അമ്മമൊഴി

വൈകുന്നേരം 5 P.M. ന് പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനം.
– പത്രവാർത്ത –

വ്യക്തിത്വം , 5 P. M. എന്നിവയെപ്പറ്റിയുള്ള ധാരണപ്പിശകാണ്‌ ഈ വാക്യത്തെ വികലമാക്കിയത്.
5 P. M. എന്നാൽ വൈകുന്നേരം 5 മണി എന്നര്‍ത്ഥം.
5 P. M.-ന് എന്നോ വൈകുന്നേരം 5 മണിക്ക് എന്നോ പ്രയോഗിച്ചാലേ മതി.

വ്യക്തി – വ്യക്തമായി തിരിച്ചറിയാവുന്നത് , കൂട്ടത്തിൽ നിന്ന്‌ വേര്തിരിച്ചെടുക്കാവുന്നത്‌ . (നാം ഓരോരുത്തരും മനുഷ്യസമൂഹത്തിലെ ഓരോ വ്യക്തിയാണ്.)

വ്യക്തിത്വം – വ്യക്തിയുടെ ഭാവം .

പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ വ്യക്തികൾക്കെ കഴിയൂ. വ്യക്തിത്വം അവർക്കൊപ്പമുണ്ടാകും.

കുറ്റവാളിയായ കുട്ടിയെ ദുർഗുണ പാഠശാലയിലേയ്ക്കയച്ചു.
– പത്രവാർത്ത –

ദുർഗുണ പാഠശാല – ദുർഗുണങ്ങൾ പഠിപ്പിക്കുന്ന പാഠശാല.

അങ്ങനെയൊരു പാഠശാല ഒരിടത്തും കാണില്ല. ദുർഗ്ഗുണങ്ങൾ ഇല്ലാതാക്കാനുള്ള പഠനങ്ങൾ നടത്തുന്ന പാഠശാല , അതാണ് ദുർഗുണ പരിഹാര പാഠശാല. അവിടെയാണ് കുറ്റവാളികളായ കുട്ടികളെ അയയ്‌ക്കുന്നത്‌. അതിനാൽ പ്രസ്തുത വാക്യം ഇങ്ങനെ തിരുത്താം

‘കുറ്റവാളിയായ കുട്ടിയെ ദുർഗ്ഗുണപരിഹാര പാഠശാലയിലേക്കയച്ചു.’

‘ ഞാൻ അബോധാവസ്ഥയിൽ കിടക്കുമ്പോഴാണ് ആ കൊലപാതകത്തെപ്പറ്റി അറിഞ്ഞത്‌ ‘.
– ലേഖനം –

അബോധാവസ്ഥ – ബോധമില്ലാത്ത അവസ്ഥ.
ബോധമില്ലാത്ത അവസ്ഥയിൽ ഒന്നും അറിയാൻ കഴിയില്ലല്ലോ. അപ്പോൾ കൊലപാതകം നടന്നിരിക്കാം.
ശരിരൂപം : – ‘ ഞാൻ അബോധാവസ്ഥയിൽ കിടക്കുമ്പോഴായിരിക്കാം ആ കൊലപാതകം നടന്നത് ‘.

‘ കൈരളി കലാകേന്ദ്രത്തിന്റെ ഒന്നാം വാർഷികം പൂർവ്വാധികം ഭംഗിയായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു’.
– നോട്ടീസ് വാക്യം –

പൂർവ്വാധികം – മുമ്പത്തേതിനേക്കാൾ

ഒന്നാം വാർഷികമാണ് ആഘോഷിക്കുന്നത്. മുമ്പ് വാർഷികം ആഘോഷിച്ചിട്ടില്ലെന്നാണ് ഒന്നാം വാർഷികം എന്ന പദം സൂചിപ്പിക്കുന്നത്. പിന്നെ എങ്ങനെയാണ് മുമ്പത്തേതിനേക്കാൾ ഭംഗിയായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഈ വാക്യത്തിൽ പൂർവ്വാധികം എന്ന പദം ആവശ്യമില്ലാത്തതാണ്.

വാക്യം ഇങ്ങനെ ശരിയാക്കാം.

‘ കൈരളി കലാകേന്ദ്രത്തിന്റെ ഒന്നാം വാർഷികം ഭംഗിയായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു’.

( തുടരും)

വട്ടപ്പറമ്പിൽ പീതാംബരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!