ഒലിച്ചിറങ്ങിയ ചന്ദനം

വീടിന്റെ തൊട്ടടുത്താണ് ലീലാന്റിയുടെ വീട്.

ലീലാന്റിയെന്നു പറഞ്ഞാൽ ഡോ .ലീലാമണി. ഭർത്താവ് ദിവാകരൻ മാമൻ പി.ഡബ്ള്യു.ഡി എഞ്ചിനീയർ. ഏകമകൻ എങ്ങാണ്ടോ പഠിക്കുന്നു.

ഓ! ഇതൊക്കെ പറയുന്ന എനിക്ക് എന്തു  പണിയാണെന്നല്ലേ. ഇപ്പൊ പ്ലസ്‌ടു കഴിഞ്ഞതേയുള്ളൂ. റിസൾട്ട് വരാൻ ഇനിയും സമയമെടുക്കും. കൂട്ടുകാരൊക്കെ എൻട്രൻസ് കോച്ചിങ്ങിന്റെ ഓട്ടത്തിലാണ്.  ഹ്യുമാനിറ്റീസ് ആയതുകൊണ്ട് ആ ബാധയില്ല. മുതിർന്നവർ സംസാരിക്കുന്നതിനിടയിൽ ചെന്നാൽ പിള്ളേർക്കെന്താടാ ഇവിടെ കാര്യമെന്ന് ചോദ്യം വരും. പിള്ളേരോടൊപ്പം കളിക്കാൻ പോയാൽ മുതുക്കായാലും കളിപ്രായം മാറിയില്ലല്ലോ എന്ന കുത്തുവാക്ക് കേൾക്കും. അതുകൊണ്ട് ഒന്നും ചെയ്യാതെ ഇങ്ങനെ പാട്ടും കേട്ടിരിക്കുന്നതാണ് നല്ലത്. രാവിലെ ചെവിയിലോട്ട് കേറുന്ന ഹെഡ് ഫോൺ ഊരി  വയ്ക്കുന്നത് കുളിക്കുമ്പോൾ മാത്രം. അതുവരെ  മൂടില്ലാത്താളി മരത്തിൽ  പിടിച്ചിരിക്കുന്നപോലെ വള്ളിയും തൂക്കിയാണ് നടപ്പും കിടപ്പും.

ശ്ശോ!  പറഞ്ഞുതുടങ്ങിയതിൽ നിന്നും ഒരുപാട് പോയി. ലീലാന്റിയെക്കുറിച്ച് പറഞ്ഞാണ് തുടങ്ങിയത്.ലീലാന്റി കൃഷ്‌ണ ഭക്തയാണ്. താഴെയുള്ള കൃഷ്ണന്റെ കോവിലിൽ വ്യാഴാഴ്ചകളിൽ ആന്റിയുടെ വക പാൽപ്പായസമുണ്ട്. ലീലാന്റി ഒന്ന് മാറിക്കൊടുത്തിട്ടു വേണം ബാക്കിയുള്ളവർക്ക് കൃഷ്ണനെ ഊട്ടാൻ. പക്ഷെ ആന്റി മൊത്തത്തിൽ അങ്ങ് ബുക്ക് ചെയ്തിരിക്കുവാണ് . ഇതൊക്കെ പഴയ കഥയാണ്.ഈയിടെയായി ലീലാന്റി കോവിലിൽ പോകുന്നത് കാണാറില്ല. അമ്മയാണ് ഇക്കാര്യം പറഞ്ഞത്.

ശ്ശെടാ … ഇതെന്തുപറ്റി ?അന്നുമുതൽ എന്റെ കണ്ണുകൾ അവരുടെ പിന്നാലെയായി. രണ്ടാം നിലയിലെ സിറ്റൗട്ടിലേക്കുള്ള വാതിൽ തുറന്നു അവിടെ ഇരുപ്പ് പിടിച്ചു. കൂട്ടിന് ഹെഡ് ഫോണും. വീടിനുള്ളിൽ നിന്നും മണിയടി ശബ്ദമൊക്കെ കേൾക്കുന്നുണ്ട്. അപ്പോൾ ദൈവവിശ്വാസത്തിനു കുറവൊന്നുമില്ല. കൃഷ്ണനോട് എന്തെങ്കിലും പരിഭവം കാണും. മൂന്നാലു ദിവസം ആന്റിയെ പുറത്ത് കണ്ടില്ല.

