ഉച്ചിവെന്തു പോയവർ

സിനിമാ കഥ എഴുതാൻ ത്രെഡ് തേടുന്ന യുവഎഴുത്തുകാരൻ സുഹൃത്തിനോട് അനിയൻ പറഞ്ഞു,
‘നീ ചേച്ചിയോട് ചോദിക്ക്, അവൾക്ക് പറയാനാവും ഉച്ചിവെന്ത സുഭദ്രയുടെയും മറ്റും കഥകൾ..’
ഞാനൊരു നിമിഷം സ്തബ്ധയായി. അവന് ഈ പേരൊക്കെ എങ്ങനെ അറിയാമെന്നോർത്ത്. അനിയന് തിരിച്ചറിവാകും മുൻപ് ഉപേക്ഷിച്ചുപോന്ന ഒരു ലോകത്തിലെ ആൾക്കാരാണ് ഇപ്പോഴീ പറയുന്ന കഥാപാത്രങ്ങളൊക്കെ. പല വീടുകളിലെ പുഴുങ്ങിയ നെല്ല് അകലെ റൈസ് മില്ലിൽ കൊണ്ടുപോയി കുത്തി അരിയാക്കിക്കൊണ്ടുവന്നു കൊടുക്കുകയായിരുന്നു ആയമ്മയ്ക്ക് പണി. കുത്തുന്ന നെല്ലിന്റെ ചൂടിൽ ഉച്ചിവെന്തുപോയവർ! അവരുടെ വിളിപ്പേര് അങ്ങനെ കിട്ടിയതാവുമെന്നു ആ പേര് കേൾക്കുമ്പോഴൊക്കെ തോന്നും. അവരെന്റെ കുഞ്ഞിലത്തെ കൂട്ടായിരുന്നു. ഒരുപാട് വെന്തുപോയോരു കാലഘട്ടത്തിൽ, എനിക്കു തുണവന്നൊരു മഹാമനസ്സ്.
അതിസുന്ദരിയായിരുന്നു സുഭദ്ര. ദരിദ്രമായ ചുറ്റുപാടിൽ ജനിച്ചു ജീവിച്ചവർ. ചെറുപ്പത്തിന്റെ ഇടനാഴിയിലെങ്ങോ കാലുതെറ്റി വീണവർ. അച്ഛനില്ലാത്ത പെൺകുഞ്ഞുമായി ഒറ്റയ്ക്കു ജീവിക്കുന്നവർ. ഇതൊക്കെ എവിടെ നിന്നോ കിട്ടിയ അറിവുകളായിരുന്നു. ജീവിതത്തിന്റെ ഒരു പ്രതിസന്ധിഘട്ടത്തിൽ എത്തിനിൽക്കുകയായിരുന്നു ഞാനും എന്റെ കുടുംബവും. ഹൈസ്കൂളിലേക്കുള്ള ഗ്രേഡ് മാറ്റക്കാലത്തുതന്നെ പ്രായത്തിലും മുതിർന്നുപോയിരുന്നു ഞാനന്ന്. പരിസരവുമായി എത്രയൊക്കെ പാകപ്പെട്ടിട്ടും കാട്ടുവഴികൾ താണ്ടിയുള്ള സ്കൂളിൽപ്പോക്കു മാത്രം എന്റെ ദു:സ്വപ്നമായി അവശേഷിച്ചു. വഴികളില്ലാത്തിടത്തു കൂടി ആളൊപ്പം വലിപ്പമുള്ള കാട്ടുപുല്ലുകൾ വകഞ്ഞുമാറ്റി സ്കൂളിൽ പോകുന്ന അത്തരമൊരു പ്രഭാതത്തിലാണ്, കുത്തനെയുള്ള കയറ്റത്തിനു ചരുവിലിരിക്കുന്ന ആ വീട്ടിൽ നിന്ന് ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടത്. കൂടെ വല്ലപ്പോഴും കൂടാറുള്ള സീനിയർ ക്ലാസ്സിലെ കൂട്ടുകാരികളുണ്ടായിരുന്നു അന്ന്. അവരാണ് പറഞ്ഞത് അതാ ഉച്ചിവെന്ത സുഭദ്ര ആരെയോ ചീത്തവിളിക്കുന്നതാണെന്ന്. അവരുടെ കണ്ണിൽപ്പെടാതെ ഓടിപ്പോവുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ അവര് നമ്മളെയും ചീത്തവിളിക്കുമെന്നും പറഞ്ഞു. കൂടെയുള്ളവർ ഓടിയപ്പോൾ ഞാനും അവരോടൊപ്പം ഓടിപ്പോയി. ക്ലാസ്സിലിരിക്കുമ്പോഴും പേടിയോടെ ഓർത്തു, ഇന്നാട്ടുകാരെന്ത് കഠിനമായി സംസാരിക്കുന്നവരാണെന്ന്. കടുത്തവാക്കുകൾ അന്ന് അന്യമായിരുന്നു എനിക്ക്; അവകേട്ടാൽ നിറയുന്ന കണ്ണുകൾ എന്റെ ബലഹീനതയുമായിരുന്നു..
