസ്റ്ററെയും നോക്കിയിരുന്നപ്പോൾ തമാശ തോന്നി. ഒരുപാട് ചിരിച്ചു സംസാരിക്കുന്ന സിസ്റ്ററും കൊന്ത ചൊല്ലുന്ന ഡോക്ടറും! വേഷങ്ങൾ പരസ്പരം മാറിയത് പോലെ.
ട്രെയിൻ ഷൊർണൂർ എത്തി. അഭി ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റു. രണ്ട് ഊണ് വാങ്ങി കഴിക്കാനായി തുടങ്ങിയപ്പോഴാണ് സിസ്റ്റർ കൈയിലുള്ള ബോക്സ് തുറന്ന് ഞങ്ങൾക്ക് നേരെ നീട്ടിയത്. നല്ലൊന്നാന്തരം മീൻ കറി!
അപരിചിതരിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്ന അലിഖിത നിയമം സിസ്റ്ററുടെ സ്നേഹത്തിനുമുന്നിൽ ലംഘിക്കേണ്ടി വന്നു. ഊണ് കഴിഞ്ഞ് സിസ്റ്റർ നീട്ടിയ പൂവൻ പഴം വേണ്ട എന്ന് നിരസിപ്പിച്ചപ്പോൾ സിസ്റ്റർ പറഞ്ഞതിങ്ങനെ ആണ്.
“എന്റെ അമ്മ നട്ട് നനച്ചു വളർത്തിയ വാഴയിൽ ഉണ്ടായ പഴം ആണ്. പൊതിഞ്ഞു തരുമ്പോൾ ഒറ്റയ്ക്ക് കഴിക്കാതെ കൂടെ ഉള്ളവർക്കും കൂടെ കൊടുക്കണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു. നിങ്ങൾ കഴിക്കാതെ എനിക്ക് ഒറ്റയ്ക്ക് ഇത് കഴിക്കാനാവില്ല.”
ആ പറച്ചിലിന് മുന്നിൽ അതും കഴിക്കേണ്ടി വന്നു.
ഊണ് കഴിഞ്ഞ് സിസ്റ്റർ ഒരുപാട് സംസാരിച്ചു. നല്ല നർമ്മബോധം. പറയുന്ന ഓരോ വരികളിലും ചിരിക്കാനുള്ളതെന്തെങ്കിലും കാണും. സിസ്റ്ററുടെ ചെറുപ്പം മുതൽ കോളേജ് കുട്ടികളുടെ കുസൃതികൾ വരെയുണ്ടായിരുന്നു സംസാരത്തിൽ. ചിരിച്ചു കണ്ണ് നിറയുന്ന തമാശകൾ. അഭിയും ഉറങ്ങാതെ കേട്ടിരുന്നു സിസ്റ്ററുടെ സംസാരം. ഞങ്ങളുടെ പൊട്ടിച്ചിരികൾ കേട്ട് തൊട്ടടുത്ത സീറ്റുകളിൽ ഉള്ളവർ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു.
പക്ഷെ ഞങ്ങളുടെ പൊട്ടിചിരികളിൽ ആ ഡോക്ടർ മാത്രം വല്ലാതെ അസ്വസ്ഥത കാണിച്ചു. ക്ഷമ നശിച്ചത് കൊണ്ടാവാം അവർ സിസ്റ്ററോട് മിണ്ടാതെ വിശ്രമിക്കാൻ ആവശ്യപെട്ടു. സിസ്റ്റർ ഞങ്ങളെ നോക്കി കണ്ണിറുക്കി കാണിച്ചു മിണ്ടാതിരുന്നു. ആ ഡോക്ടറോട് ഞങ്ങൾക്ക് ദേഷ്യം തോന്നി. അഭി പതിയെ ഉറക്കത്തിലേക്കും, ഞാൻ പതിയെ പുറം കാഴ്ചകളിലേക്കും തിരിഞ്ഞു.
