പടവുകൾ -(നോവലൈറ്റ്‌)

ഇത്‌ ജോണിയുടെ കഥയാണ്
  ആറുമക്കളിൽ അഞ്ചാമനായിരുന്ന ജോണിയുടെ കഷ്ടതകൾ നിറഞ്ഞ ജീവിതത്തിന്റെ ഏടുകൾ മറിച്ചു നോക്കാം..
ബെല്ലടിച്ച്‌ സ്കൂൾ വിട്ടപ്പോൾ ജോണി ഓടുകയായിരുന്നു. വീട്ടിൽ ചെന്നിട്ട്‌ വേണം  കൊപ്രാ ആട്ടിക്കാൻ മില്ലിൽ പോകാൻ.
ജോണി ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ, അപ്പൻ പറയുന്ന എല്ലാ ജോലികളും മടികൂടാതെ ചെയ്യുന്നവനും, ഉത്തരവാദിത്വത്തോടുകൂടി എന്തും  ചെയ്യാൻ പ്രാപ്തിയുള്ളവനും ആയിരുന്നു.
പ്രതിബന്ധങ്ങളെ ധീരമായി നേരിടാനുള്ള മനോബലം ഉള്ളവനായിരുന്നു അവൻ.
ഒരിക്കലും അവന്റെ മുഖത്ത്‌ നിരാശയോ, വിഷാദമോ കാണാൻ സാധിക്കില്ല..
എല്ലായിപ്പോഴും തിളക്കമാർന്ന മുഖപ്രസാദത്തോടെയും,ഊർജ്ജസ്വലതയോടും കൂടിയവൻ, തീയിൽ കുരുത്തവൻ എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.. മറ്റുള്ളവരുടെ പ്രയാസങ്ങളിൽ മനസലിയുന്ന ദീനാനുകമ്പയുള്ളവൻ കൂടിയാണവൻ.
അവൻറെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല..
പഠനകാര്യങ്ങളിൽ അത്ര  മോശമല്ലാതിരുന്നിട്ടും കുടുംബത്തിലെ ജോലി തിരക്കുമൂലം, പഠനത്തിൽ മികവുപുലർത്താൻ ആ കാലയളവിൽ  അവനുകഴിഞ്ഞിരുന്നില്ല.
അവന്റെ ഓരോ ദിവസവും തുടങ്ങുന്നത്‌
വീട്ടിലെ പശുക്കളുടെ പാൽ അടുത്തുള്ള കടയിൽ കൊണ്ടുപോയി കൊടുത്തിട്ടാണ്.
തിരികെ എത്തിയതിനുശേഷം പാടത്തോ, പറമ്പിലോ ഇറങ്ങി അപ്പനെ സഹായിക്കും..
ജോണിയുടെ കൂടപ്പിറപ്പുകളും മോശക്കാരായിരുന്നില്ല.
എല്ലാവരും ഐക്യത്തോടെ, ഒരേ മനസ്സോടെ കഴിഞ്ഞതിനാൽ  സ്വസ്ഥവും, സമാധാനവുമായ കുടുംബാന്തരീക്ഷം..
നെല്ല് വിളയുന്ന കാലമായാൽ അത്‌ കൊയ്തെടുത്ത്‌ അടുക്കുന്നതുമുതൽ,
പുഴുങ്ങി ചിക്കിയുണക്കി അരിയാകുന്നതുവരെ എല്ലാവരും കൈ മെയ്യ്‌ മറന്ന് അധ്വാനിച്ചിരുന്നു.,
അതുപോലെ മരച്ചീനി വിളയുന്ന കാലത്ത്‌, അത്‌ പറിച്ചെടുത്ത്‌ ചന്തയിൽകൊണ്ട്‌ കൊടുത്തതിനുശേഷം, ബാക്കിവരുന്നത്‌ അരിഞ്ഞുണക്കി, ചാക്കിലാക്കി സൂക്ഷിച്ചു വെക്കണം.
വറുതിയിലേക്കുള്ള കരുതലും, ബാക്കിയുള്ളവ വിപണത്തിനും.
പറമ്പിലെ തേങ്ങായെല്ലാം  ഇട്ട്‌ കഴിയുമ്പോൾ അത്‌ പൊട്ടിച്ചുണക്കി കൊപ്രാ ആക്കി അരിഞ്ഞെടുത്ത്‌ വെയിലുകൊള്ളിച്ച്‌ വെളിച്ചെണ്ണ ആക്കി, ചെറുകിട വ്യാപാരികൾക്ക്‌ ചന്തയിൽ എത്തിച്ചുകൊടുക്കുന്ന വ്യാപാരവും ജോണിയുടെ കുടുംബക്കാർ ചെയ്തിരുന്നു. അതുകൂടാതെ
വാഴകൃഷി, പച്ചക്കറി, ചേന, ചേമ്പ്‌, കാച്ചിൽ അങ്ങനെയെല്ലാം കോയിക്കൽ കുടുംബത്തിലെ വരുമാന മാർഗ്ഗങ്ങളിൽ പെടുന്നതായിരുന്നു.
