വെള്ളപ്പാവാടയിലെ ചുവന്ന പൂക്കൾ

“ടി.. എന്റെ പാവാടയുടെ പിറകുവശത്തു വല്ലതും ഉണ്ടോ?” അവൾ ചോദിച്ചു.

“ഇല്ല. പെർഫെക്ട് !” ഞാൻ മറുപടി നൽകി.

“ഇന്നു വെള്ള യൂണിഫോം ആണ്. കറ ആയാൽ എങ്ങനെ ആളുകളുടെ മുന്നിലൂടെ നടക്കും. എന്തൊരു പരീക്ഷണമാ ഈശ്വരാ” അവൾ നെടുവീപ്പിട്ടു.

അവളെ പ്രിയ എന്ന് വിളിക്കാൻ ഞാനാഗ്രഹിക്കുന്നു. എന്റെ ഉറ്റ ചങ്ങാതിമാരിൽ ഒരാൾ. ഇന്നവൾ സ്ത്രീകൾക്ക് മാത്രം അവകാശപ്പെട്ട മാസമുറയിലൂടെ കടന്നു പോയ്‌കൊണ്ടിരിക്കുകയാണ്.

മാസമുറ എന്നാൽ മുറ തെറ്റാതെ എല്ലാ മാസവും വരുന്ന അതിഥി ആണ് ഞങ്ങൾക്ക്. ക്ഷണിച്ചാലും ഇല്ലെങ്കിലും അവൾ വരും. ഗർഭാശയമാകെ ഇളക്കി മറിച്ചു കണ്ണീർ പുഴയായി പുറത്തേക്ക്. ചില മാസങ്ങളിൽ ഛർദിയും പലവിധ വേദനകളും സമ്മാനിച്ചവൾ കടന്നു പോകും. ദൈവത്തെ പഴി പറഞ്ഞും ആൺ പടപ്പിനെ നോക്കി അസൂയ പൂണ്ടും സ്ത്രീകൾ അങ്ങനെ കാലം കഴിയ്ക്കും.

“നിനക്ക് പെരിയഡ്‌സ് ആണല്ലേ ?ഞാൻ ചോദിച്ചു.
“ങും.ഇത്രേം നേരം എങ്ങനെ പിടിച്ചു നിന്നൂന്നു എനിക്ക് തന്നെ അറിയില്ല. നാപ്കിൻ മാറ്റാനാണേൽ മാർഗവുമില്ല. ഇന്ന് ട്യൂഷന്‌ നീ മാത്രം പോയാ മതി. എനിക്ക് വരാൻ പറ്റുമെന്നു തോന്നുന്നില്ല.”വിഷമത്തോടെ അവളറിയിച്ചു.

“നീ കൂടി വാ ട്യൂഷന്‌. നാപ്കിൻ മാറ്റാൻ ടോയ്‌ലെറ്റിൽ പോകാം. ഞാനും കൂടെ വരാം ” ഞാൻ പറഞ്ഞു.

ടോയ്‌ലെറ്റ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. മഴ ചാറി തുടങ്ങിയിരിക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴയാണ്. ശക്തി കൂടി കൂടി വരുന്നു . സ്കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള ചാലുകൾ താമസിയാതെ കവിഞ്ഞൊഴുകും.

‘Toilet Girls’ എന്ന ഫലകം കാണുന്നതിന് മുന്നേ തന്നെ രൂക്ഷമായ ഗന്ധം നാസാരന്ദ്രങ്ങളെ തുളച്ചു കയറിയിരുന്നു. തൂവാല കൊണ്ട് മുഖം പാതി മറച് അങ്ങോട്ടേക്ക് തന്നെ ഞങ്ങൾ നടന്നു.

ശൗചാലത്തിനു മാത്രമായി ഒരു കെട്ടിടം. അതിനകത്തു നിരനിരയായ് ഏഴോ എട്ടോ ശുചി മുറികൾ. അവ ഉപയോഗ യോഗ്യമാണോന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്തവണ്ണം ഇരുട്ട് വ്യാപിച്ചു കിടക്കുന്നു . ശുചിമുറികളുടെ നടുവേയുള്ള പ്രധാന വഴിയിൽ സാഹസപ്പെട്ടു ചിരിക്കാൻ ശ്രമിക്കുന്ന ഒരു ടങ്സ്റ്റൺ ബൾബ്. പ്രിയ അതിനകത്തേക്കു നടന്നു. പുറത്തു തൂവലായാൽ മുഖം മറച്ചു ഞാനും.

