പരേതന്റെ ആത്മഗതങ്ങൾ

ഞാൻ സക്കറിയ.
മുഴുവൻ പേര് കുന്നുമ്മൽ പി സക്കറിയ. പേരിലുള്ള ‘പി ‘ എന്റെ ചാച്ചൻ പൗലോസിനെ ഉദ്ദേശിച്ചാണ് വച്ചിരിക്കുന്നത്. പേര് കേൾക്കുമ്പോൾ തന്നെ ഞാനൊരു തറവാടി നസ്രാണിയാണെന്ന് പറയാതെ മനസ്സിലായി കാണുമല്ലോ. അപ്പനപ്പൂപ്പന്മാരായി ഉണ്ടാക്കിയ സ്വത്ത് ഞാൻ ഒന്നുകൂടെ വിപുലീകരിച്ചു പാലായിൽ അറിയപ്പെടുന്ന ഒരു ജന്മിയായ് ആണ് ജീവിച്ചു തീർത്തത്.
പറഞ്ഞു തെറ്റിയതല്ല…ജീവിച്ചു തീർന്നു.

മിനിഞ്ഞാന്ന് രാത്രിയാണ് ഒരു നെഞ്ചുവേദന വന്ന് എന്നെ കോട്ടയത്തിന് കൊണ്ടുവന്നത്. ഹോസ്പിറ്റലിൽ എത്തും മുൻപേ തന്നെ ഹൃദയം പണിമുടക്കി.
ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ ഹൃദയസ്തഭനം.
‘എന്നാ ഒടുക്കത്തെ വേദനയായിരുന്നു എന്റെ കർത്താവെ’
ഹൃദയസ്തഭനം മൂലം മരിച്ചു എന്ന് കേൾക്കുമ്പോൾ അവര് കൂടുതൽ അനുഭവിക്കാതങ്ങുപോയിന്ന് പറയുമായിരുന്നു.
ഇനി മേലാൽ പറയത്തില്ല.
മരണം അതൊരു വടം വലി പോലെയാണ്….ജീവൻ വിട്ടു കൊടുക്കാൻ മനസില്ലാത്ത ശരീരവും….കൊണ്ട് പോയേ അടങ്ങൂ എന്ന് പറഞ്ഞു നിൽക്കുന്ന കാലനും തമ്മിലുള്ള വടം വലി. ജീവിച്ചിരിക്കുന്നവർ മനസിലാക്കാൻ പറഞ്ഞെന്നേയുള്ളൂ!

‘തണുപ്പൊട്ടും താങ്ങാൻ കഴിയാത്ത എന്റെ ശരീരം കഴിഞ്ഞ രണ്ട് ദിവസമായി ഈ ഫ്രീസറിൽ തണുത്ത് വിറച്ച്….വിദേശത്തു മക്കൾ ഉള്ള ഏതൊരപ്പനും ഈ തണുപ്പ് അനുഭവിച്ചേ പറ്റൂ! മീൻ മാർക്കറ്റിൽ ഐസ് ഇട്ട് വച്ചിരിക്കുന്ന ഒരു യമണ്ടൻ സ്രാവിനെയാണ് എനിക്ക് ഓർമ്മ വരുന്നത്. മരിച്ചാൽ സക്കറിയയും സ്രാവും ഒക്കെ ഒന്നു തന്നെ’

‘ഓ… മക്കളെ പരിചയപ്പെടുത്തീല്ലല്ലോ’
മൂന്ന് പിള്ളേരാണ് എനിക്ക്. രണ്ട് പെണ്ണും ഒരാണും.
എല്ലാ ക്രിസ്ത്യൻ കുടുംബങ്ങളിലും സാധാരണ കണ്ടുവരാറുള്ള കീഴ്വഴക്കം പോലെ തന്നെ ഞാനും അവരെ നഴ്സിംഗ് പഠിപ്പിച്ചു. കൂടുതൽ സമ്പാദിക്കാനായി കയ്യിലിരുന്ന കാശു മുടക്കി രണ്ടെണ്ണത്തിനെ അമേരിക്കയിലേക്കും ഒരെണ്ണത്തിനെ സൗദിയിലേക്കും പറഞ്ഞയച്ചു.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണതെന്ന് കർത്താവാണേ അന്നറിഞ്ഞില്ല!
എല്ലാവരും പങ്കാളികളെ സ്വയം കണ്ടുപിടിച്ച അവിടത്തന്നെ അങ്ങ് സെറ്റിൽ ആയി, അനന്തരം ഞാൻ ഇപ്പോൾ ഫ്രീസറിലും ആയി.

ദേ പോണു… ജോണിക്കുട്ടി!
‘ഡാ…ഒന്നിവിടെ വാടാ ‘ ആരുകേൾക്കാൻ!
മരിച്ചെന്ന് ഞാൻ ഇടക്കൊന്നു മറന്നുപോയി.
ദേ വരുന്നു അവൻ ….ഞാൻ വിളിച്ചത് ഇവൻ കേട്ടോ!
മോർച്ചറിയിലെ ജോലിക്കാരനോട് അവൻ എന്തോ പറയുന്നുണ്ട്.
എന്നെ കൊണ്ട് പോവാനുള്ള പുറപ്പാടാണെന്നു തോന്നുന്നു..പിള്ളേരെത്തി കാണണം.

