പിച്ചിപ്പൂമണവും ഒരസ്ഥിത്തറയും

പിച്ചിത്തടവും അസ്ഥിത്തറയും; രണ്ടും ഓർമ്മകളാണ്, വളരെ ചെറുപ്പത്തിൽ മനസ്സിൽപ്പതിഞ്ഞുപോയ ഓർമ്മ! കേശവക്കുറുപ്പെന്നു നാട്ടുകാർ വിളിക്കുന്ന കേശോപ്പൂപ്പൻ അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരമ്മാവനാണ്. ശുദ്ധനും പരമഭക്തനുമായ ഒരു നാട്ടുമ്പുറത്തുകാരൻ കാരണവർ. ശുദ്ധനായതുകൊണ്ടുതന്നെ ദുഷ്ടന്റെ ഫലം ചെയ്യുന്നതായിപ്പോകുന്നുണ്ട് പ്രവൃത്തികളിൽ പലതും എന്നിരുന്നാലും, കുടുംബത്തിലെ ഇളമുറക്കാർ അതെല്ലാം മൂളിയിരുത്തും. എന്തുചെയ്യാൻ മൂത്തജ്യേഷ്ഠനായിപ്പോയില്ലേ! അവരുടെ ഈ ഭാവം വളരെ സൂഷ്മമായി നിരീക്ഷിച്ചിരുന്ന ആളെന്ന നിലയ്ക്ക് എനിക്ക് കേശോപ്പൂപ്പനോട് വല്ലാത്തൊരു സഹാനുഭൂതിയായിരുന്നു. വീട്ടിലുള്ളവരുടെ മനോഭാവവും എന്റെ ദയാവായ്പ്പുമൊക്കെ അപ്പൂപ്പൻ അറിയുന്നുണ്ടായിരുന്നോ എന്നൊന്നും ഇപ്പോഴോർമ്മയില്ല. വീടുമുഴുവൻ മുഴങ്ങിക്കേൾക്കുന്ന, ഒരൽപം ചിലമ്പിച്ച ശബ്ദവുമായി കേശോപ്പൂപ്പൻ തന്റെ ചുട്ടിത്തോർത്തും ചുറ്റി പൂജാമുറിയിൽ നിന്നിറങ്ങിവരുന്ന ചിത്രമാണ് എന്റെ മനസ്സിൽ എന്നും അദ്ദേഹത്തിന്!

പഴയ മാളികവീടാണ് അപ്പൂപ്പന്റേത്. കോണിച്ചുവട്ടിൽ മാത്രമല്ല വീടുമുഴുവൻ ഇരുട്ടുറങ്ങിക്കിടക്കും. ആ ഇരുട്ടുപോലും മാറിനിൽക്കുന്ന ഒരൊറ്റ മുറിയുണ്ട്; അതാ വീട്ടിലെ ലൈബ്രറിയാണ്! കുമാറണ്ണൻ എന്നു ഞങ്ങൾ വിളിക്കുന്ന സുനിൽക്കുറുപ്പ് എന്ന് ഔദ്യോഗിക നാമധേയമുള്ള, കേശോപ്പൂപ്പന്റെ ഇളയമോന്റെയാണ് ആ ലൈബ്രറി. എന്നെയും അനിയന്മാരെയും വായനയിലേയ്ക്കടുപ്പിക്കാൻ പോന്ന എന്തൊക്കെയോ ഉണ്ടായിരുന്ന ലൈബ്രറികളിൽ ഒന്നായിരുന്നു ആ വേറിട്ടുനിന്ന ഒറ്റമുറി..
വിഷയം മാറിപ്പോകുന്നു, കേശോപ്പൂപ്പനിലേക്കുതന്നെ തിരിച്ചുവരാം. രാവിലെയും വൈകിട്ടും അപ്പൂപ്പന് പൂജാമുറിയിൽ വിശദമായ പൂജയുണ്ട്. അത് മുടക്കമില്ലാത്ത ഒന്നാണ്. അത്യാവശ്യസന്ദർഭങ്ങളിൽ മാത്രം അപ്പൂപ്പന്റെ തൂവെള്ള മുണ്ടും ഷർട്ടും തോളിലെ നേര്യതും വഞ്ചിയിൽ പുഴകടന്നു പോകുമെങ്കിലും ആ വെള്ളവസ്ത്രത്തിനുള്ളിലെ കേശോപ്പൂപ്പൻ, പൂജാമുറിയ്ക്കുള്ളിലും അതിനു വെളിയിലെ വരാന്തയിലും ചുറ്റിപ്പറ്റി നിൽക്കുകയെ ഉള്ളെന്നതാണ് എന്റെ ഭാവന! അത്രയ്ക്ക് ധൃതിയോടെയാണ് അപ്പൂപ്പൻ വൈകുന്നേരം തിരികെ വീടെത്തുന്നത്.