  ആത്മാർത്ഥതയോടും, അർപ്പണബോധതോടുകൂടിയുമുള്ള കുടുംബാംഗങ്ങളുടെ പ്രയത്നം ആ കുടുംബത്തിനെ പുരോഗതിയുടെ പാതയിലേക്ക്‌ നയിച്ചു. അങ്ങനെ
കുറേനാളിനുള്ളിൽതന്നെ പാട്ടത്തിനെടുത്തിരുന്ന മാത്തുകുട്ടിച്ചായന്റെ രണ്ടരയേക്കർ പറമ്പ്‌ അപ്പനും മക്കളും കൂടി  തീറാക്കി.
അവൻ വളർന്നപ്പോഴേക്കും കോയിക്കൽകുടുംബം തരക്കേടില്ലാത്ത ഉന്നതിയിൽ എത്തിയിരുന്നു..
  പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്തും വീട്ടിലെ ജോലികഴിഞ്ഞാണ് ജോണി‌ കോളേജിൽ പൊയ്ക്കോണ്ടിരുന്നത്‌. ഇതിനിടയിൽ ജോണിയുടെ മൂത്തജേഷ്ഠന്മാർ, ഇന്ത്യയിലെ പലഭാഗങ്ങളിലുമായി ഉദ്യോഗങ്ങളിൽ പ്രവേശിച്ചു. യഥാസമയത്ത് മക്കളുടെ സഹായം ആവശ്യപ്പെടാതെ തന്നെ ജോണിയുടെ അപ്പൻ പെണ്മക്കളുടെ വിവാഹം  നടത്തി.
പ്രീഡിഗ്രി കഴിഞ്ഞപ്പോൾ മഹാരാഷ്ട്രയിൽ ഉണ്ടായിരുന്ന മൂത്ത ജേഷ്ഠൻ ജോയിക്കുട്ടി ജോണിയെ അങ്ങോട്ടേക്ക്‌ വിളിപ്പിച്ചു..
പുതിയ മാനം കെട്ടിപ്പടുക്കാൻ ജോണി മഹാരാഷ്ട്രയിലേക്ക്‌ വണ്ടികയറി..
അവിടെത്തെ ജോണിക്ക് കമ്പനിയിലെ ചില പ്രശ്നങ്ങൾ കാരണം ജ്യേഷ്ഠൻ തരപ്പെടുത്തിയ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചില്ല.
അതിനോടൊപ്പംതന്നെ  ജ്യേഷ്ഠന് രാജസ്ഥാനിലേക്ക്‌ സ്ഥലം മാറ്റവും ആയി.
അങ്ങനെ പ്രതിസന്ധിയിലായ ജോണിയെ നാട്ടിലേക്ക്‌ മടങ്ങാൻ ജ്യേഷ്ഠൻ നിർബന്ധിച്ചിട്ടും ജോണി കൂട്ടാക്കിയില്ല.
ഒടുവിൽ അവന്റെ നിശ്ചയദാർഢ്യത്തിനു മുൻപിൽ ജോയിച്ചന് മുട്ടുമടക്കേണ്ടിവന്നു..
ജോണി പൂനയിൽ എത്തി. ആരുടേയും പിൻതുണയില്ലാതെ ആ നഗരത്തിൽ അവൻ ജീവിതം തുടങ്ങി. എന്നാൽ ഏറെനാൾ കഴിഞ്ഞിട്ടും  നല്ലൊരു ജോലി തരപെടുത്തുവാൻ ജോണിക്കായില്ല.
എങ്കിലും, തോറ്റ്‌ പിന്മാറാൻ ജോണി തയ്യാറായില്ല.
 ചെറിയചെറിയ പണികൾക്ക്‌ പോയി കൂട്ടിവച്ചിരുന്ന ചെറിയ സമ്പാദ്യം കൊണ്ട്‌ ഒടുവിൽ ആലോകിന്റെ ടയർ പഞ്ചറൊട്ടിക്കുന്ന കടക്കടുത്തായി പ്ലാസ്റ്റിക്ക്  മറച്ച്‌ ജോണി ഒരു ചായക്കട തുറന്നു..
ജോണിയും ആലോകും സമപ്രായക്കാരാണ്. പൂനയിൽ എത്തിയപ്പോൾമുതൽ ജോണിയുടെ ഏക സുഹൃത്താണ് ആലോക്‌.
നേരം സന്ധ്യയോടടുക്കുന്നു,
ജോണി ഗ്ലാസുകളും, പാത്രങ്ങളും കഴുകിവച്ചു. ഏഴുമണിക്ക്‌ പോയാൽ മതി, അതിനുമുൻപ് തന്നെ ആലോക്‌  ഇങ്ങെത്തും,
ജോണി പൂനയിൽ എത്തിയതിനുശേഷം ഇരുവരും സന്ധിക്കാത്ത ഒരു വൈകുന്നേരങ്ങളുമില്ല..
അവൻ വന്നുകഴിഞാൽ പിന്നെ ഒരുസമാധാനവും തരില്ല ..അതുകൊണ്ട്‌ സാധനങ്ങൾ എല്ലാം അകത്തേക്ക് പെറുക്കിവച്ചു.
പത്തുമിനിട്ട്‌ കഴിഞ്ഞില്ല അപ്പോഴേക്കും ആലോക്‌ വന്നുകയറി..