“ഇതിനകം അപ്പടി അഴുക്കാണ്. വിസർജ്യങ്ങൾ ഉണ്ട്. വൃത്തിയാക്കിയിട്ട് നാളുകളായെന്ന് തോന്നുന്നു. ഞാൻ നാപ്കിൻ മാറ്റുന്നില്ല. കൂടുതൽ നിന്നാൽ ഛർദിക്കും.” ഇരുട്ടിൽ നിന്നു അവളുടെ ശബ്ദമുയർന്നു.

ശുചി മുറികൾ വൃത്തിയാകാൻ നിയോഗിക്കപ്പെട്ട ഒരു സ്ത്രീയെ ഇടയ്ക്കു സ്കൂൾ പരിസരത്ത് വെച്ച് കണ്ടിട്ടുണ്ട്. അവർക്കതിൽ തീരെ താല്പര്യം ഉള്ളതായി തോന്നിയിട്ടില്ല. വളരെ അത്യാവശ്യക്കാർ മാത്രമേ ഇപ്പോൾ ആ സ്ഥലം ഉപയോഗിക്കാറുള്ളൂ. സ്കൂളും പരിസരവും വൃത്തിയായ് സൂക്ഷിക്കേണ്ടത് വിദ്യാർത്ഥികളുടെ കടമയാണെന്ന് തിരിച്ചറിവുണ്ടെങ്കിലും പലരും ബോധപൂർവം മറക്കുക ആണ് പതിവ്. സ്കൂളിൽ പെൺകുട്ടികളുടെ ഇടയിൽ പരക്കെ ഒരു ശീലമുണ്ട്. ചുണ്ടും നാവും നനയാൻ മാത്രം വെള്ളം കുടിക്കുക. അമിതമായി കുടിച്ചാൽ രണ്ടു തവണ എങ്കിലും മൂത്രപ്പുരയിൽ പോകേണ്ടി വരും. അത് അചിന്തനീയമാണ്.

അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. വെള്ളം നന്നായി കുടിച്ചില്ലെങ്കിൽ മൂത്രാശയ രോഗങ്ങൾ പിടിപെടുമെന്ന്. എന്റെ കൗമാരകാലങ്ങളിൽ മൂത്രശയ രോഗങ്ങളെക്കാൾ ഭീതി ജനിപ്പിക്കുന്നവ ആയിരുന്നു മൂത്രപ്പുരയിലെ വൃത്തിഹീനമായ കാഴ്ചകളും ഗന്ധവും.

മഴ കൂടുതൽ ശക്തി പ്രാപിച്ചു തുടങ്ങി. ചാലുകളുടെ സകല അതിർത്തികളെയും ഭേദിച്ച് മഴവെള്ളം പുതിയ സഞ്ചാര പ‌ഥങ്ങൾ ഒരുക്കി. മേഘക്കൂട്ടങ്ങളാൽ മറക്കപെട്ടു സൂര്യൻ. അന്തരീക്ഷം ഇരുണ്ടു തുടങ്ങിയിരിക്കുന്നു.

“ഇന്നിനി ഞാനും ട്യൂഷന്‌ പോകുന്നില്ല. കഴിയുമ്പോ 6 മണി ആകും. മഴ ആയതു കാരണം ഓട്ടോയും കിട്ടില്ല.” വീട്ടിലേക്കു പോകാൻ തന്നെ ഉറപ്പിച്ചു ഞാൻ പറഞ്ഞു.

അടുത്തുള്ള ഓട്ടോ സ്റ്റാന്റിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഒരുമിച്ചാണ് എന്നും വീട്ടിൽ പോകാറ്. ആദ്യം അവളുടെ വീടാണ്. 5 മിനിറ്റ് കൂടി ഉണ്ട് എന്റെ വീട്ടിലേക്ക്.

ആദ്യം കണ്ട ഓട്ടോയിൽ തന്നെ ഞങ്ങൾ കേറി. സ്ഥലം പറഞ്ഞു. വെള്ള പാവാടകളെ തഴുകി മയക്കാൻ കൈ നീട്ടിവന്ന മഴത്തുള്ളികളെ ആട്ടി ഓടിച്ചു ഓട്ടോയുടെ റൈൻ ഗാർഡ് ഞാനിട്ടു.

“ഇന്ന് കണക്കു ക്ലാസ്സായിരുന്നു. തോമ സാറിനോട് നാളെ എന്ത് പറയും?” പ്രിയ ആശങ്കയറിയിച്ചു.
“നാളത്തെ കാര്യം നാളെ. നീ ടെൻഷൻ അടിക്കാതെ” ഞാനാശ്വസിപ്പിച്ചു.

കണക്കു ക്ലാസ്സിന്റെ പ്രാധാന്യം അറിയാവുന്നത് കൊണ്ട് തന്നെ ഞങ്ങൾ അസ്വസ്ഥരായിരുന്നു.