“ദാ ….എത്തി … രണ്ട് തടിമാടന്മാർ ” അവൻമാർ എന്നെ പൊക്കിയെടുത്ത് ആംബുലൻസിൽ വച്ചു.
പിന്നെ തല ചൊറിഞ്ഞു കൊണ്ട് ഒന്ന് ജോണിക്കുട്ടിയെ നോക്കി.
നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയത് കൊണ്ടാവണം ജോണി കുട്ടി പോക്കറ്റിന്ന് ഒരു അഞ്ഞൂറിന്റെ നോട്ടെടുത്ത് കൊടുത്തു. ഗാന്ധി തല കണ്ട അവർ സന്തോഷത്തോടെ ആംബുലൻസിന്റെ വാതിലടച്ച് എന്നെ യാത്രയാക്കി.
അല്ലെങ്കിലും സ്വാതന്ത്ര്യം നേടി ഇത്രയും വർഷം കഴിഞ്ഞിട്ടും പാവപ്പെട്ടവനെയും പണക്കാരനെയും ഒരു പോലെ സന്തോഷിപ്പിക്കുന്നത് കറൻസി നോട്ടിലെ ഗാന്ധി അപ്പൂപ്പൻ തന്നെയാണ്.
ഈ യാത്ര കുന്നുമ്മൽ തറവാട്ടിലേക്കാണ്.
ഞാനും എന്റെ അന്നക്കുട്ടിയും സ്വപ്നങ്ങൾ ചേർത്ത് വച്ച് ഉണ്ടാക്കിയ വീട്.
അന്നക്കുട്ടിയെ പരിചയപെടുത്താൻ മറന്നു….അവളാണ് എന്റെ പെണ്ണ് ….എന്റെ പാതി.
അറുപതിലാണ് അന്നകുട്ടി മരിച്ചത്. അതുവരെ ഞങ്ങൾ പ്രേമിച്ചിരുന്നു.
ആരും നെറ്റിച്ചുളിക്കണ്ട….. മരിച്ചു കിടക്കുന്ന ഒരു മനുഷ്യൻ പ്രണയത്തെ കുറിച്ച് സംസാരിക്കുന്നോ എന്ന് !
ഒരു ക്രിസ്തുമസ് തലേന്ന് പാതിരാകുർബാനക്ക് ഔസേപ്പിന്റെ പള്ളിയിൽ വച്ച് അവളെ ഞാൻ കണ്ടത് അവളുടെ 18 വയസിലാണ്.
കർത്താവിനു മുൻപിൽ മെഴുകുതിരി കത്തിച്ചു വയ്ക്കുന്ന അവൾക്ക് ഒരു മാലാഖയുടെ മുഖമായിരുന്നു.
മെഴുകുതിരി കത്തിക്കാൻ മറന്ന് അവളെ തന്നെ നോക്കി നിന്നത് ഇന്നും ഓർമയുണ്ട് എനിക്ക്.
അവളെക്കുറിച്ചോർത്താൽ ഞാൻ എപ്പോഴും പഴയ 25കാരനാവും.
ക്രിസ്തുമസ് പിറ്റേന്ന് തന്നെ അപ്പനേം കൂട്ടി ഒരൊറ്റ പോക്കാരുന്നു അവളുടെ വീട്ടിലേക്ക്. പെണ്ണുകാണാൻ ചെന്നപ്പോൾ ഞാൻ അവളോട് പറഞ്ഞു
“എടി പെണ്ണേ…നമ്മുക്ക് കുന്നുമ്മൽ തറവാട്ടിൽ ഒത്തു ചേരാം.
പ്രഭാതമെത്തുന്നതിനു മുന്പ്
നമുക്ക് റബ്ബർത്തോട്ടങ്ങളിലേക്ക് പോകാം.
ചിരട്ടകളിൽ റബ്ബർ പാൽ നിറഞ്ഞോ എന്നും
കുരുമുളക് പഴുത്തോ എന്നും
നമുക്ക് നോക്കാം.
അവിടെവച്ച് ഞാൻ എന്റെ പ്രേമം നിനക്കു തരാം”.
ആരും ചിരിക്കണ്ട! ഒരു പാലക്കാരൻ അച്ചായനായ എനിക്ക് ഇങ്ങനെയേ പറയാൻ അറിയൂ.
അതിൽ അവളങ്ങു വീണു.
രണ്ട് പേരും വലിയ തറവാടികൾ ആയത് കൊണ്ട് ആലോചിച്ചു ചെന്നതും കല്യാണം അങ്ങ് നടന്നു. പിന്നങ്ങോട്ട് ഒന്നും പറയണ്ട! സോളമന്റെ ഉത്തമഗീതമാരുന്നു ജീവിതം. കുന്നുമ്മൽ തറവാട് എനിക്ക് സ്വർഗ്ഗമായിമാറി. ഇതിനിടയിൽ അവളെന്റെ 3 കൊച്ചുങ്ങളെ പെറ്റു. എന്നാലും എന്റെ അന്നപെണ്ണ് ഏറ്റവും സ്നേഹിച്ചത് എന്നെയായിരുന്നു….അതായിരുന്നു എന്റെ ശക്തിയും. എന്നിട്ടും ഒരു യാത്ര പോലും പറയാതെ ഒരുറക്കത്തിൽ അവളങ്ങു പോയി. അതാണ് എനിക്കുള്ള ഒരേ ഒരു പരാതി.

ആംബുലൻസിന് സ്പീഡ് കൂടി കൂടി വരുന്നു… എന്നാ പോക്കാ എന്റെ കർത്താവേ!!
ചീറി പായുന്ന ആംബുലൻസിൽ കിടക്കുന്ന രോഗികളിൽ പേടിച്ചു മരിച്ചവരുണ്ടോ ആവോ? എനിക്കെന്നും തോന്നിയിരുന്ന ഒരു സംശയം….. ഇപ്പോഴും തീർന്നിട്ടില്ല!