ജോണി പെട്ടിയിൽ ഉണ്ടായിരുന്ന പൈസയെല്ലാം മേശപ്പുറത്തേക്ക്‌ എടുത്ത് കമഴ്ത്തി.
എണ്ണിതിട്ടപ്പെടുത്തിക്കൊണ്ട്‌ ആത്മഗതമെന്നോണം പറഞ്ഞു,
ഇന്നും നഷ്ടത്തിൽ തന്നെയാണ്,പക്ഷെ തോൽക്കാൻ മനസില്ല അവൻ പിറുപിറുത്തു.
ആലോകിന്റെ പശ്ചാത്തലം ജോണിയുടെതിൽനിന്ന് വിഭിന്നമല്ല.
ആലോകിന്റെ അച്ഛന് ഒരു പഞ്ചർകടയും അതിനോടൊപ്പം ചെരുപ്പുകൾ തുന്നുന്ന ഒരു പെട്ടിക്കടയുമുണ്ട്‌..
രാവിലെമുതൽ ചെരുപ്പ്കടയുടെ ഉത്തരവാദിത്വം ആലോക്‌ ഏറ്റെടുക്കും.
ടൗണിൽ നിന്ന് ഒരുപാട്‌ മാറിയാണ് അവർ കടനടത്തുന്നത്‌
അതുകൊണ്ട്‌, അച്ഛനും മകനും എത്ര കഷ്ടപെട്ടാലും വരുമാനം തുച്ഛമായിരുന്നു..
ഇരുവരും സായാഹ്നക്ലാസിൽ എത്തിയപ്പോഴേക്കും, മറ്റുള്ളവരെല്ലാം എത്തിയിരുന്നു.
ജോണിയും ആലോകും ആയിരുന്നു ക്ലാസ്സിൽ പഠനത്തിൽ സമർത്ഥൻമാർ. അധ്യാപകരുടെ പ്രതീക്ഷയും അവരിലായിരുന്നു..
ജോണി വെളുപ്പിനെ തന്നെ തന്റെ ചായക്കട തുറക്കും. പഞ്ചറൊട്ടിക്കാൻ വരുന്ന ഡ്രൈവർമാരും, അവരുടെ സഹായികളും,  അടുത്തുള്ള ചെറിയ ചന്തയിലെ തൊഴിലാളികളും കച്ചവടക്കാരുമാണ്  ജോണിയുടെ പീടികയിൽ കയറുന്നത്‌.
രാപ്പകൽ അധ്വാനിച്ചിട്ടും ഒരുപാട് വരുമാനമുണ്ടാക്കാൻ ജോണിക്ക് സാധിച്ചിരുന്നില്ല ഈ കാലയളവിലും.
ബിരുദം എടുത്തിട്ട്‌ എവിടെങ്കിലും ജോലിയിൽ കയറിക്കൂടണം എന്ന ആശയിലാണ് ഇരുവരുടേയും പഠനം.  കടകളും കമ്പോളങ്ങളും അടപ്പിച്ച് നിരത്തുകളിൽ കാലിയാക്കിയ ഒരു ബന്ദ്‌ ദിവസം..
അന്ന് ഇരുവരുംകൂടി ഗോവിന്ദ്‌ജിയുടെ പീടികത്തിണ്ണയിൽ ഇരിക്കുകയാണ്. അപ്പോളാണ് നന്ദുലാൽ സേഠിന്റെ വരവ്‌..
സ്ഥിരമായി ജോണിയുടെ ചായപീടികയിലെ വരവുകാരനാണ് അയാൾ.
കോടീശ്വരൻ ആണങ്കിലും എളിമയോടും ലാളിത്യത്തോടും ജീവിക്കുന്നാളാണ് നന്ദുലാൽ..
രണ്ടുപേരേയും സഹായിക്കുന്നതിനായി പുതിയ പല സംരംഭങ്ങളും തുടങ്ങുന്നതിനുള്ള സഹായം  ചെയ്തുകൊടുക്കാമെന്ന് നന്ദുലാൽ പലപ്പോഴും അവരോട് പറഞ്ഞിരുന്നു. പക്ഷേ അഭിമാനികളായ ഇരുവരും അതിന് സമ്മതിച്ചില്ല.
അവർക്ക്‌ ഇപ്പോൾ ഒരേ ഒരു സ്വപനം മാത്രമേ ഉള്ളു… അതിനുവേണ്ടിയാണവർ
സായാഹ്ന ക്ലാസിൽ ചേർന്നിരിക്കുന്നത്‌.
നന്ദുലാൽ പറഞ്ഞു “നിങ്ങൾക്ക്‌ പറ്റിയ ഒരാളിനെ ഞാൻ പരിചയപെടുത്തിതരാം സമയമായട്ടെ.. ആട്ടെ രണ്ടാളുടേയും പഠിത്തം എങ്ങനെ പോകുന്നു? വാ നമുക്കൊന്ന് നടക്കാം..”
ഇരുവരും അയാളോടൊപ്പം നടന്നു. നിങ്ങളെപോലെ തന്നെ ജീവിതം തുടങ്ങിയതാണ് ഞാൻ.
പ്രതിസന്ധികളിൽ തളരാതെ നിന്നതാണ് എന്റെ അഭിവൃദ്ധിയുടെകാരണം.
