പരോപകാരം ഇദം ശരീരം

“വനമാലീ ഗദീ ശാര്ങ്ഗീ ശംഖീ ചക്രീ ച നംദകീ |
ശ്രീമാന്നാരായണോ വിഷ്ണുര്വാസുദേവോ‌உഭിരക്ഷതു..”

വിഷ്ണു സഹസ്രനാമത്തിലെ ഈ ശ്ലോകം കേട്ട് കൊണ്ടാണ് ജയചന്ദ്രൻ അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരുന്ന ഭാര്യ ഹേമയുടെ അടുത്തെത്തിയത്.

അടുക്കളയിൽ വച്ചിരിക്കുന്ന ഹേമയുടെ മൊബൈലിൽ നിന്നും എന്നും രാവിലെ മുഴങ്ങിക്കേൾക്കുന്ന വിഷ്ണുസഹസ്രനാമം അവരുടെ ദുബൈയിലെ ഫ്ലാറ്റിന് ഒരു പോസിറ്റീവ് എനർജി കൊണ്ടു വരുന്നതായി അവർക്ക് തന്നെ തോന്നാറുണ്ട്, പല കാര്യങ്ങളിലും എത്ര ബുദ്ധിമുട്ടിയാലും സമയമാകുമ്പോൾ ഭഗവാൻ സഹായഹസ്തം നീട്ടുന്നത് പോലെ.

അടുക്കളയിൽ വന്ന് ജയൻ വിളിച്ചു, “ഡീ..”

“എന്താ ജയേട്ടാ?. പോകാൻ സമയമായില്ലേ?. മണി ഏഴായല്ലോ. എനിക്കും ഒൻപത് മണിക്ക് കയറണം ഓഫീസിൽ..മ്മ്? എന്ത് പറ്റി? ഒരു വാട്ടം മുഖത്തു?” ജയനെ ഒന്ന് നോക്കി ഹേമ ചോദിച്ചു.

“എടി..അത്..റഹീമിക്കാ ഇവിടെ മതിയാക്കി നാട്ടിൽ പോവാണല്ലോ..മതിയാക്കിയതൊന്നുമല്ല, ഒരു കൊല്ലം കൂടി നിന്നാൽ കൊള്ളാമെന്നുണ്ടായിരുന്നു ഇക്കയ്ക്ക്. പക്ഷെ കമ്പനി വിസ റിന്യു ചെയ്തില്ല. പ്രായമായി. ജോലി എടുക്കുന്നതൊന്നും ശരിയാകുന്നില്ല, ഇതൊക്കെയാണ് ന്യായം, അതൊന്നുമല്ല.. മാനേജ്മെന്റ് നോക്കുമ്പോൾ ഇതിലും കുറഞ്ഞ ശമ്പളം കൊടുത്താൽ അന്യരാജ്യക്കാരെ ആവോളം കിട്ടും.”

“എന്നായാലും ഇക്ക പോകേണ്ടതല്ലേ ജയേട്ടാ?. ഇനിയും എന്തിനാ കഷ്ടപ്പെടുന്നത്?”.