പറഞ്ഞു പറഞ്ഞു അങ്ങനെ പാലായിലെത്തി ആംബുലൻസ്, ഈ ടൗണാണ് എന്നെ സക്കറിയാച്ചനാക്കിയത്. ബെൻസ് കാറിൽ ഒരു ജന്മിയായ് കുറേകാലം ഈ വഴിയിലൂടെ സഞ്ചരിച്ചു, ഇന്നതേവഴിയിൽ മൂക്കിൽ പഞ്ഞിയും വച്ച് ആംബുലൻസിൽ… ബെൻസുമില്ല, ജന്മിയുമല്ല, വെറും ശവമായി അവസാന യാത്ര… ഇതാണ് ജീവിതം.

എന്നാ ഒക്കെ പറഞ്ഞാലും ഈ ടൗണിനോടെനിക്ക് വല്ലാത്തൊരു ഇഷ്ടമാ! ദേ….ഞങ്ങളുടെ സ്വന്തം കുരിശുപള്ളി, ഏതൊരു പാലക്കാരനെപോലെയും ഇതിന്റെ പേരിൽ ഞാനും അഭിമാനിച്ചിരിന്നു. ഔസേപ്പ്പള്ളി, ഞാൻ അന്നക്കുട്ടിയെ ആദ്യം കണ്ടത് ഇവിടെ വച്ചാണ്’, കുന്നുമ്മൽ എന്ന ബോർഡ് വച്ച എന്റെ സ്ഥാപനങ്ങൾ, എല്ലാം അവസാനമായി ഒന്ന് കൂടെ കണ്ടു കൺനിറയെ. കർത്താവിനെ ഒന്ന് കാണണം എന്നുണ്ടാരുന്നു….നേരെ ഇനി പുള്ളിയുടെ അടുത്തേക്കാണല്ലോ യാത്ര. അതുകൊണ്ട് വേണ്ട.
ടൗൺ വിട്ടു ഇനി വീട്ടിലേക്ക് അധികദൂരമില്ല.

വീട്ടിലേക്കുള്ള വഴിയിലേക്ക് ആംബുലൻസ് കയറി. കുത്തനെയുള്ള കയറ്റം ആണ്. കയറ്റം കയറി ചെന്നാൽ വിശാലമായ മുറ്റം.
ദേ, കണ്ടോ…തലയെടുപ്പോടെ നിൽക്കുന്ന വെള്ള പെയിന്റടിച്ച ആ രണ്ട് നില വീടാണ് കുന്നുമ്മൽ തറവാട്.
വീടിന് പുറകിലത്തെ തോട്ടത്തിൽ റബ്ബർ മരങ്ങൾ തഴച്ചു വളർന്നു പരസ്പരം കളി പറഞ്ഞും കെട്ടിപിടിച്ചും നിൽക്കുന്നു. മുന്നിലെ പൂന്തോട്ടത്തിൽ നിറയെ റോസാപൂക്കൾ ഉണ്ട് ഇന്ന്. എനിക്ക് അവരൊരു യാത്രയയപ്പ് തന്നതാണെന്നാ തോന്നുന്നെ.
ആംബുലൻസ് മുറ്റത്തെത്തി. വലിയ പന്തൽ. അലങ്കാരത്തിനൊന്നും ഒരു കുറവും ഇല്ല. ഇവന്റ് മാനേജ്മെന്റ്കാരാണ് എല്ലാം നോക്കുന്നത്.
ഇപ്പോൾ എല്ലാം ഇവന്റ് മാനേജ്മെന്റ് ആണല്ലോ….മരണം പോലും!
മക്കളും ബന്ധുക്കളും നാട്ടുകാരും മൊത്തം ഉണ്ട്.
എന്തൊരു തിക്കും തിരക്കും!
ജീവിച്ചിരിക്കുമ്പോൾ കാണാൻ വരാത്ത മനുഷ്യർ ശവം കാണാൻ എന്നാത്തിനാ ഈ തിക്കിതിരക്കുന്നെ?
ടീഷർട്ടും കുട്ടി നിക്കറുമിട്ട് ഒരു പുച്ഛ ഭാവം മുഖത്ത് ഒട്ടിവച്ചു ആംബുലൻസിൽ നിന്നും ശവമിറക്കാൻ ഇവന്റ് മാനേജരോട് പറയുന്ന കണ്ണടക്കാരനാണ് എന്റെ മകൻ ജോയി.
പെട്ടെന്ന് തന്നെ ചടങ്ങുകളൊക്കെ തീർക്കണം എന്ന് ശവമിറക്കാൻ സഹായിക്കുന്ന ജോണിക്കുട്ടിയോട് കല്പിക്കുന്നുണ്ട്. അവന് നാളെ തന്നെ തിരിച്ചു പോകണമത്രേ!
“അപ്പൻ മരിച്ചിട്ടും വന്നില്ല എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതിരിക്കാൻ മാത്രമാണ് ഈ വരവ്.
മണ്ടൻ! നാട്ടുകാരുടെ പറച്ചിൽ അമേരിക്കയിൽ ഇരിക്കുന്ന അവനെ ബാധിക്കില്ല എന്ന സാമാന്യബുദ്ധിപോലുമില്ല “