ട്രെയിൻ തലശ്ശേരിയോട് അടുക്കുന്നു. എല്ലാ റെയിൽവേ ക്രോസ്സിംഗുകളിലും വാഹങ്ങളുടെ വലിയ നിര. എല്ലാവരും കൂടണയാനുള്ള തിരക്കിലാണ്. വെറുതെ സിസ്റ്ററെ ഒന്ന് പാളി നോക്കി. ശാന്തമായി ഉറങ്ങുന്നു. അപ്പോഴും ആ മുഖം പ്രസന്നമായിരുന്നു. പണ്ടെന്നോ കഥകളിൽ വായിച്ച നന്മ മാത്രം ചെയ്യുന്ന മാലാഖയെ ഓർമവന്നു. ആ സിസ്റ്റർക്ക് ഒരു മാലാഖയുടെ മുഖമാണെന്ന് മനസ്സ് പറഞ്ഞു. ഭൂമിയിലെ മാലാഖ! കുഞ്ഞുനാളിലെ സ്വപ്നങ്ങളിലൊക്കെയും രക്ഷിക്കാൻ വരുന്ന മാലാഖയുണ്ടായിരുന്നു. കോൺവെൻറ് സ്കൂളിലെ പഠനമായിരിക്കാം സ്വപ്നങ്ങളിൽ മാലാഖമാർക്ക് സൂപ്പർ ഹീറോ പരിവേഷം കിട്ടാൻ കാരണം.
ഡോക്ടർ പ്രിൻസി ഒരു കയ്യിൽ കൊന്തയും മറ്റേ കയ്യിൽ സിസ്റ്ററുടെ കയ്യും ഇറുകെ പിടിച്ചിരിക്കുന്നു. അപ്പോഴും അവർ പ്രാർത്ഥനയിൽ തന്നെ ആയിരുന്നു. അവരെ നോക്കാൻ ഇഷ്ടക്കേട് ഉള്ളത് കൊണ്ടാവാം കണ്ണുകൾ വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് തിരിഞ്ഞു.
സന്ധ്യ ആകാശത്തിൽ കുങ്കുമം ചാർത്തിയിരിക്കുന്നു. വീടുകളുടെ ഒക്കെ ഉമ്മറത്ത് നിലവിളക്ക് തെളിഞ്ഞു തുടങ്ങി. ചില വീടുകളിൽ നാമം ചൊല്ലുന്ന കുട്ടികളെയും അമ്മൂമ്മമാരെയും കാണാം. എന്താവും ഓരോരുത്തരും പ്രാർത്ഥിക്കുന്നത്? കാരണങ്ങൾ എന്ത് തന്നെയായാലും എല്ലാവരും ആശ്രയം കണ്ടെത്തുന്നത് ദൈവത്തിലാണ്….
കണ്ണൂർ അടുക്കുന്നു. അഭിയെ വിളിച്ചുണർത്തി. ബാഗ് എടുത്ത് താഴെവച്ച് ഇറങ്ങാൻ തയ്യാറായി. സിസ്റ്റർ ഉറക്കത്തിൽ തന്നെയാണ്.
” പറയാതെ എങ്ങനെ ഇറങ്ങും. കുറച്ചു സമയം കൊണ്ട് ഒരുപാട് അടുപ്പം വന്നിരുന്നു.”
ആശങ്കയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി. അവർ പ്രാർത്ഥന നിർത്തി എന്നെ നോക്കിയിരിക്കുന്നു.
എന്റെ നോട്ടം കണ്ടിട്ടാവാം മനസ്സറിഞ്ഞപോലെ അവർ സിസ്റ്ററെ വിളിച്ചുണർത്തി.
ആ പെരുമാറ്റം എന്നിൽ അമ്പരപ്പുണർത്തി. കണ്ണ് തുറന്നപ്പോൾ സിസ്റ്റർ കണ്ടത് ബാഗും എടുത്ത് ഇറങ്ങാൻ തയ്യാറായിരിക്കുന്ന ഞങ്ങളെ ആണ്.
” നന്നായി പഠിക്കണം. നല്ല ജോലി വാങ്ങണം. സന്തോഷമായിരിക്കണം. പ്രാർത്ഥന കൈ വിടരുത്.”
അങ്ങനെ കുറേ നല്ല ഉപദേശങ്ങൾ തന്നു.
ട്രെയിൻ സ്റ്റേഷനിലേക്ക് കയറിതുടങ്ങി. സിസ്റ്ററോട് യാത്ര പറഞ്ഞ് അഭിയും ഞാനും സീറ്റിൽ നിന്നും എഴുന്നേറ്റു. ക്രോസ്സ് ചെയ്തു മുന്നോട്ട് പോകാൻ തുടങ്ങിയ എന്റെ കയ്യിൽ സിസ്റ്റർ അമർത്തി പിടിച്ചു.
ഒരു വേള ആ മുഖത്തെ ചിരി മാഞ്ഞത് പോലെ!
‘ദൈവം കൂടെ ഉണ്ടാകും’ എന്ന് പറഞ്ഞ് ബാഗിൽ നിന്നും ഒരു കൊന്ത എടുത്ത് കയ്യിൽ വച്ചു തന്നു. സിസ്റ്ററോട് ഒരിക്കൽ കൂടി യാത്ര ചോദിച്ചു ബാഗ് എടുത്ത് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി.