ഉറക്കെഉറക്കെ കേൾക്കുന്ന നാരായണ ജപങ്ങൾ, ശ്രീകൃഷ്ണസ്തുതികൾ, സന്ധ്യാസമയങ്ങളിലുയരുന്ന മണിയടിശബ്ദം, ഏകാദശിയ്ക്കും മറ്റുവിശേഷ ദിവസങ്ങളിലും കിട്ടുന്ന പ്രസാദപ്പായസം.. പിന്നെ എല്ലാ ദിവസവും രാവിലെ എന്റെ കൈക്കുമ്പിളിലേയ്ക്ക് അപ്പൂപ്പനിട്ടുതരുന്ന പിച്ചിമാല; അത് തലേദിവസം കൃഷ്ണനു ചാർത്തിയതാണ്. ഇതൊക്കെയാണ് കുന്നിൻചെരുവിലെ ആ വീടിനെക്കുറിച്ചുള്ള ഒരിക്കലും മരിക്കാത്ത ഓർമ്മകൾ. മണ്ഡലമാസം തുടങ്ങിയാൽ ഇടതടവില്ലാതെ അയ്യപ്പന്മാർ കെട്ടുനിറയ്ക്കാനെത്തുന്നതും ആ വീട്ടിലെ പൂജാമുറിയിൽത്തന്നെ; അപ്പൂപ്പൻ പരികർമ്മിയാവും അപ്പോൾ.

വീടിന്റെ വടക്കുകിഴക്കേ മൂലയിലെ പൂജാമുറിക്കും വെളിയിലായിരുന്നു പിച്ചിത്തടം. കേശോപ്പൂപ്പന്റെ പൂജാമുറിയിലേക്കുള്ള പൂക്കളെല്ലാം തന്നെ വന്നിരുന്നത് വടക്കേമൂലയിലെ ചെറിയ പൂന്തോട്ടത്തിൽനിന്നുമായിരുന്നു. അവിടെ തുളസിയും തെച്ചിയും മന്താരവുമൊക്കെ സമൃദ്ധമായിരുന്നു. തിണ്ണയോടു ചേർന്നുള്ള പിച്ചി എന്നും ആർത്തലച്ചു പൂത്തിരുന്നു. പിച്ചിപ്പൂക്കളുടെ സീസൺ അല്ലാതിരിക്കുമ്പോഴും അഞ്ചാറു പൂക്കളെങ്കിലും അപ്പൂപ്പന്റെ കൃഷ്ണന് അർച്ചിക്കാനുള്ളത് ആ ചെടി കരുതിവയ്ക്കും എന്നൊക്കെ എനിക്കു തോന്നുമായിരുന്നു. ഹൃദ്യമായ മണം എന്നും ആ തിണ്ണയിലിരിക്കുമ്പോൾ മൂക്കിലേയ്ക്കിരച്ചുകയറും. കുറച്ചുകൂടി കിഴക്കോട്ടുമാറിയായിരുന്നു അസ്ഥിത്തറ. ആ തറവാട്ടിലെ കാരണവന്മാരുടെ അസ്ഥി സൂക്ഷിച്ചിരുന്ന ഇടത്ത് വിളക്കുവയ്ക്കുന്നതേയുള്ളൂ, അവയൊന്നും ഇപ്പോഴവിടെയില്ല, ഒക്കെ നിമഞ്ജനം ചെയ്തു എന്നൊക്കെ അമ്മ എന്നെ വിശ്വസിപ്പിക്കാൻ നോക്കിയിരുന്നെങ്കിലും എനിക്കെന്നും ആ സ്ഥലം കാണുമ്പോൾ പേടിയായിരുന്നു.