പള്ളിന്ന് അച്ഛൻ ഉടനെ എത്തും. ശവം ഫ്രീസറിൽ നിന്നെടുത്ത് ടേബിളിൽ വയ്ക്കാൻ ഇവന്റ് മാനേജ്മെന്റ്കാരൻ ഓർഡർ ഇട്ടു.
‘ അങ്ങനെ തണുപ്പിൽ നിന്ന് മോചനമായി. ‘ നിറയെ റോസാപൂക്കൾ വിരിച്ച ഒരു ടേബിളിൽ സ്വർണകളർ ലേസും വർണ്ണകല്ലുകളും കൊണ്ടലങ്കരിച്ച കറുത്ത ശവപ്പെട്ടിയിൽ, 70 വയസ്സിലും കാരിരുമ്പിന്റെ കരുത്ത് എന്ന് അഹങ്കരിച്ചിരുന്ന എന്റെ ശരീരം ജീവനില്ലാതെ വിറങ്ങലിച്ചു കിടക്കുന്നു. കുറച്ച് സമയത്തിനുള്ളിൽ മണ്ണിനടിയിൽ പുഴുക്കൾക്കും പ്രാണികൾക്കും ഭക്ഷണമായി മാറും ഈ ശവം. ഇതൊന്നും ഓർക്കാതെ മനുഷ്യൻ സൗന്ദര്യത്തിന്റെ പേരിൽ എന്തോരം അഹങ്കരിക്കുന്നല്ലേ! ആരും വിഷമിക്കണ്ട…എനിക്കും ഈ വെളിപാട് ഇപ്പോഴാ ഉണ്ടായേ കേട്ടോ.

“ചക്ക വീണത് പോലെ ശവത്തിന്റെ മുകളിൽ വീണ് അലച്ചു കരയുന്നതാണ് എന്റെ മൂത്ത മകൾ ജാൻസി. ഇടക്കിടക്ക് അവൾ ശവത്തിനെ ഇടിക്കുന്നുമുണ്ട്. മരിച്ച എന്നെ പിന്നേം പിന്നേം കൊല്ലാനെന്നവണ്ണം. സാധാരണ എല്ലാരും അവനവന്റെ നെഞ്ചത്തടിച്ചാണ് കരയാറ്, പക്ഷെ! അവിടേം അവൾ ലാഭം നോക്കി.
ആഹാ! നെഞ്ചത്ത് തലവച്ച് അവൾ അവിടെ തന്നെ കിടക്കുവാണല്ലോ! മരിച്ചെന്ന് ഉറപ്പ് വരുത്തുവാണോ എന്നൊരു സംശയം?

ആദ്യത്തെ കുഞ്ഞായത് കൊണ്ട് താഴത്തും തലയിലും വയ്ക്കാതെ വളർത്തിയതാ! എന്നിട്ടും ഒരു ഫോൺ കാൾ പോലും അവൾ ചെയ്യാറില്ല.
തിരക്കാണ് എപ്പോഴും.
ചില മക്കൾ അങ്ങനെയാണ് അവരുടെ തിരക്കുകൾ അച്ഛനമ്മമാർക്ക് മാത്രമുള്ളതാണ്!
അമേരിക്കയിൽ കിടന്നു സമ്പാദിച്ചത് പോരാഞ്ഞിട്ട് സ്വത്ത് ഭാഗം വയ്ക്കാൻ നിർബന്ധം പിടിച്ചപ്പോൾ പറ്റില്ല എന്നൊന്ന് പറഞ്ഞു. അതിൽ പിന്നെ അവൾ ഈ വീട്ടിൽ തിരിഞ്ഞു കേറീട്ടില്ല. സ്വത്ത് കൊടുക്കാൻ മനസ്സിലാഞ്ഞിട്ടല്ല, കൊടുത്ത് കഴിഞ്ഞാൽ അവർ ഇങ്ങോട്ട് വരില്ല എന്നുറപ്പുള്ളത് കൊണ്ട് മാത്രം ചെയ്യാതിരുന്നതാ. പേരക്കുട്ടികളും വിളിക്കാറില്ല. അവളുടെ മക്കൾക്ക് ഞങ്ങൾ രണ്ട് പേരും കൾചർലെസ്സ് ഫെല്ലോസ് ആണ് പോലും!

കുന്നുമ്മൽ തറവാടും, സ്ഥാപനങ്ങളും, എസ്റ്റേറ്റും ഒക്കെ തന്നെയാണ് മകന്റെയും ഇവളുടെയും വരവിനു പിന്നിലെ ഉദ്ദേശം.
ഇളയമകൾ ആനിയെ കാണാനില്ല. അന്നകുട്ടിയെ പോലെയാ അവൾ. വലിയ സ്നേഹം. പറഞ്ഞിട്ടെന്താ കാര്യം! അവളുടെ ഭർത്താവ് എന്റെ മക്കളെ പോലെയാ, സ്വത്ത് മാത്രം മതി.അവൾക്ക് വരാൻ പറ്റി കാണില്ല.
അല്ലേലും ജീവിച്ചിരിക്കുമ്പോൾ ഒരു ചിരിയോ ഒരു വാക്കോ കൊടുക്കാതെ മരിച്ചു കഴിഞ്ഞു കാണാൻ വന്നിട്ടെന്ത് കാര്യം! അന്നക്കുട്ടി മരിച്ചപ്പോഴാണ് ഒറ്റക്കായി പോയത്. പകൽ മുഴുവൻ ഒറ്റയാനെ പോലെ തലഉയർത്തി എല്ലാരേം പേടിപ്പിച്ചും ഭരിച്ചും നടന്ന് രാത്രി തിരികെ വീട്ടിലെത്തുമ്പോൾ ഒന്നു സംസാരിക്കാൻ പോലും ആരുമില്ലാതെ ഈ വലിയ വീട്ടിൽ ഒറ്റയ്ക്ക്. അന്നക്കുട്ടിയുടെ ഫോട്ടോ നോക്കിയിരുന്ന് കരഞ്ഞിട്ടുണ്ട് ആരും കാണാതെ.
ആ….അതൊക്കെ പോട്ടേ… എല്ലാം കഴിഞ്ഞില്ലേ!