അഭിയുടെ അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അച്ഛനെ കണ്ടതും അഭി വേഗത്തിൽ നടന്നു.
അവൾക്കൊപ്പം നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നാരോ കയ്യിൽ പിടിച്ചു.
ഡോക്ടർ പ്രിൻസി! അമ്പരപ്പ് മാറാത്ത എന്നെ നോക്കി അവർ പറഞ്ഞു.
” മീനാക്ഷി, സിസ്റ്ററും ഞാനും മംഗലാപുരം വരെ പോകുന്നത് എന്റെ കസിനെ കാണാനല്ല. സിസ്റ്ററുടെ ഓപ്പറേഷനാണ്. സിസ്റ്റർക്ക് ബ്രെയിൻ ട്യൂമറാണ്. വിജയിക്കും എന്ന് യാതൊരു ഉറപ്പും പറയാൻ പറ്റാത്ത ഒരു ഓപ്പറേഷൻ. തിരിച്ചുള്ള യാത്രയിൽ എന്റെ കൂടെ സിസ്റ്റർ ഉണ്ടാവുമോ എന്ന് ഒരുറപ്പുമില്ലാത്ത ഒരു യാത്രയിൽ ആണ് ഞാൻ! പ്രാർത്ഥിക്കണം സിസ്റ്റർക്ക് വേണ്ടി. മീനാക്ഷിയെ സിസ്റ്റർക്ക് ഒരുപാടിഷ്ടമായി എന്ന് മനസ്സിലായി. അതാണ് ഞാൻ ഇത് പറയാം എന്ന് തീരുമാനിച്ചത്. പ്രാർത്ഥിക്കണം!”
ഡോക്ടർ പ്രിൻസി കൈ വിട്ട് തിരികെ ട്രെയിനിൽ കയറി.
സ്തബ്ദയായി നിന്ന എന്നെ ക്രോസ്സ് ചെയ്ത് ട്രെയിൻ പതിയെ മുന്നോട്ട് നീങ്ങി. വിൻഡോ സീറ്റിൽ നിറഞ്ഞ ചിരിയുമായി ഇരുന്ന് സിസ്റ്റർ അപ്പോഴും കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. ചിരി വറ്റി പോയ മുഖവുമായി നിന്ന് ട്രെയിൻ മറയുന്നത് വരെ ഞാനും കൈ വീശി.
ട്രെയിൻ മറഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകി. ജീവിതത്തിലെ വെല്ലുവിളികളെ ചിരിച്ചു തോല്പിക്കുന്ന മാലാഖ….കിട്ടുന്ന ഓരോ നിമിഷത്തിലും ചുറ്റുമുള്ളവരെ ചിരിക്കാൻ പഠിപ്പിക്കുന്നയാൾ… അത് വരെ ഡോക്ടർ പ്രിൻസിയോട് തോന്നിയ വെറുപ്പ് ഒരു ബഹുമാനമായി മാറി… എത്ര വേഗമാണ് മനുഷ്യരുടെ ഭാവങ്ങളെ നമ്മൾ തെറ്റിദ്ധരിക്കുന്നത്….മനസ്സ് കൊണ്ട് ഡോക്ടറോട് മാപ്പ് പറഞ്ഞു. അഭിയോടൊപ്പം സ്റ്റേഷന് പുറത്തേക്ക് നടക്കുമ്പോൾ എല്ലാ ദൈവങ്ങളോടും കയ്യിലുള്ള കൊന്ത മുറുകെ പിടിച്ചു പ്രാർത്ഥിച്ചു സിസ്റ്റർക്കു വേണ്ടി…
വർഷങ്ങളെത്ര കഴിഞ്ഞിട്ടും ഓരോ ട്രെയിൻ യാത്രയിലും ഞാൻ തേടുന്നത് ആ ചിരിക്കുന്ന മുഖമാണ്…
മാലാഖയുടെ മുഖമുള്ള സിസ്റ്ററിനെ…
പിന്നെയും പലവട്ടം പരശുറാമിൽ യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്….ഓരോ തവണയും പിറവം റോഡ് സ്റ്റേഷനിൽ ട്രെയിൻ നിൽക്കുമ്പോൾ കണ്ണുകൾ അറിയാതെ വാതിൽക്കലേക്ക് നീളാറുണ്ട്….
ഒരിക്കൽ കൂടി സിസ്റ്ററെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…..
രമ്യ ഗോവിന്ദ്