പണ്ട് പണ്ട് പണ്ട്… ഒരു വായന

മനുഷ്യനെ ചിരിപ്പിക്കുക അത്ര എളുപ്പമല്ല; പ്രത്യേകിച്ചും വായനയിലൂടെ. ശബ്ദക്രമീകരണങ്ങളും അംഗവിക്ഷേപങ്ങളുമൊക്കെയായി സരസമായ അവതരണത്തിലൂടെ പ്രഭാഷകർ നർമ്മം വിളമ്പി മുന്നിലുള്ള കാണികളെ കൈയ്യിലെടുക്കാറുണ്ട്; പൊട്ടിച്ചിരിച്ചുകൊണ്ട് അവരതിൽ പങ്കുകൊള്ളാറുമുണ്ട്. ഇവിടെ, എഴുതിഫലിപ്പിച്ചാലും അതുൾക്കൊണ്ട്, അതിലെ ചിരിയുൾക്കൊണ്ടു വരാൻ സമയമെടുക്കും. ഒരേ ഹാസ്യം തന്നെ എല്ലാവർക്കും രസിച്ചുകൊള്ളണമെന്നുമില്ല! എന്നിട്ടും, ഹാസ്യ സാഹിത്യശാഖ മലയാളത്തിൽ അത്രമേൽ പ്രാധാന്യത്തോടെ നിലനിൽക്കുന്നു; മറ്റൊരു ഹാസ്യശാഖയ്ക്കും അവകാശപ്പെടാനാവാത്ത വിധമുള്ളൊരു സ്റ്റെബിലിറ്റിയോടെ! പണ്ടുമുതലേയുള്ള പോലെ നർമ്മം ഇന്നും ജീവനിട്ടു നിൽക്കുന്നു എന്നതിനുത്തമ ഉദാഹരണമാണല്ലോ 79- വർഷങ്ങൾക്കുമുമ്പേ മണ്മറഞ്ഞുപോയിട്ടും സഞ്ജയൻ രചിച്ച കൃതികളോരോന്നും കാലബോധമില്ലാതെ ഇന്നും മലയാളിയെ പൊട്ടിച്ചിരിപ്പിക്കുന്നത്.

സഞ്ജയ സാഹിത്യം സാഹിത്യവിമർശനങ്ങളായിരുന്നെങ്കിൽ കുഞ്ചൻ നമ്പ്യാരും തോലകവിയുമൊക്കെ സാമൂഹിക വിമർശനങ്ങളെ നിമിഷ ഹാസ്യത്തിനു വേദിയാക്കി എന്ന വ്യത്യാസം മാത്രം! ചേരമാൻ പെരുമാളിന്റെ കാലത്തു ജീവിച്ചിരുന്ന തോലകവി പ്രയോഗം, ‘പനശി ദശായാം പാശി’യൊക്കെ നമ്മളിപ്പോഴും ഓർത്തിരിക്കുന്നു എന്നതുതന്നെ ഹാസ്യത്തിന്റെ മേന്മ.
പിൽക്കാലത്ത് വി.കെ.എന്നും വേളൂരും ചെമ്മനവും ഐപ്പ് പാറമേലും കൃഷ്ണ പൂജപ്പുരയുമൊക്കെ കരയാൻ മുട്ടിനിൽക്കുന്ന ഒരു സമൂഹത്തിൽ ചിരിയുടെ അലകൾ പടർത്തിയവരാണ്. ആ ഒരു സാഹിത്യ ശാഖയെ അനുവാചകർ അത്രയും ഇഷ്ടത്തോടെ തിരിഞ്ഞുനോക്കുന്നുണ്ടെങ്കിൽ അവിടെയാണ് ഉത്തമസാഹിത്യത്തിന്റെ കിടപ്പ് എന്ന് ചിരിച്ചുകൊണ്ടു ചിന്തിക്കാൻ ഇഷ്ടപ്പെടുന്ന ഓരോ വായനക്കാരനും പറയുമെന്നുറപ്പ്!