ആരാ അത്? ശവം മൂടാൻ പാകത്തിന് വലിയ റീത്ത് വച്ചത്!
തിളങ്ങുന്ന ജുമ്പയും മുണ്ടും ഇട്ട് ശവത്തിൽ തൊട്ട് വണങ്ങുന്ന ജേക്കബ്.
ഇത്രയുംകാലം ഒരു സ്വൈര്യം തരാതെ ബിസിനസ്സിൽ പാര മാത്രം വച്ച് കാലുവരിയവനാ ഇപ്പോൾ കാല് തൊട്ട് വണങ്ങുന്നത്.
” കാലുയർത്തി ഒരു ചവിട്ട് വച്ച് കൊടുക്കാൻ പറ്റിയില്ലല്ലോ കർത്താവെ “
മനുഷ്യൻ ഏറ്റവും നല്ല നടനാവുന്നത് ശവത്തിന് മുന്നിലാണ്! പ്രതികരണം ഉണ്ടാവില്ലല്ലോ! നാടകമേ ഉലകം!

ഇടവക പള്ളിയിലെ കാർ എത്തി. അച്ഛനെ സ്വീകരിക്കാനുള്ള തിരക്ക്. അവസാന പ്രാർത്ഥനക്കുള്ള സമയമായി. പ്രാർത്ഥനക്ക് മുൻപ് അച്ഛൻ എന്നെ പുകഴ്ത്താൻ തുടങ്ങി. എല്ലാ ഞായറാഴ്ചയും അച്ഛന്റെ പ്രസംഗം സഹിച്ചു മടുത്ത ഞാൻ, ഇന്നും കൂടെ ഇത് കേട്ടെ പറ്റൂ.
മരണ പ്രാർത്ഥനയിൽ അച്ഛന്റെ പ്രസംഗം ഒഴിവാക്കാൻ ജീവിച്ചിരിക്കുന്ന ആരെങ്കിലും ഒന്ന് പറഞ്ഞേക്കണേ.
ഞാൻ പള്ളിക്ക് കൊടുത്ത സംഭാവനകളെ കുറിച്ചാണ് ഘോരഘോരം പറയുന്നത്. സംഭവം മാർക്കറ്റിങ് ആണ്. അവിടെ കൂടി നിൽക്കുന്ന കോടീശ്വരൻമാർ ആരെങ്കിലും കാര്യമായി കനിഞ്ഞാലോ… ഏത്!
പള്ളിക്ക് പൊന്നിൻ കുരിശ്…. ഞാൻ ചെയ്തു പോയ അബദ്ധം.
മരകുരിശിൽ തറക്കപ്പെട്ട കർത്താവിനെന്തിനാ ഈ പൊന്നിൻകുരിശ്!
എനിക്കാ വെളിപാട് വന്നത് വയസാൻ കാലത്താണ്. ഇനി പറഞ്ഞിട്ടെന്നാ കാര്യം!

അച്ഛന്റെ പ്രസംഗം കേട്ട് പള്ളിവക ഓർഫനേജിലെ കുഞ്ഞുങ്ങൾ കണ്ണും മിഴിച്ച് നിൽക്കുന്നു. മീനമാസത്തിലെ വെയ്യിൽ ആണ്, കുഞ്ഞുങ്ങളൊക്കെ വാടി തളർന്നാ നിൽക്കുന്നെ. ആരേലും അതുങ്ങൾക്കിത്തിരി വെള്ളം കൊടുത്താരുന്നേൽ!
എന്റെ കർത്താവെ… എന്നാ അത്ഭുതമാ! ജോണിക്കുട്ടി ഒരു ട്രെ നിറയെ കുഞ്ഞുങ്ങൾക്ക് ജ്യൂസുമായി വരുന്നു. എല്ലാരും അച്ഛന്റെ വായിൽ നിന്ന് വീഴുന്ന വാക്കുകൾ പെറുക്കിയെടുക്കുമ്പോൾ അവൻ കുഞ്ഞുങ്ങളുടെ ദാഹം മാറ്റുന്നു.