കാലം പോകെ കാട്ടുവഴികൾ ഏറെക്കുറെ എനിക്കു വഴങ്ങിവന്നു. എന്നിട്ടും വഴിനടത്തത്തിലെ പേടിയൊട്ടും കുറഞ്ഞിരുന്നില്ല. കാരണം മുതിർന്ന ക്ലാസ്സുകളിലെ ഏതാനും ആൺകുട്ടികളായിരുന്നു. അതിലൊരുവന് എന്നോട് അവന്റെ പ്രണയം തുറന്നു പറയണം. കൂട്ടുകാരവനെ പിന്തുണയ്ക്കാൻ ഇറങ്ങിയതോടുകൂടി എനിക്ക് വീട്ടിലേയ്ക്കുള്ള വഴികൾ മാറിമാറി പരീക്ഷിക്കാതെ തരമില്ലെന്നായി. നാലഞ്ചു കിലോമീറ്റർ മിക്കപ്പോഴും തോടുകൾ പിന്നിട്ടും വീട്ടുമുറ്റങ്ങൾ കടന്നും ഞാനോടിത്തീർത്തു. പിന്നാലെയുള്ള ആൺപറ്റം എപ്പോ കണ്ടാലും ആക്രമിക്കാൻ തരം പാർത്തു നടക്കുന്നു എന്നതാണ് ഉള്ളിലെ തോന്നൽ.
അത്തരമൊരു വേലിചാടിപ്പോക്കിനിടയിലാണ് ഞാനാ വീട്ടുമുറ്റത്ത് ചെന്നു പെട്ടത്. അത് അവരുടെ വീടായിരുന്നു. ഉച്ചത്തിൽ ചീത്തവിളിക്കുന്ന സുഭദ്രയുടെ വീട്. തിണ്ണയിലിരുന്നു തന്റെ സമൃദ്ധമായ മുടിചീകിക്കെട്ടുന്ന സുഭദ്ര എന്നെ കണ്ടും കഴിഞ്ഞു. എന്തുചെയ്യണമെന്നറിയാതെ പരുങ്ങി നിൽക്കുന്ന എന്നെ ഒരു നിമിഷം നോക്കിയിട്ട് അവർ തിണ്ണയിൽനിന്നെഴുന്നേറ്റു. വായിലെ മുറുക്കാൻ മുറ്റത്തിനതിരിലെ മാങ്ങാനാറിച്ചെടിയുടെ കടയ്ക്കൽ തുപ്പിയിട്ട് ചോദിച്ചു,
“എന്താ? ഇതുവഴി എവിടെപ്പോവുന്നു?”
ഒന്നും പറയാതെ കണ്ണ് നിറച്ചു നിൽക്കുന്ന എന്നോട് അനുതാപം തോന്നിയിട്ടോ എന്തോ അവർ പെട്ടെന്നെന്റെ അടുത്തേയ്ക്കു വന്നു. ഏതാണ്ട് ഇതേ സമയത്താണ് എന്നെ പിന്തുടർന്ന് വന്നിരുന്ന ആൺപിള്ളേരും അവരുടെ വീട്ടുമുറ്റത്തേയ്ക്ക് വന്നു ചാടിയത്. ക്ഷണത്തിൽ അവർക്കു കാര്യം മനസ്സിലായി. പിന്നെയൊരു പാച്ചിലായിരുന്നു. തിണ്ണയിറമ്പിലെ കഴുക്കോലിൽ ചെരുകിയിരുന്ന വായ്ക്കത്തിയുമായി സുഭദ്ര മുറ്റത്തേയ്ക്ക് ചാടിയിറങ്ങി. എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുന്ന, മുതിരാൻവേണ്ടി മുണ്ടുടുത്ത കൂട്ടത്തിനു നേരെ കത്തിയുടെ തിളങ്ങുന്ന വായ്ത്തല വിറപ്പിച്ചുകൊണ്ടു അവർ പാഞ്ഞടുത്തു. നിലവിളികളോടെ ഓടിപ്പോകുന്ന ആൺക്കൂട്ടത്തെ നോക്കി അവർ അലറി.
“കൊച്ചിനെ പേടിപ്പിക്കാൻ വരുന്നോ? അരിഞ്ഞുകളേം സർവ്വേണ്ണത്തിനേം..”
കലിയടങ്ങാതെ അവർ ചീത്ത വിളിച്ചു. ആൺപിള്ളേരുടെ പൊടിപോലും അവിടെങ്ങുമുണ്ടായിരുന്നില്ല.
അയയിലെ തോർത്തുമുണ്ടും തപ്പിയെടുത്ത് അവരെന്റെ കൈയും പിടിച്ചു നടന്നു. അന്ന് വീടെത്തുന്നവരെയും ഞങ്ങളൊന്നും സംസാരിച്ചില്ല, അവരെന്റെ കൈയ്യിലെ പിടിവിട്ടതുമില്ല. വീട്ടിലേയ്ക്കുള്ള നടപ്പാത തുടങ്ങുന്നിടത്ത് അവരെന്റെ കൈ വിട്ട് അറച്ച് നിന്നു.