ഞാൻ പറഞ്ഞതെന്താണന്ന് രണ്ടാൾക്കും മനസിലായിട്ടുണ്ടാകുമെല്ലോ..
അയാൾ ഇരുവരേയും നോക്കി..
ഒരു ഉച്ചനേരത്ത്‌ ആലോക്‌  ജോണിയുടെ പീടികയിൽ കയറി..
ആ സമയം പതിവല്ലാത്തതിനാൽ ജോണി ആലോകിനെ ഒന്നുനോക്കി.
മറുപടിയെന്നോണം അവൻ പറഞ്ഞു.
ഇന്ന് ഈവനിംഗ്‌ ക്ലാസ്സിൽ നമുക്ക്‌പോകണ്ടാ,
അത്യാവശ്യമായി നമുക്ക്‌  വേറൊരിടംവരെ പോകേണ്ടതുണ്ട്‌. അത്‌ കേട്ടിട്ടും,ജോണിയൊന്നും പറഞ്ഞില്ല.
രണ്ടിൽ ആരെങ്കിലും ഒരു കാര്യം പറഞ്ഞാൽ മറ്റേയാൾക്ക് മറുചോദ്യം ഇല്ല. അതിന് ഒരിക്കലും മാറ്റം വന്നിട്ടില്ല.
കൃത്യം ആറുമണിയായപ്പോൾ തന്നെ ആലോക്‌ വന്നു.
മുൻധാരണപ്രകാരം ജോണി തയ്യാറായിതന്നെ ഇരിക്കുകയായിരുന്നു.
ജോണിയുടെ സൈക്കിളിൽ ഇരുവരും പുറത്തേക്കിറങ്ങി..
വൈകുന്നേരമാകുമ്പോൾ ചന്തയുടെ ഭാവം മാറും, തിരക്കാകും, പലതരം പലഹാരങ്ങളുടെയും, ചോളം ചുടുന്നതിന്റേയും ഗന്ധം കലർന്ന കാറ്റ് ഒരു പുതപ്പ് എന്നപോലെ ചന്തയെ ചുറ്റി പിടിക്കും. വഴിയോരകച്ചവടക്കാർ വഴിയുടെ ഇരുവശങ്ങളും കയ്യടക്കും.
ആ തിരക്കിനിടയിൽകൂടി തികഞ്ഞ ഒരു അഭ്യാസിയെപ്പോലെ ആലോക്‌ സൈക്കിൾ ഓടിച്ചുമുന്നോട്ട്‌ പോവുകയാണ്.
എന്താണ് കാര്യമെന്ന്  ആലോക്‌ ഇതുവരെ പറഞ്ഞിട്ടില്ല.
ജോണി അക്ഷമനായിതുടങ്ങി. അവന്റെ മനസ്സ്‌ പല ദിശയിലും പാഞ്ഞു തുടങ്ങി,
പലതരം ചിന്തകളിൽ മുഴുകിയിരിക്കുമ്പോളാണ് ആലോകിന്റെ ചോദ്യം.
ഡാ ജോണീ..
“ഈ പാസ്സ്‌ പോർട്ട്‌ എടുക്കുന്നതിന് എത്രദിവസം എടുക്കുമെന്ന് നിനക്കറിയുമൊ.?’
ആലോകിന്റെ ശബ്ദ്ദം  കേട്ടുകൊണ്ടാണ് ജോണി ചിന്തകളിൽനിന്ന് മുക്തനായത്‌.
കൃത്യമായി അറിയില്ലടാ,  നമുക്ക്‌ സേഠ്ജിയോട്‌ ചോദിക്കാം”
ജോണി മറുപടികൊടുത്തു..
ആലോക്‌ തുടർന്നു
നമ്മൾ ഒരാളെകാണാൻ പോവുകയാണ്,
ലോക കോടീശ്വരന്മാരിൽ ഒരാളാണ്..
കടയിൽ പണിക്കിരുന്നപ്പോൾ  നമ്മുടെ സേഠ്ജി വന്നിരുന്നു.
അത്യാവശ്യമായി ഇന്നുതന്നെ നമ്മൾ  കിഷോർ ചന്ത്‌ പട്ടേലിനെ ഒന്നുപോയി കാണണമെന്ന് ..
സേഠ്‌ജി നമ്മേക്കുറിച്ച്‌ പട്ടേൽജിയോട്‌ പറഞ്ഞിട്ടുണ്ടെന്നുപോലും.
ആലോക്‌ ഓരോന്ന് പറഞ്ഞുകൊണ്ട്‌ സൈക്കിളോടിക്കുകയാണ്.  എന്നാൽ ജോണിയുടെ മനസ്‌ ഇവിടെയെങ്ങുമായിരുന്നില്ല. അവൻ പതിവായികാണാറുള്ള വർണ്ണമനോഹരമായ, ദിവാസ്വപ്നങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു.. ആലോക് പറയുന്നത് പകുതിയും അവൻ കേൾക്കുന്നതുകൂടി ഉണ്ടായിരുന്നില്ല.