റാന്നിയിൽ ഉള്ള എന്റെ വകേലൊരു പെങ്ങളുടെ മകനാണ് ജോണിക്കുട്ടി. ഇടയ്ക്കു വീട്ടിൽ ചെറിയ ചെറിയ ജോലികൾക്കൊക്കെ വരുമായിരുന്നു. അങ്ങനെയിരിക്കെ ഞാൻ കുറച്ച് വർഷം മുൻപ് വീണ് തുടയെല്ല് പൊട്ടി. വല്ലാത്തൊരു പണിയായി പോയി അത്!
മൂന്ന് മാസമാണ് കട്ടിലിൽ മാത്രമായി കഴിച്ചു കൂട്ടിയത്. അന്നെന്നെ നോക്കാൻ ജോണിയും ഭാര്യ മോളിയും 3 വയസ്സുള്ള മകൻ അപ്പുവും 3 മാസത്തേക്ക് വീട്ടിൽ താമസമാക്കി.
കാട്ടിൽ വിലസി നടന്ന ഒരു സിംഹത്തിനെ കൂട്ടിലാക്കിയ പോലെ ഞാനും ആദ്യം ഗർജിച്ചു.. കൂട് പൊട്ടിക്കാൻ നോക്കി….പിന്നെ പതുക്കെ പതുക്കെ അടങ്ങി. അടങ്ങാതെ വേറെന്ത് ചെയ്യാൻ!
തുടയെല്ല് പൊട്ടിയത് കൊണ്ട് എഴുന്നേൽക്കാൻ പറ്റില്ലാരുന്നു. ഒന്നും രണ്ടും ഒക്കെ ബെഡിൽ തന്നെ എന്ന അവസ്ഥ. എന്റെ ശരീരത്തിലെ അഴുക്കുകൾ ഒരു മടിയുമില്ലാതെ ജോണിക്കുട്ടി തുടച്ചു മാറ്റി, എന്നെ പരിചരിച്ചു. മോളി എനിക്ക് രുചിയുള്ള ഭക്ഷണം ഉണ്ടാക്കി തന്നു. അവരുടെ നിസ്സ്വാർത്ഥ സ്നേഹത്തിന് പകരം വയ്ക്കാൻ എന്റെ സമ്പാദ്യം തികയില്ല എന്ന് തോന്നി. അനങ്ങാൻ വയ്യാതെ കിടന്നപ്പോഴാണ് എനിക്ക് ശരിക്കും വെളിപാടുണ്ടായത്, അതിന് കാരണം ജോണിയായിരുന്നു.
അവൻ കൂടെയിരുന്നു ഒരുപാട് സംസാരിക്കുമായിരുന്നു. മനുഷ്യരുടെ കഷ്ടപ്പാടും വേദനകളും മനസ്സിൽ തട്ടിയത് അവൻ പറഞ്ഞപ്പോഴാണ്. കാശ് കൊടുത്ത് ജോലിക്കു വച്ചിരിക്കുന്നവരെയൊക്കെ മുതലാളി എന്ന ഭാവത്തിൽ നോക്കികണ്ടിരുന്ന ഞാൻ ആദ്യമായ് ഒന്ന് തിരിച്ചു ചിന്തിച്ചു. ആത്മാർത്ഥമായി പണിയെടുക്കുന്ന ഈ ജോലിക്കാരില്ലെങ്കിൽ എന്റെ ബിസിനസ്സുകൾ വളരില്ലായിരുന്നു, എന്റെ എസ്റ്റേറ്റുകളിൽ പൊന്നു വിളയില്ലായിരുന്നു .. എന്തിനേറെ എന്റെ വീടും പരിസരവും പോലും ഇത്ര മനോഹരമായി കാണപ്പെടില്ലായിരുന്നു.

തനിക്ക് കിട്ടുന്ന കുറച്ച് കാശിന്റെ പകുതി ഓർഫനേജിലെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ജോണി എനിക്ക് അതിശയമായി. ഇട്ട് മൂടാൻ സ്വത്ത് ഉണ്ടായിട്ട് ഞാൻ ഒന്നും ചെയ്തില്ലല്ലോ കർത്താവെ എന്ന് അറിയാതെ പറഞ്ഞു പോയി.

എന്റെ മാറ്റത്തിനു 3 വയസ്സുള്ള അപ്പുവും ഒരു കാരണമായിരുന്നു. ആദ്യമാദ്യം എന്റെ റൂമിന്റെ വാതിൽക്കൽ വന്ന് അവൻ എത്തി നോക്കുമായിരുന്നു. പിന്നെ പിന്നെ അടുത്ത് വരാൻ തുടങ്ങി. അപ്പുറത്തെങ്ങാനും പോ കൊച്ചേ… എന്ന് പറഞ്ഞു വിരട്ടി ഓടിക്കുമായിരുന്നു ഞാൻ. അതൊരു പണക്കാരന്റെ പാവപ്പെട്ടവന്റെ കുട്ടിയെ കാണുമ്പോഴുള്ള അഹന്ത ആയിരുന്നു. എന്നാലും എന്നും അവൻ വന്ന് നോക്കുമായിരുന്നു.
സഹിക്കാൻ വയ്യാത്ത തലവേദന വന്ന ഒരു ദിവസം. അന്നക്കുട്ടിയുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയ ഒരു സമയം. ആ കുഞ്ഞുകൈകൾ എന്റെ നെറ്റിയിൽ തലോടി.
തലയിലാകെ കുളിരുപടരുന്ന ഒരനുഭവം! ആ കുഞ്ഞുകൈകൾ ഒരിക്കലും തലോടൽ നിർത്തരുതേ എന്ന് ആശിച്ചു പോയി ഞാൻ.
അതോടെ പാവങ്ങളെ തൊട്ടുകൂടായ്മ ഉരുകിയൊലിച്ചു പോയി.
പിന്നെ പിന്നെ അപ്പു വരാൻ കാത്തിരുന്നു. “വല്യപ്പച്ചാ” എന്ന് കൊഞ്ചി വിളിച്ചു കൊണ്ട് അവൻ അടുത്തു വരും. അവൻ ആദ്യമായി ഉമ്മ തന്ന ദിവസം ഞാൻ കരഞ്ഞു പോയി. കർത്താവിന്റെ ചുംബനത്താൽ എന്നിലെ പാപങ്ങൾ നീങ്ങിയത് പോലെയാണ് എനിക്കന്നു തോന്നിയത്.