“അതെ, പോണം. പക്ഷെ സങ്കടമതല്ല. അധികം പഴക്കമില്ലാത്ത ഒരു മെഷീൻ കേടായപ്പോൾ ഇക്ക അദ്ദേഹത്തിന്റെ ഇത്രയും കൊല്ലത്തെ ജോലിപരിചയം വെച്ച് അത് നന്നാക്കാൻ ശ്രമിച്ചു. പക്ഷെ അത് മൊത്തത്തിൽ കേടായിപ്പോയി. അതിന് കമ്പനി മുഴുവൻ പഴിയും ഇക്കയുടെ തലയിലിട്ടു. ആ മെഷീനിന്റെ തുകയുടെ നല്ലൊരു ശതമാനം ഇക്കയുടെ സെറ്റിൽമെന്റിൽ നിന്നും കട്ട് ചെയ്യാനും ഉത്തരവിട്ടു. ഇക്ക അത് നല്ല ഉദ്യമത്തോടെയാണ് ചെയ്ത് നോക്കിയത്, പക്ഷെ.. ഒന്നുമില്ലെങ്കിലും സർവീസും പ്രായവുമെങ്കിലും നോക്കാമായിരുന്നു. മാക്സിമം പിടിക്കാൻ പറ്റുന്നത് പിടിച്ചിട്ട് വിടാൻ കമ്പനി എന്തും ചെയ്യും. ഇത്രയും കൊല്ലം ജോലി ചെയ്ത് കിട്ടിയ സെറ്റിൽമെന്റിൽ നിന്നും മൂവായിരം ദിർഹം ആണ് കട്ട് ചെയ്തത്. കഷ്ടം ഇരുപത് കൊല്ലമാകുന്നു ഇവിടെ ഇക്ക, ഞാൻ വരുന്നതിനും നാല് വർഷങ്ങൾക്ക് മുന്നേ വന്നതാണ്. അന്ന് കമ്പനിയിലെ തയ്യൽക്കാരനായിട്ടാണ് തുടങ്ങിയത്, പിന്നെ പതിയെ മറ്റു കാര്യങ്ങളും കമ്പനി അദ്ദേഹത്തെ ഏല്പിച്ചു. അന്ന് തൊട്ടിന്നു വരെ ഓഫീസിലെ എന്റെ യൂണിഫോമെല്ലാം ഇക്കയാണ് തയ്ച്ചു തന്നത്. പറഞ്ഞു വരുമ്പോഴെന്താ ഞാനും ഇക്കയും ഒരേ തോണിയിൽ തന്നെ, എനിക്കുമില്ല സമ്പാദ്യം ഇക്കയ്ക്കുമില്ല.”

“ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യമല്ലേ..അതൊക്കെ ശരി ഇപ്പോൾ എന്താണ് പ്രശ്നം..ജയേട്ടൻ എന്താ ഉദ്ദേശിക്കുന്നത് എന്ന് മാത്രം പറഞ്ഞാൽ മതി.”

” അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നത് ഞാനായത് കൊണ്ട് ആ കട്ടിങ്ങിൽ ഞാനും അറിയാതെ പങ്കാളിയായി. അടുത്താഴ്ച ഫ്ലാറ്റിന്റെ റെന്റിനു അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്യാൻ വെച്ചിരിക്കുന്ന കാശിൽ നിന്ന് ഇരുന്നൂറ് ദിർഹംസ് ഇക്കയ്ക്ക് കൊടുക്കട്ടെ?.”

“ജയേട്ടൻ ഇതിൽ പങ്കാളി ആയില്ലായിരുന്നുവെങ്കിൽ ഇക്കയ്ക്ക് ജയേട്ടന്റെ വകയായി ഒന്നും കൊടുക്കാതെ വിടുമായിരുന്നോ?”.

“അതില്ല. എന്നാലും..”

“എന്നോട് ചോദിച്ചിട്ടു വേണോ ജയേട്ടന് ഇതൊക്കെ ചെയ്യാൻ?”.

“അല്ല റെന്റിന്റെ കാശ് തന്നെ ഒരു വിധം ഒപ്പിച്ചതല്ലേ? ഇപ്പോൾ ഇക്കയ്ക്ക് കൊടുത്താൽ അടുത്ത ഒരാഴ്ചക്കകം ഇരുന്നൂറ് ദിർഹംസ് ഉണ്ടാക്കണം. പിന്നെ നീ പലപ്പോഴും ചോദിക്കാറില്ലേ ഇല്ലാത്തിടത്ത് നിന്ന് എങ്ങനെ കുഴിച്ചു കൊടുക്കുമോയെന്നു?”.

“അതൊക്കെ ഞാൻ വെറുതെ പറയുന്നതാണെന്നു ജയേട്ടന് തന്നെ അറിയാം. റെന്റിനു ഇനിയും ഒരാഴ്ച സമയമുണ്ടല്ലോ. ഇതിനിടയ്ക്ക് എവിടുന്നേലും ശരിയാകും, ഇപ്പോൾ അതിൽ നിന്നെടുത്ത് ഇക്കയ്ക്ക് കൊടുക്ക്. ബാധ്യതകൾ ഏറെയുണ്ടെങ്കിലും ഇങ്ങനെ ചിലതൊക്കെ ചെയ്യാൻ കഴിഞ്ഞല്ലോ എന്ന സമാധാനത്താൽ നമുക്ക് സ്വസ്ഥമായി ഉറങ്ങാമല്ലോ. പരോപകാരം ഇദം ശരീരം എന്നല്ലേ പറയാ. ഇപ്പോൾ ഇക്കയ്ക്കു കൊടുക്കാം, ബാക്കി വഴിയൊക്കെ ഭഗവാൻ കാണിച്ചുതരും.”