അങ്ങനെയിരിക്കെ അപ്പൂപ്പന്റെ വീട്ടിൽ എന്തോ ഒരു വിശേഷം വന്നു. കല്യാണമാണെന്നാണ് ഓർമ്മ. അമ്മയും വീട്ടിലുള്ളവരുമൊക്കെ തലേദിവസത്തെ തയ്യാറെടുപ്പിന് അവിടെയാണ്. ഞാൻ സ്‌കൂളിൽ നിന്ന് വീട്ടിൽവന്നശേഷം ഒരു വട്ടം കളിക്കാൻപോകലും തുടർന്നുള്ള കുളിയുമൊക്കെക്കഴിഞ്ഞ് കല്യാണവീട്ടിലെ മേളം കൂടാൻ പോകുകയാണ്. സന്ധ്യയാകുന്നതേയുള്ളൂ. അസ്ഥിത്തറ കടന്നുവേണം മുറ്റത്തുകയറാൻ. കൃത്യം അസ്ഥിത്തറയ്ക്കു മുന്നിലെത്തിയതും പൂജാമുറിയിൽനിന്ന് കേശോപ്പൂപ്പന്റെ ഉറക്കെയുള്ള നാമോച്ചാരണവും തുടർന്നുള്ള മണിയടിയും കേട്ടു. പിച്ചിപ്പൂവിന്റെ മണം മൂക്കിലേയ്ക്കടിച്ചുകയറി. സ്വതേ പേടിമൂത്ത ഇനമായതിനാൽ ചെറുചലനങ്ങൾ പോലും വല്ലാതെ ഞെട്ടിക്കും. ഇത് ഉള്ളിലൂടൊരു വിറയൽ പാഞ്ഞുകയറിയപോലെ.. ഷോക്കേറ്റ അവസ്ഥ! കാലു നിലത്തുറഞ്ഞുപോയി. നിലവിളിക്കാമെന്നുവച്ചാൽ ശബ്ദവും വരുന്നില്ല. തൊട്ടുമുന്നിൽ ആളുകളുടെ ചിരിയും ബഹളവും. ഉമ്മറത്തും മുറ്റത്തുമൊക്കെ ആരവങ്ങളുമായി ഓടിനടക്കുന്ന കുട്ടികൾ! അക്കൂട്ടത്തിൽ അനിയന്മാരുമുണ്ട്. ഞാനിവിടെ അനങ്ങാനും മിണ്ടാനുമാകാത്ത അവസ്ഥയിൽ സ്തംഭിച്ചുനിൽക്കുന്നു! വളരെനേരം കഴിഞ്ഞാണ് ആരോ എന്നെ കാണുന്നത്. അത് അസ്ഥിത്തറയിൽ വിളക്കുവയ്ക്കാൻ വന്നവരാണെന്നാണ് ഓർമ്മ. അവരുടെ സഹായത്തോടെ അവിടന്നു നീങ്ങി, അമ്മയുടെ അടുത്തെത്തുന്നതുവരെ എന്റെ വിറയൽ മാറിയിരുന്നില്ല. എന്നുമാത്രമല്ല ആ അടുത്ത ദിവസങ്ങളിലെല്ലാം ആ വിറയൽ എന്നോടൊപ്പം തന്നെയുണ്ടായിരുന്നു.