കാല് ശരി ആയി ഇറങ്ങി നടക്കാൻ തുടങ്ങിയത് പുതിയ ഒരു മനുഷ്യനായാണ്. പിന്നെ സക്കറിയയുടെ കാഴചകളൊക്കെയും തിരിച്ചറിവിന്റേതായിരുന്നു. എന്റെ മുറിയും ബാത്റൂമും വൃത്തിയാക്കി എന്നെ നോക്കി ചിരിക്കുന്ന മറിയചേടത്തിയുടെ മുഖം മാതാവിന്റെതായി തോന്നി എനിക്ക്, എനിക്കേറെ ഇഷ്ടപ്പെട്ട ബീഫ് റോസ്റ്റ് ഉണ്ടാക്കി തന്ന് എന്റെ വയറുനിറക്കുന്ന മോളിക്ക് ഒരു മാലാഖയുടെ മുഖമായിരുന്നു, നിഷ്കളങ്കതയോടെ എന്നെ നോക്കി ചിരിക്കുന്ന അപ്പുവിലാണ് ഞാൻ ഉണ്ണിശോയെ കണ്ടത്, എന്നെ നിസ്സ്വാർത്ഥമായി സ്നേഹിക്കുന്ന ജോണിയിൽ ഞാൻ യേശുവിനെയും കണ്ടെത്തി. എന്റെ സ്ഥാപനങ്ങളിലെ ജോലിക്കാരിലും എസ്റ്റേറ്റിലെ പണിക്കാരിലും ഞാൻ കണ്ടത് പല പുണ്യാളൻമാരുടേം മുഖങ്ങളായിരുന്നു. വർഷങ്ങളായി മുടങ്ങാതെ പള്ളിയിൽ പോയിട്ടും കാണാത്ത കർത്താവിനെ ഞാൻ എനിക്ക് ചുറ്റുമുള്ള എല്ലാ മുഖങ്ങളിലും കണ്ടു. അവരുടെ സ്പർശനങ്ങളിൽ എന്റെ പാപങ്ങൾ ഇല്ലാതായി. സ്നേഹത്തിന്റെ പട്ടുമെത്തയിലായിരുന്നു പിന്നെ എന്റെ ഉറക്കം. മാസത്തിൽ ഒരിക്കൽ എസ്റ്റേറ്റിലേക്ക് ഞാനും ജോണിയും കൂടെ പോകാൻ തുടങ്ങി. ഒരു പണക്കാരൻ മുതലാളിയുടെ കുപ്പായം അഴിച്ചുവച്ച് മണ്ണിൽ പണിയെടുക്കുന്ന ഒരു മനുഷ്യനായി. പണിയെടുത്ത് തളർന്ന് ജോലിക്കാരോടൊപ്പം കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും കട്ടൻ കാപ്പിയും കഴിക്കുമ്പോൾ ഞാൻ സംതൃപ്തനായ ഒരു മനുഷ്യനായിരുന്നു…സന്തോഷവാനായിരുന്നു.

പഴങ്കഥ പറഞ്ഞു പറഞ്ഞിരുന്ന് അവസാന പ്രാർത്ഥന തീർന്നതറിഞ്ഞില്ല. ഇവന്റ് മാനേജ്മെന്റ്കാരൻ എല്ലാവരെയും ഫോട്ടോ എടുക്കാൻ ക്ഷണിക്കുന്നു.
മക്കളും അടുത്ത ബന്ധുക്കളും അണിഞ്ഞൊരുങ്ങി വന്ന് ശവത്തിന് ചുറ്റും നിന്ന് ഫോട്ടോ എടുക്കുന്നു. ജീവിച്ചിരിക്കുമ്പോൾ കൂടെ വന്നൊന്നിരിക്കാതെ, ശവത്തിന്റെ കൂടെ നിന്നൊരു ഫോട്ടോ. എന്തിനീ പ്രഹസനം?
എല്ലാവരുടെയും അന്ത്യ ചുംബനം. മക്കൾ രണ്ടുപേരും ആദ്യം. ഞാൻ ആഗ്രഹിക്കുന്നത് അപ്പുവിന്റെയും ജോണിയുടെയും ചുംബനകളാണ്…. തിരിച് കൊടുക്കാൻ കഴിയില്ലല്ലോ ഇനി? ജോണി കരയുകയാണ്. അവന്റെ കണ്ണുനീരിനാൽ ആനാം വെള്ളത്തിൽ എന്ന പോലെ എന്റെ ശരീരം ശുദ്ധമാക്കപ്പെട്ടു.

ഞാൻ കുന്നുമ്മൽ തറവാടിനോട് വിടപറയുകയാണ്.
ശവം എടുത്തതും ഇവന്റ് മാനേജ്മെന്റ്കാരൻ മരണാനന്തര ചടങ്ങുകൾക്ക് വിലപറയാൻ തുടങ്ങി.
കാശെത്രയായാലും ഒന്നിനും ഒരു കുറവും വരുത്തരുത് എന്ന് രണ്ട് മക്കളും ഒറ്റകെട്ടായി പറയുന്നു.
എന്റെ മുഖത്ത് വിടർന്ന പരിഹാസചിരി അവർ കണ്ടില്ല.

ശവമജം വഹിച്ചുകൊണ്ടുള്ള വാഹനം കുന്നുമ്മൽ തറവാടിന്റെ പടിയിറങ്ങി.
അവസാനമായി ഒന്ന് കൂടെ തിരിഞ്ഞു നോക്കി ഇനി ഈ തറവാട് എന്റെ ജോണിക്കുള്ളതാണ്. തറവാടും ചുറ്റുമുള്ള അഞ്ചേക്കർ പുരയിടവും. മറ്റു സ്വത്തുക്കൾ ഒരു ട്രസ്റ്റിന്റെ പേരിലാണ്. ജോണിയാണ് അതിന്റെയും അധികാരി. എല്ലാത്തിൽ നിന്നുമുള്ള ലാഭത്തിന്റെ ഒരു നല്ല വിഹിതം ജോലിക്കാർക്കും,
ഒരു ചെറിയ വിഹിതം മക്കൾക്കും, ബാക്കി ഉള്ളത് മുഴുവൻ പള്ളിവക അനാഥാലയത്തിലെ കുഞ്ഞുങ്ങളുടെ പഠനത്തിനും സംരക്ഷണത്തിനും ആയി ചിലവഴിക്കാൻ എഴുതിവച്ചിട്ടുണ്ട്.