ഇനി കാര്യത്തിലേയ്ക്കു വരാം. മേൽപ്പറഞ്ഞ ഹാസ്യകാരന്മാരുടെ ഇടയിലേയ്ക്ക് നവമാധ്യമങ്ങളിലൂടെ ചിരിപടർത്തി കടന്നുവന്ന ഇന്നിന്റെ സാഹിത്യകാരന്മാരെക്കുറിച്ചാണ്; അത്തരമൊരു പുസ്തകത്തെക്കുറിച്ചാണ്. ശ്രീ. മഹേഷ് ഹരിദാസിന്റെ പുസ്തകം, പണ്ട് പണ്ട് പണ്ട്.. വിശാലമനസ്കനായ ശ്രീ സജീവ് എടത്താടൻ , മഹേഷ് ഹരിദാസ്, സായ് സുധീഷ് തുടങ്ങിയ ചിരിയെഴുത്തുകാരെയൊക്കെ വായിക്കുന്നത് മുഖപുസ്തകത്തിലൂടെയാണ്. ഇവരുടെയൊക്കെ രചനകൾ തെരഞ്ഞുപിടിച്ചു വായിക്കാൻ കാണിക്കുന്ന ഉത്സുഹം, അതുതന്നെയാണ് മുന്‍പേ സൂചിപ്പിച്ച ഹാസ്യത്തിന്റെ സ്വീകാര്യതയും.. സ്വതസിദ്ധമായ നർമ്മം, വഴങ്ങുന്ന ഭാഷാപ്രയോഗങ്ങളും മോശമല്ലാത്ത പദസമ്പത്തും കൈമുതലായുള്ള ഇവരോരോരുത്തരും താളു
താളുകളായി ഇങ്ങനേ എഴുതിവിടുമ്പോൾ പഴയതും പുതിയതും എന്ന വ്യത്യാസമില്ലാതെ രണ്ടുതലമുറകൾ അറഞ്ഞു ചിരിക്കുന്നു!

ശ്രീ. മഹേഷ് ഹരിദാസിന്റെ ബുക്ക് ചൂടാറുംമുൻപ് വായിക്കാൻ വേണ്ടി തേടിപ്പോയി വാങ്ങിയതാണ്. ഹൃദയസ്പർശിയായൊരു ആമുഖം കൊണ്ട് മഹേഷ് എന്നെ ഒന്നന്ധാളിപ്പിച്ചു; ഇനി പുസ്തകമെങ്ങാനും മാറിപ്പോയോ! ഇതൊരു സീരിയസ് എഴുത്താണോ എന്ന സംശയത്തോടെ വിശാലമനസ്കന്റെ അവതാരികയിലെത്തി. അവിടെ തട്ടിത്തടഞ്ഞുവീഴാൻ ‘അംബുധി’ യും ‘അഭ്ര’വുമൊക്കെ ഉണ്ടായിരുന്നെങ്കിലും നമ്മളവിടെയൊന്നും ഭാവം കൈവിടേണ്ടെന്നു തീരുമാനിച്ചു മുന്നോട്ടുപോയി കാര്യത്തിലേക്കു പ്രവേശിച്ചു. പിന്നെ അധോലോക നായകൻ മുതൽ കല്യാണമാമൻ വരെ ഇരുപത്തിയെട്ടു കഥകൾ.. സുനിത-സുപ്രിയ രംഗങ്ങളൊക്കെ മുൻപ് വായിച്ച പരിചയമുണ്ടെങ്കിലും ഒട്ടും വകവയ്ക്കാൻ പോയില്ല. പിന്നെ, ‘ചിരിക്കോപ്പുകൂട്ടുന്നവർ അമിട്ട് കത്തിച്ചങ്ങോട്ടെറിഞ്ഞിട്ട് സീൻ വിട്ടോണം, അതവിടെക്കിടന്നു പൊട്ടിത്തെറിച്ചു കൂത്താടുന്നത് വായനക്കാരന്റെ മനസ്സിലാവണം’ എന്ന പഴമൊഴി (സ്വന്തം) വിശ്വസിക്കുന്നതുകൊണ്ട് കൂടുതൽ വിസ്തരിച്ചു ആ മൊഴിയ്ക്കൊരപമാനമുണ്ടാക്കുന്നില്ല; പുസ്തകം വായിച്ചുതന്നെ ചിരിക്കുന്നതാണുത്തമം!

കൂട്ടത്തിൽ എഴുത്തുകാരനോട് ഒന്നുകൂടെപ്പറഞ്ഞ് ഉപസംഹരിക്കട്ടെ, അദ്ധ്യാത്മ രാവണായണം കാണ്ഡങ്ങൾ കാണ്ഡങ്ങളായത്, ഭീഷ്മപിതാമഹൻ ശരശയ്യയിൽ തുടങ്ങിയ ബ്രഹ്‌മാണ്ഡ കൃതികൾ സ്വതന്ത്ര നോവൽ ഗണത്തിൽ ഉടനെ പ്രതീക്ഷിക്കുന്നു. മനസ്സിൽ അഞ്ചുനിലയുള്ള ലഡ്ഡു ഫാക്ടറി പൊട്ടുന്ന അവസ്ഥയാകും ഇവ അനൗൺസ് ചെയ്യുന്ന ദിനം!
തിരുവനന്തപുരത്ത് പുസ്തകം കിട്ടുന്നത് വാൻറോസ് ജങ്ഷനിൽ (നിയർ ജേക്കബ്സ്) ഉള്ള ഗ്രീൻ ബുക്ക്സ് സ്റ്റോറിലാണ്.

പുസ്തകം : പണ്ട് പണ്ട് പണ്ട്..
പ്രസാധകർ : ഗ്രീൻബുക്സ്
വില 190/

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!