അക്കാലത്തൊക്കെ സ്ഥിരമായി പിച്ചിമൊട്ടു പറിച്ചു മാലകെട്ടിക്കൊടുക്കുന്നതു ഞാനാണ്. അപ്പൂപ്പന് അത് വേറാരും ചെയ്യുന്നതിലും തീരെ താല്പര്യമില്ല! പിറ്റേന്ന് ഭഗവാനുചാർത്തിയ മാല എനിക്കുതന്നിട്ട് ‘അപ്പുറത്തെ ചേച്ചിമാർക്ക് വേണെങ്കിൽ ഇത്തിരി നീതന്നെ കൊട്’ എന്നൊരു ഡയലോഗുണ്ട് അപ്പൂപ്പന്. എനിക്കതൊരു അഭിമാനമായിരുന്നു. അസ്ഥിത്തറയ്ക്കൽ തറഞ്ഞുനിന്ന സംഭവത്തിനു ശേഷം, പൂമാലകെട്ടാനൊന്നും ഞാൻ പോകാതെയായി. പേടി തന്നെ കാരണം; കൂട്ടത്തിൽ അതുതുറന്നുപറയുന്നതിലുള്ള അഭിമാനപ്രശ്നവുമുണ്ട്. ഇത്രേം വലുതായിട്ടും പേടിമാറാത്തതിന് അമ്മയുടെ ദേഷ്യവും അനിയന്മാരുടെ കളിയാക്കലും കേൾക്കണം. അപ്പൂപ്പനോട് കാര്യംപറഞ്ഞാൽ പിന്നെ ചരട് ജപിക്കലായി, കൈയ്യിൽകെട്ടിത്തരലായി, കട്ടായം അമ്മ കാര്യമറിയും! എന്തിനു പൊല്ലാപ്പ്, അങ്ങോട്ടു പോവാതിരുന്നാൽപ്പോരേ! ചിന്തകൾ ആ വഴിപോയി. അപ്പൂപ്പൻ പലകുറി ആളിനെവിട്ടു. ഞാനാവഴി പോയതേയില്ല.
വളരെത്താമസിയാതെ ആ ഇടം വിട്ടു ഞങ്ങൾക്കു പോരേണ്ടിവന്നു. അമ്മയുടെ വീടും സ്ഥലവുമൊക്കെ വളരെ അകലങ്ങളിലായി. കേശോപ്പൂപ്പനെ പിന്നൊരിക്കലും ഞാൻ ജീവനോടെ കണ്ടിട്ടില്ല. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ് അപ്പൂപ്പൻ മരിക്കുന്നത്. അന്നു അപ്പൂപ്പനെ കാണാൻ പോയി. അസ്ഥിത്തറയിലേയ്ക്ക് ഞാൻ നോക്കിയില്ല. ശാന്തനായി ഉറങ്ങിക്കിടക്കുന്ന കേശോപ്പൂപ്പനെ നോക്കിനിന്നപ്പോൾ നഷ്ടബോധം കൊണ്ട് ഞാനുറക്കെക്കരഞ്ഞു. അപ്പൂപ്പൻ പഴേപോലെ നാമജപവുമായി നനഞ്ഞ ചുട്ടിത്തോർത്തിനകത്ത് വെളുത്തകോണകവാലും കാട്ടി എന്നെ ചിരിപ്പിക്കാൻ നോക്കിക്കൊണ്ട് വരാന്തയിലൂടെ നടക്കുന്നത് മിന്നായം പോലെ ഞാൻ കണ്ടെന്നോ! സംശയത്തോടെ ഞാൻ തിണ്ണയിലിറങ്ങി അസ്ഥിത്തറയിലേയ്ക്ക് സൂക്ഷിച്ചുനോക്കി. അവിടെ ആരോ കത്തിച്ചുവെച്ച ഒരു തിരിനാളം കാറ്റിൽ കെടാതെ.. പൂജാമുറിക്കു പുറത്തെ പിച്ചി നിറഞ്ഞുപൂത്തു നിന്നിരുന്നു..
ഇപ്പോഴെനിക്ക് പിച്ചിപ്പൂ മണം കേശോപ്പൂപ്പന്റെ ഓർമ്മയാണ്. കാടുപിടിച്ചുകിടക്കുന്ന ആ പറമ്പിലേയ്ക്ക് അടുത്തിയിടെ ചെന്നുകയറി. എന്നെ പേടിപ്പിച്ചിരുന്നു അസ്ഥിത്തറ എന്നോ പൊളിഞ്ഞുപോയിരിക്കുന്നു, അവശേഷിപ്പുപോലുമില്ലാതെ.. പിച്ചിപോയിട്ട്, ഒരു തുളസി പോലുമില്ലാത്ത തുളസിത്തറയും കണ്ട് പഴയ ഓർമ്മകളിൽ നൊന്ത് ഞാനും തിരികെപ്പോന്നു.. ഒരുപിടി ഓർമ്മകൾ ഇനിയും നശിക്കാതെയുണ്ടല്ലോ എന്ന ആശ്വാസം ബാക്കി..

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!