വിദ്യാലയം

വിദ്യാലയം

നിശബ്ദതയിലേക്ക് കൊണ്ട് പോയ മണി മുഴക്കം.
ഉച്ഛഭാഷിണിയിലൊഴുകിയിറങ്ങിയ പ്രാർത്ഥനാഗീതം.
ചുവരുകളിൽ കുറിച്ചിട്ട സൗഹൃദങ്ങൾ,
ചൂരൽ കണ്ടു പിന്നോട്ട് വലിയുന്നകൈകളൊടുവിൽ നീറ്റലും, മരവിപ്പുമേറ്റ് വാങ്ങി.
പതിയെ താളുകൾ മറിച്ചു ഉത്തരം തേടിയ നിമിഷങ്ങൾ,
കണ്ടമാത്രയിൽ കണ്ണുരുട്ടിയ അധ്യാപകർ.
ഉച്ചക്കഞ്ഞികുടിച്ചുല്ലാസരായി
ഡസ്ക്കിൽ താളമിട്ട മധ്യാഹ്നങ്ങൾ.
ഉറക്കം കണ്ണിനെ തഴുകുമ്പോഴും,
ചെവികളിൽ മന്ത്രിച്ച സമവാക്യങ്ങൾ.
കൂട്ടമണിക്കായി കാത്തിരുന്ന നിമിഷങ്ങൾ.
കൂട്ടമായോടി വാതിൽ കടക്കുന്ന സായാഹ്നങ്ങൾ.
പരീക്ഷണങ്ങളുടെ പരീക്ഷകളിൽ
നിശബ്ദമാകുന്ന ക്ലാസ്സ്‌ മുറികൾ.
നേരം തികയാതെ വേഗത്തിൽ കുത്തികെട്ടിയ കടലാസുകൾ.
കയ്യൊപ്പ് നൽകി സൗഹൃദങ്ങളോട്
യാത്രപറഞ്ഞു പടിയിറങ്ങിയിത്രനാളാകിലുമകതാരിൽ താഴിട്ടു പൂട്ടിയ മായാത്ത ചിത്രം വിദ്യാലയം.

എസ്. ശബരിനാഥ്

Leave a Reply

Your email address will not be published.

error: Content is protected !!