നിറം മാറുന്നവർ

മയൂരി കമ്പ്യൂട്ടറിനു മുന്നിൽ നിന്ന് എഴുന്നേറ്റ് കൈകൾ സ്ട്രെച് ചെയ്തു. കമ്പ്യൂട്ടറിനു മുന്നിൽ തുടർച്ചയായി കുറേ നേരം ഇരിക്കാതെ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് സ്ട്രെച് ചെയ്യണം എന്ന ഡോക്ടറുടെ ഉപദേശം അവൾ യാന്ത്രികമായി പാലിക്കാറുണ്ട്.

റൂമിൽ ഒന്ന് ചുറ്റി നടന്നതിനുശേഷം കണ്ണുകൾക്ക് കുളിർമ കിട്ടാൻ ജനാലയിലൂടെ പുറത്തെ പച്ചപ്പിലേക്കു വെറുതേ നോക്കി നിന്നു. ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഭൂമിയിലെ ഏറ്റവും മനോഹരമായ വർണ്ണം പച്ചയാണെന്ന്!
ജനാലയ്ക്ക് തൊട്ട് പുറത്ത് വലിയ ഒരു വേപ്പ് മരം പടർന്നു പന്തലിച്ചു നിൽക്കുന്നു.
മഴ കുളിരേകുന്നതിനാലാവാം ഇലകൾ മരത്തിൽ ഗോപുരങ്ങൾ തീർക്കുന്നത്! പച്ചഗോപുരങ്ങളുള്ള കിളികളുടെ കൊട്ടാരം.
കിളികളുടെ കൊഞ്ചലുകൾ കാതിനു കുളിർമയേകുന്നു.
എത്രയോ വർഷങ്ങളായി ഈ അപ്പൂപ്പൻ മരം തണലും താങ്ങുമായി ഇങ്ങനെ നിൽക്കുന്നു!

നേരെ മുന്നിലുള്ള വലിയ ശാഖയിൽ എന്തോ ഒന്നങ്ങുന്നു…
മയൂരി ശ്രദ്ധിച്ചു നോക്കി.
” ഒരു ഓന്ത് “
മരത്തടിയുടെ അതേ നിറമാണ് ഓന്തിന്. ചലിക്കുന്നത് കൊണ്ട് മാത്രം അതൊരു ഓന്താണെന്ന് മനസിലാവും!
അത് തന്റെ ഓരോ ചുവടും വളരെ കരുതലോടെ വയ്ക്കുന്നു എന്തോ ഒരു ലക്ഷ്യത്തിന് വേണ്ടി!
അവൾ ആ മരത്തടിയിലെ ഓരോ ഇലകളിലും ഒന്ന് കണ്ണോടിച്ചു. ഓന്തിനു വളരെ അടുത്തായി ഒരിലയിൽ ഒരു കുഞ്ഞോണത്തുമ്പി.
” അപ്പോൾ ആ തുമ്പിയാണ് ഓന്തിന്റെ ലക്ഷ്യം “
മനസ്സിൽ ആശങ്ക ഉണർന്നു.
ആ തുമ്പി ഇന്ന് ഓന്തിന്റെ ഇര ആകുമോ?
കുട്ടിക്കാലത്തെന്നും കൂട്ടുകാരായി ഒരുപാട് തുമ്പികൾ ഉണ്ടായിരുന്നു.
മുറ്റത്തെ ചെടികളിൽ വന്നിരിക്കുന്ന ഓരോ തുമ്പിയെയും സാഹസികമായി പിടിച്ച് കയ്യിൽ വച്ച് പറത്തി വിടുക. അതൊരു രസമുള്ള കളിയായിരുന്നു. ഇന്നും തുമ്പികളെ ഒരുപാട് ഇഷ്ടമാണ്.

