പരിണാമം

നിന്റെ നിർമ്മലമായ ഭാവനയുടെ ഇരിപ്പിടത്തിലാണ് ഞാനിരിക്കുന്നത്. തകർക്കപ്പെടുന്നതിൽ നിന്നും വിമലീകരിക്കുന്ന ഹൃദയമാണെനിക്കു കൂട്ട്.

ഏതു സത്രത്തിൽ ചെന്നാലും നിനക്കൊരു മുറിയുണ്ടാവണം. എന്നും തുടച്ചു വൃത്തിയാക്കിയ കിടക്കയും, മേശവിരിപ്പും പിന്നെ കുറെ പുസ്തകങ്ങളുമായിക്കണം അവിടെ നിനക്കുള്ളത്. ആവോളം നിനക്കവിടെ വിശ്രമിക്കാം. പരിശുദ്ധമായ ഭാവനയുടെ ഭാഗ്യമനുഭവിക്കാൻ നിനക്കാകും.

എത്ര ശ്രമിച്ചിട്ടും തുടച്ചുമാറ്റാത്ത ഓർമകൾക്ക് നീ ഇനിയും കപ്പം കൊടുക്കുന്നു. വിജയമെന്നു കരുതിയ, വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ച കുഞ്ഞു ജീവിതത്തിൽ കടുകുമണിയോളം വലിപ്പമില്ലാത്ത, എന്നാൽ മരമായി മാറാവുന്ന കറുത്ത ദിനങ്ങളാണത്. വിഴുപ്പും ചെളിയും നിറഞ്ഞ ഒരുപാടു മുറികൾ നിന്റെ വീട്ടിലിനിയും ബാക്കിയുണ്ട്, എങ്കിലും യാത്രയിൽ നീ വിശ്രമിക്കണമെന്നാഗ്രഹിച്ച്, പല സത്രങ്ങളും നിനക്കായിട്ട് അടുക്കും ചിട്ടയുമുള്ള ഭംഗിയുള്ള മുറികൾ ഒരുക്കിയിട്ടുണ്ട്. എത്ര ഭാവനാത്മകമാണ് ആ പരിചരണങ്ങൾ.. ആവശ്യമുള്ള ഓർമ്മകളെ നിലനിർത്താനും, ആവശ്യമില്ലാത്തതിനെ ആഴത്തിൽ നിന്ന് പിഴുതെറിയാനും പഠിപ്പിക്കുന്ന സ്നേഹം.

ഒരു പഴയ ഒരു കഥയുണ്ട്. ഒരു യാത്രയിൽ കിട്ടിയ അടിയുടെ ഓർമ്മകളൊക്കെ മണലിലെഴുതുകയും കിട്ടിയ അനുഭൂതികളുടെ ഓർമ്മകളെല്ലാം കല്ലിൽ കൊത്തി വെയ്ക്കുകയും ചെയ്യുന്ന സഹയാത്രികൻ. ഒരു മഴയ്‌ക്കോ, കാറ്റിനോ മായ്ക്കാനാകാതെ സ്നേഹസ്മരണകൾ ഇങ്ങനെ കല്ലിൽ കൊത്തി വെക്കുക. ബാക്കിയൊക്കെ വെറുതേ മണലിലെഴുതി മായ്ക്കപ്പെടേണ്ടതുതന്നെയാണ് സഖേ..

സ്നേഹം തെറ്റായ ഓർമ്മകൾ സൂക്ഷിക്കാറില്ല. തെറ്റായ ഭാവനയ്ക്ക് ഹൃദയം വിട്ടുകൊടുക്കാറുമില്ല. അനാവശ്യ വേദനകൾ തന്റെ ഭാണ്ഡത്തിൽ ഒരു വിഴുപ്പുപോലെ ചുമന്നു നടക്കാറില്ല. മറക്കേണ്ടവ മറക്കുകതന്നെ വേണം. ഓർമ്മകളെ നിർമ്മലമാക്കുന്ന അരിപ്പ എവിടെയോ വെച്ചു നഷ്ടപ്പെട്ടവർക്കെല്ലാം അതിനൊത്ത കൃത്യമായ പരിസരത്തിന്റേയും പരിചരണത്തിന്റെയും ആവശ്യകതയുണ്ടെന്നു അറിയുകയും വേണം..

ജീവിതം നമ്മുടെ മുന്നിൽ വിളമ്പിവെച്ച അത്ര രുചികരമല്ലാത്ത അന്നം വളരെ കുലീനതയോടെ ഭക്ഷിക്കുകയും, പിന്നീട് പതിയെ പതിയെ അതിനെ തന്റെ ഭാവനയിൽ നിന്നു തുടച്ചു കളയുകയും ചെയ്യുന്നിടത്താണ് സ്നേഹം വിരിഞ്ഞു നിൽക്കുന്നത്. അങ്ങനെയല്ലാത്ത എല്ലാ ഇടത്തിലും സ്നേഹമിങ്ങനെ തലകുനിച്ച്, ഒരു സത്രത്തിലും പരിചരണമുറി ലഭിക്കാതെ അലഞ്ഞു നടക്കും.

സ്നേഹമേ.. ഓർക്കാൻ നിനക്കൊന്നുമില്ലെങ്കിലും മറക്കാൻ നിനക്കേറെയുണ്ട്. പുറംതള്ളപ്പെട്ടത്.., ഒറ്റപ്പെട്ടത്.., ഏകാകിയായത്.., തെറ്റിദ്ധരിക്കപ്പെട്ടത്.., തള്ളിപ്പറഞ്ഞത്.., തോറ്റു കൊടുത്തത്.., നിസ്സഹായമായത്.., ഉപേക്ഷിക്കപ്പെട്ടത്.., പുറം തിരിഞ്ഞു നടന്നത്.., അങ്ങനെ അങ്ങനെ, നിന്റെ ചുറ്റുപാടുകൾ നിന്നെ കുറവു ചെയ്തപ്പോൾ കിട്ടിയ എല്ലാ ഉത്തരങ്ങളും മറക്കാൻ നിന്റെ നിർമ്മലമായ ഭാവന നിന്നെ പഠിപ്പിക്കട്ടെ.

ദൈവം ചിലപ്പോൾ കരിഞ്ഞുണങ്ങിയ മരമായി പരിണമിച്ചാൽ പോലും, ഒരു തുള്ളി ജലം മതി.. അതിനു പൂവിടാൻ.!

റോബിൻ കുര്യൻ

error: Content is protected !!