അങ്ങനെയിരിക്കെ രാവിലെ മീൻകാരൻ സുബൈർ വന്ന്  ഹോൺ അടിച്ചപ്പോൾ ആന്റി വാതിൽ തുറന്നു. ഇനി മുതൽ മീൻ വേണ്ടായെന്ന് പ്രഖ്യാപിച്ചു. നിരാശയോടെ സുബൈർ സൈക്കിളും ചവിട്ടിപ്പോയി. കുറച്ചുകഴിഞ്ഞ് ആന്റി പ്രാക്ടീസിന് പോകാൻ റെഡിയായി പുറത്തിറങ്ങി. എന്തോ അസ്വാഭാവികത എനിക്ക് തോന്നി.

ആന്റിയുടെ മുഖത്തെന്താ?ഒരു ‘U’ ഷെയ്പ്പ് കുറി. ഇത് സാധാരണ പുരാണ സീരിയലുകളിലൊക്കെ കാണുന്നതല്ലേ? ങാ! നോക്കാം. ഇതുവരെ പോകുമെന്ന്.റോഡരികിൽ നിൽക്കുന്ന പേരയിൽ നിന്നും പഴുത്ത രണ്ടെണ്ണം പറിച്ചുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു. ആന്റിയുടെ കാർ പുറത്തേയ്ക്കും.

അമ്മയോട് വിഷയമവതരിപ്പിച്ചു.ഇവരുടെ  മുഖത്തെന്താ ഇങ്ങനെയൊരടയാളം? പച്ചക്കറിയരിഞ്ഞു  കൊണ്ടിരുന്ന അമ്മ ആദ്യമൊന്ന് ചിന്തിച്ചു. പിന്നെ അത് വിട്ടു. എന്തേലും ചെയ്യട്ടെ. നീ നിന്റെ പാടുനോക്ക്.അടുത്ത ദിവസം ആന്റിയുടെ മുഖത്തെ കുറി കുറച്ചുകൂടി ഷെയ്പ്പ് ആയിട്ടുണ്ട്. പക്ഷെ ഒരു കുഴപ്പം ഞാൻ കണ്ടുപിടിച്ചു. അതിൽ കുറച്ച് മൂക്കിലേക്ക് ഒലിച്ചിറങ്ങിയിരിക്കുന്നു . മുകളിലെ ‘U’ നാന്നായിട്ടുണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ  ഒരു ചേതക് സ്‌കൂട്ടർ വീടിനു മുന്നിൽ വന്നു നിന്നു . വെള്ള പൈജാമ ധരിച്ച ഒരാൾ. തല മുണ്ഡനം ചെയ്ത കുറച്ച് ഭാഗത്ത് ഒരു കുടുമ. കഴുത്തിൽ കുറെ മാലകൾ ദൈവമേ ഇതാരാ ? വിശ്വാമിത്ര മഹർഷിയോ? അയാൾക്കുമുണ്ടായിരുന്നു  ഇതേ  കുറി. മൂക്കിലേക്ക് കുറച്ച് ഒലിച്ചിട്ടുണ്ട്.

ഓ! അത് ശരി അപ്പോൾ ഇതിന്റെ ഷെയ്പ്പ് ഇങ്ങനെയാണെല്ലേ  ‘ഹലോ  ഡോ .ലീലാമണിയുടെ വീട് ?’ ങാ! അത് പറ. അപ്പൊ മലയാളിയാണ്.

‘ദോണ്ടേ അതുതന്നെ.’

