ഊഴം

ഇടക്കെപ്പോഴോ;
ഞാനുണർന്നിരുന്നു
ഉറക്കത്തിന്റെ
അങ്ങേയറ്റത്തെ ഇടനാഴിയിൽ
നീ നിൽപ്പുണ്ടായിരുന്നു.

ഇവിടിപ്പോൾ,
അകത്ത്
അത്യാഹിത വിഭാഗത്തിൽ
മരണതുല്യനായ് കിടക്കുന്നത് നീ തന്നെയല്ലേയെന്ന്
ഞാൻ സംശയമുണർത്തുന്നു;
നീ ചിരിക്കുന്നു.
അത്ഭുതം;
നിന്റെ രാഷ്ട്രീയങ്ങൾ
നിന്നിലേൽപ്പിച്ച
മുറിവുകൾ
അപ്രത്യക്ഷമായിരിക്കുന്നു.
വീശുകത്തിയുടെ
പിടികൊണ്ട് കലങ്ങിയ
നിന്റെ വലതു കണ്ണ്;
തെളിഞ്ഞു തന്നെയിരിക്കുന്നു.
മുറിഞ്ഞു തൂങ്ങിയ ഇടതു ചെവി യഥാസ്ഥാനത്തുണ്ട്.
നീ;
വെട്ടേറ്റു കിടന്ന നാട്ടുവഴിയിലെ
ചുവപ്പൻ പൊടിമണ്ണൊന്നും നിന്റെ വസ്ത്രങ്ങളിൽ കാണുന്നില്ല,
നിനക്കിപ്പോൾ
ചോരയുടെ പച്ചമണമില്ല.

വെളുക്കുവോളം
നമ്മൾ സംസാരിച്ചിരിക്കുന്നു.
ചിരിക്കുവോളം
നീ തമാശകൾ പറയുന്നു.
നീ ഹൃദയമുള്ളവനെന്നു ഞാനറിയുന്നു.
ഇരുമുന്നണികളിൽ തൂങ്ങി
പകയൂതിയിരുന്ന
നമ്മളെങ്ങനെ
സുഹൃത്തുക്കളായെന്ന്
ഞാൻ ആശ്ചര്യപ്പെടുന്നു.

ഇടക്കെപ്പോഴോ
ചില പ്രത്യയ ശാസ്ത്രങ്ങളുടെ വൈരുദ്ധ്യത്തിൽ,
ഉൾവഴികളിൽ നാം തെറ്റുന്നു.
നിലപാടിന്റെ
നേർത്ത ദൂരത്തേക്ക്
നീയകന്ന് പോകുന്നു.

അത്യാഹിതമുറിയുടെ-
വാതിൽ തുറന്ന്
നഴ്‌സ്‌
നിന്റെ മരണമറിയിക്കുന്നു.

എന്റെ ഊഴം കാത്ത്
ഞാൻ തിരിഞ്ഞു നടക്കുന്നു.

കതിരവൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!