വീണ്ടും ഓന്തിനെ ശ്രദ്ധിച്ചു.
അതിന്റെ മുഖത്ത് ഒരു രാക്ഷസഭാവം! ഒപ്പം തന്റെ ഇരയെ വായിലാക്കാനുള്ള തിടുക്കവും!
അതിസൂക്ഷ്മമായി ചലിക്കുന്ന ഓന്തിനെ തുമ്പി കാണുന്നില്ല.
മയൂരിക്ക് തുമ്പിയെ രക്ഷിക്കണം എന്നൊരൊറ്റ ചിന്ത മാത്രമായി.
അവൾ പെട്ടെന്ന് മേശയിൽ നിന്നും ഒരു കടലാസ് ചുരുട്ടി തുമ്പിയുടെ നേരെ എറിഞ്ഞു.
തുമ്പിയുടെ അടുത്തെത്തിയിലെങ്കിലും പറന്നു വരുന്ന കടലാസ് കണ്ടത് കൊണ്ടാവാം തുമ്പി പറന്നു പോയി!

ആശ്വാസത്തോടെ മയൂരി ഒന്ന് പുഞ്ചിരിച്ചു.
ആരോ റൂമിന്റെ വാതിലിൽ തട്ടുന്നു.

” യെസ്, പ്ലീസ് “

ഡോർ തുറന്ന് നീരവ് അകത്തേക്ക് വന്നു. അവൾ നിർവികാരമായ മുഖത്തോടെ അയാളെ നോക്കി.
” മയൂരി… പ്രൊജക്റ്റ് പ്രസന്റേഷന് താൻ വരില്ലേ”
അയാളുടെ വാക്കുകളിൽ മധുരം പുരണ്ടിരുന്നു.
” എനിക്ക് വരാൻ ബുദ്ധിമുട്ട് ആണ് നീരവ്. ഓൾ ദ ബെസ്റ്റ് ഫോർ യുവർ പ്രസന്റേഷൻ”

” തനിക്ക് കിട്ടാവുന്ന ഏറ്റവും നല്ലൊരു അവസരം ആണ്.ഒരിക്കൽ കൂടി ചിന്തിക്കൂ മയൂരി “

ആ വാക്കുകൾ അവളുടെ ഉയർച്ച മാത്രം ആഗ്രഹിക്കുന്ന ഒരാളുടേത് പോലെയായി.

പുതിയ പ്രൊജക്റ്റ് ആണ്. അപ്പ്രൂവൽ ആകും എന്നും, കമ്പനിയുടെ പ്രെസ്ടിജിയസ് പ്രൊജക്റ്റുകളിൽ ഒന്നായി തീരും എന്നും ഉറപ്പുള്ളത്.
അവളുടെ ബ്രെയിൻ ചൈൽഡ്.
പക്ഷെ നീരവ് ആണ് ടീം ലീഡ് ചെയ്യുന്നത്! അതുകൊണ്ട് പ്രൊജക്റ്റിന്റെ എല്ലാ ഉത്തരവാദിത്വവും അയാൾക്കാണ്.
മറ്റന്നാൾ മുംബൈയിൽ ആണ് പ്രസന്റേഷൻ.
കൂടെ പോകണം എന്നതാണ് ഇപ്പോൾ അയാളുടെ ആവശ്യം
ഒരു രാത്രി നീരവിന്റെ കൂടെ മുംബൈയിൽ ഹോട്ടലിൽ അയാളുടെ ഇഷ്ടത്തിന് ചിലവഴിച്ചാൽ, തിരിച്ചു വരുമ്പോൾ പ്രൊജക്റ്റ് ലീഡ് എന്ന പദവി…അതാണ് ഓഫർ!
ഓഫർ അംഗീകരിച്ചില്ലെങ്കിൽ പ്രൊജക്റ്റിൽ നിന്ന് തന്നെ ഔട്ട്.