പ്രിയയുടെ വീടിന്റെ ഗേറ്റിനോട് ചേർത്ത് ഓട്ടോ നിർത്തി. അവളുടെ അച്ഛൻ നേരത്തെ എത്തിയിരിക്കുന്നു. കാർ പോർച്ചിൽ ഉണ്ട്. ഓട്ടോയിൽ നിന്നവൾ ഇറങ്ങി. നാളെ കാണാമെന്ന പതിവ് ശൈലിയിൽ കൈ കാണിച്ചു വീട്ടിലേക്കവൾ നടന്നു. പുറം തിരിഞ്ഞു നടക്കുന്ന അവളുടെ തൂവെള്ള പാവാടയിൽ ഞാനാ ചുവന്ന രക്ത പുഷ്പങ്ങൾ കണ്ടു. നാളെ എന്നെ തേടി വരാൻ പോകുന്ന രോഹിത പുഷ്പങ്ങൾ.

************

വർഷങ്ങൾക്കിപ്പുറം ജനനേന്ദ്രിയ വ്യൂഹം കൂടുതൽ മനസിലാക്കിയപ്പോഴാണ് ഗർഭാശയവും ഹോർമോണുകളും ആർത്തവവും എല്ലാം ദൈവം സ്ത്രീകൾക്ക് തന്ന ശാപമല്ല മറിച്ചു ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനായി സ്ത്രീകൾക്ക് മാത്രം നൽകിയ ഏറ്റവും വലിയ വരദാനമെന്ന് . പ്രപഞ്ചത്തിൽ ആദിമധ്യാന്തം ശ്രേഷ്ടമായതു അമ്മ തന്നെ ആണ്.ഒരു കുഞ്ഞിന്റെ ജനനത്തിലൂടെ സമാനതകൾ ഇല്ലാത്ത പദവിയിലേക്ക് ഒരു സ്ത്രീ ഉയർത്തപ്പെടുമ്പോൾ ഗർഭാശയമെന്ന മഹത്തായ സൃഷ്ടിയെ നമിക്കാതിരിക്കാൻ തരമില്ല. രണ്ടു കോശങ്ങൾ സംയോജിച്ചു ഗർഭാശയത്തിൽ നിക്ഷേപിക്കപെടുമ്പോൾ മുതൽ വളക്കൂറുള്ള മണ്ണായി മാറി ജീവസുറ്റ ഒരു മനുഷ്യരൂപമാക്കി മാറ്റാൻ കെൽപ്പുള്ള മറ്റേത് അവയവമുണ്ടീ ഭൂമിയിൽ?

ഒരു സ്ത്രീയുടെ ആർത്തവ കാലം ശാപമോ പാപമോ ആയി പേറി മറച്ചു പിടിക്കേണ്ട ഒന്നാണെന്നു പറഞ്ഞു പഠിപ്പിച്ചതോ കേട്ടു പഠിച്ചതോ മനസ്സിൽ ഉറപ്പിച്ചതോ ആയ തെറ്റായ വിശ്വാസങ്ങൾ. പ്രപഞ്ച നിലനിൽപ്പിനാധാരമായ ജൈവ ആന്തരിക പ്രവർത്തനങ്ങൾ മാത്രമാണെന്ന് ചിന്തിക്കാൻ കെൽപ്പില്ലാത്ത ബുദ്ധി ഉറച്ചിട്ടില്ലാത്ത കുറെ മനുഷ്യർ. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയെ പോലും കാമ കക്കണ്ണുകളോടെ നോക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്നൊരു സമൂഹം. ഇവരുടെ ഇടയിലാണ് നമ്മൾ സുരക്ഷയും സ്വാതന്ത്രവും പ്രസംഗിക്കുന്നത്. മാറേണ്ടത് മനുഷ്യരല്ല ചിന്തകൾ ആണ്.

സ്ത്രീയെ ദേവിയായി ആരാധിക്കുന്ന നാട്ടിൽ വഴിമധ്യേ ഉപയോഗിക്കാൻ വൃത്തിയുള്ള ഒരു മൂത്രപ്പുര പോലുമില്ലെന്ന സത്യത്തിൽ നില കൊണ്ടുതന്നെ അഹങ്കാരത്തോടെ ഞാൻ പറയട്ടെ, ഒരു സ്ത്രീയായ് തന്നെ ഈ ഭൂമിയിൽ പിറന്നതിൽ ഞാൻ അഭിമാനിക്കുന്നു.

ഡോ .ഷാനി ഹഫീസ്

Leave a Reply

Your email address will not be published.

error: Content is protected !!