കനൽ

ഭൂമിയിലെ ഓരോരോ കണികയിലും ആളിക്കത്താൻ ഒരുങ്ങിനിൽക്കുന്ന കനലുകളുണ്ട്.

അതുവെറും ജീവന്റെ തുടിപ്പല്ല. ഭ്രാന്തുകളിൽ കൊതിതീരാത്ത.. ശ്വാസനിശ്വാസങ്ങളിൽ കുളിരുമാറാത്ത.. ചുംബനങ്ങളിൽ ഹൃദയം തുടിക്കുന്ന.. തീവ്രത, ഉറക്കം നടിച്ച് കിടപ്പുണ്ട്.

അവർ മൗനത്തെ വളരെ ആഴത്തിലാണ് പുൽകിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ നിഗൂഢതകൾക്ക് കടന്നുചെല്ലുക പ്രയാസം.. പക്ഷേ, നിരാശകൾക്ക് വളരെ എളുപ്പവും.

ഒട്ടും ഘനം കുറയാത്ത പുറംചട്ട.. ഒഴുക്ക് ആഴങ്ങളിൽ.. മുറിവുകളോ മേൽപ്പടർപ്പിൽ..!

കൊടിയ സ്നേഹത്തിന്റെ സ്നിഗ്ദതകൊണ്ട് തഴുകിയാൽപ്പോലും നൊമ്പരപ്പെട്ടേക്കാം.. ഒരു കോപ്പയിലെ ജലം കണക്കെ ശാന്തമാക്കപ്പെടണമെങ്കിൽ ഹൃദയംകോണ്ടു അത് കൈക്കുമ്പിളിൽ കോരിയെടുക്കേണ്ടിയിരിക്കുന്നു.

കോരിയെടുക്കുമ്പോഴാണ് അറിയുന്നത് കോരുന്നത് കോപ്പയിൽനിന്നല്ല കടലിൽനിന്നുമാണെന്ന്..

റോബിൻ കുര്യൻ

error: Content is protected !!