ജയൻ ഹേമയുടെ അടുത്ത ചെന്ന് അവളെ ചേർത്തുപിടിച്ചു.

കമ്പനിയിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പാൻട്രിയിൽ ചെന്നപ്പോഴാണ് റഹീമിക്കാ അവിടെ കണ്ണാടിച്ചില്ലിൽക്കൂടി ചുട്ടുപൊള്ളി കിടക്കുന്ന ദുബൈയിലെ വീഥികളിൽ കൂടി മിഴിപായിച്ചു നില്ക്കുന്നത് ജയൻ കണ്ടത്.

“എന്താണ് ഇക്ക ഇത്ര മാത്രം ആലോചിച്ചു കൂട്ടുന്നത്?. ഇനി ഒരാഴ്ചക്കകം നാട്ടിലെത്താമല്ലോ”, റഹീമിക്കയുടെ അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ തോളിൽ ചേർത്തുപിടിച്ചു അവൻ ചോദിച്ചു.

“ഒന്നുമില്ല ജയാ..ഗൾഫിൽ വന്ന നാൾ മുതൽ ഈ സ്ഥാപനത്തിൽ അല്ലെ?..അങ്ങനെ ഒരിടം വിട്ടു പോകുമ്പോൾ സ്വാഭാവികമായും പ്രയാസം തോന്നുമല്ലോ, അതിങ്ങനെ ആലോചിച്ചു നിന്നതാണ്. നാട്ടിൽ പോയി താമസം തുടങ്ങുന്നത് സന്തോഷം തന്നെ പക്ഷെ മുനീറയെ കെട്ടിച്ചു വിട്ടിട്ടു പോയാൽ മതി എന്നുണ്ടായിരുന്നു, അതാണ് നീട്ടി കിട്ടുമോ എന്നന്വേഷിച്ചത്, തന്നില്ല. എല്ലാരുടെയും കാര്യങ്ങള് ഭംഗിയായി നടത്തി, സഹോദരങ്ങളെ കെട്ടിച്ചു, ചെറിയൊരു വീട് തട്ടിക്കൂട്ടി, പക്ഷെ..ന്റെ മോൾടെ കാര്യം വന്നപ്പോ എനിക്കു ജോലിയില്ലാതെ ആയി. സാരല്യ..പടച്ചോൻ വേറെ വഴി കാണിച്ചു തരാണ്ടിരിക്കില്ല.”

“ഇക്കയുടെ ആനുകൂല്യത്തിൽ നിന്നും പൈസ കട്ട് ചെയ്തത് അറിഞ്ഞിരുന്നു. എന്തോ വല്ലാത്ത പ്രയാസം തോന്നുന്നു.”