അവരൊടുവിൽ കൊട്ടാരസദൃശ്യമായ ഒരു കെട്ടിടത്തിനു മുൻപിലെത്തി. ഗേറ്റ്‌ അടഞ്ഞുകിടക്കുന്നു,
ഗേറ്റിൻ്റെ താഴുപയോഗിച്ച് ശബ്ദമുണ്ടാക്കി അവർ കാവൽക്കാരനെ വിളിച്ചു.
അയാളവരെ അകത്തേക്ക്‌ വിടുവാൻ കൂട്ടാക്കിയില്ല..
അപ്പോൾ ആലോക്‌ പറഞ്ഞു,
ഇവിടുത്തെ സാർ പറഞ്ഞിട്ട്‌ വന്നതാ. സംശയമുണ്ടെങ്കിൽ താങ്കളൊന്ന് വിളിച്ചു ചോദിക്കൂ. കവൽക്കാരനെ നോക്കി ജോണിയൊന്ന് പുഞ്ചിരിച്ചു.
കാവൽക്കാരൻ ഇന്റർക്കോമിൽ പട്ടേൽജിയെ വിളിച്ചു..
കടത്തിവിടാനുള്ള അനുവാദം കിട്ടിയതിനാലാകാം കാവൽക്കാരനിൽ മുമ്പില്ലാതിരുന്ന ഭവ്യത പ്രകടമായി.
അയാൾ ഇരുവരേയും അകത്തേക്ക്‌ കടത്തിവിട്ടു.
പോർച്ചിലും പരിസരത്തും വിലകൂടിയ കാറുകൾ കിടക്കുന്നു.
താഴെയൊക്കെ പച്ചപ്പരവതാനി വിരിച്ചിരിക്കുന്ന പോലെ പച്ചപ്പുല്ലുകൾ ചെത്തി നിർത്തിയിരിക്കുന്നു.
സൈക്കിൾ പോർച്ചിലേക്ക്‌ വെക്കാൻ പോയതും,മറ്റൊരു കാവൽക്കാരൻ ഓടിവന്നുപറഞ്ഞു.
“ആ പൈപ്പിൻ്റെ ഒരു വശത്തേക്ക് ഒതുക്കിവച്ചോളൂ..”
അവർ ഗാർഡനടുത്തായിനിന്ന പൈപ്പിൻ അടുത്തേക്ക് സൈക്കിൾ ഒതുക്കി.
കാവൽക്കാരൻ അകത്തേക്ക്‌ കൂട്ടികൊണ്ട്‌ പോയി.
പുരാവസ്തുക്കളാൽ അലംകൃതമായ ഹാളിൽ ഇരുവരുടേയും വിടർന്ന കണ്ണുകൾ അലഞ്ഞുനടന്നു..
സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ഒരാൾ കടന്നുവന്നു..
എന്നിട്ട്‌ ചോദിച്ചു
“ജോണിയും ആലോകും അല്ലേ..?
സേഠ്ജി പറഞ്ഞിരുന്നു..
നിങ്ങളിരിക്കൂ..
സോഫാ ചൂണ്ടിക്കാണിച്ച്‌ അയാൾ പറഞ്ഞു..  അവർ പതുപതുത്ത സോഫയിൽ ഇരുന്നു..
അപ്പോൾ പട്ടേൽ ചോദിച്ചു.
“നിങ്ങളുടെ പഠിത്തം എവിടെവരെയായി?  ഉടൻ തീരുമോ.. രണ്ടാൾക്കും പാസ്പോർട്ടുണ്ടോ..? ഇല്ലെങ്കിൽ ഉടൻ എടുക്കണം..
വിദേശത്ത്‌ ജോലിക്ക്‌ പോകാൻ താൽപര്യമാണങ്കിൽ ദുബായിലുള്ള എന്റെ കമ്പനിയിലേക്ക്‌ നിങ്ങളെ അയക്കാം…”
ജോണിയുടെയും ആലോകിന്റെയും മുഖം സന്തോഷത്താൽ തുടുത്തു..
“എവിടെ വേണമെങ്കിലും ഞങ്ങൾ വരാം ജി..” എന്ന് മറുപടി പറയാൻ അത് രണ്ടാമത് ഒന്നുകൂടി ആലോചിക്കേണ്ടിവന്നില്ല.
“മൂന്നു മാസത്തെ പഠനംകൂടി ബാക്കിയുണ്ട്‌. അത്‌ തീർത്താൽ കൊള്ളാമെന്നാണ് ഞങ്ങൾ ആശിക്കുന്നത്‌”. ജോണി പറഞ്ഞു.
“സാരമില്ല അത് കഴിഞ്ഞിട്ട്‌ നിങ്ങൾ എന്നെവന്ന് കണ്ടാൽമതി..” ഇത്രയും പറഞ്ഞശേഷം പോക്കറ്റിൽനിന്ന് കുറച്ച്‌ പണമെടുത്ത്‌ ആലോകിന്റെ കൈകളിലേക്ക്‌ വച്ചുകൊടുത്തു.
 പിന്നീട് സേഠ് തുടർന്നു
വേഗം പാസ്പോർട്ട്‌ എടുക്കാനുള്ള നടപടികൾ തുടങ്ങിക്കോളൂ..
പണം കയ്യിൽ വച്ചുകൊണ്ട്‌ ശങ്കിച്ചുനിന്ന ആലോകിനെ നോക്കി പട്ടേൽ ഒരു പുഞ്ചിരിയോടുകൂടി നിർബന്ധിച്ചു.
