അഫ്ഗാനെ ബുർഖ ഇടീപ്പിച്ചു താലിബാൻ..

റൺവേയിലൂടെ നീങ്ങുന്ന വിമാനത്തിൽ ചാടിക്കയറി രക്ഷപ്പെടാനൊരുങ്ങി നൂറുകണക്കിനാളുകൾ! അഭയാർത്ഥി പലായനങ്ങൾ പലരീതിയിൽ കണ്ടിട്ടുണ്ടെങ്കിലും ജീവനുവേണ്ടിയുള്ള പരക്കം പാച്ചിൽ ഇത്രയും ഞെട്ടിക്കുന്നതാവുന്നതു ചരിത്രത്തിലാദ്യം. അഫ്ഗാൻ പ്രശ്‍നം കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിക്കൊണ്ടിരിക്കുന്നു. മാനവ മനഃസാക്ഷിക്കു നിരക്കാത്ത അക്രമങ്ങളുടെയും ജീവനെടുക്കുന്ന ഭീകരതയുടെയും ദിനങ്ങൾ ലോകത്തിനു മുന്നിൽ വാർത്തകളായി നിറയുമ്പോഴും ലോകരാജ്യങ്ങൾ നിസംഗദയിൽ എന്ന് തന്നെയാണ് മനസ്സിലാവുന്നത്. ഇടയ്ക്കിടയ്ക്കുള്ള പ്രതിഷേധങ്ങൾ ഒറ്റപ്പെട്ട ശബ്ദം മാത്രമായിപ്പോവുന്നു. അഫ്ഗാൻ ജനതയെ, അതും സാധാരണ ജീവിതം നയിക്കാൻ അവകാശമുള്ള വിഭാഗത്തെ തോക്കിനു മുന്നിൽ നിർത്തിയും അടിച്ചു ചതച്ചും താലിബാൻ അധികാരം സ്ഥാപിക്കുന്നതായാണ് വാർത്ത.

മാധ്യമപ്രവര്‍ത്തകരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും അര്‍ധരാത്രിയില്‍ വീടുകളില്‍നിന്നു ഇറക്കിവിടുന്നു. 20 വര്‍ഷത്തിനുശേഷം അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുക്കുന്നത് ‘പുതിയ താലിബാന്‍’ ആണെന്ന വാദമാണ് ഈ ക്രൂരതകള്‍ പൊളിക്കുന്നത്. ചെറുത്തു നില്‍പ്പുണ്ടാവുന്നുണ്ട് ഇത്തവണ. എന്നാൽ അതിനേയും കര്‍ശനമായി നേരിടുകയാണ് താലിബാന്‍. രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളില്‍നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി തൂക്കിക്കൊല്ലുകയാണെന്നും ആരോപണം ഉണ്ട്.

അഫ്ഗാനില്‍ സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമായിക്കൊണ്ടിരിക്കുകയാണ്. താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്തെ സ്ത്രീ സ്വാതന്ത്ര്യം മരീചികയാവുകയാണ്. ഇസ്ലാമിക് നിയമം അനുശാസിക്കുന്ന രീതിയില്‍ സ്ത്രീകള്‍ക്കു ജോലി ചെയ്തു ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുമെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്തെല്ലാം ജോലിയാണ് ഇതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ട് തന്നെ പ്രതിസന്ധി അതിരൂക്ഷമാണ്.