“ഓ..അതൊന്നും സാരമില്ലപ്പാ…കോവിഡ് പിടിച്ചു കിടന്ന പതിനാലു ദിവസത്തെ ശമ്പളവും കട്ട് ചെയ്ത ആള്ക്കാര് ഇതിനുമപ്പുറം ചെയ്യുമെന്നാ ഞാൻ കരുതിയത്. ഈ മൂവായിരം ദിർഹംസ് കൊണ്ട് അവരുടെ ഖബർ പടച്ചവൻ വിശാലമാക്കി കൊടുക്കുമെങ്കിൽ ഈ ദുനിയാവിലെ എന്റെ ജീവിതം സഫലമായിയെന്നെ ഞാൻ കരുതൂ.” കണ്ണുകൾ നനഞ്ഞൊരു ചെറുചിരിയോടെ ഇക്ക പറഞ്ഞു, എന്നിട്ടു തുടർന്നു..”അതൊക്കെ ഇരിക്കട്ടെ..എന്താണ് അന്റെ പ്ലാൻ?..നീ വന്ന് ഒന്ന് രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ കരുതിയിരുന്നു നീയ് സ്വന്തമായി ബിസിനസ് ഒക്കെ തുടങ്ങി വലിയ ആളാവുമെന്നു. നിന്റെ പണിക്കാരനായി നിന്റെ കമ്പനിയിൽ ജോലി എടുക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു..നടന്നില്ല..നീയ് സമ്പാദിച്ചില്ല, നിന്റെ കൈയിൽ ഇല്ലെങ്കിലും ചോദിക്കുന്നവർക്ക് നീ കൊടുത്ത് കൊണ്ടിരുന്നു. നീയ് നിന്റെ കഴിവ് വേണ്ടാംവണ്ണം ഉപയോഗിച്ചുമില്ല, അങ്ങനെയേ ഞാൻ പറയൂ. അത് നീ വിനിയോഗിക്കാത്തത്‌ എനിക്ക് വലിയ പ്രയാസമായി കിടക്കണുണ്ട്..സാരല്യ…ഇനിയും സമയമുണ്ട് അനക്ക് ജയാ. നീയ് ഇവിടെ ഒന്നും നിക്കേണ്ട ആളല്ല എന്ന് ഞാനെപ്പളും പറയലില്ലേ.”

“ഒന്നും വേണ്ട ഇക്ക…നാട് മനസ്സിനെയും ശരീരത്തെയും അങ്ങോട്ടേക്ക് വിളിക്കാൻ തുടങ്ങിയിട്ടു കുറച്ചായി..നാട്, വീട്, അച്ഛൻ, അമ്മ, സഹോദരങ്ങൾ….അധികം താമസിയാതെ എല്ലാം മതിയാക്കി പോണം..എനിക്ക് മടുത്തു..ജോലിയുടെ ഭാരം ചിലപ്പോൾ ഹൃദയം താങ്ങുന്നില്ലേ എന്ന് തോന്നാറുണ്ട്.”

അത്രയും പറഞ്ഞു പോക്കറ്റിൽ നിന്നും ഇരുന്നൂറ്‌ ദിർഹംസ് എടുത്തു ജയൻ റഹീമിക്കയുടെ കൈക്കുള്ളിൽ വെച്ച് അവന്റെ കൈപ്പത്തിയും ഇക്കയുടെ കൈപ്പത്തിയും ചേർത്തുപിടിച്ചു.

“എനിക്ക് ഇക്കയ്ക്ക് തരാൻ ഇതേ ഉള്ളു.”

“അയ്യോ..ജയാ..ഇതെന്താണ്?ഇതൊന്നും ഇയ്ക്ക് വേണ്ട..കാര്യം ശരിയാണ് ഞാൻ പ്രാരാബ്ധക്കാരൻ തന്നെയാ..പക്ഷെങ്കില് എന്നെ പോലെ തന്നെ ബുദ്ധിമുട്ടി ജീവിക്കുന്ന അന്റെ കൈയീന്നു ഞാനിത് മേടിച്ചാൽ എന്റെ കൈ പൊള്ളും.” അദ്ദേഹം അതവനെ തിരിച്ചേല്പിക്കാനാഞ്ഞു.

“ഇക്ക ഇത് മേടിച്ചില്ലെങ്കിൽ എന്റെ മനസ്സായിരിക്കും പൊള്ളുക, അതൊരിക്കലും ഉണങ്ങുകയുമില്ല. ഹേമ എപ്പോഴും പറയും കൊടുക്കുമ്പോഴാണ് സന്തോഷമെന്ന്. അത് കൊണ്ടാണ് ഇക്ക പറഞ്ഞപോലെ പണം സമ്പാദിക്കാൻ എനിക്കു കഴിയാതെ പോയത്, പക്ഷെ അതിലും വലിയ സമ്പാദ്യങ്ങൾ.. ദാ.. ഇക്കയുടെ സ്നേഹം പോലെ ഉള്ളതൊക്കെ നേടാൻ എനിക്കു കഴിഞ്ഞില്ലേ. ഇക്ക ഇത് വാങ്ങിയാലേ എനിക്കു സന്തോഷമാകൂ.” അവൻ കൈ പിടിച്ചത് വിടാതെ പറഞ്ഞു.