“ഇനി മക്കള് പോവൂല്ലേ?”
ഞാൻ തലകുലുക്കി.
“പേടിക്കണ്ട കേട്ടാ. ഇനി സ്കൂളീ പോണ വഴി ഞാൻ ശ്രദ്ധിച്ചോളാം. അമ്മേടടുത്ത് ഇതൊന്നും ഇപ്പ പറയണ്ട. അവര് വെഷമിക്കും. അല്ലെങ്കിലേ അങ്ങനൊരവസ്ഥയിലാണ്. ഇത് ഞാൻ നോക്കിക്കോളാ കേട്ടാ.”
ഞാൻ വീടിന്റെ പടി കയറും വരെ അവരാ നിൽപ്പു നിന്നു, പിന്നെ സാവകാശം റോഡു കയറിപ്പോയി.
പിറ്റേന്ന് മുതൽ അവരെന്റെ കാവലിനുണ്ടായിരുന്നു. രാവിലെ സ്കൂളിനടുത്തെ കടയിൽ ജോലിക്കാണെന്ന മട്ടിൽ എന്റൊപ്പം വന്നു. വൈകിട്ട് ചന്തസാധനങ്ങൾ വാങ്ങാൻ വന്നെന്നു പറഞ്ഞു, ചന്തയില്ലാത്ത ഇടത്തിലെ സ്കൂൾ പടിക്കൽ എന്നെ കാത്തുനിന്നു. ഞാൻ പേടിമറന്നു നടക്കാൻ തുടങ്ങി. സുഭദ്രാമ്മയെന്ന് സങ്കോചമില്ലാതെ അവരെ വിളിക്കാൻ തുടങ്ങി. എല്ലാദിവസവും വീട് കാണാൻ പാകത്തിന് എന്നെ യാത്രയാക്കുമ്പോൾ ഓർമ്മിപ്പിക്കുന്ന ഒന്നുണ്ട്,. ഒരു കാരണവശാലും അവരുമൊത്തുള്ള വഴിനടക്കലും കൂട്ടുമൊന്നും വീട്ടിലറിയിക്കരുതേ എന്ന്. ആദ്യത്തെ സങ്കോചമകന്നപ്പോൾ ഞാനവരെ വീട്ടിലേയ്ക്കു ക്ഷണിച്ചു, എന്നുമുള്ള ഓർമ്മപ്പെടുത്തലിന് കാരണമാരാഞ്ഞു.
‘സുഭദ്രാമ്മ അത്ര നല്ലതല്ലെന്ന്‌ പറയും മക്കളുടെ അമ്മൂമ്മയും മറ്റും.’ എന്നൊരു മറുപടി മാത്രം തിരിച്ചു കിട്ടും.
“നല്ലതല്ല എന്ന് പറയുന്നതെന്താ?”
ഒരിക്കൽ ഞാൻ ചോദിച്ചു.
“അത് ഞാൻ ഈ പള്ളു പറയേമൊക്കെ ചെയ്യണത് കൊണ്ടേ..”
“എന്തിനാ പള്ളു പറയുന്നത്? അതോണ്ടല്ലേ ആർക്കും ഇഷ്ടമില്ലാത്തത്.”
“സുഭദ്രാമ്മയ്ക്കും ജീവിക്കണ്ടേ മക്കളേ ഈ ദുഷ്ടക്കൂട്ടങ്ങൾക്കിടയില്.”
അന്നാ പറച്ചിലിനർത്ഥം എനിക്കറിയില്ലായിരുന്നു. അവരെന്റെ രക്ഷകയായിരുന്നു. പ്രതിഫലമില്ലാതെ എന്നെ സ്നേഹിച്ച പാവമായിരുന്നു. വെന്തുപോയ അവരുടെ ഉച്ചിയിലെ കൊഴിഞ്ഞുപോയ മുടി കാണിച്ചുതരുന്ന ചർമ്മത്തിൽ പലതവണ ഞാനെത്തിതൊട്ടിട്ടുണ്ട്. അവരപ്പോൾ ചിരിക്കും. ഭംഗിയുള്ള മുഖത്ത് വിരിയുന്ന ആ ചിരിയിൽ ഞാനൊരിക്കലും തോന്ന്യാസം ജീവിക്കുന്ന, അമ്മൂമ്മയുടെ ഭാഷയിലെ ദുർന്നടത്തക്കാരിയായ സ്ത്രീയെ കണ്ടിട്ടേയില്ല. ചേർത്തുപിടിച്ചൊരു കരുതലായി കുറേക്കാലം അവരെന്റെയൊപ്പം ഒന്നിനുമല്ലാതെ നടന്നു, ഒരു വഴിക്കൂട്ടായി!!

ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!