“അത്‌ കീശയിൽ വെച്ചോളൂ..”
വീണ്ടും കാണാമെന്നുപറഞ്ഞ്‌ തൊഴുതിട്ട്‌,
അദ്ദേഹം പുറത്തേക്കിറങ്ങി..
ജോണിയും ആലോകും ഏതോ സ്വപ്നത്തിലെന്നപോലെ തറഞ്ഞു നിൽക്കുകയാണ്.
പുറത്ത്‌ കാർ സ്റ്റാർട്ട്‌ ചെയ്ത ശബ്ദം കേട്ടപ്പോളാണ് ഇരുവർക്കും സ്ഥലകാലബോധമുണ്ടായത്‌.
ലോകം കീഴടക്കിയ സന്തോഷമാണ് അപ്പോൾ അവർക്കുണ്ടായിരുന്നത്  .
ദിവസങ്ങളും മാസങ്ങളും കടന്ന് പോയി.
പരീക്ഷകളിൽ ഉന്നതവിജയം കൈവരിക്കാൻ ഇരുവർക്കും കഴിഞ്ഞു..
ഇതിനിടയിൽതന്നെ രണ്ടാൾക്കും പാസ്പോർട്ട്‌ കിട്ടി.
ജോലികഴിഞ്ഞുള്ള മിക്കസമയങ്ങളിലും അതെടുത്ത്‌ നോക്കും..
ഒരു വെള്ളിയാഴ്‌ച്ച രണ്ടാളുംകുടെ പട്ടേൽജിയുടെ വീട്ടിൽ ചെന്നു.
 ഗാർഡനിലെ സ്റ്റേ ഏരിയയിൽ തന്നെ അയാളുണ്ടായിരുന്നു.
പ്രസന്നവദരായിരിക്കുന്ന ഇരുവരേയുംകണ്ട്‌ അയാൾ ചോദിച്ചു.
“പാസ്പോർട്ട്‌ കൊണ്ടുവന്നിട്ടുണ്ടോ..?”
ജോണി ഉടൻതന്നെ രണ്ടാളുടേയും പാസ്പോർട്ട്‌ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു.
“നിങ്ങൾ യാത്രക്ക്‌ തയ്യാറായി ഇരുന്നോളൂ..  പെട്ടന്നുതന്നെ എല്ലാം ശരിയാക്കാം.എനിക്കിപ്പോൾ മറ്റൊരു ഗസ്റ്റ്‌ വരാനുണ്ട്‌,നിങ്ങൾ പൊയ്ക്കോളൂ..” ഒന്നു നിർത്തിയിട്ട് അദ്ദേഹം വീണ്ടും തുടർന്നു
“പിന്നെ, ഇതുവച്ചോളു യാത്രക്കുള്ള സാധനങ്ങളൊക്കെ വാങ്ങണ്ടേ?”
ജോണിയുടെ കയ്യിൽ കുറച്ച്‌ തുക കൊടുത്തെങ്കിലും, അവൻ വാങ്ങിയില്ല.
ആലോകിന്റെ പോക്കറ്റിലേക്ക്‌ തിരുകിവച്ചിട്ട്‌ പട്ടേൽ പറഞ്ഞു,
നിങ്ങൾ ഇറങ്ങിയാട്ടെ ഞാൻ അറിയിക്കാം..
ഇരുവരും നന്ദി പറഞ്ഞ്‌ പുറത്തിറങ്ങി.
ആദ്യം തന്നെ രണ്ടുപേർക്കും വേണ്ടുന്ന ഡ്രസ്സുകളും, രണ്ടു പെട്ടിയും വാങ്ങി..
ആഴ്ചകൾ സാവധാനമാണ് നീങ്ങുന്നത്‌..
ഒരുദിവസം ആലോകിന്റെ കടയിൽ പഞ്ചറൊട്ടിക്കാൻ വന്ന ഒരു ലോറിയുടെ മുകളിൽ ഒതുക്കിവച്ചിരുന്ന ടയർ താഴേക്ക്‌ എടുത്തിട്ടപ്പോൾ ആലോകിന്റെ ദേഹത്തേക്കായിരുന്നു വീണത്‌.  പെട്ടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും,അവന്റെ ശരീരം തളർന്നുപോയിരുന്നു.
ഇതിനിടയിൽതന്നെ വിസയും വന്നു.
ആലോകിന് പോകാൻ കഴിയാത്ത സാഹചര്യം.
പട്ടേൽജിയെ അറിയിച്ചപ്പോൾ, പാസ്പോർട്ട്‌ മടക്കികൊടുത്തിട്ട്‌ അയാൾ പറഞ്ഞു.
“ഇപ്പോൾ നീ കയറി പോകൂ ജോണി..”
അവൻ സങ്കടത്തോടെ അവിടെനിന്ന് ഇറങ്ങി. അപ്പോൾ അവൻ ഒരു തീരുമാനം എടുത്തിരുന്നു.
ആലോകിനടുത്തെത്തി ജോണി പറഞ്ഞു.
