തഴുത്‌

നീ ചെയ്യുന്നതൊക്കെ ഞാൻ ചെയ്യണം.. നീ കാണുന്നതൊക്കെ ഞാൻ കാണണം..

കണ്ണുനീരിൽ അടഞ്ഞുപോയ ഹൃദയങ്ങളും, കാഠിന്യങ്ങളിൽ അടർന്നുപോയ കരുണയും, വാശിയിൽ മരവിച്ചുപോയ പ്രണയുമൊക്കെ വാതിൽ തുറക്കാൻ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഈ വാതിലുകളൊക്കെ തള്ളിത്തുറന്നു അകത്ത് കയറാതെ എന്തു മോക്ഷമാണെനിക്കുള്ളത്..?

എതിരെ ഒരു മധ്യവയസ്‌കൻ നടന്നുവരുണ്ട്… വിഷണ്ണതയുള്ള മുഖം. അയാളെ കണ്ടെങ്കിലും എന്റെ മനോവിചാരങ്ങളിൽ കൊടുമ്പിരികൊണ്ട വ്യാവഹാരിക ലോകം പിടച്ചുകൊണ്ടിരിക്കുന്നു. തലകുനിച്ചയാൾ എന്നെ കടന്നു പോയെങ്കിലും, അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ തയാറാകാത്ത എന്റെ ബോധം ഏതു താഴിട്ടാണ് ഞാൻ പൂട്ടിയിട്ടിരിക്കുന്നത്?

നൂറുകണക്കിന് വാതിലുകൾ പിടിപ്പിച്ച പലതരം അറക്കുള്ളിലാണ് എന്റെ വാസം. അവിടെയിരുന്നു ഞാൻ ബുദ്ധനെ വായിക്കുന്നു.., കൃഷ്ണനെ എഴുതുന്നു.., ക്രിസ്തുവിനെ സംസാരിക്കുന്നു… എന്നിലേയ്ക്ക് ആരെയും കടന്നു വരാൻ അനുവദിക്കാതെ പുറത്ത് നിന്ന് മുറവിളിക്കുന്ന നിന്നെ എങ്ങിനെയാണ് ഞാൻ പ്രണയിക്കുക? ഓടാമ്പലുകൾ പോലും എന്നെ കളിയാക്കി ചിരിക്കുന്നില്ലേ..? വിഡ്ഢിയായ മനുഷ്യൻ..!

മാപ്പു സ്വീകരിക്കേണ്ട, മാപ്പു കൊടുക്കേണ്ട, മാപ്പു ഉറപ്പു വരുത്തേണ്ട സ്നേഹങ്ങളെയെല്ലാം പുറത്തുനിർത്തിയിട്ട്, നീതിയുടെ വാതിലുകൾക്ക് ഞാൻ സങ്കടങ്ങളുടെ തഴുതിട്ടിരിക്കുന്നു. എന്റെ ആന്തരിക ജീവിതത്തിനു സുഗന്ധം പകരാൻ വിരിഞ്ഞ പൂക്കളാണവയെന്നു ഞാനറിയുന്നതേയില്ല.

കൂട്ടുകാരാ, നീ അകത്തേയ്ക്കു വരൂ.. നിന്റെ വേദനയിൽ ഞാൻ പങ്കാളിയാകട്ടെ, നിന്റെ പ്രണയത്തട്ടിൽ ഞാൻ ഉറങ്ങട്ടെ.. നിന്റെ ആഴങ്ങളിൽ നിറഞ്ഞിരിക്കുന്ന പവിഴപ്പുറ്റുകളും, നിന്റെ പരപ്പിൽ തെളിയുന്ന സൂര്യകിരണങ്ങളും അകത്തേയ്ക്കു തുറക്കുന്ന എന്റെ വാതിലുകളിലൂടെ പ്രവേശിക്കട്ടെ.

നിന്റെ സമുദ്രമാകട്ടെ ഞാൻ..

റോബിൻ കുര്യൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!