നിത്യത

അൽപ്പനേരം എന്റെ അടുത്തിരിക്കൂ
ആ മണികിലുക്കം ഞാനൊന്നു കേട്ടോട്ടെ..
അൽപ്പദൂരം അകന്നിരുന്നെങ്കിലും,
ശിഷ്ടകാലമെൻ സ്വരപ്രഭയാണു നീ

വിശ്വസിച്ചീടുന്നതെല്ലാം തെളിയുന്നു..
അതിനലഞ്ഞതൊക്കെ നിന്റെ മണ്ണിലും,
വിരിഞ്ഞതൊക്കെ നേർധാരകൾ,
പതിഞ്ഞതൊക്കെയോ അറിവിന്റെ സ്വപ്‌നങ്ങൾ

പൂവിലിരുന്നു ചിരിക്കുന്ന നിൻമുഖം
കാമ്പിലിരുന്നു തെളിക്കുന്നതെൻ മനം..
പാറിനടന്നു തിരയുന്നതേതോ, അത്
ആകെയൊരല്പം ആനന്ദമല്ലയോ

മണ്ണിലാഴ്ന്നിറങ്ങിയ വേരുകൾ മൊഴിഞ്ഞു,
ഇനിയുമെനിക്കാഴങ്ങൾ താണ്ടണം..
വിണ്ണിലാഞ്ഞ തളിരുകൾ തുളുമ്പി,
ഇനിയുമെനിക്കമ്പിളിയെ പുൽകണം

ഇന്നീനിമിഷമറിയുന്നതൊക്കെയും
എന്നോ ഉണർന്ന പ്രത്യാശകൾ..
ഇന്നീനിമിഷമലിയുന്നതൊക്കെയും
എന്നോ നിറഞ്ഞ സ്നേഹവും..

അറിവിനപ്പുറം ഏതുമില്ല
അറിവിനിപ്പുറവും ഏതുമില്ല
അറിവിലിരിപ്പതും, അറിവായി –
അറിഞ്ഞിരിക്കുന്നതും നീ മാത്രം..

സ്നേഹിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യരിൽ
കാലമെപ്പോഴും നിശ്ചലമാകുന്നു..!
സ്നേഹമാകുന്ന സ്നേഹത്തിലെപ്പോഴും,
’നിത്യതേ’ നീയും അനന്യതയാകുന്നു..

അൽപ്പനേരം എന്നിലലിഞ്ഞിരിപ്പൂ,
നിന്റെ സ്വരക്കിലുക്കം ഞാനൊന്നറിഞ്ഞോട്ടെ..

റോബിൻ കുര്യൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!