“നീയില്ലാതെ ഞാൻ തനിച്ച്‌ പോകുന്നില്ല. നിന്റെ കഷ്ടതകൾ കണ്ടുകൊണ്ട്‌, നിന്നെ ഒറ്റയ്ക്കാക്കി എനിക്ക്‌ പോകാൻ സാധിക്കില്ല  ഇപ്പോൾ ബിരുദം ഉള്ളതുകൊണ്ട്‌ എനിക്ക്‌ നല്ല ജോലി ഇവിടെക്കിട്ടും.
അതുകൊണ്ട്‌ നമുക്കിവിടെത്തന്നെ സന്തോഷമായി കഴിയാം.”
ഇതെല്ലാം കേട്ടിരുന്ന ആലോക്‌ പറഞ്ഞു.
“നീ എന്റെ നല്ല സുഹൃത്താണങ്കിൽ പോകണം. കൂടുതലൊന്നും ഞാൻ പറയുന്നില്ല. പോയേ പറ്റൂ..”
ഒടുവിൽ ആലോകിന്റെ നിർബന്ധത്തിനു വഴങ്ങി ജോണി വിമാനം കയറി.
ഫാംഹൗസിലെ പണികളിലേർപ്പെട്ടിരിക്കുകയാണ് ജോണി..
പക്ഷെ,ഈ കഷ്ടപ്പാടുകളിലും അവൻ ഒരു നിരാശ തോന്നിയില്ല.
പട്ടേൽജി ചതിച്ചതാണന്ന് വിശ്വസിക്കുവാൻ ഇപ്പോഴും അവനാകുന്നില്ല.
എത്ര കരുണയോടെ പെരുമാറിയിരുന്നതാണന്ന്..
പഠനത്തിനൊത്ത ജോലി എന്നായിരുന്നു പറഞ്ഞതെങ്കിലും
ഇവിടെ എത്തിയപ്പോൾ രൂപം മാറി.
വിസായിൽ അറബിയിൽ മാത്രം എഴുതിയിരുന്നകൊണ്ട്‌ തിരിച്ചറിയുവാൻ കഴിഞ്ഞില്ല.
അയാളുടെ മറ്റൊരു മുഖമാണ് കാണേണ്ടിവന്നത്‌.
കുടുംബത്തിലേക്ക്‌ പണം അയച്ചുകൊടുക്കണ്ട ആവശ്യം ഇല്ലാതിരുന്നതിനാൽ ജോണിക്ക്‌ പണവും ഒരു ബുദ്ധിമുട്ടായില്ല.
പൂനയിൽ വച്ച്‌ രണ്ട്‌ തവണ കൊടുത്ത പണം സഹിതം പട്ടേൽ കണക്ക്‌ പറഞ്ഞ്‌ വാങ്ങി..
വിസാ, ഫ്ലൈറ്റ്‌ ടിക്കറ്റ്‌, മറ്റ്ചിലവുകൾ എന്നൊക്കെപറഞ്ഞ്‌ ഒന്നരകൊല്ലം അയാൾ ശമ്പളം പോലും കൊടുത്തില്ല.
ആകെ കിട്ടുന്ന അരിഷ്ടിച്ച തുകകൊണ്ട്‌ അവൻ കാലം കഴിച്ചുനീക്കി.
ഫാമിൽവന്ന യൂറോപ്യൻ ബിസിനസുകാരന്, ഫാമിനെകുറിച്ച്‌ ഇംഗ്ലീഷിൽ പറഞ്ഞുകൊടുത്തതാണ് ജോണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
അയാൾ ജോണിയെക്കുറിച്ച്‌ ചോദിച്ചുമനസിലാക്കി.
വിദ്യാസമ്പന്നൻ ആണ് ഫാമിലെ ജോലിചെയ്യുന്നത്‌ എന്നുകണ്ട അയാൾ തന്നെ മുൻകൈ എടുത്ത്‌ ജോണിയുടെ വിസാ ക്യാൻസൽ ചെയ്യിച്ചു. അപ്പോഴേക്കും അബുദാബിയിലെത്തിയിട്ട്‌ രണ്ടുവർഷമാകാൻ ഏതാനും മാസങ്ങൾ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. പന്നീട്‌ കയറിയ ജോലിയിലും
ജോണിയെ കാത്തിരുന്നത്‌ ദുരന്തങ്ങളായിരുന്നു.
തുച്ഛമായ ശമ്പളത്തിൽ ആയിരുന്നു ജോലി.
ചിലവിനുപോലും പണം തികയുമായിരുന്നില്ല.
ആഹാരത്തിനു മുട്ടുണ്ടായിട്ടും ജോണി ആരേയും ആശ്രയിച്ചില്ല. എങ്കിലും പരിഭവങ്ങളില്ലാതെ അവൻ  ആത്മാർത്ഥമായി ജോലികൾ ചെയ്തുപോന്നു.
എത്രകഷ്ടപ്പാടുണ്ടായാലും പ്രസന്നവാനായി തന്നെയിരിക്കുന്ന അവനെ, പല കമ്പനികളും ചൂഷണം ചെയ്തു.  വെയിലേറ്റ്‌ വളർന്നവൻ എവിടെ തളരാനാണ്.