ഒന്നും ഞാനായി മാത്രം നേടിയതല്ല….കർത്താവിന്റെ അനുഗ്രഹവും, കൂടെ നിന്നവരുടെ വിയർപ്പും കൂടിയാണ്… അതുകൊണ്ട് എല്ലാവർക്കുമായി വീതിച്ചു കൊടുക്കുന്നു.
ഒരുപാട് സ്വത്തുള്ള മക്കൾക്ക് ഇനിയും എന്തിന് കൊടുക്കണം? കൊടുക്കേണ്ടത് പണമില്ലാത്തവനല്ലേ?
എന്തായാലും സംതൃപ്തിയുള്ള മനസ്സോടെയാണ് ഈ പടിയിറക്കം.

ഇടവകപള്ളി സെമിത്തേരിയിൽ എന്റെ അന്നക്കുട്ടിക്ക് അടുത്തായി ഇതാ നല്ല നീളവും വീതിയും ഉള്ള ഒരു കുഴി.
നല്ല മനോഹരമായൊരിക്കിയിരിക്കുന്നു. ജെയിംസ് ആയിരിക്കും കുഴിയെടുത്തത്…
അന്നക്കുട്ടിക്കും അവൻ തന്നെയാണ് എടുത്തത്. ജോലി അതെന്തായാലും ആത്മാർത്ഥയോടെ ചെയ്യണം എന്നാണ് അവനെടുത്ത കുഴി നമ്മളോട് പറയുന്നേ… അല്ലേ?

ശവപ്പെട്ടിയുടെ അടപ്പ് മൂടി കുഴിയിലേക്കിറക്കി.
‘ഇനി എല്ലാവർക്കും മണ്ണിടാം ‘ അച്ഛന്റെ നിർദേശം. തിക്കിതിരക്കി ആദ്യം മണ്ണിട്ടത് മകളാണ്. ശവപ്പെട്ടി അടച്ചത് ഭാഗ്യം! ഇല്ലെങ്കിൽ മുഖത്ത് വന്ന് വീണേനെ മണ്ണ്. ജോണി നെഞ്ച് പൊട്ടി കരഞ്ഞുകൊണ്ട് ഒരുപിടി മണ്ണ് ഇട്ടു. അവനാണ് കർമ്മം കൊണ്ട് എന്റെ മകനായത്. കുഴിമൂടി തീർന്ന ജെയിംസ് നാല് ചുറ്റും നടന്നു മണ്ണുറപ്പിച്ച് റീത്തുകളും പൂക്കളും വച്ച് ഭംഗിയായി അലങ്കരിച്ചു, ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു. എനിക്കുള്ള യാത്രമൊഴി.

മക്കളുടെ കണ്ണുകിൽ ആശ്വാസമാണോ? ജോണി എല്ലാം നഷ്ടപ്പെട്ടവനെ പോലെ തകർന്നിരിക്കുന്നു, ഒരു വലിയ ഉത്തരവാദിത്തം അവന്റെ തോളിൽ ഇറക്കിവച്ചതറിയാതെ.
എന്റെ വക്കീൽ വിവരങ്ങൾ പറയുമ്പോൾ മക്കൾ ശപിക്കുമായിരിക്കും… പക്ഷെ ഓർഫനേജിലെ കുറേ കുഞ്ഞുങ്ങൾ…. അവരുടെ ചിരികൾ മാത്രം മതി എനിക്ക്. എന്റെ കുഴിക്കു ചുറ്റും നിൽക്കുന്ന ജോലിക്കാരുടെ എല്ലാവരുടെയും കണ്ണിൽ എനിക്ക് സങ്കടം കാണാം, എന്നോടുള്ള സ്നേഹം കാണാം.
അവസാനകാലത്ത് എനിക്കുണ്ടായ തിരിച്ചറിവ് സമ്മാനിച്ച സ്നേഹം. സക്കറിയയുടെ ഈ ഭൂമിയിലെ ജീവിതം ഇവിടെ തീരുന്നു. യാത്രയാകുംമ്പോൾ കൊണ്ടുപോകാൻ ഈ മനുഷ്യർ തന്ന ഒരുപിടി നല്ല ഓർമ്മകൾ മാത്രം.

അപ്പോഴേ….എനിക്കങ്ങു പോകാൻ സമയമായി.
പോകുന്നത് തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്കായത് കൊണ്ട് വീണ്ടും കാണാം എന്നൊന്നും പറയുന്നില്ല.
ഞാൻ ഇതാ ഭൂമിയിൽ നിന്നും പരേതന്മാരുടെ ലോകത്തേക്ക് യാത്രയാകുന്നു.
എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി.
അപ്പോ.. എന്നാ….സക്കറിയാച്ചൻ.. പോട്ടേ.
എല്ലാവരേം കർത്താവനുഗ്രഹിക്കും.

രമ്യ ഗോവിന്ദ്

Leave a Reply

Your email address will not be published.

error: Content is protected !!