‘ആ ആള്‍ക്കൂട്ടത്തില്‍ ഭൂരിഭാഗവും താലിബാന്‍ ഭരണകാലത്ത് ജീവിച്ചിട്ടുള്ളവരാണ്. ഭയമാണ് അവരെ നയിച്ചത്. താലിബാന്‍ ഭരണത്തിന് കീഴില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം വിമാനത്തിനു പുറത്ത് തൂങ്ങികിടന്ന് മരിക്കുന്നതാണ് ഭേദമെന്ന് അവര്‍ ചിന്തിച്ചിരിക്കണം. അത്രമേല്‍ ഭയമാണ് അവര്‍ക്ക് താലിബാനെ’.-കാബൂള്‍ വിമാനത്താവളത്തിലും റണ്‍വേയിലും വിമാനങ്ങളുടെ ചിറകുകള്‍ക്ക് മുകളിലും വാതിലില്‍ പോലും കവിഞ്ഞ അഫ്ഗാനികളുടെ വിഡിയോ കണ്ട നിലോഫര്‍ റഹ്‌മാനിയുടെ പ്രതികരണമായിരുന്നു ഇത്. താലിബാനെ ഭയന്ന് അമേരിക്കയിലേക്ക് മാറിയ അഫ്ഗാനിലെ ആദ്യ വനിതാ പൈലറ്റാണ് നിലോഫര്‍. സ്ത്രീ സുരക്ഷ അക്ഷരാര്‍ത്ഥത്തില്‍ തകരുമെന്ന് അവര്‍ വിശ്വാസിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ പൈലറ്റാണ് നിലോഫര്‍ റഹ്‌മാനി. ഇന്ന് അഫ്ഗാനിസ്ഥാന്‍ താലിബാനു കീഴില്‍ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ആയതോടെ മാതൃരാജ്യത്തേക്ക് തിരികെ പോകുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലുമാകാത്ത അവസ്ഥയാണ് നിലോഫറിന്. കാരണം സ്വാധീനം കുറഞ്ഞ കാലത്ത് പോലും താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് ജീവനും കൊണ്ട് നാടുവിടേണ്ടി വന്നിട്ടുണ്ട് നിലോഫറിനും കുടുംബത്തിനും.

കഴിഞ്ഞ ദിവസം അഫ്ഗാന്‍ ടെലിവിഷന്‍ ചാനലായ ടോളോ ന്യൂസ് സീനിയര്‍ താലിബാന്‍ നേതാവിന്റെ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. ചാനല്‍ സ്റ്റുഡിയോയില്‍ താലിബാന്‍ നേതാവിനെ അഭിമുഖം ചെയ്യുന്നത് വനിതാ മാധ്യമ പ്രവര്‍ത്തകയും. എന്നാല്‍ പിന്നീട് സംഭവിച്ചതെല്ലാം നാടകീയം. എല്ലാ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കും താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തി.

ഈ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തു. ‘ഞങ്ങള്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള പ്രക്ഷേപണം പുനരാരംഭിച്ചു. ഞങ്ങളുടെ വനിത അവതാരക താലിബാന്‍ നേതാവിനെ അഭിമുഖം ചെയ്യുന്നു’ എന്ന കുറിപ്പോടെ ടോളോ ന്യൂസ് മേധാവി മിറാഖ പോപ്പല്‍ അഭിമുഖത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു. ബെഹസ്ത അര്‍ഗന്ധ് എന്ന അവതാരകയാണ് താലിബാന്‍ മീഡിയ നേതാവ് മൗലവി അബ്ദുള്‍ഹഖ് ഹേമദിനെ ഇന്റര്‍വ്യൂ ചെയ്തത്.

താലിബാന്‍ കാബൂള്‍ കീഴടക്കുന്നതു വരെ രാജ്യത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ താലിബാന്റെ വരവോടെ സ്ത്രീകള്‍ക്ക് നിയന്ത്രണം വന്നു. അധികാരം പിടിച്ചെടുത്ത് രണ്ട് ദിവസങ്ങള്‍ക്കു ശേഷം രാജ്യത്ത് വനിത മാധ്യമ പ്രവര്‍ത്തകരെ നിരോധിക്കുകയാണ് താലിബാന്‍. സര്‍ക്കാര്‍ മാധ്യമങ്ങളില്‍ നിന്നും മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെയും മാറ്റി. പകരം പുതിയ അവതാരകരെ താലിബാന്‍ നിയമിച്ചു. താലിബാന്‍ താലിബാന്‍ തന്നെയാണ്. യാതൊരു മാറ്റവും ഇല്ല. ഞാന്‍ ഒരു മാധ്യമ പ്രവര്‍ത്തകയാണ്. എനിക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. ‘-ഇതാണ് മാധ്യമ പ്രവര്‍ത്തകയായ ഖദീജയുടെ വിഷയത്തിലെ പ്രതികരണം.

താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ ബുര്‍ഖയുടെ വില പത്ത് മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍റ്റുകൾ പറയുന്നു. താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കിയിരുന്നു. ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു വീഴ്‌ത്തി. വിദ്യാഭ്യാസവും ജോലിയും നിഷേധിക്കപ്പെട്ട സ്ത്രീകള്‍ ബുര്‍ഖ ധരിക്കാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് താലിബാന്റെ ഉത്തരവ്. ഇറുകിയ വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഭീകരര്‍ വെടിവെച്ച്‌ കൊന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

താലിബാനെ നേരിടാന്‍ സധൈര്യം ആയുധമെടുത്ത വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ ഭീകരസംഘടന പിടികൂടിയതായി റിപ്പോര്‍ട്ട്. മറ്റ് നേതാക്കള്‍ പലായനം ചെയ്തപ്പോഴും ബല്‍ക്ക് പ്രവിശ്യ താലിബാന്‍ പിടിച്ചടക്കുന്നത് വരെ സലീമ ചെറുത്തു നിന്നിരുന്നു. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് സലീമയെ താലിബാന്‍ പിടികൂടിയത്. സലീമയുടെ നിലവിലെ അവസ്ഥയെന്താണെന്ന് വ്യക്തതയില്ല. അഫ്ഗാനിലെ മൂന്നു വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സലീമ. രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാൾ. സലീമയുടെ നേതൃത്വത്തില്‍ ബല്‍ക്ക് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ല ശക്തമായ ഏറ്റുമുട്ടല്‍ നടത്തി. അവസാനഘട്ടം വരെ താലിബാന് കീഴടങ്ങാതെ ചഹര്‍ കിന്റിന്റെ നേതൃത്വം വഹിച്ചത് സ്ത്രീകളായിരുന്നു.

താലിബാന്‍ ഭീകരര്‍ തലസ്ഥാന നഗരം കൈയേറാന്‍ തുടങ്ങിയതോടെ നാടുവിട്ട പ്രസിഡണ്ടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയർന്നിരിക്കുന്നത്. ഇപ്പോള്‍ യു എ ഇയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ച ഗാനി താന്‍ ഉടനെ അഫ്ഗാനിലേക്ക് മടങ്ങുമെന്നും അറിയിച്ചു. എന്നാല്‍, അത്യന്തം ഗുരുതരമായ സാഹചര്യത്തില്‍ സ്വന്തം ചുമതലകള്‍ നിറവേറ്റാതെ ഒളിച്ചോടിയ ഗാനിയെ, അമേരിക്ക പോലും ഇപ്പോള്‍ ഗൗനിക്കുന്നില്ലെന്നതാണ് സത്യം. അഫ്ഗാന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച്‌ യാതോരു പ്രാധാന്യവുമില്ലാത്ത ഒരു വ്യക്തിയാണ് ഇപ്പോള്‍ ഗാനി എന്നാണ് യു എസ് ഡെപ്യുട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് വെന്‍ഡി ഷെര്‍മാന്‍ പറയുന്നത്. രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ കൂടിയായ പ്രസിഡണ്ട് പക്ഷെ തന്റെ ജനതയുടെ രക്ഷയ്ക്കല്ല സ്വരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കിയതെന്ന് സമ്മതിക്കുന്നു.

അഫ്ഗാൻ പ്രശ്നത്തിൽ അടിയന്തിരമായൊരു പരിഹാരമുണ്ടായില്ലെങ്കിൽ ഹൃദയഭേദകമായ പല കാഴ്ചകളും ഇനിയും നമ്മളെ കാത്തിരിക്കുന്നുഎന്ന് വേണം കരുതാൻ. ‘താലിബാന്‍ താലിബാന്‍ തന്നെയാണ്, യാതൊരു മാറ്റവുമില്ല’ എന്നത് നാൾക്കുനാൾ അവർതന്നെ തെളിയിച്ചുകൊണ്ടുമിരിക്കുന്നു.

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!