സത്യം

നീ അനുഭവിക്കുന്ന വേദനകള്‍ക്ക് ഒരു അവസാനമില്ലായിരിക്കാം.. പക്ഷെ അതില്‍നിന്നും സ്വയം പുറത്തുവരാനുള്ള ഒരു വാതില്‍ എവിടെയോ നിന്നെ കാത്തിരിപ്പുണ്ട്.. കണ്ടുപിടിക്കാനുള്ള തുറവി ഉണ്ടാകുവാന്‍ ശ്രദ്ധയോടെ പാര്‍ത്തിരിക്കുക.

നിന്‍റെ ചങ്കില്‍ ഒരായിരം കനലെരിയുന്നുണ്ടായിരിക്കാം, പക്ഷേ, ആ കനലിന്റെ ചൂടില്‍ കുളിരുമാറ്റുന്ന മറ്റൊരു പുല്‍നാമ്പെങ്കിലും നിന്റെ പരിസരത്തെവിടെയോ ഉണ്ടെന്നു മനസ്സിലാക്കുക.. അതാണ് നിന്‍റെ സാധ്യത.. അതിലാണു നിന്‍റെ കണ്ണുനീര്‍ വീണു മുളയ്ക്കാൻ കാത്ത് വിത്തുകളിരിക്കുന്നത്‌.

ഇരുപത്തിനാലു മണിക്കൂര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍, ദിവസത്തില്‍ ഒരു നിമിഷം, ഒരു തവണ, ഒന്നു ശ്വാസമെടുക്കുകയെങ്കിലും നിനക്കുവേണ്ടി ചെയ്യുക.. കാരണം നീ ജീവിച്ചിരിക്കേണ്ടത് നിന്റെ മാത്രം ആവശ്യമാണ്‌.

ഏതു മഴയും തോരും.. ഏതു കടലിനും കരയുണ്ട്.. ഏതു ഇരുളും വെളുക്കും.. ഏതു തീയും ശമിക്കും.. ഈ സമയവും കടന്നു പോകും.. അതുവരെ മനസ്സും ശരീരവും തളരാതെ നോക്കുക മാത്രമാണ് ഇന്നത്തെ ആവശ്യം..

കരഞ്ഞുകൊള്ളൂ.. പക്ഷെ നിനക്കുവേണ്ടി മാത്രം കരയുക.. പറഞ്ഞുകൊള്ളൂ, പക്ഷേ നിനക്കുവേണ്ടി മാത്രം പറയുക.. നാളെ മറ്റുള്ളവര്‍ക്കുവേണ്ടി കരയാനും പറയാനും അതു നിന്നെ പരുവപ്പെടുത്തുമ്പോൾ അതിനു നിന്നുകൊടുക്കുക.

തകരരുത്.. ജീവിക്കണം.. ഉറപ്പായും ജീവിക്കണം.. ആരുമില്ലങ്കിലും ജീവിക്കണം.. ഒറ്റമരം പോലെ തലയുയർത്തി നിൽക്കണം.

കരുതലോടെ പതറാതെ ഒരുങ്ങിയിരിക്കുക.. ഒരു ദിവസം പുറത്തുവന്നിരിക്കും. കാരണം, എവിടെയോ ഒരു സ്നേഹം നിനക്കുവേണ്ടി കാത്തിരിപ്പുണ്ട്.. ഉറപ്പ്..!!

റോബിന്‍ കുര്യൻ

Leave a Reply

Your email address will not be published.

error: Content is protected !!