വിരൽ

കുന്നിൽ ചെരിവിലെ ഒറ്റമരം, തന്റെ ചില്ലയിൽ ചേക്കേറിയ കുരുവിയോട് പറഞ്ഞു.. “നീ എന്റെ ഹൃദയത്തിലാണ് കൂടു കൂട്ടുന്നത്..”

അപ്പോൾ കുരുവി മറുപടി പറഞ്ഞു..” അല്ല.. ഞാൻ നിന്റെ വിരലിലാണ് കൂടു കൂട്ടിയത്..”

“അതെങ്ങിനെ..?” മരത്തിനു സംശയമായി..

കുരുവി സാവധാനം വിശദീകരിച്ചു..

“ഭൂമിയിലെ എല്ലാ ഹൃദയങ്ങൾക്കും വിരലുകളുണ്ട്.. അതെന്തിനെന്നറിയുമോ..?
ചിലപ്പോൾ, വാടിയിരിക്കുന്ന നാമ്പുകളിൽ ഒരുനുള്ളു നനവു പകരാനാവാം..
ഇലകളെ കൊഴിച്ച് തന്റെ ചുറ്റുമുള്ള മണ്ണിന് ഊഷ്മളത പകരാനാവാം..
കൂനി നടക്കുന്നവർക്ക്‌ ആകാശം കാട്ടിക്കൊടുക്കാനാവാം..
മനുഷ്യരുടെ കണ്ണിലെ കണ്ണൂനീർ വീണു ഭൂമി പൊള്ളാതിരിക്കാനാവാം..
സ്നേഹത്തിന്റെ വൻകരയിൽ കെട്ടിപ്പൊക്കിയ ഇഷ്ടങ്ങളുടെ മതിലു പൊളിക്കാനാവാം..
ഭൂമിയിലെ അന്നത്തിനു അവകാശികളെ തിരയാനാവാം..

നിനക്കറിയുമോ.. ഇങ്ങനെ, ഹൃദയം വിരൽനീട്ടുമ്പോൾ, നീളുന്ന ഓരോ വിരൽത്തുമ്പിലും മറ്റൊരു ഹൃദയം രൂപപ്പെടുന്നുണ്ട്‌. തീരമണയുന്ന തിരമാലകളിൽ നിന്നും നുരകൾ രൂപമെടുക്കും പോലെ.. അവസാനമതു അതിൽ തന്നെ വീർത്തലിയുന്നു. ഹൃദയം ഹൃദത്തിലലിഞ്ഞു ഹൃദയമില്ലാതെയാകുന്നു എന്നു പറയാം.. മണൽനുരകളെ പോലെ..”

ഇതുകേട്ട് മരം മൗനമായി നിന്നു. പതിയെ, ആകാശത്തിലേയ്ക്ക് തന്റെ ചില്ലകളാഞ്ഞു..
പെട്ടന്നു ആകാശം കോരിച്ചൊരിയുന്ന ഒരു മഴയുതിർത്തു.. ഭൂമി കുളിർത്തു..
തന്റെ മുട്ടകൾ നനയാതിരിക്കാൻ കുരുവി തന്റെ ചിറകു വിടർത്തി അതിനു മുകളിൽ അടയിരുന്നു. എല്ലാവരും ആ മഴയിൽ ഒരേപോലെ ആനന്ദമണിഞ്ഞു..

ജീവൻ ജീവനോട് വിരൽകോർക്കുന്നതു കണ്ട് ദൈവം പോലും മൗനമായിത്തീർന്നു..

റോബിൻ കുര്യൻ

error: Content is protected !!