ഇക്കയുടെയും ജയന്റേയും കണ്ണുകൾ ഒരേ പോലെ നിറഞ്ഞ്, തൂവാൻ വെമ്പിനിന്നു.

“പോയാലും ഇടയ്ക്കൊക്കെ വിളിക്കണം കേട്ടോ ഇക്ക, വിശേഷങ്ങൾ പറയണം.”

“വിളിക്കാതെ പറ്റില്ലല്ലോ ജയാ..പ്രത്യേകിച്ച് നിന്നെ..എന്റെ ആത്മബന്ധങ്ങൾ ഇവിടെയല്ലേ.?”

ഒരു കവർ എടുത്ത് റഹിമിക്ക ജയനെ ഏല്പിച്ചു.

“പിടിച്ചോളീൻ, അടുത്ത മൂന്ന് കൊല്ലത്തേക്കു അനക്കുള്ള യൂണിഫോം ഉണ്ടിതില്, കൂടാതെ ഒരു കളർ ഷർട്ടും, മോൾക്ക് ഒരു ചെറിയ ഫ്രോക്കും. എല്ലാം ഞാൻ തുന്നിയതാണെന്നു പറയേണ്ടല്ലോ. പിന്നെ നീ വന്ന കാലം മുതൽ ഒരേ അളവും പൊക്കവുമായത് കൊണ്ട് എനിക്കൊരിക്കലും അളവെടുക്കേണ്ടി വരാറില്ലല്ലോ. നിന്റെ ഇഷ്ടത്തിനനുസരിച്ചു തന്നെ തുന്നിയിട്ടുണ്ട്. ഹേമ പറയും പോലെ കൊടുക്കുമ്പോൾ തന്നെയാണ് സന്തോഷം, അത് കാശ് തന്നെയാവണമെന്നില്ലല്ലോ.”

ആ കവർ ജയനെ ഏല്പിച്ചു അവന്റെ തോളിൽ തട്ടി ഒന്ന് ചേർത്ത് പിടിച്ചിട്ടു റഹീമിക്ക നടന്നകന്നു.

ഇത്രയും കൊല്ലത്തെ നിസ്വാർത്ഥമായ സേവനത്തിൽ നിന്നും തനിക്കർഹിച്ചത് ലഭിച്ചില്ല എന്ന സങ്കടത്തോടെയും തളർച്ചയോടെയും തന്നെയാണ് അദ്ദേഹം നടന്ന് മറഞ്ഞതെന്നു ആ തുണികൾ അടങ്ങിയ കവർ നെഞ്ചോടടക്കിപ്പിടിച്ചു നിന്ന ജയന് മനസ്സിലായി.

ഇക്കയുടെ റിട്ടയേർമെന്റ് തുകയിൽ വന്ന കുറവിൽ മനസ്സറിവൊന്നുമില്ലെങ്കിലും ഇക്കയ്ക്ക് ശേഷം ഇവിടെ നിന്നും പടിയിറങ്ങാൻ വരി നിൽക്കുന്ന ഓരോരുത്തരെയും ആ പാപഭാരം പിന്തുടരുമെന്നും, ആ വരിയിൽ നിൽക്കുന്ന ഏറ്റവും കൂടുതൽ ജോലിപരിചയം ഉള്ളയാൾക്കും ഇതേ ഗതി തന്നെയായിരിക്കുമെന്നും ജയനുറപ്പായിരുന്നു.

വിഷ്ണു സഹസ്രനാമത്തിലെ അവസാന ശ്ലോകം ജയൻ മനസ്സിൽ ഉരുവിട്ടു.

“കായേന വാചാ മനസേംദ്രിയൈര്വാ ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത് |
കരോമി യദ്യത്സകലം പരസ്മൈ നാരായണായേതി സമര്പയാമി.

(കൃഷ്ണ, ഞാൻ ചെയ്യുന്ന ഏത് കാര്യവും എന്റെ അറിവോടെയല്ല. എല്ലാം ഞാൻ നിന്റെ കാൽക്കൽ സമർപ്പിക്കുകയാണ്).

മഹാലക്ഷ്‌മി മനോജ്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!