ദുശീലങ്ങൾ ഇല്ലാത്തപോലെതന്നെ അവൻ സൗഹൃദവും വളർത്തിയെടുത്തിയെടുത്തിരുന്നില്ല.
പലപ്പോഴും മനസ്താപപെടുന്നത്‌ ആലോകിന്റെ കാര്യം ഓർത്തായിരുന്നു.
ഇത്രയും നാളിനിടക്ക്‌ നാലഞ്ച്‌ കത്ത്‌ മാത്രമാണ് അവനയക്കാനായത്‌.
റിപ്ലേ ഒന്നും വരാറില്ലായിരുന്നെങ്കിലും, ജോണിക്ക്‌ ആ സുഹൃത്ത് ബന്ധം ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല.
അതിനിടയിൽ കമ്പനി ആവശ്യങ്ങൾക്കായ്‌ കൺസ്റ്റ്രക്ഷൻസൈറ്റിൽ ജോലിക്കുപോയതാണ്  അവനിൽ വഴിത്തിരിവുണ്ടാകുന്നത്‌.
ഏസിയുമായുള്ള തൊഴിലിൽ ജോണി അഗ്രഗണ്യനായിമാറി.
അങ്ങനെ പുതിയ കമ്പനിയിൽ ജോലിക്ക്‌ ചേർന്നു.
അധികം താമസിക്കാതെ ജോണി ആ കമ്പനിയിലെ പ്രഗത്ഭനായ ടെക്നീഷ്യൻ ആയിമാറി.
 പരിശ്രമശാലിയാണന്നു ജോണിയെന്ന് മനസിലാക്കിയ കമ്പനി എല്ലാവിധ ആനുകൂല്യങ്ങളും കൊടുത്തുകൊണ്ട്‌  നല്ല ശമ്പളത്തോടുകൂടി പ്രമോഷൻ കൊടുത്തു.
കിട്ടുന്ന ശമ്പളത്തിൽ കുറച്ചുപണം ആലോകിനയച്ചുകൊടുക്കും, ബാക്കിവരുന്നത്‌ അപ്പന്റെ പേരിൽ നാട്ടിലേക്കും. പണത്തിനാവശ്യമില്ലായെന്ന് അപ്പൻ പറഞ്ഞാലും ജോണി അയച്ചുകൊണ്ടേയിരുന്നു.
എന്നാൽ അപ്പനത്‌ ജോണിയുടെ പേരിൽതന്നെ ബാങ്കിൽ നിക്ഷേപിച്ചുകൊണ്ടിരുന്നു.സ്വന്തം കാലിൽ നിൽക്കാം എന്നായപ്പോൾ മാത്രമാണ് ജോണി നാട്ടിലേക്ക്‌ വിമാനം കയറുന്നത്‌.
അപ്പോഴേക്കും അഞ്ചുവർഷം പിന്നിട്ടിരുന്നു.പൂനയിൽ ചിലവഴിച്ച രണ്ടുവർഷം കൂടി നോക്കിയാൽ നാട്ടിൽ പോയിട്ട്‌ ഏഴുവർഷം കഴിഞ്ഞിരുന്നു.
 സ്വസ്ഥതയോടും തൃപ്തിയോടുംകൂടി ജോലിചെയ്യാൻ ആരംഭിച്ചപ്പോൾ മുതൽ , കഷ്ടതകൾ അനുഭവിക്കുന്ന പ്രവാസികളെകുറിച്ചായി
ചിന്തകൾ.. ബുദ്ധിമുട്ടുകളുമായി അലയുന്നവരെ, കണ്ടെത്തി അവർക്ക്‌ വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നു.
വീണ്ടും പൂനയിൽ പോയി ആലോകിനെ വിദഗ്ദ ചികിത്സയിലൂടെ ജീവിതത്തിലേക്ക്‌ മടക്കി കൊണ്ടുവരാൻ ജോണിക്ക്‌ സാധിച്ചു.
സ്വന്തം നാട്ടിൽ കഷ്ടത അനുഭവിക്കുന്ന ചെറുപ്പക്കാരെ,പണം ഒന്നും കൈപറ്റാതെതന്നെ യോഗ്യതകൾക്കനുസരിച്ച്‌ പല കമ്പനികളിലാക്കികൊടുത്തു.
അവന്റെ ചുറുചുറുക്കും ഉത്സാഹവും കണ്ട ഒരു പാകിസ്ഥാനി ബിസിനസുകാരൻ നല്ലൊരു സ്പോൺസറെ തരപ്പെടുത്തികൊടുത്തു..
അങ്ങനെയവൻ വിജയത്തിന്റെ പടവുകളിലേക്ക്‌ കയറി തുടങ്ങി..സ്വന്തമായി ബിസിനസ്‌ തുടങ്ങിയപ്പോൾ അവൻ ആദ്യം ചെയ്തത്‌ ആലോകിനെ അബുദാബിയിലേക്ക്‌ കൂട്ടു കൊണ്ടുവരിക എന്നതായിരുന്നു.
എത്ര പ്രതിസന്ധികളിൽ പെട്ട ജോലി ആയാലും  ജോണിയുടെ കമ്പനി ഏറ്റെടുത്നടത്തികൊടുക്കും എന്ന അവസ്ഥയായിമാറി..
(അവസാനിച്ചു).
റാംജി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!