മയൂരി….എം.ടെക്. കമ്പ്യൂട്ടർ സയൻസ് ഗോൾഡ് മെഡലിസ്റ്റ് … എക്സല്ലന്റ് ട്രാക്ക് റെക്കോർഡ്… ഏതൊരു കമ്പനിക്കും അസ്സെറ്റ് ആവുന്ന എംപ്ലോയീ… പഠിച്ച ക്ലാസ്സുകളിലും ഏറ്റെടുത്ത എല്ലാ ജോലികളിലും അവൾ എന്നും തന്റെ കഴിവ് തെളിയിച്ചിരുന്നു.
സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയം.
മുണ്ട് മുറുക്കി ഉടുത്തു തന്നെ പഠിപ്പിച്ച അച്ഛനെ അവൾ ഓർത്തു.
തന്റെ കഴിവുകളെ വിശ്വസിച്ച് അതിരുകളില്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛൻ.
ആ ചിന്ത അവളുടെ ആത്മവിശ്വാസം കൂട്ടി.
അവൾ നീരവിന്റെ കണ്ണുകളിൽ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു.

” ഇല്ല നീരവ്….ഞാൻ വരുന്നില്ല “

നീരവിന്റെ മുഖഭാവം മാറി.
“മയൂരി തനിക്ക് ഈ പ്രൊജക്റ്റ് നഷ്ടപ്പെടും… താൻ ഇനി ഈ പ്രോജെക്റ്റിൽ ഉണ്ടാവില്ല “

തന്റെ ബ്രെയിൻ ചൈൽഡ് ആയ ഒരു പ്രോജെക്റ്റിൽ തന്റെ കഴിവിന് പകരം ശരീരത്തിന് വിലയിടുന്ന നീരവിനോട് അവൾക്കു പുച്ഛം തോന്നി.

“എനിക്ക് എന്റെ കഴിവിൽ വിശ്വാസമുണ്ട് നീരവ്….എന്റെ മറുപടി ഇല്ല എന്നു തന്നെയാണ്”

അവളുടെ കൂസലില്ലായ്മ നീരവിന്റെ കഴുകൻ കണ്ണുകളിൽ രോക്ഷം നിറച്ചു.
” യു ആർ ഗോയിങ് ടു പേ ഫോർ ഇറ്റ് മയൂരി “
വാതിൽ വലിച്ചടച്ചു അയാൾ ഇറങ്ങിപ്പോയി.

അവൾ ജനാലയിലൂടെ വീണ്ടും പുറത്തേക്ക് നോക്കി. ഓന്തിനെ കാണാനില്ല.
അവൾ സസൂക്ഷ്മം ചുറ്റുപാടും നോക്കി.
മരത്തിന് താഴെയുള്ള കുറ്റിച്ചെടിയിൽ പച്ചനിറവുമായി അതിരിക്കുന്നു…മറ്റൊരു തുമ്പിയെ ലക്ഷ്യം വച്ച്!
ആ ഓന്തിന്റെ മുഖത്തിനും നീരവിന്റെ മുഖത്തിനും ഒരേ ഭാവമായിരുന്നോ?
ഇരയെ പിടിക്കാനുള്ള രാക്ഷസഭാവം!
നീരവും ഇപ്പോൾ തന്റെ നിറം മാറ്റി മറ്റൊരിരയെ തേടുന്നുണ്ടാവും.

അവൾ ദീർഘനിശ്വാസത്തോടെ തന്റെ സീറ്റിൽ വന്നിരുന്നു.
മെയിൽ ഓപ്പൺ ചെയ്ത് ഗൂഗിളിൽ നിന്നും വന്ന ഓഫറിനുള്ള ആക്സെപ്റ്റൻസ് ലെറ്റർ ടൈപ്പ് ചെയ്ത് തുടങ്ങി… ഓന്തിന് പിടികൊടുക്കാതെ വർണ്ണചിറകടിച്ചു ഒരു പുതിയ ലോകത്തേക്ക് പറന്നുയരാൻ.

രമ്യ ഗോവിന്ദ്

error: Content is protected !!