അയാൾ അങ്ങോട്ട്  പോയി. കാലിൽ ഇട്ടിരിക്കുന്നത് തടികൊണ്ടുള്ള മെതിയടിയാണ്. അതും വലിച്ചു വലിച്ചാണ് നടപ്പ്.കുറച്ചു കഴിഞ്ഞപ്പോൾ അകത്ത് മണിയടി ശബ്ദം. പതിഞ്ഞ തലത്തിലുള്ള പാട്ട്.കുറച്ചു ദിവസം കൊണ്ട് എന്റെ ഗവേഷണത്തിലൂടെ ഞാൻ ചിലത് കണ്ടുപിടിച്ചു. ആന്റി ഏതോ ആശ്രമത്തിൽ ചേർന്നു. അവിടെയുള്ളവർ ഇങ്ങനെ ‘U’ ഷെയ്പ്പിലുള്ള കുറിയിടും. കുറച്ച് മൂക്കിലേക്ക് ഒലിച്ചിറങ്ങാൻ അനുവദിക്കും. അല്ലെങ്കിൽ ഒലിപ്പിയ്ക്കും .

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.  വെറുതെയൊന്ന് സിറ്റിയൊക്കെ കറങ്ങി തിരികെ വീടിനു മുന്നിലെത്തിയപ്പോൾ ആകെ ഒരു വെളിച്ചം. ഇതെന്താ സംഭവം?അയ്യോ നെഞ്ചൊന്ന് കാളി. മതിലിനോട് ചേർന്ന് നിന്ന എന്റെ പേരമരം കാണാനില്ല.

“അമ്മേ”

അമ്മ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വന്നു. ഇതെന്തിനാ അമ്മേ  മുറിച്ചത്?

‘ഞാനല്ല. അസോസിയേഷൻകാരാ. റോഡരികിൽ നിൽക്കുന്ന പാഴ്മരങ്ങളൊക്കെ മുറിച്ചു. കൂട്ടത്തിൽ ഇതും. വെട്ടരുതെന്ന് പറഞ്ഞിട്ട് ആരുകേൾക്കാൻ  ?

‘അതിന് അതാർക്കും  ഒരു ശല്യവും ആയിരുന്നില്ലല്ലോ? എത്ര കുട്ടികളാണ് രാവിലെ പേരയ്ക്ക പറിച്ചു കൊണ്ട് പോകാറുള്ളത്. എത്ര കിളികളുടെ ആഹാരമായിരുന്നു.’

സങ്കടത്തോടെ ഞാൻ ജീവനറ്റ കുറ്റിയെ  നോക്കി നിന്നു. റോഡിൽ നിറയെ പേരയിലകൾ. ഒറ്റ കൊമ്പില്ലാതെ ദുഷ്ടന്മാർ കൊണ്ട് പോയി.

‘അപ്പുറത്തെ തള്ള പരാതി കൊടുത്തോണ്ടാണ്  അത് മുറിച്ചു കളഞ്ഞത്. അവർക്ക് കാർ തിരിക്കാൻ അസൗകര്യമാണെന്ന്. റോഡിൽ നിൽക്കുന്നത് ആരുടേയും സ്വന്തമല്ലല്ലോ എന്ന്’.

ഓഹോ! അത് ശരി. അന്നു  വൈകുന്നേരം കുറെ പേര് ആന്റിയുടെ വീട്ടിൽ വന്നു.എന്തോ വലിയ സാധനം പൂന്തോട്ടത്തിൽ സ്ഥാപിക്കാനുള്ള പുറപ്പാടാണ്. ഉള്ളിലെ കലിപ്പൊക്കെ  ഒതുക്കി ഞാൻ സിറ്റൗട്ടിൽ നിന്ന് നോക്കി. ഒരു വലിയ ശിൽപ്പം. ആൽമരത്തിന്റേതാണ്.  അതിന്റെ ചുവട്ടിൽ ഓടക്കുഴലൂതുന്ന കൃഷ്‌ണൻ ആ കൃഷ്ണന്റെ നെറ്റിയിലുണ്ട് ‘U’ ഷെയ്പ്പ് കുറി.  മൂക്കിലേക്ക് ഒലിച്ചിട്ടുണ്ടോ? വ്യക്തമല്ല. അല്ലെങ്കിൽ തന്നെ അറിഞ്ഞിട്ടെന്തിനാ? എന്തെങ്കിലും ചെയ്യട്ടെ.

വാതിൽ വലിയ ശബ്ദത്തോടെ ഞാൻ വലിച്ചടച്ചു.

 

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!