ഇത്രയൊക്കെയാണ് പ്രിയമാനസാ….

ഇത്രയൊക്കെയാണ് പ്രിയമാനസാ….

ആകാശത്ത് പറക്കുമ്പോൾ
അലാറത്തിൽ കൈയുടക്കി
കിടക്കയിൽ വീണത്

പോയ രാത്രിയിൽ
കൊളുത്തിയ വാക്കുകൊണ്ട്
അടുപ്പ് കത്തിച്ചത്

സിങ്കിൽ കഴുകാനിട്ട ഓർമ്മകൾ
ഒരു നെടുവീർപ്പുകൊണ്ട്
വെടിപ്പാക്കിയത്

ടിന്നിലിരുന്ന് കാറിയ
ഒരു തുണ്ട് പുഞ്ചിരി
കഴുകിക്കമിഴ്ത്തിയത്

ആർക്കും വേണ്ടാത്ത
കരച്ചിലുകൾ
എച്ചിൽക്കുഴിയിൽ കൊട്ടിക്കളഞ്ഞത്

കുക്കറിന്റെ ചീറ്റുകുഴലിൽ
മൗനത്തിന്റെ
കനം വെച്ചത്

8.30 ന്റെ കമ്പനി ബസ്സിനെ
ചോപ്പിങ്ങ് ബോർഡിലിട്ട്
അരിഞ്ഞു തീർത്തത്

ബാക്കിയായ നിമിഷത്തെ
ഫ്രീസറിൽ വെച്ച്
അടച്ചത്

ഒരു മുഷിപ്പൻ പകലിനെ
ടോസ്റ്റു ചെയ്‌ത്
ചോറ്റുപാത്രത്തിൽ പൂട്ടിയത്

കറുത്ത് കരുവാളിച്ച ഒരു ഹൃദയം
ഞൊറി വെച്ചും മുന്താണി വെച്ചും
അഴകിൽ പൊതിഞ്ഞത്

ലിപ്സ്റ്റിക്കുകൊണ്ട്
കണ്ണാടിയിൽ
സന്തോഷം വരച്ചു ചേർത്തത്

ഇത്രയൊക്കെയാണ്, പ്രിയമാനസാ
ഇന്ന് രാവിലെ ഞാൻ ചെയ്തത്
നീ കേൾക്കുന്നുണ്ടോ?

ശ്രീകുമാർ കക്കാട്

Leave a Reply

Your email address will not be published.

error: Content is protected !!