പെണ്ണ്

ത്യാഗത്തിൻ മറുവാക്കു പെണ്ണ് ,
നല്ല സ്നേഹത്തിൻ നിറവാണു പെണ്ണ്,
സഹന പർവത്തിൻ്റെ സിരകളിൽ നോവിൻ്റെ
ഉറവയായ് നിറവതും പെണ്ണ്.
പൂവായി പുലരിയായ് സന്ധ്യയായ് പൂക്കുന്ന
സൗന്ദര്യ സങ്കല്പമാണു പെണ്ണ് .
മന്ത്രിയും രാജാവും ശാസ്ത്ര പുരോഹിതർ,
പണ്ഡിതർ പാമരന്മാരുമെല്ലാം
പിറവിക്കു തേടുന്ന പാത്രഭാഗത്തിൻ്റെ
ഉടമയാണടിമനോവാണവൾ പെണ്ണ്.
എന്നിട്ടുമെന്നിട്ടുമാരാണു പെണ്ണിൻ പ്രതീകം?
അവൾക്കൊരു ചിരി മുദ്ര ചാർത്തുവാനേതുമുഖം?
ദ്വാപര ശ്രുതികളിൽ വിരഹാർദ്ര നോവിൻ്റെ
കണ്ണീരുണങ്ങാത്ത രാധയാണോ?
സീമന്തരേഖയിൽ കുറിയിട്ടുറഞ്ഞൊരാ
ശാപ ജൻമം സീതയാണോ ?
കണ്ണീരു വറ്റിക്കരിന്തിരിച്ചാരത്തിലുടൽ
വിട്ടൊരൂർമ്മിളപ്പക്ഷിയാണോ?
ആരാണു പെണ്ണിൻ പ്രതീകം
അവൾക്കൊരു ചിരിമുദ്ര ചാർത്തുവാനേതുമുഖം?
അടിമയായ് ഉടമ താളത്തിൻ്റെ പിന്നിലായ്
ഇഴയുന്നൊരിരുകാലിമൃഗമാക്കുവാൻ,
വേദസ്മൃതികളിൽ പുണ്യപുരാണ ശ്രുതികളിൽ
വീരേതിഹാസങ്ങളിൽ, ശൃംഗാരലോലയായ്
മോഹിനിയായ് ദേവദാസിയായ് ആടി രസിപ്പിച്ചിടാൻ,
എഴുതിത്തിരുകിയോരേടുകൾക്കെന്നെന്നും
ഉരുവായൊരിരയാണു പെണ്ണ്,
എന്നും ഉരുവായൊരിരയാണു പെണ്ണ്.
തുടരുന്നൊരിക്കഥ പെണ്ണെന്നുമെന്നും
കണ്ണീരുറഞ്ഞുള്ളൊരുപ്പു കല്ല്,.
എങ്കിലും ഓർക്കുക വേദം ശ്രവിച്ചതും
വേദം പകർന്നതും വേദവാഹിനികളായ് മാറിയതും,
ഗാർഗ്ഗി മൈത്രേയി അനസൂയ എത്രയോ
എണ്ണമില്ലാത്തവർ പെണ്ണ്.
പെണ്ണില്ലയെങ്കിലി പ്രകൃതിയില്ല,
പെണ്ണില്ലയെങ്കിൽ ഇവിടൊന്നുമില്ല,
ആദിപരാശക്തി നേരേ പകുത്തിട്ട
പ്രകൃതിയാണവൾ മാതൃഭാവമാണ്,
ഏതു ചാരത്തിലും അസ്തമിക്കില്ലവൾ
സഹന പർവ്വത്തിൻ്റെ ത്യാഗമാണ്.
ഏതു ചാരത്തിലും അസ്തമിക്കില്ലവൾ
തീയിൽ കുരുത്ത വെളിച്ചമാണ്

മല്ലിക വേണുകുമാർ

Leave a Reply

Your email address will not be published.

error: Content is protected !!